Sunday, May 18, 2014

കുഞ്ഞനിയന്‍

ഇന്ന് ഞങ്ങൾ ബാവ എന്ന് വിളിക്കുന്ന എൻറെ കുഞ്ഞനിയന്റെAdheesh Damodaran ഹാപ്പി ഹാപ്പി ബർത്ത്ഡേ ആണ്.. 

അവനു വേണ്ടി ഈ വരികൾ ഞാൻ ഒരിക്കൽക്കൂടി ഇവിടെ കുത്തിക്കുറിക്കട്ടെ .. ഹാപ്പി ബർത്ത്ഡേ ബ്രോ .. 
---------------------

കുഞ്ഞനിയന്‍
________________

അമ്മതന്‍ വയറില്‍
കുഞ്ഞിക്കാലനങ്ങുമ്പോള്‍,
ഇതെന്‍ പെങ്ങളെന്നു പറഞ്ഞു
തൊട്ടുംത്തലോടി ഞാന്‍,

ആങ്ങളമാര്‍ക്ക്
കുഞ്ഞുടുപ്പിടീക്കാനും,
കണ്ണെഴുതി പൊട്ടുതൊടീക്കാനും ,
ഒരു കുഞ്ഞുപ്പെങ്ങള്‍ക്കായ്
മിഴിയോര്‍ത്തിരുന്നു
അന്നു ഞാന്‍

അനിയനവന്‍ പിറന്നപ്പോള്‍,
പെങ്ങളല്ലെന്നറിഞ്ഞപ്പോള്‍,
ഉള്ളൊന്നുപ്പിടഞ്ഞിരുന്നു,
ഇടനെഞ്ചൊന്നുടഞ്ഞിരുന്നു

എങ്കിലും, പൊന്നോമനയാ-
മവന്‍, ഒരു പാല്‍പ്പുഞ്ചിരിയാല്‍,
എന്നുള്ളം കവര്‍ന്നെടുത്തു,
എന്നുടുപ്പും കുതിര്‍ത്തു തന്നു

കുഞ്ഞനിയനവന്‍,
പണ്ടെന്‍ തോളിലേറി
അമ്പിളിമാമനെ പിടിച്ചിരുന്നവന്‍,
എന്നോളം വളര്‍ന്നല്ലോ
ഇന്നവന്‍,

എങ്കിലും, ഇന്നുമ-
വനെന്‍ കുഞ്ഞനിയന്‍,
കുഞ്ഞിക്കാലനക്കം കണ്ട്
പെങ്ങളെന്ന് ഞാന്‍ വിളിച്ച,
കണ്ണിലെ കൃഷ്ണമാണിയാ-
മെന്‍ പൊന്നനിയന്‍
______________________________
ഗഗനചാരി

മൃത്യുഞ്ജയം

ഇതിപ്പോള്‍ പതിനേഴാമത്തെ ആളാണ്‌ ചേട്ടനോട് അതേ ചോദ്യം ചോദിക്കുന്നത്, "എന്താ സംഭവിച്ചത്.. ഇന്നലെ വൈകിട്ട് വരെ കവലയില്‍ കണ്ടതായിരുന്നല്ലോ.." 
എല്ലാവരോടും ചേട്ടന്‍ ഒരേ ഉത്തരം പറയും, "ആരാ കുത്തിയത് എന്നറിയില്ല, അവനു പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ല താനും.."

കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. കൂടെ വന്ന ഒരു അല്‍സേഷ്യന്‍ പട്ടി ഞാന്‍ കിടന്ന ഇടത്തെ ചോരപാടുകള്‍ മണക്കുന്നത് ഞാന്‍കണ്ടു. അത് രണ്ടുമൂന്നു പ്രാവശ്യം തലപൊക്കി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. വീണ്ടും ആ കറുത്ത കട്ട പിടിച്ച പാടിലേക്ക് മൂക്ക് നീട്ടി, ഇടയ്ക്കൊന്ന്‍ നാവു കൊണ്ട് രുചിച്ചു നോക്കി. നെഞ്ചത്ത് ജോസഫ് എന്നെഴുതിയ പോലീസുകാരനേയും വലിച്ചുക്കൊണ്ട് അത് വീടിന്‍റെ തെക്കേ ഭാഗത്തേക്ക് ഓടി. അവിടെ എന്തോ നിധി ഒളിച്ചിരിപ്പുണ്ട് എന്ന ഭാവത്തില്‍ പുറത്ത് ആചാരശോകം അനുഷ്ടിക്കുന്ന നാട്ടുകാര്‍ അവരുടെ പുറകെ ഓടി.

"എല്ലാരും ഒന്ന് മാറി നിന്നേ .. ആദ്യം പോലീസ് അന്വേഷിക്കട്ടെ, എന്നിട്ടാവാം നാട്ടുകാരുടെ സമിതി.." തുമ്പ് കിട്ടിയ പട്ടിയുടെ പുറകെ ഓടുന്ന നാട്ടുകാരെ തടഞ്ഞുകൊണ്ട്‌ നാട്ടിലെ പ്രമാണിയായ പൗലോസച്ചായന്‍റെ മകന്‍ സണ്ണി ഉത്തരവിട്ടു. ചേട്ടന്‍ സണ്ണിയെ അകലേന്നു തലയുയര്‍ത്തി നോക്കി. സണ്ണി കുഴപ്പമൊന്നുമില്ല എന്ന രീതിയില്‍ കണ്ണിറുക്കി തോളിളക്കി കാണിച്ചു. ചേട്ടന്‍ വീണ്ടും അകത്തേക്ക് വന്നു. നാട്ടുകാര്‍ ആചാരശോകത്തിലും മുഴുകി.

"ന്നാലും എന്‍റെ കറിയാച്ചോ, ആരാ നമ്മുടെ മോനോട് ഈ കൊടുംപാപം ചെയ്തേ .." എന്‍റെ അരികില്‍ ഇരിക്കുന്ന അപ്പച്ചനോട് ആയിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ രാഘവന്‍ നായരുടെ ചോദ്യം. അപ്പച്ചന്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി. അയാള്‍ എന്റെം അപ്പച്ചന്‍റെയും മുഖത്തേക്കും.

ഞാന്‍ അപ്പച്ചന്‍റെ മടിയില്‍ കിടക്കുന്ന അമ്മച്ചിയെ നോക്കി. അമ്മച്ചി കരഞ്ഞു കരഞ്ഞു ഇപ്പോള്‍ ശബ്ദം പോലും പുറത്തു വരാത്ത അവസ്ഥയിലാണ്. ഇടയ്ക്കിടയ്ക്ക് എന്‍റെ മോനേ .. എന്‍റെ മോനേ .. എന്ന് പറയുന്നത് കേള്‍ക്കാം. അമ്മച്ചിയോട് എനിക്ക് പറയണം എന്നുണ്ട്, "അമ്മച്ചി കരയണ്ട എനിക്ക് വേദനയൊന്നുമില്ല.." കാരണം, എന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന് ചോര കണ്ടാല്‍ തന്നെ ബോധംകെട്ടു വീഴുന്ന ആളാണ്‌ അമ്മച്ചി. പക്ഷെ, പറയാന്‍ പറ്റില്ലല്ലോ, എന്‍റെ കണ്ഠനാളത്തിലും കത്തി കയറ്റിയിറക്കി ഇരിക്കുവല്ലേ.

അന്വേഷിക്കാന്‍ പോയ പട്ടിയും ജോസഫും ഒരു തുമ്പും കിട്ടാതെ വീണ്ടും ആ ചോരക്കറയിലേക്ക് നോക്കി നിന്നു. വീണ്ടും മുറിയില്‍ നിശബ്ദത പരന്നു. അപ്പോള്‍ ആ പട്ടിയെ നോക്കി മുകളില്‍ നിന്നൊരു പല്ലി എന്തോ ഒരു ശബ്ദം ഉണ്ടാക്കി. എല്ലാവരും പട്ടിയെ വിട്ട് ആ പല്ലിയെ നോക്കി. അമ്മച്ചി മാത്രം അവിടെ നോക്കിയില്ല, അപ്പച്ചന്‍റെ മടിയില്‍ കിടന്നു കൊണ്ട് "എന്‍റെ മോനേ .. എന്‍റെ മോനേ" എന്ന് മാത്രം വിളിച്ചു.

എന്നെ കാണാന്‍ സ്ഥലം എം എല്‍ എ എത്തിയിട്ടുണ്ട് എന്ന് അപ്പച്ചന്‍റെ സെക്രട്ടറി കിഷോര്‍ വന്നറിയിച്ചു. അപ്പച്ചന്‍ അവിടുന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ അമ്മച്ചി അനങ്ങിയില്ല. എം എല്‍ എ യുടെ കൂടെ നക്ഷത്രങ്ങള്‍ കൂടുതല്‍ ഉള്ള രണ്ടു പോലീസ്സുകാര്‍ കൂടിയുണ്ടായിരുന്നു. അതിലൊരാള്‍ അപ്പച്ചന്‍റെ തോളത്ത് തൊട്ടു. അപ്പച്ചന്‍ തലയുയര്‍ത്തി നോക്കി. എം എല്‍ എ അപ്പച്ചന്‍റെ തോളില്‍ കൈ അമര്‍ത്തി.

"വേണ്ട .. എഴുന്നെല്‍ക്കണ്ട.." അപ്പച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു.
"എന്തേലും തുമ്പ് കിട്ടിയോ..??" എം എല്‍ എ കൂടെയുള്ള ഒരു പോലീസുകാരനോട്‌ ചോദിച്ചു.

"ഇല്ല .. അന്വേഷിക്കുന്നുണ്ട്.. ഉടനെ കിട്ടും സാര്‍ .. " അയാള്‍ വിനയത്തിന്‍റെ മൂര്‍ത്തീരൂപമായി പറഞ്ഞു.
"ഉം .. പെട്ടെന്ന്‍ വേണം .. കറിയാച്ചന്‍ നമുക്ക് വേണ്ടപ്പെട്ട ആളാണ്‌"

"അറിയാം സാര്‍ .. ആരാണേലും നമ്മുടെ സര്‍ക്കിള്‍ വിട്ടുപോകാന്‍ സാധ്യതയില്ല സാര്‍, ഇന്നലെ രാത്രി തന്നെ ഫോര്‍സിനെ എല്ലാ ഭാഗത്തേക്കും അയച്ചിട്ടുണ്ട്... ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടുപ്പിടിച്ചിരിക്കും സാര്‍ .."

"ഹാഹാഹാ .. ഉവ്വുവ്വേ .. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടുപ്പിടിക്കും എന്ന്.." എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല. എന്നെ കുത്തിയ ആള്‍ക്കാര്‍ വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ നാടുനീളെ ഫോര്‍സിനെ വിട്ടിക്കുന്നു എന്ന്. ഞാന്‍ സണ്ണിയെ നോക്കി, അവന്‍ വീണ്ടും ആള്‍ക്കാരെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്.

എം എല്‍ എ കിഷോറിനെ അടുത്തു വിളിച്ചു ചെവിയില്‍ എന്തോ ചോദിച്ചു. കിഷോര്‍ ചേട്ടനെ ചൂണ്ടി കാണിച്ചു. ചോദ്യം എനിക്ക് മനസ്സിലായി. കിഷോര്‍ പോയി ചേട്ടനെ വിളിച്ചു കൊണ്ടുവന്നു. കൂടെ സണ്ണിയും ഉണ്ട്.

