Sunday, May 18, 2014

രാംദാസ്: കൊച്ചിന്‍ മറൈന്‍ഡ്രൈവിന്‍റെ നന്മ

ഏറണാകുളം മറൈന്‍ഡ്രൈവിലെ ഹൈകോര്‍ട്ട് ജങ്ക്ഷനില്‍ ആരും ശ്രദ്ധിക്കാത്തൊരു കാര്യമുണ്ട്. രാത്രി മുഴുവന്‍ കച്ചവടം നടക്കുന്ന കൊച്ചു കടകള്‍ അവിടെയുണ്ടെങ്കിലും, ഈ പരിസരം നേരം പുലരുമ്പോഴേക്കും നല്ല വൃത്തിയയിരിക്കും.

ഞാനുമിത് ശ്രദ്ധിച്ചിരുന്നില്ല. രാംദാസിനെ കാണുന്നത് വരെ. ഒരു കുറ്റിച്ചൂലും പിടിച്ച് ആ പരിസരം മുഴുവന്‍, ഒരു തപസ്യ പോലെ, അടിച്ചു വൃത്തിയാക്കുന്നയാള്‍.

ആരാണിയാള്‍, എന്തിനാണിയാള്‍ ഇതു ചെയ്യുന്നത്. അവിടെയുള്ള പല കടക്കരോടും ചോദിച്ചു. പക്ഷെ ആര്‍ക്കും കൂടുതലൊന്നും അറിയില്ല ഇയാളെ കുറിച്ച്.

"പൈസയൊന്നും അധികം മേടിക്കൂല്ല, ഏറിപ്പോയാല്‍ ഒരു പത്തുര്‍പ്പ്യ, അത്രന്നേ. പിന്നെ ഞമ്മള്‍ തന്നെ ചായേം കടീം നിര്‍ബന്ധിച്ചു കൊടുക്കും. ആരോടും ഒന്നും മിണ്ടൂല്ല." ഒരു ചായക്കടക്കാരന്‍ തനിക്ക് അറിയാവുന്ന കാര്യം പറഞ്ഞു തന്നു. മറ്റു കടക്കാര്‍ക്കും കൂടുതലൊന്നും അറിയില്ല.

ഞാന്‍ രാംദാസിന്‍റെ അടുത്തുചെന്നു. ഒരു ഷര്‍ട്ടും അതിനു മുകളില്‍ വേറൊരു ഷര്‍ട്ടും. ഒരു മുഷിഞ്ഞ മുണ്ടും അരയില്‍ മറ്റൊരു മുഷിഞ്ഞ മുണ്ടും. പുറംതിരിഞ്ഞു നില്‍ക്കുന്ന ഇയാളെ ഞാന്‍ തോളില്‍ തട്ടി വിളിച്ചു.

"ഏയ്‌... എന്താ പേര്"

മറുപടിയൊന്നും തരാതെ അയാള്‍ എന്നെ രൂക്ഷമായി നോക്കി. കൈയ്യിലെ കുറ്റിച്ചൂല്‍ മൂന്നു വട്ടം ഉള്ളംകൈയില്‍ കുത്തി. എന്നിട്ട് നിലത്തു വീണുകിടക്കുന്ന ഈര്‍ക്കിലുകള്‍ അതില്‍ തിരികെ കയറ്റി. തെല്ലൊരു ഭയത്തോടു കൂടെയാണെങ്കിലും ഞാന്‍ വീണ്ടും പേരു ചോദിച്ചു. അയാള്‍ക്കത് ഇഷ്ടപ്പെട്ടില്ല. മുഖം വീര്‍പ്പിച്ചു, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാളൊരു അരമതിലില്‍ പോയി ഇരുന്നു.

"ഓന്‍റെ പേര്, രാംദാസ്ന്നാ, കൊറച്ച് നൊസ്സാ.. തലക്ക് അത്ര സുഖൂല്ല, ആരോടും മിണ്ടൂം പറയോ ഒന്നൂല്ല. പക്കേങ്കി, എന്നോട് ചെലപ്പോ അതൂമിതൂം പറയൂം. ഓനെ പറ്റി കൂടുതലൊന്നും എനക്കൂ അറിഞ്ഞൂടാ. ഒരു പത്തുകൊല്ലായി ഞാനീട പീടിയ നടത്ത്ന്ന്. അന്ന്‍ മൊതല്‍ കാണുന്നതാ." മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇരിട്ടിക്കാരന്‍ അഷ്‌റഫ്‌ ആയിരുന്നു അതു പറഞ്ഞത്.

അഷ്‌റഫ്‌ പിന്നെയും കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. രാത്രി എട്ടു മണിക്ക് ഒരു വലിയ പ്ലാസ്റ്റിക് ചാക്കും തൂക്കി രാംദാസ് പ്രത്യക്ഷപ്പെടും. പിന്നെ കുറ്റിച്ചൂല്‍ അഴിച്ചുകെട്ടും. കുത്തിയിരുന്ന് ഓരോ സ്ലാബിനിടയിലുള്ള സിഗരറ്റ് കുറ്റികളും, കടലാസുകളും, തുപ്പി കളഞ്ഞ ച്യുയിംഗ് ഗം വരെ പെറുക്കിയെടുക്കും. ഒരു ഏരിയ സിമന്‍റ് ഇട്ടതുപോലെ വൃത്തിയായാല്‍ മാത്രമേ അടുത്തത് തുടങ്ങുകയുള്ളൂ. ചെയ്യുന്ന കര്‍മ്മത്തോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരാളെ ഇത് വരെ കണ്ടിട്ടില്ല എന്നാണ് അഷ്‌റഫിന്‍റെ പക്ഷം.

