Sunday, May 18, 2014

കാഴ്ച്ച

അമ്മ കോഴികളെ കൂട്ടിനകത്ത്‌ വിളിച്ചു കയറ്റുകയായിരുന്നു. മുറ്റത്തോടി കളിക്കുന്ന കിച്ചൂട്ടന്‍ ഇതുകണ്ട് അമ്മയുടെ അടുത്തു വന്നു നിന്നു. അവനും അമ്മയെ പോലെ കൈകൊട്ടി വിളിക്കാന്‍ തുടങ്ങി.

" ബ്ബ ബ്ബ .. ബാ .. ബ്ബ ബ്ബ ... ബാ .. ഹായ് .. ഹായ് " അവന്‍റെ വിളി കേട്ട് കോഴികള്‍ കൂട്ടില്‍ കയറുന്നതും കണ്ട്, അവന്‍ തുള്ളിച്ചാടി.

" ഇന്നെന്താമ്മേ .. ഇത്രേം നേരത്തെ ഈറ്റിങ്ങളെ കൂട്ടിന്ടാത്ത് കേറ്റ്ന്നേ " കൈയ്യിലെ വെളിച്ചിങ്ങാ പമ്പരം കറക്കി കൊണ്ട് അഞ്ചു വയസ്സുകാരന്‍ ചോദിച്ചു.

" മോനിന്ന്‍ അമ്മ കോയി പൊരിച്ചതും നെയ്ച്ചോറും ഇണ്ടാക്കി തരും. മോന്‍റെ സൂക്കേടെല്ലോം മാറീല്ലേ. "
അത് കേട്ടതേ കിച്ചൂട്ടന്‍ പിന്നേം തുള്ളിച്ചാടി. അമ്മയ്ക്ക് ചുറ്റും വട്ടമിട്ടു ഓടാന്‍ തുടങ്ങി.

കഴിഞ്ഞ കുറേ നാളുകളായി ആ വീട്ടിലാരും ഇറച്ചിയും മീനും കഴിച്ചിരുന്നില്ല. ആറ്റുനോറ്റിരുന്നുണ്ടായ ഒറ്റമോന്‍ ഉപ്പും പുളിയുമില്ലാത്ത ആഹാരം കഴിക്കുമ്പോള്‍ അച്ഛനുമമ്മയ്ക്കും സ്വാദുള്ള ഭക്ഷണം ഇറങ്ങില്ലായിരുന്നു.

താഴെ വീണു കിടക്കുന്ന നാലുമാണിപ്പൂ പെറുക്കിയെടുമ്പോഴാണ്
കോഴിക്കൂട്ടിനുള്ളില്‍ നിന്നും കലപിലയും ചിറകടികളും കേട്ടത്.
പാതിതുറന്ന കിളിവാതിലിലൂടെ, കൂടിനകത്ത് കൈയ്യിട്ട്, അച്ഛനൊരു കോഴിയെ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കിച്ചൂട്ടന്‍ കണ്ടു.

അവന്‍ വീണ്ടും ഓടിചെന്ന് കൈകൊട്ടി ചാടി.

" ബ്ബ ബ്ബ .. ബാ .. ബ്ബ ബ്ബ ... ബാ .. ഹായ് .. ഹായ് "

അപ്പോഴും ആ കൂട്ടില്‍ കോഴികള്‍ കുതറി മാറുകയായിരുന്നു. കൂടിന്‍റെ ഒരുകോണില്‍ അവയെല്ലാം ചിറകിട്ടടിച്ചു കൊണ്ട് കലപില കൂട്ടികൊണ്ടിരുന്നു. വിവിധനിറങ്ങളിലുള്ള തൂവലുകള്‍ ചിന്നിച്ചിതറി. കൂട്ടിനുള്ളില്‍ നിന്നും ബ്ബ ബ്ബ ... ബ്ബ ബ്ബ എന്ന രോദനം കേട്ട് കിച്ചൂട്ടന്‍ വിറങ്ങലിച്ചു നിന്നു.

അച്ഛന്‍ തലയില്‍ പൂവുള്ള ഒരു കറുത്ത കോഴിയെ കഴുത്തിന്‌ പിടിച്ചു പുറത്തെടുത്തു. കോഴിക്കൂട്ടിലെ കലപില നിലച്ചു. എങ്കിലും അവര്‍ ഇപ്പോഴും ആ കോണില്‍ തന്നെ ചുരുണ്ടുകൂടി ഇരിക്കുന്നു.

അച്ഛന്‍ നിലത്തു നിന്നും വാക്കത്തിയെടുത്തു. വലത്തേ കൈകൊണ്ട് പിടയുന്ന പൂവന്‍റെ രണ്ടു കാലുകളും ഞെരുക്കി പിടിച്ചു. എന്നിട്ട്, ഇടത്തേ കൈയിലെ വാക്കത്തിയുടെ മരത്തല ലക്ഷ്യമാക്കി ആഞ്ഞൊരടി. തലയിലെ പൂവ് കഴുത്തില്‍ നിന്നും അറ്റു പോയി.

അത്രയും നേരം നിശബ്ധമായി കിടന്ന കോഴിക്കൂട്ടില്‍ നിന്ന് വീണ്ടും ചിറകുകള്‍ പറക്കാന്‍ തുടങ്ങി.

പേടിച്ചരണ്ട കിച്ചൂട്ടന്‍ അടുക്കളയിലേക്കോടി. അവിടമാകെ വറുത്തെടുക്കുന്ന മല്ലിയുടെയും ജീരകത്തിന്‍റെയും മണം. അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു.

സാരിത്തലപ്പില്‍ മുഖമമര്‍ത്തി കൊണ്ട്, ഇടറുന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു ..

" എന്‍റെ സൂക്കേട്‌ മാറേണ്ടായിരുന്നു .. ല്ലേ.. അമ്മേ ... " 

No comments:

Post a Comment