"ഒരു പത്തു മിനിറ്റിനുള്ളില്‍ ബാംഗ്ലൂരിലുള്ള ഇവന്‍റെ പെങ്ങളും അളിയനും എത്തും. അതിനു ശേഷമേ തീരുമാനിക്കുകയുള്ളൂ.." ചേട്ടനായിരുന്നു അത് പറഞ്ഞത്. സണ്ണി എന്‍റെ മുഖത്തേക്ക് നോക്കി.

"കറിയാച്ചന്‍റെ പെങ്ങളുടെ മകനാണല്ലേ .." എം എല്‍ എ ചേട്ടനോട് ചോദിച്ചു. പക്ഷെ സണ്ണിയായിരുന്നു അതിനു ഉത്തരം കൊടുത്തത്, "അതെ.. ഇവനാണ് ഇപ്പൊ തോട്ടങ്ങള്‍ ഒക്കെ നോക്കുന്നത്.." ഇത് പറയുമ്പോള്‍ സണ്ണിയുടെ കൈയ്യില്‍ അമര്‍ന്ന് ചേട്ടന്‍റെ വലത്തേ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

"ഹും .." ഞാന്‍ ഓര്‍ത്തു, "ഇന്നലെ എന്നെ കുത്തുമ്പോള്‍ ഒരു വിറയുമില്ലയിരുന്നല്ലോ ... ഇപ്പൊ എന്തിനാ .. ആരെങ്കിലും കണ്ടു പിടിക്കുമോ എന്ന് ആലോചിച്ചട്ടാണോ.. ആര് കണ്ടുപിടിക്കാന്‍... ആത്മാര്‍ത്ഥ കൂട്ടുകാരന്‍ സണ്ണിയില്ലേ കൂടെ .. അവന്‍ എല്ലാം ഒതുക്കൂല്ലേ .. പിന്നെ നിങ്ങള്‍ രണ്ടുപേരും കൂടെ ചെയ്ത ഈ കുറ്റത്തിന്‍റെ ഏക ദൃക്സാക്ഷിയായ മനുഷ്യന്‍ ഞാനല്ലേ .. എനിക്ക് ആരോടെങ്കിലും പറയാന്‍ പറ്റുമോ...??"

"ശരി .. എന്നാ ഞാന്‍ പള്ളീലോട്ടു വരാം.. ഒരു അര മണിക്കൂറിനുള്ളില്‍ ബോഡി എടുക്കുമായിരിക്കും അല്ലെ .." എം എല്‍ എ എല്ലാവരോടുമായി ചോദിച്ചു.

"ഇവിടുന്ന് പുറപ്പെടുമ്പോള്‍ അറിയിക്കാം സാര്‍.." കിഷോര്‍ ഭവ്യതയോടെ പറഞ്ഞു.

അപ്പച്ചന്‍റെ തോളില്‍ വീണ്ടും കൈ അമര്‍ത്തിയത്തിനു ശേഷം എം എല്‍ എ പുറത്തേക്കിറങ്ങി, ചേട്ടന്‍ എന്നെ നോക്കി, സണ്ണി ചേട്ടനെ വലിച്ചുകൊണ്ട് നടന്നു. ഒരു വെള്ളത്തുണി വന്നു എന്‍റെ മുഖം മറച്ചു, പക്ഷെ ഞാന്‍ അപ്പോഴും എല്ലാം കാണുന്നുണ്ടായിരുന്നു, ആ പല്ലിയും.

ഹൌ ഓള്‍ഡ്‌ ആര്‍ യു --

ഹൌ ഓള്‍ഡ്‌ ആര്‍ യു കണ്ടു... പതിനാലു വര്‍ഷത്തെ അജ്ഞാത വാസം ഒരു സിനിമാക്കഥയാക്കി മഞ്ജു വാര്യര്‍ തിരിച്ചുവരവ് നന്നാക്കി.. കഥ: റോഷന്‍ ആണ്ട്രൂസ് എന്നാണു എഴുതി കാണിക്കുന്നതെങ്കിലും, ശരിക്കുമുള്ള കഥാകൃത്ത് മഞ്ജു തന്നെയല്ലേ എന്ന് തോന്നിപോകുന്നു. 

ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് എക്സ്പയറി ഡേറ്റ് ഫിക്സ് ചെയ്യുന്നത് ആരാണ് എന്ന പ്രസക്തമായ ഒരു ചോദ്യവും അതിനുള്ള വ്യക്തമായ മറുപടിയും ആണ് ഈ സിനിമ. സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്, പ്രത്യേകിച്ചും സ്ത്രീകള്‍.

മഞ്ജുവിന്‍റെ അഭിനയ മികവിനെയോ സൌന്ദര്യത്തെയോ അളക്കാനുള്ള അളവുകൊലുമായി പോകുന്നവര്‍ ചിലപ്പോള്‍ സന്തോഷിക്കാന്‍ വകയില്ല. കാരണം, അതിഭാവുകത്വം നിറഞ്ഞ അഭിനയമോ പ്ലസന്‍റ് ഫെയ്സോ അല്ല ഇതില്‍ മഞ്ജുവിന്‍റെത്, പക്ഷെ കഥാപാത്രം ആവശ്യപ്പെടുന്ന വളരെ സോഫ്റ്റായ രീതിയിലുള്ള പ്രകടനം ആണ് മഞ്ജു ഇതില്‍ കാഴ്ച്ച വെച്ചിരിക്കുന്നത്.

ഏതായാലും തിരിച്ചുവരവ്‌ ഗംഭീരമാക്കി എന്ന അഭിപ്രായമൊന്നും എനിക്കില്ല, പക്ഷെ, എവിടെയായിരുന്നു ഇത്രയും നാള്‍ എന്നും അത് എന്തുകൊണ്ടായിരുന്നു എന്നും വ്യക്തമായി പറഞ്ഞു തന്നു. ഏതായാലും ഇനി ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന് അടിവരയിട്ട് ഉറപ്പിച്ചു കൊണ്ട് എല്ലാവരെയും തന്‍റെ വരവ് നന്നായി അറിയിക്കാനുള്ള ഒരു മാധ്യമം തന്നെയായിരുന്നു "ഹൌ ഓള്‍ഡ്‌ ആര്‍ യു".

വാല്: മെയില്‍ ഷോവനിസ്റ്റുകള്‍ക്ക് ഈ സിനിമ ചിലപ്പോള്‍ അംഗീകരിക്കാന്‍ പറ്റില്ലായിരിക്കും, പിന്നെ ഫെയ്സ്ബുക്കിലൂടെ വ്യക്തികളെ തേജോവധം ചെയ്യുന്നവര്‍ക്കും. കാരണം, ഇവര്‍ രണ്ടുപേരെയും അത്യാവശ്യം എടുത്തു കുടയുന്നുണ്ട് ഈ സിനിമയില്‍.

ഓടി കളിക്കുവാനെത്തുന്നു ....

എന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നത് നിന്‍റെ ആ യാത്രകള്‍ ആണ്, ഇന്നലെകളുടെ മൂടല്‍മഞ്ഞും തേടി, ഗതാകാലത്തിന്‍റെ പുതപ്പ് വാരിച്ചുറ്റി, ഓര്‍മ്മകളുടെ താഴ്വരയിലേക്കുള്ള നിന്‍റെ യാത്രകള്‍. ആ നേരങ്ങളില്‍ നീ എത്ര സൗന്ദര്യവതിയാണ് എന്ന് അറിയാമോ, എനിക്കപ്പോള്‍ നിന്‍റെ ആത്മാവില്‍ അലയടിക്കുന്ന അനന്തമായ സന്തോഷത്തിന്‍റെ പ്രതിബിംബം ആ വിടര്‍ന്ന കണ്ണുകളില്‍ കാണാന്‍ സാധിക്കും.

അപ്പോള്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങളെ മറക്കും, സ്വപ്‌നങ്ങള്‍ നാളെയുടെതാണല്ലോ, ഓര്‍മ്മകള്‍ ഇന്നലെകളും. നിന്‍റെ ഇന്നലെകളെ കുറിച്ച് നീ വാതോരാതെ സംസാരിക്കുമ്പോള്‍ എന്‍റെ നാളെകള്‍ ആ ഓര്‍മ്മകളിലേക്ക് മടങ്ങിപോകുന്നതിനെ കുറിച്ച് ചിന്തിക്കും.

അതെ, ഇന്നലെകളുടെ ഓര്‍മ്മകളുടെയും നാളെകളുടെ സ്വപ്നങ്ങളുടെയും ഇടയില്‍ ഇന്നത്തെ ചിന്തകള്‍. എന്തിനു നമുക്കത്, ഇനി നമുക്ക് നിന്‍റെ ഇന്നലെകളെ കുറിച്ച് മാത്രം സംസാരിക്കാം, അവിടേക്ക് കൈകോര്‍ത്ത് ഇറങ്ങി ചെല്ലാം.

വരൂ പ്രിയേ .. നമുക്ക് വീണ്ടുമൊരു യാത്ര പോകാം, ഓര്‍മ്മകളുടെ താഴ്വരയിലേക്ക്. ഗതകാലസ്മരണകള്‍ ഉറഞ്ഞുറങ്ങുന്ന ആത്മാവിനെ തൊട്ടുണര്‍ത്താന്‍. ഓര്‍മ്മകളെ സ്വപ്നം കണ്ടുറങ്ങാന്‍ ...

സുധേട്ടന്‍ ബര്‍ത്ത്ഡേ

ഇവിടെയുള്ള എഴുത്തുകളില്‍ സാഹിത്യം ഇല്ല എന്ന് പറഞ്ഞവര്‍ക്ക് ഒരു വെല്ലുവിളിയായിട്ടാണ് സുധേട്ടനെ (Sudhakaran Wadakkancheri ) പോലുള്ളവര്‍ എഫ് ബി ലോകത്തേക്ക് കടന്നു വന്നത്. അത് മറ്റു പല എഫ് ബി വായാനകാര്‍ക്ക് പ്രചോദനവുമായി. കാരണം പല വായനക്കാരും ക്ലാവ് പിടിച്ച ഓട്ടുവിളക്ക് പോലെയായിരുന്നു. അവര്‍ക്ക് സുധേട്ടനെ പോലുള്ള എഴുത്തുകാരുടെ പോസ്റ്റുകള്‍ അവര്‍ക്ക് തങ്ങളുടെ കഴിവുകളെ മിനുക്കിയെടുക്കാനുള്ള ഒരു പ്രേരണാ സൂചകമായി മാറി, മാതൃകാപരമായ എഴുത്തുകള്‍ ആയി മാറി.

മാതൃസ്നേഹത്തിന്‍റെ അനന്തനൈര്‍മ്മല്യവും, നിളാതീരത്തെ മണ്ണിന്‍റെ മണവും, പ്രണയത്തിന്‍റെ പരമപാരവശ്യവും, സൌഹൃദത്തിന്‍റെ കണികസൌന്ദര്യവും ഇത്രയും മനോഹരമായ രീതിയില്‍ എഴുതിയ മറ്റൊരാള്‍ ഈ സൌഹൃദവലയത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.