"രാംദാസിന് ബുദ്ധിയില്ലാന്ന് പറയാന്‍ പറ്റൂല്ല, എല്ലാ സാധങ്ങളും ഒരിടത്ത് കൂട്ടിയിട്ടതിനു ശേഷം, പ്ലാസ്റ്റിക് സാധനങ്ങളെല്ലാം ചാക്കിലാക്കും. എന്നിട്ട് കത്തിക്കാന്‍ പാടുള്ള സാധനങ്ങള്‍ മാത്രം ഒരു മൂലയ്ക്ക് കൊണ്ടുപോയി കത്തിക്കും. മറ്റേതു കോര്‍പ്പറേഷന്‍കാര് വേസ്റ്റ് കൊണ്ടുപോകുന്ന ഇടത്ത് കൊണ്ടുപോയി ഇടും." അഷ്‌റഫ്‌, രാംദാസ് ചവറുകള്‍ കത്തിക്കുന്ന ഇടം കാണിച്ചു തന്നുകൊണ്ട്
പറഞ്ഞു.

"അപ്പോ, കോര്‍പ്പറേഷന്‍കാര് ഇവിടെ വൃത്തിയാക്കാറില്ലേ" ഒരു ചെറിയ സദാചാര ബോധത്തോടെ ഞാന്‍ ചോദിച്ചു.
"ഏയ്‌, ഇത് മുഴുവനും രാംദാസ് തന്ന്യാ വൃത്തിയാക്കുന്നെ... ഇവിടുന്ന്‍ തൊടങ്ങി ആ കാണുന്ന പാലം വരെ വൃത്തിയാക്കിയിട്ടേ ഓന്‍ നിര്‍ത്തൂളൂ." ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിന്‍റെ ദിശയിലേക്ക് ചൂണ്ടിക്കാട്ടി അഷ്‌റഫ്‌ പറഞ്ഞു.

രംദാസില്‍ ഞാന്‍ ഏറ്റവും ആകൃഷ്ടനായത് അയാള്‍ ചപ്പുചവറുകള്‍ കത്തിക്കുന്നത് കണ്ടപ്പോഴാണ്. എല്ലാ ദിവസവും കടക്കാരും അഭ്യുദയകാംക്ഷികളായ കസ്റ്റമേര്‍സും കൊടുക്കുന്ന പണം കൊണ്ട് ഇയാള്‍ കുറേ ചന്ദനത്തിരികള്‍ വാങ്ങും. തീ കൊടുത്തതിനു ശേഷം ഇയാള്‍ കുറച്ചു നേരം അതിലേക്ക് നോക്കി നില്‍ക്കും. എന്നിട്ട് ഈ ചന്ദനത്തിരികള്‍ മുഴുവന്‍ ആ തീയിലേക്കിടും. ചിലപ്പോള്‍ കുറച്ചു മെഴുകുതിരികളും. കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും അപ്പോള്‍.

ആര്‍ക്കും അറിയില്ല രാംദാസ് എന്തിനാണിത് ചെയ്യുന്നതെന്ന്. ഒരിക്കല്‍ അഷ്‌റഫ്‌ ഇത് ചോദിച്ചപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടു മാറിപ്പോയി ഇരുന്നു. പിന്നീട് ആരും ഇത് ചോദിക്കാന്‍ തുനിഞ്ഞില്ല. എങ്കിലും ഉള്ളിലെവിടെയോ ഒരു ചിത എരിയുന്നുയെന്ന് ഉറപ്പാണ്‌. ആത്മാവിനു മറക്കാനാകാത്ത സുഗന്ധം പരത്തുന്ന ഒരു ചിത.
-----------------------------------------------------------------

എങ്കിലും ഈ മനുഷ്യന്‍ ആരാണ്. എന്തിനാണിയാള്‍ ഈ തപസ്യ അനുഷ്ഠിക്കുന്നത്. ഈ ചോദ്യം ഇപ്പോഴും ബാക്കിനിര്‍ത്തി കൊണ്ട്, പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട്, തമിഴന്മാരുടെ നാട്ടില്‍നിന്നും, അറബിക്കടലിന്‍റെ റാണിയുടെ തീരത്തു വന്നടിഞ്ഞ ഈ അപൂര്‍വ്വ ജന്മം, ഇന്നും മറൈന്‍ഡ്രൈവ് ഇഷ്ടപ്പെടുന്നവര്‍ക്ക് ശുചിത്വം നിറഞ്ഞ ശുഭദിനം ആശംസിച്ചു കൊണ്ടിരിക്കുന്നു

No comments:

Post a Comment