Sunday, May 18, 2014

വെഡിംഗ് സി ഡി

2007 ൽ ബാംഗ്ലൂരിലാണ് സംഭവം നടക്കുന്നത്. 

അത്യാവശ്യമായി ഒരു സിഡിയുടെ ഒരു ഇരുപത് കോപ്പി എടുക്കണം. സുഹൃത്തിന്‍റെ വിവാഹ സിഡിയാണ്. വളരെ വേണ്ടപ്പെട്ട കുറച്ചു കൂട്ടുകാർക്കും ബന്ധുക്കൾക്കും കൊടുക്കാൻ വേണ്ടി അവൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണ്.

അത്യാവശ്യം തിരക്കിലായത് കൊണ്ട് നാട്ടിൽനിന്ന് ഇടക്കാല ആശ്വാസത്തിനു വന്ന ഒരു ഫ്രെണ്ടിനെ സാധനം ഏല്‍പ്പിച്ചു.

"ഡാ.. അൻസാറിന്‍റെ ബേക്കറിയുടെ തൊട്ടപ്പുറത്തൊരു ഇന്‍റര്‍നെറ്റ്‌ കഫെയുണ്ട്, നീ അവിടെ പോയി ഇതിന്‍റെയൊരു ഇരുപത് കോപ്പി എടുക്കണം. ഉച്ചയ്ക്ക് വന്നിട്ട് കുറെ പേർക്ക് എത്തിക്കാനുള്ളതാ."

"ഓ.. ശരി അണ്ണാ, ഞാനിപ്പോ തന്നെ പോയേക്കാം" അവന്‍റെ ശുഷ്കാന്തി എനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു.

ഉച്ചയ്ക്ക് ഞാൻ വീടിന്‍റെ മുന്നിലെത്തി. അകത്തു കയറാൻ നില്‍ക്കാതെ അവനോടു അതും എടുത്തോണ്ട് വരാൻ പറഞ്ഞു. ഒരു ലാപ്ടോപ് ബാഗും തോളിലിട്ട്‌ ബൈക്കിന്‍റെ പുറകിൽ കയറിയിരുന്നു.

" എങ്ങോട്ടാ അണ്ണാ "
" നമുക്കാദ്യം ഇവിടെ അടുത്തുള്ള രണ്ടിടത്തു പോകാം, ജോർജേട്ടന്‍റെ മെസ്സീന്നു ഊണും കഴിക്കാം"
"വോക്കെ, അണ്ണാ"

പത്തു മിനിട്ടുനിള്ളിൽ ഞങ്ങൾ ആദ്യത്തെ സ്ഥലത്തെത്തി. സുഹൃത്തിന്‍റെ ഭാര്യയുടെ അമ്മാവന്‍റെ വീട്. ആഗമനോദ്ദേശ്യം ആദ്യമേ അറിയുന്നത് കൊണ്ട് അദ്ദേഹം ആനയിച്ചിരുത്തി, എന്നിട്ട് ചോദിച്ചു,
" ഞങ്ങളൊക്കെ ഉണ്ടോ ഇതിൽ"
"ഓ.. എല്ലാവരും ഉണ്ട്, നല്ല ക്ലാരിറ്റിയുമുണ്ട് " ഞാൻ പൊലിപ്പിച്ചു.

ഞാൻ ബാഗ്‌ തുറന്നു. നോക്കുമ്പോൾ അതിൽ ഒരു സി ഡി പോലുമില്ല. ഒറിജിനൽ പോലും.

"എവിടെടാ, ഒറ്റയെണ്ണം പോലുമില്ലല്ലോ ഇതിൽ" പല്ലിറുമികൊണ്ട് ഞാനവനെ നോക്കി
"അയ്യോ ഒണ്ടണ്ണാ.. ഇരുപതല്ല ഇരുപത്തഞ്ചെണ്ണം. ആവശ്യം വന്നാലോയെന്ന് കരുതി അഞ്ചെണ്ണം കൂടുതൽ എടുത്തു"

എന്നിട്ട് ആ മഹാൻ ബാഗെടുത്തു അവന്‍റെ മടീലോട്ട് വെച്ചിട്ട്, ഒരു കെട്ട് പേപ്പർ എന്നെ ഏല്‍പ്പിച്ചു.

"നോക്കണ്ണാ, നോക്ക് .. അനിൽകുമാർ വെഡ്സ് സൗമ്യ.. രണ്ടു പേരുടെ പടവും നല്ല ക്ലിയറാ" ഞാനൊരു നിസ്സംഗ ഭാവത്തോടെ അവനെ നോക്കി.

അത് കാര്യമാക്കാതെ അവൻ തുടർന്നു.
" പക്ഷെ.. ഇവിടെ മുടിഞ്ഞ റേറ്റാ, ഒരെണ്ണത്തിനു ഇരുപത് രൂപയാ .. കളറായത് കൊണ്ടായിരിക്കും, അല്ലെ അണ്ണാ"

അമ്മാവനു കാര്യങ്ങൾ കൂടുതൽ മനസ്സിലാകുന്നതിനു മുൻപ് ഞാൻ വണ്ടിയെടുത്തു വിട്ടു. അവൻ പിന്നെ എങ്ങനെയോ റൂം തപ്പി പിടിച്ചു വന്നു.

No comments:

Post a Comment