Sunday, May 18, 2014

09-09-09

കാര്‍ത്തിക്കിന്‍റെ കല്യാണമായിരുന്നു അന്ന്. കണ്ണന്‍റെ കൂടെ സേലത്ത് ഒരുമിച്ചു പഠിച്ചവന്‍ . ബാംഗ്ലൂരില്‍ ജോലി കിട്ടിയപ്പോ ഞങ്ങളുടെ കൂടെ കൂടി. 

അവന്‍റെ വീട് തിരുപ്പൂരില്‍ ആണ്. കല്യാണവും കൂടാം, ചെറിയ വിലയ്ക്ക് നല്ല കുറെ ഡ്രെസ്സും വാങ്ങാം. അതായിരുന്നു പ്ലാന്‍ . രാത്രി പന്ത്രണ്ടു മണിക്കാണ് ലാസ്റ്റ് ബസ്‌ എന്നവന്‍ പറഞ്ഞത്. നേരത്തെ പുറപ്പെട്ടെങ്കിലും ഗുരു ബാറിലെ ചില്ലി ചിക്കന്‍റെ രുചി പിടിച്ചത് കൊണ്ട് മജെസ്ടിക് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും സമയം 11:55.

അങ്ങ് ദൂരെ നിന്നുതന്നെ ബസ്‌ വിടുന്നത് കണ്ടു.

" ദാണ്ട്രാ.. ബസ്‌ വിട്ടു .. ഓടിക്കോ" ഞാന്‍ വിളിച്ചു കൂവി ഓടാന്‍ തുടങ്ങി.

പണ്ടേ തടിമാടിക്കുട്ടനായ കണ്ണന്‍ ഉരുണ്ടും, മണമടിച്ചാല്‍ ഫിറ്റാകുന്ന സുഗുണന്‍ നാലുകാലിലും പുറകെ വെച്ചു പിടിച്ചു.

"ഡാ.. നീ ശരിക്കും നോക്കിയില്ലേ, ഇത് തന്നെയല്ലേ വണ്ടി "

എന്‍റെ യെസ് കേട്ടതും കണ്ണന്‍ പണ്ട് പഠിച്ച തമിഴില്‍ വിളിച്ചു കൂവാന്‍ തുടങ്ങി.
"അയ്യാ .. നിപ്പാട്ടുങ്കോ ... നിപ്പാട്ടുങ്കോ .. നാങ്കളും ഉണ്ട്.. നാങ്കളും ഉണ്ട്"

ഓടിപ്പിടിച്ച് ചാടിക്കയറി നോക്കിയപ്പോള്‍, കാലു കുത്താന്‍ പോലും സ്ഥലമില്ല. കാര്‍ത്തിക്കിനെ തെറി വിളിച്ചു കൊണ്ട് യാത്ര തുടങ്ങി.

" ഹും .. ടിക്കറ്റ്‌ .. ടിക്കറ്റ് " കണ്ടക്ടര്‍ എത്തി

" മൂന്ന് തിരുപ്പൂര് " സുഗുണന്‍ കാശ് കൊടുത്തു.

അയാളൊന്ന് രൂക്ഷമായി നോക്കി. മണമടിക്കാതിരിക്കാന്‍ അവന്‍ വായ പൊത്തിപ്പിടിച്ചു. ഞങ്ങളും. അയാള്‍ കന്നഡയില്‍ എന്തോ പിറുപിറുത്തു കൊണ്ട് ഞങ്ങളെ കടന്നു പോയി. അത് വരെ ഞങ്ങള്‍ മൂന്നു പേരും അങ്ങനെ തന്നെ നിന്നു.

ഇടയ്ക്കെപ്പോഴോ സീറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ ഉറങ്ങി. പറഞ്ഞതിലും ഒരു ഒന്നര മണിക്കൂര്‍ മുന്‍പേ ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി. കണ്ടക്ടര്‍ കുത്തി എഴുന്നേല്‍പ്പിച്ചു. നേരം പരപരാ വെളുക്കുന്നതെയുള്ളൂ. സുഗുണന്‍റെ കെട്ട് വിട്ടിട്ടില്ല.

ഒരു ചായ കുടിച്ചാല്‍ മാറും എന്ന് കണ്ണന്‍ . എന്നാല്‍ ശരി കുടിച്ചേക്കാം. തൊട്ടു മുന്‍പില്‍ തന്നെ ഒരു ഹോട്ടല്‍ കണ്ടു. അത് ലക്ഷ്യമാക്കി നടന്നു. കണ്ണന്‍ മുന്‍പിലും, അവന്റെ പുറകില്‍ സുഗുണനെ താങ്ങി ഞാനും. ഒരു പത്തടി നടന്നതെ, കണ്ണന്‍ ഇടിവെട്ടേറ്റതു പോലെ വിജ്രംബിച്ചു നിന്നു.

എന്നെ തിന്നാനുള്ള ദേഷ്യം ഞാനവന്‍റെ കണ്ണില്‍ കണ്ടു.

" എടാ പന്ന @#&*% മോനേ .. നീയാ ഹോട്ടലിന്‍റെ പേരൊന്നു വായിച്ചേ" അവന്‍ എന്നെ തിന്നും എന്നായി.

"ഹോട്ടല്‍ ബാലാജി " ഞാന്‍ വായിച്ചു

" അതൊന്നു മുഴുവനും വായിക്കെടാ, ^#&*@( .. &^&*$ മോനേ"
അവന്‍റ് തെറികളുടെ എണ്ണം കൂടി പോകുന്നതായി എനിക്ക് തോന്നി. ഞാന്‍ ചുറ്റും നോക്കി. കുറെ മോട്ടത്തലയന്മാര്‍, പക്ഷെ ആരും കേട്ടില്ല, ഭാഗ്യം.

ഞാന്‍ വീണ്ടും വായിച്ചു

" ഹോട്ടല്‍ ബാലാജി .... തിരു ... തിരു .. തിരു...പ്പതി "... " കടവുളേ വെങ്കടേഷാ .. ചതിച്ചല്ലോ"

" എടാ .. പരമതെണ്ടി നിന്നോട് ഞാന്‍ ചോദിച്ചതല്ലേ, ഇത് തിരുപ്പൂരിലേക്ക് തന്നെയല്ലേ, തിരുപ്പൂരിലേക്ക് തന്നെയല്ലേ പോകുന്നത് എന്ന്, അക്ഷരം മാറിയിട്ടൊന്നുമില്ലല്ലോ. എന്നിട്ടല്ലേ നീ ഈ പണി തന്നത്. നിന്‍റെ തല മൊട്ടയടിപ്പിച്ച് മഞ്ഞളും തേപ്പിച്ചേ ഇനി ചായ കുടിയുള്ളൂ."

പിന്നെ എന്താ നടന്നതെന്ന് എനിക്കൊരു ഓര്‍മ്മയുമില്ല. ചായ കുടിക്കാതെ തന്നെ സുഗുണന്‍റെ കെട്ടുവിട്ടു എന്ന് പുറകില്‍ നിന്ന് ആദ്യത്തെ അടി വീണപ്പോള്‍ മനസ്സിലായി.

No comments:

Post a Comment