Sunday, May 18, 2014

ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലൈഓവർ

ബാന്ഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലൈഓവർ ഒരു ഒന്നൊന്നര ഫ്ലൈ ഒവറാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്ന്. ഒരു പത്തു കിലൊമീറ്റർ നീണ്ടു കിടക്കുന്ന വിജ്രംബിച്ച ഫ്ലൈഓവർ. വണ്ടിയുടെ സാരഥ്യം എന്നെ ഏല്പിച്ചു നീണ്ടു നിവര്ന്നു കിടക്കുകയായിരുന്നു ഷൈജു.

ഞൊടിയിടയിൽ വണ്ടി നേരെ തേർഡിൽ നിന്ന് ഫിഫ്ത് ഗിയറിലോട്ടു. സൂചി അറുപതിൽ നിന്ന് എമ്പതിലോട്ടും, നൂറിലോട്ടും പന്നെ നൂറ്റിയിരുപതിലോട്ടും. ഇനി സൂചി നോക്കിയാ ചിലപ്പോ വണ്ടി ഡിവൈഡർ ക്രോസ് ചെയ്യുമെന്നറിയുന്നത് കൊണ്ട് റോട്ടിൽ തന്നെ കണ്ണും പതിപ്പിച്ച് മൂന്നാമത്തെ പെടലിൽ വലത്തേ കാൽ ഞെക്കികൊണ്ടിരുന്നു .

അപ്പൊ ദാ, അങ്ങ് ദൂരേന്ന് വെള്ളി മിന്നി. ക്യാമറ ഫ്ലാഷ്. ഇന്റർസെപ്ടർ സ്ക്വാഡ്.
"അളിയാ, പെട്ടളിയാ, പൊലീീീീസ്സ് സ് സ്." അയാളതാ കൈ കാണിക്കുന്നു.
"ങ്ഹാ.. നീയേതായാലും വണ്ടി നിർത്ത്, നമുക്കൊരു നൂറു രൂപയിലോതുക്കാം "
വണ്ടി ലേബൈയിൽ ഒതുക്കി ഞങ്ങൾ രണ്ടുപേരും നിസ്സംഗഭാവത്തോടെ ലാത്തിക്കാരന്റെ അടുത്ത് ചെന്നു.

"ഏൻ റീ, മലയാളീസാ.." ഒരു പുത്ഞ്ഞത്തോടെ അയാൾ ചോദിച്ചു.
"സെർ, ഹവുതു സെർ, ബട്ട്‌ ഇവൻ ലോക്കലൈട്ടു " ഞാൻ ഒപ്പിച്ചു
"യാർ ഗാഡി ഓടിസ്സീതു,"
പിന്നെയൊന്നും പറയാൻ നിക്കാതെ ഷൈജു ഒരു നൂറു രൂപയെടുത്ത്‌ അയാളെ പിടിപ്പിച്ചു.
"ഇതൊന്നും പറ്റില്ല, മുന്നൂറു രൂപയാ ഫൈൻ"
(അയാളുടെ സംഭാഷണം കന്നടത്തിലാണ്. അത് മാന്യവായനക്കാര്ക്ക് മനസ്സിലാകാത്തത് കൊണ്ട് മലയാളത്തിൽ എഴുതുന്നു. അല്ലാതെ എനിക്ക് കന്നഡ അറിയാത്തത് കൊണ്ടല്ല)

കുറെ തർക്കിച്ചു. അങ്ങേര് അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം ഒരു ഇരുന്നൂറു രൂപയും കൂട്ടി മുന്നൂറു രൂപ അയാളുടെ അണ്ണാക്കിൽ തിരുമ്മി.

