Sunday, May 18, 2014

ഹെഡ് ലൈറ്റും വൈപ്പറും

നാട്ടിലെ വലിയ പ്രമാണിമാരാണ് മായിൻകുട്ടി ഹാജിയാരും, കൊച്ചൌസേപ്പും. രണ്ടു പേർക്കും അന്യോന്യം കണ്ണെടുത്താൽ കണ്ടൂടാ.
ഒരാളുടെ വീട്ടിൽ എന്തെങ്കിലും സംഭവം നടന്നാൽ, അത് നടത്തണം എന്ന് മറ്റെയാൾക്കും വാശിയാണ്. അതിപ്പോ വീട് മോടി പിടിപ്പിക്കുന്നതാവട്ടെ, പുതിയ സ്ഥലം വാങ്ങൽ ആകട്ടെ, എന്തിനു മക്കളുടെ കല്യാണം വരെ വാശിക്ക് ഒരേ ദിവസം തന്നെ നടത്തിയവാരാന് ഈ മഹാന്മാർ. 

അങ്ങനെ ഇരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. 

" ആങ്ഹാ.. ഓൻ ഏത് കാറാ ബാങ്ങിയത്." പണ്ടേ കഷണ്ടിക്കാരനായ മായിന്കുട്ടിക്ക് സഹിക്കാൻ പറ്റിയില്ല.
"അത് ഞമ്മക്കറിയില്ല, പക്കേങ്കില് കവലയിൽ കണ്ടിട്ടിണ്ട്, ഒരു ബെള്ള നെറത്തിലിള്ള ബല്ല്യ കാർ." ഡ്രൈവർ ബഷീർ വിവരിച്ചു.
"എന്നാ ബാ ഞമ്മക്ക് പോയിറ്റ് അയിനെക്കാളും ബല്ല്യ ചോന്ന കാർ ബാങ്ങീറ്റ് ബെരാ."

അങ്ങനെ അവർ പട്ടണത്തിൽ പോയീ ഒരു ചുവന്ന സ്കോട വാങ്ങി വരുമ്പോഴാണ്, എതിർവശത്ത് നിന്ന് കൊച്ചൗസെപ്പ് തന്റെ പുതിയ കാറിൽ വരുന്നത്. മുന്നിലാണെങ്കിൽ ഒരു പാലം, ഒരു വണ്ടി ക്രോസ് ചെയ്താലേ മറ്റേതെങ്കിലും വണ്ടിക്ക് കയറാൻ പറ്റൂള്ളൂ.

ദൂരെ നിന്ന് തന്നെ കൊചൗസെപ്പിന്റെ ഡ്രൈവർ അവർക്ക് ആദ്യം കടക്കണം എന്ന് സൂചനയായി ഹെഡ്ലൈറ്റ് അടിച്ചു കാണിച്ചു.

മായിൻകുട്ടി ഹാജിയാര്ക്ക് കാര്യം മനസ്സിലായില്ല.

" ഓൻ എന്തിനാ ബഷീരെ, ഇളിച്ച് കാണിക്ക്ന്നേ."
"അത് മൊയലാളി, ഒർക്ക് ആദ്യം കടക്കണംന്ന്"

അത് കെട്ടാതെ ഹാജിയാര്ക്ക് കലി ഇളകി.

"ഫ്ഫാ.. ഹമ്ക്കെ... അന്നിട്ട് ജ്ജ്യത് കണ്ടോണ്ട് നിക്കാ, പറ്റൂല്ലാന്ന് പറ."
"അതെങ്ങനെ"
"ഇജ്ജടിക്കെടാ ബൈപ്പർ, ഒരഞ്ചൂട്ടം അടി... തിരിച്ചും മറിച്ചും അടി ... ഞമ്മളോടാ ഓന്റെ ടെക്നിക്."

No comments:

Post a Comment