Sunday, May 18, 2014

അടിമത്തം എന്താണ് ...

" അടിമത്തം എന്താണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, എന്റെ കൂടെ ഝാർഖണ്ടിൽ വരൂ, പെണ്‍കുട്ടിയായി ജനിച്ചത് കൊണ്ട് സർവ്വസ്വാതന്ത്രവും നിഷേധിക്കപ്പെട്ട ഒരു പറ്റം കുട്ടികളെ ഞാൻ ഇന്നും നിങ്ങൾക്ക് കാണിച്ചു തരാം."

പതിനാലു വയസ്സ് തികയുന്നതിനു മുൻപ് തന്നെ അമ്മമാരായ, വിദ്യാഭ്യാസം പാതിക്കു വെച്ച് നിർത്തി, വീട്ടുജോലികൾക്കും കൂലിപ്പണിക്കും പോയി കുടുംബ വരുമാനത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകേണ്ടി വരുന്ന നൂറു കണക്കിന് ഗോത്രസമൂഹതിലെ ഒരു കണ്ണി മാത്രമാണ് ഈ പെണ്‍കുട്ടി.

പക്ഷെ, ഇന്ന് ഈ കുട്ടിയും ഇവരുടെ പതിനേഴു കൂട്ടുകാരികളും നേടിയെടുത്തത് ഫുട്ബോള്‍ ലോകത്തിന്റെ നെറുകയിലെ തിലകക്കുറി എന്ന പര്യായം ആണ്.

'യുവ' എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയും, പിന്നെ ഇവരുടെ തീക്ഷണത കണ്ടു ഇവരെ സഹായിക്കാന്‍ തയ്യാറായ ഫ്രാന്‍സ് ഗാസട്ലര്‍ (Franz Gastler) എന്ന അമേരിക്കന്‍ കോച്ചിന്റെ ഇടപെടലും കൊണ്ട് ഈ "സൂപ്പര്‍ ഗോട്സ്" നേടിയെടുത്തത് ഒരു അവിസ്മരണീയ നാഴികക്കലായിരുന്നു.

സ്പെയ്നിലെക്ക് അവര്‍ പോയത് രണ്ടു ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനായിരുന്നു. ആദ്യത്തേതില്‍ നാന്നൂറ് ടീമുകള്‍ അടങ്ങുന്ന, പെണ്‍കുട്ടികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ 14, ക്ലബ്‌ ഫുട്ബോള്‍ മാമാങ്കമായ, ഡോണോസ്ടി കപ്പില്‍ ( Donosti Cup ) അവസാനത്തെ ലീഗ് പോരാട്ടം വരെ എത്തിയപ്പോള്‍, അതവരുടെ ആത്മവിശ്വാസത്തെ കൂടുതല്‍ ഉയര്‍ത്തി.

പക്ഷെ, ഈ മത്സരങ്ങള്‍ക്കായുള്ള സ്പെയിനെലെക്കുള്ള ഇവരുടെ യാത്ര ദുര്‍ഘടം നിറഞ്ഞതായിരുന്നു. പാസ്പോര്‍ട്ടിനു വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ റിന്കി പഞ്ചായത്ത്‌ ആപ്പീസില്‍ പോയപ്പോള്‍ അവിടുത്തെ ഉദ്യോഗസ്ഥന്‍ അവളുടെ കരണത്തടിച്ചു. എന്നിട്ട് ഒരു ചൂല് കൊടുത്തിട്ട് ഓഫീസും പരിസരവും വൃത്തിയാക്കാന്‍ പറഞ്ഞു. അത് പോലെ തന്നെ ടീമിലെ മറ്റൊരു കുട്ടിയെ വീട്ടുവേലയ്ക്ക് ചെല്ലാന്‍ നിര്‍ബന്ധിച്ചു. പക്ഷെ ഈ പ്രഹസനങ്ങളും, അധിക്ഷേപങ്ങളും ഒന്നും വില കണ്ടില്ല, കോച്ചിന്റെ നിയമപരമായ ഇടപെടലുകളിലൂടെ അവര്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ക്ലബ്‌ ലോകകപ്പ്‌ എന്നറിയപ്പെടുന്ന ഗാസ്ടെയിസ് കപ്പ്‌ ( Gasteiz Cup ) ആയിരുന്നു രണ്ടാമത്തെ ടൂര്‍ണമെന്റ്റ്. ലോകത്തെ ഏറ്റവും മികച്ച പത്തു ടീമുകള്‍ ഏറ്റുമുട്ടുന്ന ഒരു വേദി. പക്ഷെ, തങ്ങളുടെ കൈയിലുള്ള ഷൂസും ജെര്‍സിയുടെയും പരിമിതികള്‍ മൂലം അവര്‍ പ്രാക്ടീസിന് ഇറങ്ങിയത്‌ വെറും കാലുകളോടെയായിരുന്നു. ഇത് കണ്ടു സംഘാടകര്‍ അവര്‍ക്കൊരു ഓമനപ്പേരിട്ടു സൂപ്പര്‍ ഗോട്സ് ( Supergoats ).