എഴുത്തുകളിലൂടെ, അക്ഷയപാത്രം പോലെയുള്ള പദസമ്പത്തിലൂടെ, തൊട്ടുണരാന്‍ വെമ്പുന്ന വികാരവിചാരങ്ങളിലൂടെ, നിന്മോന്നതങ്ങളുടെ അതിഭാവുകത്വത്തോടെ, നമ്മളെ എല്ലാവരുടേയും മനസ്സില്‍ എന്നെന്നേയ്ക്കുമായി ചേക്കേറിയ ആളാണ്‌ സുധേട്ടന്‍.

പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്, എത്രയോ തവണ ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്, അപ്പോഴോക്കെയും കൂടെ കൊണ്ടുപോകാന്‍ ഒരു ജ്യേഷ്ടന്‍റെ കരുതലിനും ലാളനയ്ക്കും പുറമേ അനേകം അറിവുകളും പകര്‍ന്നു തന്നിട്ടുണ്ട് ഈ സ്നേഹനിധിയായ പച്ചമനുഷ്യന്‍.

"ഡാ .. ആദ്യേ, നമ്മള്‍ ആരെയും വിഷമിപ്പിക്കാന്‍ പാടില്ല, നേരില്‍ കാണുമോ എന്ന് പോലും അറിയാത്ത ആള്‍ക്കാരുമായി എന്തിനാ നമുക്ക് ശത്രുത, ഒന്ന് പുഞ്ചിരിച്ചാല്‍ മാറുന്ന വാഗ്വാദങ്ങള്‍ മതി നമുക്ക്."

ഇത് ഒരിക്കല്‍ സുധേട്ടന്‍ എന്നോട് പറഞ്ഞതാണ്. അന്നു മുതല്‍ സുധേട്ടാ നിങ്ങള്‍ എനിക്ക് ഒരു സ്വകാര്യ അഹങ്കാരമായി മാറി, തിരുവനതപുരത്ത് പോയാലും വടക്കാഞ്ചേരിയില്‍ പോയാലും മനസ്സ് അറിയാതെ പറഞ്ഞു പോകും "ഇത് മ്മടെ സുധേട്ടന്‍റെ നാടല്ലേ.." അറിയാതെ തലയൊന്നുയര്‍ത്തി ഞാനും അഹങ്കരിക്കും.

ലവ് യു സുധേട്ടാ .. ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ 

പേര് മാറ്റം

ഇലക്ഷന്‍ ഐ ഡി കാര്‍ഡ് കൈയ്യില്‍ കിട്ടിയപ്പോ അതിലുള്ള ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു പന്ത്രണ്ടു കൊല്ലം മുന്‍പായിരുന്നു സംഭവം. അതിലെ മോന്ത കണ്ടാല്‍ ഏതോ പാണ്ടി ലോറി കയറി ചപ്ലി ചുപ്ലാച്ചി ആക്കിയ പോലെ ആയിരുന്നു. 

നേരെ താലൂക്ക് ആപ്പീസിലേക്ക് വിട്ടു. 
"ഇത് ഞാനല്ല .. എന്‍റെ മോന്ത ഇങ്ങനെയല്ല .." ഞാന്‍ കൊറേ പറഞ്ഞു നോക്കി, പക്ഷെ തഹസില്‍ദാര്‍ അടുക്കുന്നില്ല.

അവസാനം ഞാന്‍ അച്ഛനെ കൊണ്ട് വിളിപ്പിച്ചു. അച്ഛന്‍ അന്ന് വില്ലേജ് ഓഫീസര്‍ ആയിരുന്നു. അങ്ങനെ അതിനൊരു പ്രശ്ന പരിഹാരം ഉണ്ടായി. ഒരു രണ്ടു മാസം വെയിറ്റ് ചെയ്യണം, പുതിയ ഒരെണ്ണം തരാം, ഒരാഴ്ച്ച കഴിഞ്ഞു വന്ന് ഫോട്ടോ എടുത്താല്‍ മതി. ഞാന്‍ സന്തോഷവാനായി തിരിച്ചു വീട്ടിലേക്കും പോയി.

പക്ഷെ, സംഭവം പറ്റിക്കല്‍സ് ആയിരുന്നു. അച്ഛനും തഹസില്‍ദാറും കൂടി എന്നെ നൈസായി ഒതുക്കാന്‍ വേണ്ടി പറഞ്ഞാതായിരുന്നു അത്. കാരണം ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ വീണ്ടും ചെന്നപ്പോ ആ തഹസില്‍ദാര്‍ പറയുവാ ടെര്‍മ്സ് ആന്‍ഡ്‌ കണ്ടീഷന്‍സ് ഒക്കെ ഇപ്പൊ മാറിയെന്ന്. അപ്പോഴേക്കും എന്‍റെ ആരംഭശൂരത്വം ഒക്കെ പത്തി മടക്കിയിരുന്നു, അതുകൊണ്ട് നമ്മളാ കേസ് വിട്ടു.

പക്ഷെ, ഇപ്പൊ ഇത് പറയാന്‍ കാരണം, വെറുതെ ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് കരുതിയാ രാവിലെ പേര് മാറ്റിയത്, ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ട് പഴയ പേര് തന്നെ ആക്കാം എന്നും കരുതി.

പക്ഷെ കാര്യം കൈവിട്ടു പോയി.. ഡിമ്മാന്ന് പറഞ്ഞ് നല്ലൊരു പണിയും കിട്ടി.. പണ്ട് തഹസില്‍ദാര്‍ പറഞ്ഞ അതെ ഡയലോഗ്.. ഇനി രണ്ടു മാസം കാത്തിരിക്കണം അത്രേ പേര് പഴയത് പോലെ ആക്കാന്‍ .. അത് വരെ ഞാന്‍ ഗഗനത്തിലൂടെ ചരിച്ചു കൊണ്ടിരിക്കണം എന്ന്..

അത് സാരില്ല .. രണ്ടു മാസമൊക്കെ നമ്മള്‍ വെയിറ്റ് ചെയ്യാം.. പക്ഷെ സമയം ആകുമ്പോ ടെര്‍മ്സ് ആന്‍ഡ്‌ കണ്ടീഷന്‍സ് മാറിയെന്ന് പറയരുത്, അങ്ങനെ പറഞ്ഞാല്‍ എനിക്ക് ഗസറ്റില്‍ കൊടുത്ത് എല്ലാ റെക്കോര്‍ഡിലെയും പേര് ആദര്‍ശ് എന്നത് മാറ്റി ഗഗനചാരി എന്ന് ആക്കേണ്ടി വരും.. ഇവിടെ ഇന്ത്യയില്‍ അങ്ങനെയാ, അങ്ങ് അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയില്ല...

സൊ പ്ലീസ് .. ഡോണ്ട് പറ്റിക്കല്‍സ് മീ .. ഡോണ്ട് ബി എ തഹസില്‍ദാര്‍ ..

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍

നാളെ മാതൃദിനമാണ്, അതുകൊണ്ട് തന്നെ ഞാന്‍ ആ കഥ വീണ്ടും പറയട്ടെ, ഒരു അമ്മയുടെയും മകന്‍റെയും കഥ...

May 21, 2006

പ്രിയപ്പെട്ട അമ്മയ്ക്ക്,

ഞാനിപ്പോള്‍ മൂന്നാറിലെ ഷൂട്ടിങ്ങിലാണ്. വളരെ പ്രകൃതിരമണീയമായൊരു സ്ഥലം. കോടമഞ്ഞിന്‍റെ പുതപ്പണിഞ്ഞു പൊട്ടിവിടരുന്ന പ്രഭാതം. ഇന്നത്തെ ചിത്രീകരണം ഇവിടെയടുത്തുള്ള ദേവികുളത്താണ്. ഇതിനെ കുറിച്ചുള്ള ഐതിഹ്യം വളരെ മനോഹരമാണ്.
ദേവി കുളിക്കാന്‍ ഇറങ്ങിയ കുളമായത് കൊണ്ടാണ് ദേവികുളം എന്ന പേര്. ദേവി എന്നാല്‍ സീതാദേവി, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയത് ഇവിടുന്നാണ് എന്നാണ് ഇവിടുത്തെ ആള്‍ക്കാര്‍ എന്നോട് പറഞ്ഞത് ---------------------
----------------------------------------------------------
കൂടുതല്‍ വിശേഷങ്ങള്‍ നാളത്തെ കത്തില്‍,
സ്നേഹപൂര്‍വ്വം,
പ്രണാമങ്ങളോടെ
മകന്‍
അമിതാഭ്

ഇത് ഇന്ത്യന്‍ സിനിമയുടെ പ്രതിഭാസമായ അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്‍റെ അമ്മയ്ക്കെഴുതിയ ഒരു കത്തിന്‍റെ പ്രസക്ത ഭാഗമാണ്. ഒരു മകന്‍ അമ്മയ്ക്ക് കത്തെഴുതുക എന്നത് സ്വാഭാവികമാണ്. പക്ഷെ, ഈ കത്തുകള്‍ക്കൊരു പ്രത്യേകതയുണ്ട്. തീര്‍ത്തും അവിശ്വസനീയമായൊരു പ്രത്യേകത.

അദ്ദേഹത്തിന്‍റെ ജീവിതത്തിലെ എല്ലാ ദിവസം തുടങ്ങിയിരുന്നത്, അമ്മയെ തന്‍റെ വിശേഷങ്ങള്‍ കത്തിലൂടെ അറിയിച്ചുകൊണ്ടായിരുന്നു. മുപ്പതോളം വര്‍ഷം തുടര്‍ച്ചയായി, ഒരു തപസ്യ പോലെ കൊണ്ടു നടന്നൊരു ശീലം. രണ്ടായിരത്തി ഏഴില്‍ അമ്മയുടെ മരണം വരെ തുടര്‍ന്നു പോന്നൊരു ശീലം.

സിനിമാജീവിതത്തിന്‍റെ ആദ്യ കാലഘട്ടത്തില്‍ അമ്മയ്ക്ക് നല്‍കിയൊരു വാക്കായിരുന്നു ഈ സുന്ദരമായൊരു തപസ്യക്ക് തുടക്കം കുറിച്ചത്. കല്‍ക്കട്ടയിലും ബോംബെയിലുമായി തന്‍റെ മകന്‍, താമസിക്കാന്‍ സ്ഥായിയായ ഒരു കൂര പോലുമില്ലാതെ അലഞ്ഞുതിരിയുമ്പോള്‍, ഉറക്കവും ഭക്ഷണവും വെടിഞ്ഞായിരുന്നു ആ അമ്മ ദിനരാത്രങ്ങള്‍ തള്ളിനീക്കിയത്. മകന്‍റെ സുഖവിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കത്തുമായി പോസ്റ്റ്മാന്‍ വരുന്നത് വരെ ഇത് തുടരും. ഒന്നു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ അതേ അവസ്ഥ.

