Sunday, May 18, 2014

ഹൃദയസരസ്സിലെ പ്രണയപുഷ്പം

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാസികയിലാണോ അതോ ഏതോ ഒരു വാരാന്ത്യപതിപ്പിലാണോ വായിച്ചതെന്നു ഓര്‍മ്മയില്ല. പക്ഷെ ഇന്നും മനസ്സില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന ഒരു പ്രണയകഥയുണ്ട്. അനുഗ്രഹീത ഗാനരചയിതാവും സംവിധായകനുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെയും അദ്ദേഹത്തിന്‍റെ പ്രിയപത്നി ശ്രീമതി രാജേശ്വരിയുടെയും.

താന്‍ എഴുതുന്ന എല്ലാ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും എന്നും ഒരാള്‍ ഒരു മറുപടിയെന്ന പോലെ കത്തുകള്‍ അയക്കുമായിരുന്നു. ആ കത്തുകളില്‍ ഒരു ആരാധികയുടെ സ്നേഹവും വിമര്‍ശകയുടെ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അയാള്‍ ആ കത്തുകളെ ഇഷ്ടപ്പെട്ടു തുടങ്ങി. കാതങ്ങള്‍ താണ്ടിവരുന്ന നീലക്കടലാസിലെ കൈയ്യക്ഷരങ്ങള്‍ക്കായി മിഴിയോര്‍ത്തിരിക്കാന്‍ തുടങ്ങി.

പക്ഷെ പെട്ടെന്നൊരുനാള്‍ ആ കത്തുകളുടെ വരവു നിലച്ചു. തന്‍റെയുള്ളില്‍ വിരിഞ്ഞ പ്രണയത്തിന്‍റെ തീവ്രത അയാള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഹൃദയഭേദകമായ ഈ മൗനം അയാളെ വളരെയധികം അസ്വസ്ഥനാക്കി.

എങ്കിലും അയാള്‍ക്കൊരു കാര്യം ഉറപ്പായിരുന്നു, കാതങ്ങള്‍ അകലെയാണെങ്കിലും ഹൃദയത്തില്‍ നിന്നൊരു നീട്ടിവിളിക്കപ്പുറം മാത്രമാണ് ഈ പ്രണയപുഷ്പം എന്ന്. അങ്ങിനെ അയാള്‍ ആ ഗാനം എഴുതി, തന്‍റെ പ്രാണപ്രേയസിക്കായി, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി ഒരു പ്രണയലേഖനം പോലെയൊരു പ്രണയഗാനം.

"ഹൃദയസരസ്സിലെ പ്രണയപുഷ്പമേ,
ഇനിയും നിന്‍ കഥ പറയൂ
അർദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെൻ
സ്വപ്നബിന്ദുവോ... "

വൈകാതെ വീണ്ടുമൊരു നീലക്കടലാസെത്തി. എഴുതാന്‍ വൈകിയ ചിത്രകഥയിലെ എഴഴുകുള്ള നായികയുടെ ആത്മകഥ. അത് അയാളുടെ അനുരാഗ തപോവനസീമയില്‍ പുതുമന്ദഹാസം വിടര്‍ത്തി.

പിന്നെ താമസിച്ചില്ല. മേല്‍വിലാസം തരപ്പെടുത്തി പെണ്ണുചോദിക്കാന്‍ ചെന്നു. പക്ഷെ വീട്ടുകാര്‍ സമ്മതിച്ചില്ല. വേരെയൊരു വഴിയും മുന്നില്‍ കാണാത്തതു കൊണ്ട് 1968 ഡിസംബര്‍ ഒന്നാം തീയതിയുടെ ശുഭമുഹൂര്‍ത്തത്തില്‍ ഒരു അമ്പലനടയില്‍ പുടവ നല്‍കി പുഷ്പഹാരം ചാര്‍ത്തി ജീവിതത്തിലേക്ക് ആനയിച്ചു. പ്രണയപുഷ്പത്തിനു എന്നെന്നേക്കും സുഗന്ധം പരത്താനയൊരു ഹൃദയസരസ്സ് തീര്‍ത്തുവെച്ചു.
________________________________

ഇന്നു ഈ സന്തോഷ ദാമ്പത്യത്തിന്‍റെ നാല്‍പത്തിയെട്ടാം വാര്‍ഷികം. എല്ലാ ഭാവുകങ്ങളും ഹൃദയത്തിന്‍റെ ഉള്ളറയില്‍ നിന്നും ഈ ആരാധകന്‍ സമര്‍പ്പിക്കുന്നു. ♥ ♥ ♥

(എഴുതിയത് ഓര്‍മ്മയില്‍ നിന്നും ചീന്തിയെടുത്തു കൊണ്ടാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ആരാധകര്‍ ക്ഷമിക്കണം.)

No comments:

Post a Comment