Sunday, May 18, 2014

എന്നെന്നും പപ്പേട്ടന്‍

ഈ ജനുവരി ഇരുപത്തിനാലിന്, പപ്പേട്ടന്‍ വിട പറഞ്ഞകന്നിട്ട് ഇരുപത്തിമൂന്നു വര്‍ഷമാകുന്നു, എങ്കിലും അദ്ദേഹത്തിന്‍റെ കൃതികള്‍ വായിക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും ഒരിക്കലും ഒരു കാലപ്പഴക്കവും തോന്നാറില്ല. ലോലയും ഉദകപ്പോളയും ഇന്നും വായനക്കാരില്‍ മാസ്മരികത ഉണര്‍ത്തുന്നവയാണ്. അതുപോലെത്തന്നെ അദ്ദേഹം തിരക്കഥ രചിച്ചു തുടങ്ങിയ പ്രയാണം മുതല്‍ അവസാനം സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വന്‍ വരെയുള്ള ചിത്രങ്ങള്‍.

അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ എപ്പോഴും ഒരു ഗന്ധര്‍വന്‍റെ അദൃശ്യ കരചാതുര്യം കാണാന്‍ കഴിയാറുണ്ട്. ഒരു പ്രത്യേക തരം അനിതര സൗന്ദര്യം അദ്ദേഹത്തിന്‍റെ ഓരോ സിനിമകളിലും ഒരു കൈയ്യൊപ്പ് പോലെ പതിഞ്ഞിരിക്കും. പ്രണയവും പ്രകൃതിയും അതിന്‍റെ പൂര്‍ണ്ണ മനോഹാരിത കൈവരിച്ചത് പപ്പേട്ടന്‍റെ ചിത്രങ്ങളിലൂടെ തന്നെയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. തൂവാനതുമ്പികളിലെ മഴയെ മലയാളികള്‍ സ്വീകരിച്ചത് ഒരു കഥാപാത്രമായാണ്. അതുപോലെതന്നെ മൂന്നാംപക്കത്തിലെ കടലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമന്‍റെ മുന്തിരിത്തോപ്പുകളും.

കേവലമൊരു അഭിസാരികയായി ഒതുങ്ങി പോകുമായിരുന്ന ക്ലാര എന്ന കഥാപാത്രത്തെ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി നടക്കാന്‍ കാരണവും അദ്ദേഹത്തിന്‍റെ രചനാസിദ്ധി തന്നെയാണ്. അതുപോലെതന്നെ എടുത്തു പറയാവുന്ന സൃഷ്ടിയാണ് അദ്ദേഹത്തിന്‍റെ തിരക്കഥയില്‍ വിരിഞ്ഞ രതിനിര്‍വേദം. കൗമാരത്തിലെ ലൈംഗീകതയുടെ മനോവികാരങ്ങളെ ഒരു നേര്‍ത്ത നൂല്‍പ്പാലത്തിന്‍റെ സൂക്ഷ്മതയോടെ ഒരു മനോഹര കലാസൃഷ്ടിയായി രൂപാന്തരപ്പെടുത്താന്‍ ഒരു അതുല്യ പ്രതിഭയുടെ ചാതുര്യം തന്നെ വേണം. അതുപോലെത്തന്നെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെ ലെസ്ബിയനിസം പോലുള്ള അതിതീവ്രമായ വിഷയത്തെ അന്നത്തെ കാലഘട്ടത്തില്‍ ഒട്ടും അശ്ലീലം ചേര്‍ക്കാതെ അവതരിപ്പിക്കാന്‍, അത് പപ്പേട്ടനെ കൊണ്ടേ സാധിക്കൂ.

ദേവലോകത്തു നിന്ന് ശാപഗ്രസ്തനായി ഭൂമിയില്‍ വന്ന ഗന്ധര്‍വന്‍റെ മനോഹര പ്രണയത്തിന്‍റെ കഥ പറഞ്ഞ "ഞാന്‍ ഗന്ധര്‍വന്‍" അദ്ദേഹം അവസാനത്തേക്ക് മാറ്റി വെച്ചതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു വിടവാങ്ങല്‍ പ്രഖ്യാപനം പോലെ ആ ചിത്രം മനസ്സില്‍ ഒരു വിങ്ങലായി നിലനില്‍ക്കുന്നു. എങ്കിലും, അതിന്‍റെ ചാരുതയും അവിശ്വസനീയമായ മിത്തും ഒരു കാര്യം ഉറപ്പിച്ചു പറയുന്നതുപോലെ, ഭൂമിയിലേക്കിറങ്ങി വന്ന ഈ അനശ്വര കലാകാരന്‍ ഒരു ഗന്ധര്‍വന്‍ തന്നെയാണ്, മനുഷ്യനെയും പ്രകൃതിയെയും, പ്രണയത്തെയും സൗന്ദര്യത്തെയും, ഗൃഹാതുരത്വത്തെയും മനസ്സുകളെയും ഒരുപോലെ ഇഴചേര്‍ത്തു കൊണ്ടുപോകാന്‍ ഒരു ഗന്ധര്‍വനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കിക്കുക.

പപ്പേട്ടാ പ്രണാമം.
__________________________________
പപ്പേട്ടനോടുള്ള എന്‍റെ അഭിനിവേശമാണ് ഞാന്‍ എഴുതുന്ന വരികള്‍ക്ക് അവസാനം കാണാറുള്ള "ഗഗനചാരി" എന്ന പദം. ഗഗനചാരി എന്നുവെച്ചാല്‍ ഗന്ധര്‍വന്‍.

No comments:

Post a Comment