വളരെ നാളുകള്‍ക്ക് ശേഷമാണ് പക്ഷെ, അമിതാഭ് ഈ കാര്യങ്ങള്‍ അറിഞ്ഞത്. അന്ന് അദ്ദേഹം അമ്മയ്ക്കൊരു വാക്ക് കൊടുത്തു. ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും താന്‍ എല്ലാ ദിവസവും അമ്മയ്ക്ക് കത്തയക്കുമെന്ന്. പിന്നീട് ടെലിഫോണും ഇന്റര്‍നെറ്റും ജീവിതചര്യയായി മാറിയെങ്കിലും, ട്വിട്ടരിലും ഫേസ്ബുക്കിലും ഏറ്റവും കൂടുതല്‍ അനുയായികളുള്ള വ്യക്തിയായി മാറിയതിനുശേഷവും, ഈ തപസ്യ തുടര്‍ന്നുകൊണ്ടിരിന്നു. രസകരമായ സംഭവം, കത്തില്‍ എഴുതുന്ന കാര്യത്തെക്കുറിച്ച് ആ കത്ത് കൈപറ്റുന്നതിനു വരെ, ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല എന്നതായിരുന്നു.

അക്ഷരങ്ങള്‍ കൊണ്ട് ജപമാല കോര്‍ത്ത്‌, മനസ്സിലെ സ്നേഹം എല്ലാ ദിവസവും എഴുത്തുകളിലൂടെ കൈമാറുമ്പോള്‍, ആ മകന്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ നടനായിരുന്നില്ല, മറിച്ച്, ആ കത്ത് കൈപറ്റുന്നതുവരെ ഉരുകുന്ന ഹൃദയത്തോടെ കാത്തിരിക്കുന്ന ഒരു അമ്മയുടെ പൊന്നോമന പുത്രനായിരുന്നു. എത്ര തിരക്കുള്ള സാഹചര്യത്തിലും അമ്മയ്ക്കുള്ള സ്നേഹസമ്മാനം കത്തുകളിലൂടെ അയക്കാന്‍ മറക്കാത്ത അമൂല്യ സ്നേഹനിധി

പൊറന്തനാള്‍ വാഴ്ക്കകള്‍ അബ്വേ

നെയ്ച്ചോറും ബീഫും തട്ടി കൊച്ചുക്കടവില്‍ ഉലാത്തുന്നതിനിടയില്‍ അബുവിന്‍റെ യമണ്ടന്‍ ഡയലോഗ്.
"ഡാ... ഞാന്‍ ശരിക്കും ബി കോം ഫസ്റ്റ് ക്ലാസാ .. അറിയ്വോ .. "
ഒന്നൂടെ ഉറപ്പിക്കാന്‍ വേണ്ടി സ്വതസിദ്ധമായ ശൈലിയില്‍ വലത്തേ കൈ കൊണ്ട് തോളില്‍ തട്ടി, മൂക്ക് കൂര്‍പ്പിച്ച്, ഉണ്ടന്‍ കണ്ണ്‍ പുറത്തേക്ക് തള്ളി, വീണ്ടുമൊരു ഡയലോഗ് " അതേടാ .. ബ്ലഡി ഫൂള്‍ .. സത്യം .. "

"അതിനു ഞാന്‍ എന്ത് വേണം.. നീ ബി.കോമോ ഐ ടി ഐയോ എന്തായാലും എനിക്കെന്താ.. " ന്യായമായ ഒരു ചോദ്യം, എന്‍റെ വക.

"ഒന്നൂല്ല .. ബെര്‍തെ .. നീ അത് മനസ്സില്‍ വെച്ചാ മതി .. "
" എന്തോ ഒണ്ടല്ലോ ഡാ .. " എനിക്കൊരു സംശയം

"അതേയ് .. നമ്മള്‍ ഇങ്ങനെ ഒന്നിച്ചു നടക്കുമ്പോള്‍ ആ ഷാജിക്കയും അങ്ങേരുടെ മോനും റ്റാരിയും നമ്മളെ കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .. "

"എന്ത് .. ???" അറിയാതെ അബുവിന്‍റെതു പോലെ എന്‍റെ കണ്ണും പുറത്തേക്ക് തള്ളി വന്നു.

" ഛെ .. ഛെ .. അതൊന്നുമല്ല .."
"പിന്നെ... "

പിന്നെ .. അത് തന്നെ .. "
"എന്ത് .. തുറന്നു പറ .. " എനിക്ക് ടെന്‍ഷനായി.

അതേയ് .. നമ്മളെ കണ്ടാല്‍ ദാസനേം വിജയനേം പോലെയുണ്ട് എന്ന് .. ഞാന്‍ ബി കോം ഫസ്റ്റ് ക്ലാസാണ് എന്ന് ആദ്യേ ഉറപ്പിച്ചാ പിന്നെ നീ വിജയനായില്ലേ .. പ്ലിംഗ് "
______________________________

ഈ സംഭാഷണത്തിന്‍റെ ബാക്കിപത്രമാണ്‌ ഈ പടം,
ഒന്നുമറിയാത്തതുപോലെ പാവം ആകാശത്തെ കിളികളുടെ എണ്ണം എടുക്കുന്നത് കണ്ടാ ... പെറ്റതള്ള സഹിക്കൂല്ല .. ബ്ലഡി ഫൂള്‍ ..

ഹാപ്പി ബര്‍ത്ത്ഡേ ബ്രോ 

അടയാത്ത വാതിലുകള്‍

കുറച്ചു മുന്‍പ് മടിവാളയ്ക്കടുത്ത് കണ്ടതാണ് ഇവരെ. ഒരു സ്ത്രീയും അവരുടെ മകനും. ഞാന്‍ ആദ്യം കരുതിയത് സഹോദരനോ ഭര്‍ത്താവോ മറ്റോ ആയിരിക്കും എന്നാണ്. പിന്നെ ഇതുപോലുള്ള കുറേ പേര്‍ പിച്ച തെണ്ടി നടക്കുന്ന സ്ഥലമാണല്ലോ ബാംഗ്ലൂര്‍, അതുകൊണ്ട് മൈന്‍ഡും ചെയ്തില്ല. 

ഒരു ബേകറിയില്‍ നിന്ന് ചായ കുടിക്കുകയായിരുന്നു ഞാന്‍, അപ്പോഴാണ് റഹീം ഭായ് ഇവരെ കാണിച്ചു തന്നത്. ഒന്ന് രണ്ടു ദിവസമായി ഈ ഏരിയയില്‍ കാണുന്നു. മകന് പതിനാലു വയസ്സ് പ്രായം, പക്ഷെ കണ്ടാല്‍ ഒരു അന്‍പത് എങ്കിലും തോന്നിക്കും. "പാ" എന്ന സിനിമയിലെ അമിതാഭ് ബച്ചനെ പോലെ.

തൊട്ടടുത്ത വീട്ടിലെ സ്ത്രീകളും കുട്ടികളും ഇവരെ കൌതുകത്തോടെ നോക്കും. എന്നിട്ട് അമിതാഭ് ബച്ചനുമായി കംപേര്‍ ചെയ്യും. കുറച്ചു മുന്‍പ് ഒരു മുത്തശ്ശി അമ്മൂമ്മ അവര്‍ക്ക് ഇഡ്ഡലിയും സാറും കൊടുത്തിരുന്നുവത്രേ. കഷ്ണങ്ങളില്ലാത്ത കറി, അതാണീ സാറ്.

"ഓ .. അപ്പൊ റസ്റ്റ്‌ എടുക്കുവാണോ" .. ഞാന്‍ ചോദിച്ചു.
"ഏയ്‌ അല്ല .. ആ പയ്യന് ഒരു അന്‍പത് മീറ്ററില്‍ കൂടുതല്‍ നടക്കാന്‍ പറ്റില്ല."
"പയ്യനോ ... " അപ്പോഴാണ് റഹീം ഭായ് ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞു തന്നത്.

ഇവര്‍ക്ക് ഒത്തിരി ദൂരം പോകാനുണ്ട്, ആന്ധ്രായിലെ ബാഗേപ്പള്ളിയാണ് സ്വദേശം. പക്ഷെ മകന് ഉഷ്ണം സഹിക്കാന്‍ കഴിയുന്നില്ല, വെയിലു കൊണ്ടാല്‍ സ്കിന്‍ ചൊറിഞ്ഞു തുടങ്ങും. വരണ്ടുണങ്ങുന്ന ദേഹം. ബസില്‍ കയറിയാല്‍ ആകെ പരവേശവും വെപ്രാളവും കാണിക്കും ആ കുട്ടി. അമ്മയക്ക് അവനെ എടുത്ത് നടക്കാനുള്ള ആരോഗ്യവുമില്ല.

കൂടുതല്‍ ഒന്നും ചെയ്യാനില്ലാത്ത ഞാന്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. വരണ്ട മനസ്സില്‍ ഒരിറ്റ് സങ്കടം വന്നത് കൊണ്ട് ഞാന്‍ രണ്ട് എഗ്ഗ് പഫ്സ് വാങ്ങി കൊടുത്തു, കൂടെ ഒരു ലിറ്ററിന്‍റെ തണുത്ത അക്ക്വാഫിനയും. എന്‍റെ സദാചാരബോധത്തെ ഞാന്‍ പ്രശംസിച്ചു കൊണ്ട് അവിടുന്നിറങ്ങാന്‍ തുടങ്ങി.

അപ്പോഴാണ് ഒരു മനുഷ്യന്‍ അവിടെ വന്നത്. ഒരു പഴയ ലൊട്ടുലൊടുക്കന്‍ എസ്റ്റീം കാറില്‍. ആറടി പൊക്കമുള്ള ശുഭ്രവസ്ത്രധാരി. എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കി. ആരെയും വക വെക്കാതെ പുള്ളി ഇവരുടെ കൂടെ ഇരുന്നു. സദാചാരം പുറമേ മാത്രം വിളമ്പുന്ന ഞാനടക്കം പലരും ഉടുപ്പില്‍ അഴുക്ക് പറ്റാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍, പുള്ളി ആ മകനെ കാറില്‍ കയറ്റിയിരുത്തി. എങ്ങോട്ടോ കൊണ്ടുപോയി. ആരും തിരക്കാനും നിന്നില്ല.

പിന്നീട് അന്വേഷിച്ചപ്പോ മനസ്സിലായി, ഹെണ്ണൂറില്‍ ഒരു അഗതി മന്ദിരം നടത്തുന്ന പോള്‍ എന്നോ ജോര്‍ജ്ജ് എന്നോ പേരുള്ള ഒരു ആളായിരുന്നു അതെന്ന്, പെരുംവെയിലത്തെ തണല്‍മരം. അയാള്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കും എന്ന്, എന്തോ മനസ്സ് പറയുന്നു. കാരണം, ഇതൊക്കെ ഇവരെ പോലുള്ളവരുടെ ജോലിയല്ലേ, സോറി കടമയല്ലേ.

മാര്‍ക്വേസ് .. ആദരാഞ്ജലികള്‍

കുറച്ചു നാള്‍ മുന്‍പാണ്, പ്രണയത്തെ കുറിച്ചായിരുന്നു സംസാരം. പ്രണയം എപ്പോഴും സുന്ദരമാണ്, അതുകൊണ്ടുതന്നെ അതിനെ കുറിച്ചുള്ള സംവാദം എപ്പോഴും ഉന്മാദം പരത്തും. പ്രത്യേകിച്ചും ആ സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഒരു ആത്മാര്‍ത്ഥ പ്രിയസുഹൃത്ത് ആണെങ്കില്‍. 

