Sunday, May 18, 2014

അവരുടെ സ്വന്തം ലിസ്സി ടീച്ചര്‍

അദ്ധ്യാപകര്‍ നാടിന്‍റെ വിളക്കാണ്. അനേകായിരങ്ങള്‍ക്ക് പ്രകാശം പകരുന്ന, ഒരിക്കലും എണ്ണ വറ്റാത്തൊരു തൂക്കുവിളക്ക്.
നന്മയുടെ പ്രതീകമാണ് അദ്ധ്യാപകര്‍, വഴിപ്പിഴച്ചു പോകുമായിരുന്ന എത്രയോ ജന്മങ്ങളെ സ്നേഹ സാന്ത്വന ശകാരങ്ങള്‍ കൊണ്ട് ജീവിതത്തിന്‍റെ അര്‍ത്ഥങ്ങള്‍ കാണിച്ചു കൊടുക്കുന്നവര്‍ .
ഇന്ന്, ഈ അദ്ധ്യാപകദിനത്തില്‍, പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും ആദരപൂര്‍വ്വം സ്മരിക്കുമ്പോഴും, മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നത്, ആദിവാസി കുട്ടികളുടെ ഇടയില്‍ അക്ഷരവിളക്കുകള്‍ കൊളുത്താന്‍ പോയ ലിസ്സി ടീച്ചറാണ്. സ്വന്തം ജീവിതം കൊണ്ട് എല്ലാ മനുഷ്യര്‍ക്കും ഒരു മാതൃകയായി മാറിയ ലിസ്സിടീച്ചര്‍ .
എറണാകുളം കുട്ടമ്പുഴക്കടുത്ത് പൂയംകുട്ടി വനമേഖലയിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ നാല്‍പ്പതോളം കുട്ടികള്‍ക്ക് അമ്മയായിരുന്നു ഈ ടീച്ചര്‍ . ഏകാധ്യാപക വിദ്യാലയമായത് കൊണ്ട് എല്ലാ ഉത്തരവാദിത്തങ്ങളും ടീച്ചര്‍ക്കായിരുന്നു. പലരും നിരസിച്ച ഉദ്യമം ടീച്ചര്‍ സ്വമനസ്സാലേ ഏറ്റെടുക്കുകയായിരുന്നു.
ഈറ്റയും മുളയും ഉപയോഗിച്ചു കെട്ടിപ്പൊക്കി, ഷീറ്റ് മേഞ്ഞ ചോര്‍ന്നൊലിക്കുന്ന, താത്കാലിക ഷെഡിന്റെ കീഴിലായിരുന്നു ഈ ഗുരുകുലം. ഇതിന്‍റെ ഭാവികാര്യങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കായി കോതമംഗലത്ത് പോകുമ്പോഴാണ്, ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍, ടീച്ചറെയും കൂടെയുണ്ടായിരുന്ന രണ്ടു ആദിവാസി സ്ത്രീകളെയും കാട്ടാന ആക്രമിച്ചത്. കൂടെയുള്ളവര്‍ കുതറി രക്ഷപ്പെട്ടുവെങ്കിലും, ഉടുത്തിരുന്ന സാരിയില്‍ കുടുങ്ങി ടീച്ചര്‍ നിലത്തു വീണു.
മനുഷ്യര്‍ കാട് പിടിച്ചെടുത്തപ്പോള്‍, ഗത്യന്തരമില്ലാതെ മനുഷ്യര്‍ക്കിടയില്‍ ഇറങ്ങിയ ഒരു കാട്ടാനയുടെ ദേഷ്യത്തിനും പ്രതിഷേധത്തിനും ഇരയാകുകയായിരുന്നു ലിസ്സി ടീച്ചര്‍ . പക്ഷെ അപ്പോള്‍ ആ ആദിവാസി കുരുന്നുകള്‍ക്ക് നഷ്ടപ്പെട്ടത് ആരും വരാന്‍ മടിക്കുന്ന തങ്ങളുടെ നാട്ടില്‍ തൂക്കുവിളക്കുമേന്തി വന്ന മാലാഖയെയാണ്. ഇനിയുമേറെ കുരുന്നുകള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരണമെന്ന ആഗ്രഹം ബാക്കിവെച്ച നന്മയുടെ തിരിനാളത്തെയാണ്.
ഒരു പക്ഷെ അവിടെ പുതിയൊരു നല്ല വിദ്യാലയം വന്നേക്കാം. പക്ഷെ, അത് ഈ ജീവന്‍റെ വിലയാണ്. സ്നേഹത്തിന്‍റെ നിറകുടമായ, നന്മയുടെ പ്രതീകമായ, കുരുന്നുകള്‍ക്ക് അറിവിന്‍റെ ആദ്യകിരണങ്ങള്‍ പകര്‍ന്ന അവരുടെ ടീച്ചറമ്മയുടെ ത്യാഗത്തിന്‍റെ വില.
ഈ അദ്ധ്യാപകദിനം, അകാലത്തില്‍ പൊലിഞ്ഞു പോയ ലിസ്സിടീച്ചറുടെ ആത്മാവിനു മുന്‍പില്‍ കണ്ണീര്‍പ്പൂക്കളോടു കൂടി, ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു

No comments:

Post a Comment