Sunday, May 18, 2014

അച്ഛന്‍ - മകന്‍

 അച്ഛന്‍ വളരെ നന്നായിട്ട് തന്നെ കാറോടിക്കും. പല സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എങ്കിലും മക്കളായ ഞങ്ങള്‍ മൂന്ന് പേരില്‍ ആരെങ്കിലും കൂടെയുണ്ടെങ്കില്‍ അച്ഛന്‍ വണ്ടിയെടുക്കില്ല. ഞങ്ങള്‍ തന്നെ ഓടിക്കണം. അതെന്തേ എന്ന് ചോദിച്ചാല്‍ പറയും " എനിക്കിതുവരെ സ്റ്റഡി ആയിട്ടില്ലാ" എന്ന്.

ഇന്ന് കുറച്ചു ദൂരം ഓടിച്ചതിന് ശേഷം, ഞാന്‍ അച്ഛനെ നിര്‍ബന്ധിച്ചു. വല്ലാത്തൊരു വെപ്രാളത്തോടെ കൂടെയാണ് ഓടിക്കാന്‍ തുടങ്ങിയത്. അനാവശ്യമായി വണ്ടി റോഡില്‍ നിന്നും താഴെ ഇറങ്ങുന്നുണ്ടായിരുന്നു.

" അച്ഛന്‍ നന്നായി ഓടിക്കും എന്നാണല്ലോ എല്ലാരും പറയുന്നത് " മറുപടിയൊന്നും തരാതെ അച്ഛന്‍ വീണ്ടും വെട്ടിച്ചും ചാടിച്ചും ഓടിച്ചുകൊണ്ടിരുന്നു.

പിന്നെയൊരു രണ്ടു മിനിട്ടിനു ശേഷം അച്ഛന്‍ പറഞ്ഞു,

" പണ്ട് നിങ്ങള്‍ക്ക് മൂന്ന് ടയറുള്ള സൈക്കിള്‍ വാങ്ങി തന്നപ്പോള്‍, ഞാന്‍ നോക്കുമ്പോഴെല്ലാം, നിങ്ങള്‍ മറിഞ്ഞു വീഴുന്നതെ കണ്ടിട്ടുള്ളൂ.
പക്ഷെ ഞാനടുത്തില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല."

ഒരു പത്ത് സെക്കന്റ്റ് മൗനം. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു, "ഇന്നിപ്പോ റോളുകള്‍ മാറി, അത്രേയുള്ളൂ."

പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല. സീറ്റ് പുറകിലോട്ടിട്ട്, പണ്ട് അച്ഛന്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നത് പോലെ കിടന്നു.

അപ്പോള്‍, ആ വെള്ള കുപ്പായത്തിനുള്ളില്‍ ഞാന്‍ കണ്ടത്, മൂന്ന്‍ ടയറുള്ള സൈക്കിള്‍, കൈയും വിട്ടോടിക്കുന്ന അറുപത്തിനാലു കാരനായ എന്നെയോ, അതോ, അഞ്ചു വയസ്സുള്ള അച്ഛനെയോ...
അറയില്ല.... എങ്കിലും കാലചക്രം കറങ്ങുമ്പോള്‍, വേഷങ്ങള്‍ പരസ്പരം കൈമാറും എന്ന് മനസ്സിലായി. 

No comments:

Post a Comment