ഒരിക്കല്‍ എന്നോട് ചോദിച്ചു.. 
"ഡാ നീ മാര്‍ക്വെസിനെ വായിച്ചിട്ടില്ലേ.. "
"ഇല്ലാ .. ആരാ .. " ഒരു പമ്പരവിഢ്ഡിയെ പോലെ ഞാന്‍ ചോദിച്ചു.
"ലവ് ഇന്‍ ദ ടൈം ഓഫ് കോളറ.. ??? ... കേട്ടിട്ടില്ലേ നീ .. "
"പിന്നേ .. അതൊരു സിനിമയല്ലേ .. "
"ഡാ അതൊരു സിനിമ മാത്രമല്ല .. വിശ്വവിഖ്യാതമായ നോവല്‍ കൂടിയാണ് ... നീ ഈ മാജിക്കല്‍ റിയലിസം എന്ന് കേട്ടിട്ടില്ലേ .. അതാണ്‌ അദ്ദേഹത്തിന്‍റെ വര്‍ക്കുകള്‍ ... " Gabriel Garcia Marquez എന്ന മാന്ത്രികനിലേക്കുള്ള വാതില്‍ ഞാന്‍ അറിയാതെ എനിക്ക് മുന്നില്‍ തുറക്കുകയായിരുന്നു.

പിന്നീടുള്ള പല അവസരങ്ങളിലും മാര്‍ക്വേസും മേര്‍സിഡെസും, പ്രണയവും റിയലിസവും, അവരുടെ കൃതികളും എല്ലാം ചിരപചിതരെ പോലെ വാക്കുകളിലൂടെ ഞങ്ങളുടെ ഇടയില്‍ നിറഞ്ഞാടി. പ്രണയത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് അതിന്‍റെ ആഴമേറിയ ഭാവനകളിലേക്കും ഭാവങ്ങളിലേക്കും ചിത്രശലഭങ്ങളെ പോലെ പറന്നിറങ്ങുന്ന പ്രതീതിയായിരുന്നു അത്.

പക്ഷെ, എന്തുകൊണ്ടോ അദ്ദേഹത്തിന്‍റെ ഒരു സൃഷ്ടി പോലും വായിക്കാനുള്ള അവസരം എനിക്ക് ഒത്തുവന്നില്ല. ഒത്തുവന്നില്ല എന്നല്ല ശ്രമിച്ചില്ല. പ്രൊഫഷണല്‍ തിരക്കുകളെ പഴി ചാരുന്ന ഹിപ്പോക്രിറ്റ് ആണല്ലോ ഞാന്‍, അതുകൊണ്ടു തന്നെ ഒരെണ്ണം എങ്കിലും വായിച്ചിട്ട് മതി ഇനിയുള്ള ഡിസ്കഷന്‍ എന്ന അന്ത്യശാസനയോടെ ആ സംവാദങ്ങളും നിന്നു. ഗിഫ്റ്റായി തന്ന ഈ പുസ്തകം, Memories of My Melancholy Whores, ഒരു മൂലയില്‍ ഒതുങ്ങുകയും ചെയ്തു. ആദ്യം ഇറങ്ങിയ അഞ്ഞൂറു പുസ്തകങ്ങളില്‍ ഒരെണ്ണം ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടായിട്ടും, ഉടനെ തന്നെ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞിട്ടും അത് ബുക്ക് ഷെല്‍ഫില്‍ തന്നെ ഒതുങ്ങി.

പക്ഷെ, ഇന്നലെ രാത്രി എന്തോ ഒരു ഉള്‍പ്രേരണയാൽ ഇത് കൈയ്യില്‍ എടുത്തു, വായിക്കാനിരുന്നു, സംവാദങ്ങളിലൂടെ അറിഞ്ഞ മാര്‍ക്വേസിനെ വായനയാല്‍ പരിചയപ്പെട്ടു തുടങ്ങുകയായിരുന്നു, തിരിച്ചറിയുകയായിരുന്നു. ഇപ്പോള്‍ തോന്നുന്നു വായനയുടെ സുന്ദര നിമിഷത്തില്‍ ഞാന്‍ അലിഞ്ഞു ചേരുമ്പോള്‍ ആ ദേഹത്തിൽ നിന്ന് ദേഹി പറന്നുയരുകയായിരുന്നു ... ലോകത്തിന്‍റെ മറ്റൊരു കോണില്‍ പുതിയൊരു വായനക്കാരനെ കൂടി കീഴ്പ്പെടുത്തിക്കൊണ്ട് ..

ആദരാഞ്ജലികള്‍ ഗാബോ .. വായിച്ചറിയട്ടെ കേട്ടറിഞ്ഞ അങ്ങയെ....

ഹലോ

"ഹലോ ന്നാ .. എന്തോന്ന് ഹലോന്ന്‍ ... ഫോണ്‍ വിളിക്കുമ്പോള്‍ മര്യാദ്യക്ക് എന്തോ എന്ന് വിളി കേള്‍ക്കണം.. കേട്ടാ ..." സ്പിരിറ്റില്‍ പ്ലംബര്‍ മണി പറയുന്ന ഡയലോഗ് ആണിത്.

എന്നാലും, ഒരു ഫോണ്‍കോള്‍ വന്നാല്‍ മിക്കവാറും നമ്മള്‍ ആദ്യം പറയുന്നത് ഹലോ എന്നാണ്. പ്രത്യേകിച്ചൊരു അര്‍ത്ഥവും ഇല്ലാത്ത ഈ വാക്ക് എങ്ങനെ സ്നേഹപൂര്‍വ്വമുള്ള ഒരു അഭിസംഭോധന പദമായി. ചിന്തിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ പറയാം. 

ടെലിഫോണ്‍ എന്ന ലോകത്തെ തന്നെ മാറ്റിമറിച്ച ഉപകരണം കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിന്‍റെ പ്രണയിനിയായിരുന്നു ഹലോ. ഫുള്‍ നെയിം മാര്‍ഗരറ്റ് ഹലോ.
ഈ കണ്ടുപിടിത്തത്തിന്‍റെ പല ഘട്ടത്തിലും അതീവ മാനസികമായ സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വന്നു ബെല്ലിന്. പക്ഷെ അപ്പോഴെല്ലാം ഫുള്‍ സപ്പോര്‍ട്ട് കൊടുത്തത് ഹലോ ആയിരുന്നു.

പരീക്ഷണത്തിന്‍റെ അവസാന ഘട്ടം. എത്രയായിട്ടും എല്ലാം ശരിയായിട്ടും, പറയുന്നത് മാത്രം അങ്ങേ തലക്കല്‍ കേള്‍ക്കുന്നില്ല. ബെല്‍ വീണ്ടും വയറുകളും കമ്പികളും ഉപകരണങ്ങളും ശരിയാക്കാന്‍ തുടങ്ങി. കണ്ടുപിടിത്തം സഫലമായി എന്ന് മനസ്സിലാക്കിയ ഉടനെ ബെല്‍ ഹലോയെ ചെര്‍ത്തുപ്പിടിച്ചു പറഞ്ഞു.

"ഇതിലൂടെ ഞാന്‍ ആദ്യമായി പറയുന്ന വാക്ക്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, അത് ആദ്യമായി കേള്‍ക്കുന്നത് നീയായിരിക്കണം".

ഒരു ഫോണില്‍ ബെല്ലും, മറ്റേ അറ്റത്ത് ഹലോയും, ബെല്‍ ആ വാക്ക് പറഞ്ഞു,
"ഹലോ" .... "ഹലോ നീയാണ് എന്‍റെ ശക്തി ... വളരെയധികം നന്ദി എന്‍റെ ജീവിതത്തിലേക്ക് വന്നതിന്"
---------------

ഇന്നും ആദ്യ ടെലിഫോണ്‍ കണ്ടുപിടിച്ച ആളെ ആരും പരാമര്‍ശിക്കുന്നില്ല എങ്കിലും അയാളുടെ പ്രണയിനിയെ എല്ലാവരും അറിയാതെ ഓര്‍ക്കുന്നു. ഒരു വാക്കിലൂടെ, ഹലോയിലൂടെ.

എന്‍ ബി: ഇത് കെട്ടുകഥയാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. എന്നാലും കേള്‍ക്കാന്‍ നല്ല സുഖം, കാരണം പ്രണയം എന്നും സുന്ദരമാണ്. 

ആശി - ബര്‍ത്ത്ഡേ

ഇന്ന് അനിയന്‍ ആശിയുടെ Ashiss Damodaran, ഹാപ്പി ബര്‍ത്ത്ഡേയാണ്. 

ഞാനും ഇവനും തമ്മില്‍ വെറും ഒരു വയസ്സിന്‍റെ വ്യത്യാസം മാത്രമാണുള്ളത്. രണ്ടെണ്ണത്തിനേയും ഒരു നുകത്തില്‍ കെട്ടാം എന്ന് കരുതിയതുകൊണ്ടാകും അച്ഛനും അമ്മയും ഞങ്ങളെ ഒരുമിച്ചു സ്കൂളില്‍ ചേര്‍ത്തത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ ഒരേ ക്ലാസ്സില്‍ ഇരുന്നു പഠിച്ചു.

എല്ലാ ടീച്ചേര്‍സിനും ഞങ്ങള്‍ ബ്രദേര്‍സ് ആണെന്ന് അറിയാമെങ്കിലും ഞങ്ങളുടെ പേരുകള്‍ തമ്മില്‍ അവര്‍ക്ക് എപ്പോഴും കണ്ഫ്യൂഷന്‍ ഉണ്ടാകും. അത് ഞങ്ങള്‍ രണ്ടുപേരും പരമാവധി മുതലെടുക്കും. എനിക്ക് കിട്ടേണ്ട തല്ല് അവനും അവനു കിട്ടേണ്ട തല്ല് ഞാനും വാങ്ങുന്നത് ഒരു ചരിത്ര സംഭവമേ ആയിരുന്നില്ല. ഇമ്പോസിഷന്‍ എഴുതാത്തതിനും പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നതിനും കിട്ടുന്ന അടികള്‍ ഞങ്ങള്‍ യാതൊരു മടിയും കൂടാതെ പരസ്പരം ഷെയര്‍ ചെയതു.

പക്ഷെ ഒരിക്കല്‍ ഒരു സംഭവം നടന്നു, പന്ത്രണ്ടാം ക്ലാസ്സില്‍ ആണെന്ന് തോന്നുന്നു. സ്കൂളില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറിയുള്ള ബസ് സ്റ്റോപ്പിനു അടുത്തൊരു പെട്ടിക്കടയുണ്ട്. ക്ലാസിലെ എന്‍റെ ഒന്നു രണ്ടു ഫ്രെണ്ട്സും പിന്നെ അവിടെ അടുത്തുള്ള കുറച്ചു ഓട്ടോ ഡ്രൈവര്‍മാരായ ഫ്രെണ്ട്സും ഒരുമിച്ചു സൊറ പറഞ്ഞിരിക്കുന്ന സ്ഥലം. പുകവലിയുടെ ആദ്യ കളരി. ആശി ഈ ഗ്യംഗില്‍ ഇല്ല.