"ഹും .. ശരി പൊക്കോ, പൊക്കോ.. ഇനി മേലാൽ സ്പീഡ് ക്രോസ് ചെയ്യരുത്"
"സെർ റെസീറ്റ് കിട്ടിയില്ല " ഞാൻ
"റെസീട്ടോന്നുമില്ല, ഇനി ശ്രദ്ധിച്ചാൽ ,മതി." അയാൾ
ഷൈജുവെന്റെ കൈ പിടിച്ചുവലിച്ചു " വാ, പോവാം"
ഞാൻ വിട്ടു കൊടുത്തില്ല.
" റെസീറ്റ് വേണമെന്ന് നിർബന്ധമാണോ" അയാൾ
"അതെ" ഞാൻ
ഷൈജു നിർവികാരൻ.

അയാൾ ബ്ലാക്ക്‌ബെറി എടുത്തു. എന്നിട്ട് ചോദിച്ചു.
അയാൾ: "വണ്ടി നമ്പർ പറയു"
ഞാൻ പറഞ്ഞു കൊടുത്തു.

അയാൾ: കമ്മനഹള്ളി പോകാറുണ്ടോ
ഷൈജു: സെർ, അവിടെയാണ് വീട്

അയാൾ: ഓൾഡ്‌ മദ്രാസ് റോഡ്‌", ഇന്ദിര നഗർ, ഡോമ്ളുർ
ഷൈജു: സെർ, ഓഫീസിലേക്കുള്ള വഴിയാണ്.

അയാൾ: കോറമംഗല ഫിഫ്ത് ബ്ലോക്കിലാണ് ഓഫിസല്ലേ
ഷൈജു: അതെ, എങ്ങനെ മനസ്സില്ലായി.

അയാൾ: അതിനിടയിലുള്ള രണ്ടു സിഗ്നലും കാണിക്കുന്നുണ്ട്
അയാൾ ബ്ലാക്ക്‌ബെറിയിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു.

അയാൾ: നിങ്ങള്ക്കല്ലേ റെസീറ്റ് വേണമെന്ന് പറഞ്ഞത്. ഈ പറഞ്ഞ സിഗ്നളിലെല്ലാം നിങ്ങൾ മിനിമം അഞ്ചു പ്രാവശ്യം ജമ്പ് ചെയ്തിട്ടുണ്ട്. പിന്നെ ഓവർസ്പീഡും.
ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി. അവനെന്നെ അടിമുടിയും നോക്കി.

എന്നിട്ടൊരു രാജാവിനെ പോലെ അയാൾ പറഞ്ഞു. " ഇപ്പോഴത്തെതും കൂട്ടി, എണ്ണായിരത്തി നാനൂറ് ഇത് കഴിഞ്ഞ നാല് മാസത്തെ കണക്ക് . ഇന്നാ റെസീറ്റ്. ഫ്ലൈഓവർ ഇറങ്ങി മടിവാള പോലീസ് സ്റ്റേഷനിൽ അടച്ചിട്ട്, എന്നെ കാണിച്ചിട്ട് പോയാൽ മതി. ഞാൻ അടുത്ത സിഗ്നലിൽ ഉണ്ടാകും"

ഇനി കൂടുതൽ തർക്കിച്ചാൽ അയാൾ മാസങ്ങൾ പിന്നോട്ട് പോകുമെന്ന് അറിയുന്നത് കൊണ്ട് അവിടുന്ന് വിട്ടു.
_________________________________________

അവൻ എ ടി എമ്മിൽ പോയീ കാശെടുത്ത് വരുമ്പോൾ, മടിവാള പോലീസ് സ്റ്റേനിന്റെ മുന്നിൽ നിന്ന്കൊണ്ട് ഞാൻ ഒരുകാര്യം തീരുമാനിച്ചു, സോഷ്യൽ റെസ്പോണ്‍സിബിലിട്ടി വലിയ ചെലവുള്ള കാര്യമാണ്, അത് കൊണ്ട് സദാചാര പോലീസുകളി ട്രാഫിക്‌ പോലീസിനോട് വേണ്ടാ എന്ന്.

No comments:

Post a Comment