സൂപര്‍ ഗോട്സ് അങ്ങനെ ലീഗ് മാച്ചുകളും വിജയിച്ച് ക്വാട്ടര്‍ ഫൈനലില്‍ എത്തി. അവിടെ അവര്‍ നേരിട്ടത് പ്രഗല്‍ഭരായ ഒരു ബ്രസീല്‍ ടീമിനെയായിരുന്നു. ആവേശം നിറഞ്ഞ മത്സരത്തില്‍ മഞ്ഞപ്പടയെ തറപ്പറ്റിച്ചു കൊണ്ട് അവര്‍ സെമിയില്‍ കടന്നു.

സെമിയില്‍ അവര്‍ നേരിട്ടത് ഒരു സ്പാനിഷ് ടീമിനെയായിരുന്നു. ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന ടീമിനെ ആരാധകര്‍ ആര്‍പ്പു വിളിക്കുമ്പോള്‍ എതിരാളികളായ ഇന്ത്യന്‍ ടീമിനെ അവര്‍ കറുത്ത ആടുകള്‍ എന്ന് വിളിച്ചു കളിയാക്കി. പെനാല്‍റ്റി ഷൂട്ട്‌ ഔട്ട്‌ വരെ നീണ്ട ആ മത്സരത്തില്‍ സ്പെയ്ന്‍ ജയിച്ചു.

പക്ഷെ, എന്ത് വില കൊടുത്തും ഒരു മെഡല്‍ നേടണമെന്നത് അവരുടെ ആവശ്യമായിരുന്നു. അങ്ങനെ, പ്രതികൂല സാഹചര്യങ്ങളോട് പോരാടി, ലൂസേര്‍സ് ഫൈനലില്‍ ഇന്ത്യയില്‍ നിന്ന് വന്ന കറുത്ത ആടുകളായ ഗോത്രവംശത്തില്‍ പിറന്ന അടിമപെണ്‍കുട്ടികള്‍ വര്‍ദ്ധിത ഊര്‍ജ്ജത്തോടെ വെങ്കല മെഡല്‍ കരസ്ഥമാക്കി.

ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അവര്‍ അലറിയലറി കരഞ്ഞു. സന്തോഷത്താല്‍ തമ്മാതമ്മില്‍ കെട്ടിപ്പിടിച്ച് അവര്‍ ഗ്രൌണ്ടിലൂടെ ഉരുണ്ടുമറിഞ്ഞു. പിന്നെ സമയം പാഴാക്കാതെ അവര്‍ ഡ്രസ്സിംഗ് റൂം ലക്ഷ്യമാക്കി ഓടി. അവര്‍ മടങ്ങി വന്നപ്പോള്‍ ഗാലറിയിലുള്ള കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. തനതായ ആദിവാസി ഗോത്ര വേഷമണിഞ്ഞ സുന്ദരികളായി അവര്‍ അവരെ ഗ്രൌണ്ടിനു ചുറ്റും നടന്നു വണങ്ങി നന്ദി പ്രകടിപ്പിച്ചു. ചിലരുടെ മുടിയില്‍ പ്ലാസ്റിക് പൂക്കള്‍ അലങ്കരിച്ചിരുന്നു.

അന്ന്, ആ ജൂലൈ പതിമൂന്നിന്റെ രാത്രി, ഇന്ത്യക്കാര്‍ എല്ലാവരും ഉറങ്ങുമ്പോള്‍, നൂറു കണക്കിന് പൂത്തിരികൾ ആകാശത്ത് നിന്ന് ഇവർക്ക് നേരെ നക്ഷത്രങ്ങളുടെ പുഷ്പവൃഷ്ടി നടത്തി. ഇവർ ദേശീയഗാനം ആലപിക്കുകയല്ല ചെയ്തത്, പകരം, അലറിക്കൊണ്ടാണത് പാടിയത്. എന്നിട്ട്, അടിമത്തത്തിന്റെയും, തിരസ്കാരങ്ങളുടെയും, ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട്, അവർ തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുത്ത ഒരു പറ്റം ഫീനിക്സ് പക്ഷികളെ പോലെ അനന്തമായ ആകാശത്തേക്ക് പുതുതായ് മുളച്ച ചിറകുകൾ നിവർത്തി പറന്നുയർന്നു.

No comments:

Post a Comment