സംഭവം ഇതായിരുന്നു, ഞാന്‍ സിഗരെറ്റ്‌ വലിക്കുന്നത് ഈവനിംഗ് റോന്ത് അടിക്കാറുള്ള കണക്ക് മാഷ് പൊതുവാള്‍ സര്‍ കണ്ടു. ഞാനും പുള്ളിയെ കണ്ടു, പക്ഷെ കാണാത്തതായി അഭിനയിച്ചു. പിറ്റേ ദിവസം തന്നെ പുള്ളി പണിയും തന്നു. അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ചു.

"കണ്ട ഓട്ടോ ഡ്രൈവര്‍മാരുടെ കൂടെ സിഗറെറ്റും വലിച്ച് കൂതറയായി നടക്ക്വാ മ്വോന്‍" കണ്ണിലെ വെള്ളം തുടച്ച് എല്ലാം കേട്ടു നില്‍ക്ക എന്നല്ലാതെ അമ്മയ്ക്ക് വേറെയൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. അമ്മയുടെ കരച്ചില്‍ നിര്‍ത്താന്‍ മാഷും മറ്റു ടീച്ചേര്‍സും ഏറെ പാടുപ്പെടുന്നുണ്ടായിരുന്നു. പക്ഷെ നോ രക്ഷ. അങ്ങിനെ കുട്ടിയെ വിളിച്ചു കൊണ്ടുവരാന്‍ മാഷ്‌ ക്ലാസ്സിലേക്ക് പ്യൂണിനെ വിട്ടു.
പക്ഷെ, പുള്ളിക്ക് ആള് മാറിപ്പോയി... പ്ലിംഗ് 

പിന്നെ പറയണ്ടല്ലോ പൂരം. സ്കൂളിലെ ഡോസും അതിനു ശേഷം വീട്ടിലെ ഡോസും എനിക്ക് വേണ്ടി അവന്‍ ശിരസ്സാവഹിച്ചു. സ്നേഹം കൊണ്ടൊന്നുമല്ല, കാരണം മറ്റൊരു ബസ് സ്റ്റോപ്പില്‍ മറ്റൊരു ഗ്യംഗിനോപ്പം ഇരുന്ന് അവനും സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. പാവം വിചാരിച്ചു സാര്‍ കണ്ടത് അവനെ തന്നെയാണെന്ന്, അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു, നല്ല പിള്ളയുമായി.

എനിവെയ്സ് സാരമില്ല ബ്രോ, ലെറ്റ്‌സ് ടെയിക് ഇറ്റ്‌ ഇന്‍ എ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌ ... ഹാപ്പി ബര്‍ത്ത് ഡേ .. ലവ് യു ബ്രോ

വര്‍ഗീസ്‌ പ്ലാതോട്ടം - ബര്‍ത്ത്ഡേ

ഈ പ്ലാത്തോട്ടത്തെ അച്ചായനെ ഞാന്‍ നേരില്‍ പരിചയപ്പെടുന്നതിനു മുന്പ് ഞാന്‍ കരുതിയത് ഇങ്ങേര്‍ക്ക് ഒരു പത്ത് അന്‍പത് വയസ്സെങ്കിലും കാണുമെന്നായിരുന്നു എന്നാണ്. പോളണ്ടില്‍ നിന്ന് ഒരിക്കല്‍ വിളിച്ചപ്പോ ശബ്ദം അത് സ്ഥിരീകരിക്കുകയും ചെയ്തു... 

പക്ഷെ കഴിഞ്ഞ ഒക്ടോബര്‍ പതിനാറാം തീയതി ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ആണ് മനസ്സിലായത് ആള്‍ക്ക് മുപ്പത്തിമൂന്ന്‍ വയസ്സേ ഉള്ളൂ എന്ന്. ഡിമ്മ ... പിടിച്ച എയര്‍ ഒക്കെ ശൂ..ഊ..ഊ.. എന്ന് പറഞ്ഞു പോയി ..

പക്ഷെ എന്തായാലും നമ്മ അച്ചായാ എന്ന വിളി ഒഴിവാക്കിയില്ല ... അതും നല്ല നീട്ടി തന്നെ വിളിച്ചുകൊണ്ടിരുന്നു .. കാരണം കാരണം ഇങ്ങേര് കൂടെ നിക്കുമ്പോ ആള്‍ക്കാര് വിചാരിക്കും ഇത് ഏതോ കോളേജ് പയ്യന്‍ ആണെന്ന് .. ആ തെറ്റിദ്ധാരണ മാറ്റാന്‍ വേറെ വഴി ഒന്നും ഇല്ലായിരുന്നു .. 

എങ്കിലും ഒരു കാര്യം പറയാതെ വയ്യ .. സൌഹൃദത്തെ എങ്ങിനെ നിര്‍വചിക്കണം എന്ന് ചോദിച്ചാല്‍ എനിക്ക് ആ പതിനഞ്ച് ദിവസം മുഴുവന്‍ വേണം .. ഞങ്ങള്‍ ഒരുമിച്ചു ഊരുതെണ്ടിയ ആ പതിനഞ്ചു ദിവസം .. ലോഡ്ജുകളിലും, ഹോട്ടല്‍ മുറികളിലും, സുഹൃത്തുകളുടെ വീടുകളിലും, കാറിനകത്തും അന്തിയുറങ്ങിയ ആ പതിനഞ്ചു ദിവസം ... കള്ളും ഷാപ് കറിയും, വോഡ്കയും മുന്തിരിയും, റമ്മും ചിക്കനും വെട്ടിവിഴുങ്ങിയ ആ പതിനഞ്ചു ദിവസം ..

പ്രിയ സഹയാത്രികാ .. ഇന്ന് കാതങ്ങള്‍ അകലെ അങ്ങ് പോളണ്ടില്‍ ആണെങ്കിലും, ഹൃദയത്തില്‍ നിന്നുള്ള ഒരു നീട്ടിവിളിയുടെ അകലത്തില്‍ മാത്രം ആണെന്ന ഫീലിങ്ങിനു കാരണം ആദ്യ കൂടിക്കാഴ്ച്ചയില്‍ വിരിഞ്ഞ ആ ആത്മാര്‍ത്ഥ സൌഹൃദം തന്നെയാണ് ... ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ ഫ്രെണ്ട് ..

ബാലു മഹേന്ദ്ര "യാത്ര"യായി

ചിത്രം കണ്ട ഏതൊരാളിന്‍റെ മനസിലും ഒരു നൊമ്പരമായി കുടിയേറിയ രണ്ടു കഥാപാത്രങ്ങള്‍ - "യാത്ര"യിലെ ഉണ്ണികൃഷ്ണനും തുളസിയും.

എന്തുകൊണ്ടാണെന്നറിയില്ല, ക്ലൈമാക്സില്‍ മമ്മൂട്ടിയും ശോഭനയും ഒരുമിക്കുന്നുണ്ടെങ്കിലും കൂടി ,അവസാനം "A film by Balu Mahendra" എന്ന് എഴുതിക്കാണിക്കുന്ന സമയത്ത് ഉള്ളിലെവിടെയോ ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു. സിനിമയില്‍ ഉടനീളം ആ കഥാപാത്രങ്ങള്‍ അനുഭവിച്ച യാതനകള്‍ ആയിരിക്കാം ഒരുപക്ഷെ പ്രേക്ഷകന്‍ നിറകണ്ണുകളോടു കൂടി തീയറ്റര്‍ വിടാന്‍ കാരണമായത്.

ഇന്നു വിട വാങ്ങിയ ശ്രീ. ബാലു മഹേന്ദ്രയുടെ അരങ്ങേറ്റം "നെല്ല്" എന്ന ചിത്രത്തിലൂടെ, ഛായഗ്രാഹകന്‍റെ കുപ്പായം അണിഞ്ഞു കൊണ്ടായിരുന്നു. "യാത്ര" കൂടാതെ മലയാളത്തില്‍ രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്തിരുന്നു; ഓളങ്ങള്‍, ഊമക്കുയില്‍. എത്ര ചെറിയ കഥയാണെങ്കിലും കഥാപാത്രങ്ങളെ സസൂക്ഷമം കോര്‍ത്തിണക്കി ഒരു മനോഹര കാവ്യം സൃഷ്ടിക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭ, ഊമക്കുയില്‍ അതിന് ഏറ്റവും മികച്ച ഉദാഹരണവും.

മൂന്നാം പിറൈ എന്ന ചിത്രത്തിലെ കമലിനെയും ശ്രീദേവിയേയും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? !!

ഒരു സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് ,പുതുജീവന്‍ പോലെ കടന്നുവരുന്ന ബുദ്ധിഭ്രമം ബാധിച്ച പെണ്‍കുട്ടി. ഇനി ആരും തേടി വരാന്‍ ഇല്ലെന്നും, ഇവളിനി തന്‍റെതു മാത്രമാണെന്നും വിശ്വസിച്ച സമയത്ത് അവളുടെ രോഗം ഭേദമാകുക. അവസാനം ബന്ധുക്കളുടെ കൂടെ അവള്‍ ട്രെയിന്‍ കയറി പോകുമ്പോള്‍ കമല്‍ ഒരു ഭ്രാന്തനെ പോലെ പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുക ,അത് കണ്ടു ,അയാളൊരു ഭ്രാന്തനായ ഭിക്ഷക്കാരന്‍ ആണെന്ന് കരുതി ശ്രീദേവി ഭക്ഷണം എറിഞ്ഞു കൊടുക്കുക ... പടം കണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിങ്ങല്‍ പോലെ മനസില്‍ തങ്ങി നില്‍ക്കുന്ന രംഗങ്ങള്‍.

ബാലു മഹേന്ദ്ര എന്ന മാന്ത്രികന്‍റെ കഴിവിനേയും ക്യാമറയേയും എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല.

മൂന്നാം പിറൈയിലെ തന്നെ, ദാസേട്ടന്‍ പാടി അനശ്വരമാക്കിയ "കണ്ണേയ് കലൈമാനേയ്" എന്ന ഗാനം - "ബാലു മഹേന്ദ്ര ഇതുപോലൊരു കഥ ഒരുക്കിയില്ലായിരുന്നു എങ്കില്‍ ഈ മനോഹര ഈണം പിറക്കില്ലായിരുന്നു" സംഗീതം ചെയ്ത ശ്രീ.ഇളയരാജ ഒരിക്കല്‍ പറഞ്ഞു.

അതുപോലെ തന്നെ മികച്ചതായിരുന്നു അദ്ദേഹത്തിന്‍റെ മലയാള ചിത്രങ്ങളിലെ ഗാനങ്ങളും. കുന്നത്തൊരു കാവുണ്ട്, യമുനേ നിന്നുടെ നെഞ്ചില്‍, തന്നന്നം താനന്നം താളത്തിലാടി, തുമ്പി വാ തുമ്പക്കുടത്തിന്‍, വേഴാമ്പല്‍ കേഴും, കുളിരാടുന്നു മാനത്ത്, എന്നിവ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?!!..

