Sunday, May 18, 2014

റോള്‍ മോഡല്‍

"നിങ്ങള്‍ക്ക് വലുതായാല്‍ ആരാകാനാണ് ആഗ്രഹം? "

ജയമോഹന്‍ സര്‍ന്‍റെ പെട്ടെന്നുള്ള ഈ ചോദ്യം, നാലാം ക്ലാസ്സുകാരായ ഞങ്ങള്‍ക്ക് കൌതുകതോടൊപ്പം തെല്ലൊരു ഭീതിയും ജനിപ്പിച്ചു. അപ്പോഴാണ് അടുത്ത ചോദ്യം. 

" ആരാണ് നിങ്ങളുടെ റോള്‍ മോഡല്‍ ? "

ആലോചിച്ചെടുക്കാന്‍ അഞ്ചു മിനിറ്റ് സമയം തന്നു. ക്ലാസ്സ്‌റൂം ഭാവിയിലെ ഡോക്ടര്‍മാരെ കൊണ്ടും എഞ്ചിനീയര്‍മാരെകൊണ്ടും അദ്ധ്യാപകരെ കൊണ്ടും നിറഞ്ഞു. അങ്ങിങ്ങായി ഒന്ന് രണ്ട് വക്കീലന്മാരും കലകടര്‍മാരും പട്ടാളക്കാരും.

ഞാന്‍ അടുത്തിരിക്കുന്ന ശബരിയോടു പറഞ്ഞു, " എനിക്ക് സിനിമാനടനായാല്‍ മതി, മോഹന്‍ലാലിനെ പോലെ."

" അയ്യോ അത് വേണ്ടടാ.. അങ്ങനെ പറഞ്ഞാല്‍ നിനക്ക് സില്‍ക്ക് സ്മിതയെ കെട്ടിപിടിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് എല്ലാരും കളിയാക്കും" അവന്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നു.

" എന്നാല്‍ ഞാനും ഡോക്ടര്‍ ആകാമല്ലേ "
" ങ്ങാ .. അത് മതി .. നീയും ഞാനും ഡോക്ടര്‍മാര്‍ " അവന്‍ കൈ അമര്‍ത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങളുടെ ഈ കുശുകുശുപ്പ് ശ്രദ്ധിച്ചുകൊണ്ടിരുന്ന സര്‍, പെട്ടെന്ന് ഊഴം എത്തുന്നതിനു മുന്‍പ് തന്നെ ഞങ്ങളെ എഴുന്നേല്‍പിച്ചു നിര്‍ത്തി.

" ആദര്‍ശ്, പറയൂ, വലുതായാല്‍ ആരാകാനാണിഷ്ടം"
പൊടുന്നന്നെയുള്ള ചോദ്യത്തില്‍ റോള്‍ മോഡല്‍ ഇല്ലാത്ത ഡോക്ടര്‍ ഉദ്യോഗം ഒലിച്ചുപോയി. മോഹന്‍ലാലിനെയും മറന്നു.

എന്ത് പറയണമെന്നറിയാതെ നില്‍ക്കുന്ന എന്നെ സമാധാനിപ്പിച്ചു കൊണ്ട് സര്‍ വീണ്ടും ചോദിച്ചു.

" പറയൂ, നിനക്ക് ആരെപോലെയാകാനാണിഷ്ടം ?"

ആ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നു. തെല്ലൊരു ശങ്കപോലുമില്ലാതെ ഞാന്‍ പറഞ്ഞു.

" എനിക്ക് വില്ലേജ് ഓഫീസര്‍ ആകാനാണിഷ്ടം, അച്ഛനെ പോലെ."

കുട്ടികളുടെ കൂട്ടച്ചിരികള്‍ക്കിടയില്‍ സര്‍ വീണ്ടും ചോദിച്ചു,
" അപ്പൊ, അച്ഛനാണോ ആദര്‍ശിന്‍റെ റോള്‍ മോഡല്‍ ?"

സന്ദേഹമന്യേ, നിറഞ്ഞ ആത്മാഭിമാനത്തോടെ ഞാന്‍ പറഞ്ഞു.

" അതെ, അച്ഛനാണ് എന്‍റെ റോള്‍ മോഡല്‍ " 

No comments:

Post a Comment