ഒരേ സമയം തന്നെ ക്യാമറയിലൂടെ മായാജാലം സൃഷ്ടിക്കുകയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ഈ അതുല്യ പ്രതിഭയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ആദരാഞ്ജലികള്‍, കണ്ണീര്‍പ്പൂക്കള്‍

എന്നെന്നും പപ്പേട്ടന്‍

ഈ ജനുവരി ഇരുപത്തിനാലിന്, പപ്പേട്ടന്‍ വിട പറഞ്ഞകന്നിട്ട് ഇരുപത്തിമൂന്നു വര്‍ഷമാകുന്നു, എങ്കിലും അദ്ദേഹത്തിന്‍റെ കൃതികള്‍ വായിക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും ഒരിക്കലും ഒരു കാലപ്പഴക്കവും തോന്നാറില്ല. ലോലയും ഉദകപ്പോളയും ഇന്നും വായനക്കാരില്‍ മാസ്മരികത ഉണര്‍ത്തുന്നവയാണ്. അതുപോലെത്തന്നെ അദ്ദേഹം തിരക്കഥ രചിച്ചു തുടങ്ങിയ പ്രയാണം മുതല്‍ അവസാനം സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വന്‍ വരെയുള്ള ചിത്രങ്ങള്‍.

അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ എപ്പോഴും ഒരു ഗന്ധര്‍വന്‍റെ അദൃശ്യ കരചാതുര്യം കാണാന്‍ കഴിയാറുണ്ട്. ഒരു പ്രത്യേക തരം അനിതര സൗന്ദര്യം അദ്ദേഹത്തിന്‍റെ ഓരോ സിനിമകളിലും ഒരു കൈയ്യൊപ്പ് പോലെ പതിഞ്ഞിരിക്കും. പ്രണയവും പ്രകൃതിയും അതിന്‍റെ പൂര്‍ണ്ണ മനോഹാരിത കൈവരിച്ചത് പപ്പേട്ടന്‍റെ ചിത്രങ്ങളിലൂടെ തന്നെയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. തൂവാനതുമ്പികളിലെ മഴയെ മലയാളികള്‍ സ്വീകരിച്ചത് ഒരു കഥാപാത്രമായാണ്. അതുപോലെതന്നെ മൂന്നാംപക്കത്തിലെ കടലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമന്‍റെ മുന്തിരിത്തോപ്പുകളും.

കേവലമൊരു അഭിസാരികയായി ഒതുങ്ങി പോകുമായിരുന്ന ക്ലാര എന്ന കഥാപാത്രത്തെ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി നടക്കാന്‍ കാരണവും അദ്ദേഹത്തിന്‍റെ രചനാസിദ്ധി തന്നെയാണ്. അതുപോലെതന്നെ എടുത്തു പറയാവുന്ന സൃഷ്ടിയാണ് അദ്ദേഹത്തിന്‍റെ തിരക്കഥയില്‍ വിരിഞ്ഞ രതിനിര്‍വേദം. കൗമാരത്തിലെ ലൈംഗീകതയുടെ മനോവികാരങ്ങളെ ഒരു നേര്‍ത്ത നൂല്‍പ്പാലത്തിന്‍റെ സൂക്ഷ്മതയോടെ ഒരു മനോഹര കലാസൃഷ്ടിയായി രൂപാന്തരപ്പെടുത്താന്‍ ഒരു അതുല്യ പ്രതിഭയുടെ ചാതുര്യം തന്നെ വേണം. അതുപോലെത്തന്നെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെ ലെസ്ബിയനിസം പോലുള്ള അതിതീവ്രമായ വിഷയത്തെ അന്നത്തെ കാലഘട്ടത്തില്‍ ഒട്ടും അശ്ലീലം ചേര്‍ക്കാതെ അവതരിപ്പിക്കാന്‍, അത് പപ്പേട്ടനെ കൊണ്ടേ സാധിക്കൂ.

ദേവലോകത്തു നിന്ന് ശാപഗ്രസ്തനായി ഭൂമിയില്‍ വന്ന ഗന്ധര്‍വന്‍റെ മനോഹര പ്രണയത്തിന്‍റെ കഥ പറഞ്ഞ "ഞാന്‍ ഗന്ധര്‍വന്‍" അദ്ദേഹം അവസാനത്തേക്ക് മാറ്റി വെച്ചതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു വിടവാങ്ങല്‍ പ്രഖ്യാപനം പോലെ ആ ചിത്രം മനസ്സില്‍ ഒരു വിങ്ങലായി നിലനില്‍ക്കുന്നു. എങ്കിലും, അതിന്‍റെ ചാരുതയും അവിശ്വസനീയമായ മിത്തും ഒരു കാര്യം ഉറപ്പിച്ചു പറയുന്നതുപോലെ, ഭൂമിയിലേക്കിറങ്ങി വന്ന ഈ അനശ്വര കലാകാരന്‍ ഒരു ഗന്ധര്‍വന്‍ തന്നെയാണ്, മനുഷ്യനെയും പ്രകൃതിയെയും, പ്രണയത്തെയും സൗന്ദര്യത്തെയും, ഗൃഹാതുരത്വത്തെയും മനസ്സുകളെയും ഒരുപോലെ ഇഴചേര്‍ത്തു കൊണ്ടുപോകാന്‍ ഒരു ഗന്ധര്‍വനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കിക്കുക.

പപ്പേട്ടാ പ്രണാമം.
__________________________________
പപ്പേട്ടനോടുള്ള എന്‍റെ അഭിനിവേശമാണ് ഞാന്‍ എഴുതുന്ന വരികള്‍ക്ക് അവസാനം കാണാറുള്ള "ഗഗനചാരി" എന്ന പദം. ഗഗനചാരി എന്നുവെച്ചാല്‍ ഗന്ധര്‍വന്‍.

മടക്കയാത്ര

"അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം,
അന്നു... നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം ... 
മ്ഹ്ഹ് നെഞ്ചിലാകെ അനുരാഗ നനാനാ നാ നാ .."

എഫ് എമ്മിലെ പാട്ടിനൊപ്പം പാടാന്‍ അല്ലേലും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഇയര്‍ ഫോണിലൂടെ ചെവിയില്‍ അത് മുഴങ്ങുമ്പോള്‍ ചുറ്റുമുള്ള ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല, അല്ല കേള്‍ക്കാറില്ല. മുന്നില്‍ ആരെങ്കിലും വന്നാല്‍ മാത്രമേ അറിയുകയുമുള്ളൂ. അതുകൊണ്ടു തന്നെ കുറച്ചു നേരമായി പുറകില്‍ വന്ന് ബഹളം വെയ്ക്കുന്ന വാസുവേട്ടനെ ഞാന്‍ അറിഞ്ഞതേയില്ല.

"എന്‍റെ സാറേ .. രാവിലെ തന്നെ നിങ്ങളിങ്ങനെ ലോകം മറന്ന് വാതിലും മലക്കെ തൊറന്നു വെച്ച് അട്ടം നോക്കി ഇരുന്നാലോ .. ഈ വിലപിടിപ്പുള്ള സാധനങ്ങളൊക്കെ ആരെങ്കിലും അടിച്ചോണ്ടു പോവും .."

"ന്‍റെ വാസ്വേട്ടാ .. നിങ്ങള് ഇവിടെ ഉള്ളപ്പോ ഏതെങ്കിലും കള്ളന്‍ ഇവിടെ കയറ്വോ .."

"അത് ശര്യാ .. എന്നേക്കാളും വല്ല്യ കള്ളന്‍ ഈ നാട്ടിലില്ലല്ലോ .. കൊട്ടാരത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൊതല് കട്ടോനല്ലേ ഞാന്‍" കൊണ്ടുവന്ന ചായ മേശപ്പുറത്ത് വെച്ചുകൊണ്ട് വാസുവേട്ടന്‍ പറഞ്ഞു.

"ഞാനിപ്പോ ചെക്കനെ വിടാം... പൊറോട്ടയോ വെള്ളാപ്പോ എന്തേലും വേണേങ്കി ഓനോട്‌ പറഞ്ഞോളീ .. ഈ മേശേമ്മേ മുഴുവന്‍ പൊടിയാ .. ഇങ്ങക്ക് അപ്പ്രത്തെ ജനല് തൊറന്നാ പോരെ.." വാസുവേട്ടന്‍ മുറുമുറുത്തു.

അല്ലേലും വാസുവേട്ടന്‍ അങ്ങിന്യാ, എല്ലാരും പുള്ളിക്ക് സ്വന്തക്കാരാണ്. ഈ ഞാന്‍ തന്നെ ഇവിടെ ഇപ്പൊ താമസം തുടങ്ങിയിട്ട് രണ്ടാഴ്ച്ച ആകുന്നതേയുള്ളൂ, പക്ഷെ ആദ്യദിവസം തന്നെ എന്നെ കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. മുറി എടുത്ത് അര മണിക്കൂറിനുള്ളില്‍ പുള്ളി ഒരു ഗ്ലാസ്‌ ചായയും കൊണ്ട് റൂമില്‍ വന്നു.

"രാജീവന്‍ എന്നാണല്ലേ പേര് ... തായെ രെജിസ്ടരില്‍ അങ്ങനെ എഴുതിയത് കണ്ടു .. അതാ ചോദിച്ചേ.."
"അതെ .. രാജീവ് നാരായണന്‍.. ഡല്‍ഹിയില്‍ നിന്നാ ... " ഞാന്‍ കൊണ്ട് വന്ന രണ്ടു പുസ്തകങ്ങള്‍ ബാഗില്‍ നിന്നും എടുത്തു മേശപ്പുറത്തു വെച്ചു കൊണ്ട് പറഞ്ഞു.

ഇങ്ങള് എഴുത്തുകാരനാ ??... ദൂരെന്ന് വന്നതല്ലേ .. ദാ ചായ കുടിച്ചോളീ .. "

"അതെന്താ ചേട്ടാ .. ദൂരേന്നു വരുന്നവരൊക്കെ എഴുത്തുകാരാണോ ..." നീട്ടിയ ചായയുടെ മധുരം നാവു കൊണ്ട് രുചിച്ചു ഞാന്‍ ചോദിച്ചു.

"നിറം കണ്ടാല്‍ കടുപ്പം മനസ്സിലാകും, പക്ഷെ മധുരം രുചിച്ച് തന്നെ നോക്കണം.. ന്താ പോരേ .. അതോ ഇനിയും വേണോ, മധുരം." ഞാന്‍ നാവില്‍ അറിഞ്ഞ മധുരത്തിന്‍റെ നിര്‍വൃതി വാസുവേട്ടന്‍റെ മുഖത്ത് തെളിഞ്ഞു.

"ചേട്ടനെങ്ങനെ മനസ്സിലായി എനിക്ക് മധുരവും കടുപ്പവും കൂടുതല്‍ വേണം ന്ന് .."
"ഹാഹാഹാ .. ഉണ്ണിയെ കണ്ടാല്‍ അറിയില്ലേ ഊരിലെ പഞ്ഞം.."

വാസുവേട്ടന്‍റെ ചിരിക്ക് വല്ലാത്തൊരു പ്രത്യേകതയുണ്ട്, ഇത്രയും ശോഷിച്ച പൊക്കം കുറഞ്ഞ ഈ മനുഷ്യനില്‍ നിന്ന് എങ്ങനെ ഇത്രയും ശക്തമായ ചിരി പുറത്തു വരുന്നു എന്നത് ഒരു പ്രതിഭാസം പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

"ഈ ചേട്ടാ വിളി വേണ്ടാട്ടാ .. അതിലെന്തോ ഒരു ദൂരം ഇള്ളത് പോലെ .. എല്ലാരും വിളിക്കുന്ന പോലെ വാസ്വേട്ടാ ന്ന് വിളിച്ചാ മതി."

"ഓ .. ശരി വാസ്വേട്ടാ .." വാസുവേട്ടന്‍ വീണ്ടും ചിരിച്ചു,

വാസുവേട്ടനെ കണ്ടാല്‍ ആരും പറയില്ല കൊട്ടാരത്തിലെ രാജകുമാരിയെ തട്ടി കൊണ്ടു പോയ വിപ്ലവനായകനാണ് ഈ കുറിയ മനുഷ്യന്‍ എന്ന്. മുന്നിലെ മൂന്നു പല്ലുകളുടെ വിടവിലൂടെ ഇടയ്ക്കിടയ്ക്ക് നാവ് പാമ്പിനെ പോലെ എത്തി നോക്കും. നെറ്റിയിലും കവിളിലുമായി ഞാവല്‍പ്പഴം ഞെട്ടറ്റു വീഴാന്‍ പോകുന്നത് പോലെ നാല് വലിയ കറുത്ത മാംസപിണ്ഡങ്ങള്‍. ആ കണ്ണുകളില്‍ ഒരു പത്ത് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കാന്‍ പറ്റില്ല, നമ്മളെ ചൂഴ്ന്നെടുക്കും എന്ന പോലെ ചുവന്നതാണത്. എങ്കിലും ആ ചിരി, അത്രയും നിഷ്കളങ്കവും ശക്തവുമായ ചിരി വളരെ ചുരുക്കം പേര്‍ക്കേ ഉണ്ടാകൂ, അതിലൊന്ന് വാസുവേട്ടന്‍ ആണ്.

"ഞാനീ ലോഡ്ജും ഹോട്ടലും നടത്താന്‍ തുടങ്ങീട്ട് അയിമ്പത്തിരണ്ടു കൊല്ലായി... ശരിക്കും പറഞ്ഞാ ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍.." വാസുവേട്ടന്‍ കഥ പറയാന്‍ തുടങ്ങി. കഥ പറയുമ്പോള്‍ നമ്മള്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കാന്‍ പാടില്ല, അങ്ങിനെ ചെയ്‌താല്‍ പുള്ളി വിഷയം മാറ്റും, ഒരു മൂന്നാല് പ്രാവശ്യത്തെ അനുഭവം ഉള്ളതുകൊണ്ട് ഞാന്‍ ജനാലയിലൂടെ പുറത്തേക്കു തന്നെ നോക്കി നിന്നു.

"അന്നിതായിരുന്നു ഏറ്റവും വല്ല്യ ടൌണ്‍ .. കൊട്ടാരം അത്താണി എന്നായിരുന്നു അന്ന് പേര് ... കൊട്ടാരം എന്ന് പറഞ്ഞാ രാജകൊട്ടാരം ഒന്നുമല്ല ട്ടോ .. അത് ഓര്ടെ വീട്ടു പേരാ .. ഈ നാട്ടിലെ ഏറ്റവും വലിയ ജന്മികള്‍ .. അന്ന് ഈ കൊട്ടാരത്തിലേക്കുള്ള കാഴ്ച്ചവസ്തുക്കള്‍ ആള്‍ക്കാര്‍ തലയില്‍ വെച്ചു കൊണ്ടോവുമ്പോ... ദാ ആ കാണുന്ന റോഡിന്‍റെ, അന്ന് ഇത്രേം വല്ല്യ റോഡൊന്നും അല്ല ട്ടാ.. ഒരു രണ്ടാള്‍ക്ക് കൈ വീശി നടക്കാന്‍ പറ്റുന്ന ഒരു കുടുസ്സ് വഴി അത്രേയുള്ളൂ .. അതിന്‍റെ രണ്ടു വശത്തായി ഓരോ അത്താണികള്‍ ... ഇതായിരുന്നു കൊട്ടാരം എത്തുന്നതിനെക്കാളും മുന്‍പുള്ള ലാസ്റ്റ് സ്റ്റോപ്പ്‌."

"ഓ .. അപ്പൊ പണ്ടൊക്കെ ആള്‍ക്കാര്‍ തലച്ചുമടായി കൊണ്ടുപോകുന്ന സാധനങ്ങള്‍ ഇറക്കി വെക്കുന്ന സ്ഥലത്തെ ആണ് ഈ അത്താണി എന്ന് പറയുന്നത് അല്ലെ .. ഞാനും വിചാരിച്ചിട്ടുണ്ട് എന്താണീ അത്താണി എന്ന് .. കുറെ സ്ഥലങ്ങളുമുണ്ടല്ലോ ആ പേരില്‍ .." ഇപ്പോഴാണ് എനിക്ക് അത്താണി എന്ന സ്ഥലപ്പേരിന്‍റെ അര്‍ത്ഥം പിടിക്കിട്ടിയത്‌.

"വെറുതെ ഇറക്കി വെക്കുന്ന സ്ഥലമല്ല അത് .. ഏകദേശം ഒരാള്‍ പൊക്കത്തില്‍ രണ്ടു തൂണിന്മേല്‍ ഒരു സ്ലാബ്, അതാണ്‌ അത്താണി." വാസുവേട്ടന്‍ തുടര്‍ന്നു .. "അന്ന് ഈ അത്താണിയില്‍ റസ്റ്റ്‌ എടുക്കുന്നവര്‍ക്ക് നമ്മുടെ വക ഫ്രീയായിട്ട് ഒരു ചായയോ മോരുംവെള്ളവോ ഇണ്ടാവും .. ഓര്ക്കത് ഫ്രീയാണെങ്കിലും ഞമ്മള്‍ അത് മൊതലാക്കും.. " ഞാന്‍ വാസുവേട്ടന്‍റെ മുഖത്തേക്ക് നോക്കി, ഒരു കള്ളച്ചിരിയോടെ ഒറ്റക്കണ്ണിറുക്കി കൊണ്ട് പുള്ളി എന്നെയൊന്നു തോണ്ടി ..

"ഞമ്മള് മെല്ലെ ഓരെ സോപ്പിട്ട് ഒരെക്കൂടെ കൊട്ടാരത്തില്‍ പോവൂല്ലേ .. ഞമ്മളെ ലക്ഷ്മീനെ കാണാന്‍ .. ഓര്ക്കും സന്തോഷം, ഒരു പയക്കൊലേന്‍റെ വെയിറ്റ് കൊറഞ്ഞു കിട്ടൂല്ലേ ഓര്ക്ക് ... ഞമ്മള് അതും തൂക്കി സൊറയും പറഞ്ഞ് കൊട്ടാരത്തിലേക്കുള്ള ആ വലിയ കല്ലിട്ട റോഡിലേക്ക് കേറും, അപ്പൊ അങ്ങ് ദൂരേന്ന് കാണാം, ഒരു ജനല്‍ പാതി തുറന്നിട്ട്‌ ഞമ്മളെ കാത്തിരിക്കുന്ന ലക്ഷ്മിക്കുട്ടി .. അന്തപുരത്തെ ഞമ്മളെ തമ്പുരാട്ടി കുട്ടി.."

"ആങ്ഹാ .. അപ്പൊ നിങ്ങള്‍ ടൈം ഫിക്സ് ചെയ്തിട്ടാണോ പോകുന്നത് .." ഞാന്‍ ആ കുടവയറില്‍ ഒന്ന് തോണ്ടി.

"അതിനു ഇന്ന സമയംനൊന്നും ഇല്ല .. ഞാന്‍ ചെല്ലുന്നത് ഓള്‍ക്ക് അറിയാന്‍ പറ്റും .. "
"അതെങ്ങനെ .. "
" അതല്ലേ .. ഈ മനസ്സിന്‍റെ ഐക്യം എന്ന് പറയുന്നത് .. വല്ല്യ എഴുത്തുകാരനാ പോലും .. എനിട്ടും ഈ വക കാര്യങ്ങളൊന്നും അറിയില്ല.."

"അതിനു നിങ്ങളോടാരാ വാസ്വേട്ടാ പറഞ്ഞത് ഞാനൊരു എഴുത്തുകാരനാണ്‌ എന്ന് .."
"അതിപ്പോ ആരെങ്കിലും പറയണോ .. ഈ ഫുള്‍ഗാന്‍ താടിയും തോളില്‍ തൂക്കുന്ന കമ്പ്യൂട്ടറും കണ്ടാ മനസ്സിലാക്കികൂടെ .."

എനിക്ക് ചിരി പൊട്ടി, ഞാന്‍ അയാളുടെ രണ്ടു തോളിലും കൈ അമര്‍ത്തി, "എന്‍റെ വാസ്വേട്ടാ .. ഞാന്‍ എഴുത്തുകാരനുമല്ല .. ചിത്രകാരനുമല്ല, ഞാനിവിടെ എന്‍റെ പഴയൊരു സുഹൃത്തിനെ തേടി വന്നതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ കുറിച്ചിട്ട മേല്‍വിലാസം അന്വേഷിച്ചു വന്നതാ.."

"അതെയോ .. എന്നിട്ട് കിട്ട്യോ ആളെ .. ഇല്ലെങ്കി പറ .. നമുക്ക് ഇപ്പൊ കണ്ടു പിടിക്കാം .." വാസുവേട്ടന്‍ കഥ പറച്ചിലില്‍ നിന്നും വഴുതിമാറി.

"അതിനു ഇനിയും സമയം ഉണ്ടല്ലോ .. വാസ്വേട്ടന്‍ തമ്പുരാട്ടികുട്ടിയെ പറ്റി പറയൂ .." ഞാന്‍ വാസുവേട്ടന്‍റെ കൈ പിടിച്ചു. പുള്ളി വീണ്ടും ജനാലയിലൂടെ വിദൂരതയിലേക്ക് എന്ന പോലെ നോക്കി. മുന്നിലുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ അയാളുടെ കണ്‍വെട്ടത്തു നിന്ന് മറഞ്ഞു പോയി, ഇപ്പോള്‍ ആ കണ്ണുകളില്‍ എനിക്ക് ആ കൊട്ടാര ജലകവാതിലിന്‍ മറവില്‍ നില്‍ക്കുന്ന ലക്ഷ്മികുട്ടിയെ കാണാന്‍ കഴിയുമായിരിക്കും, പക്ഷെ, ഞാന്‍ നോക്കിയില്ല, ഞാനും വിദൂരതയിലേക്ക് കണ്ണും നട്ടു നിന്നു.

"എന്നിട്ട് എന്താകാനാ .. ഒരു കൊല്ലത്തോളം ഞാന്‍ ഇങ്ങനെ ചുമ്മാടും തൂക്കി കൊണ്ട് ഇവരുടെ കൂടെ പോകും, ലക്ഷ്മി എന്നേം നോക്കി ഇരിക്കും.. അവസാനം ഞാന്‍ അവള്‍ക്കൊരു കത്ത് കൊടുത്തു.."

"കത്തോ .. അതെങ്ങനെ .."

"ഈ പ്രേമം അസ്ഥിക്ക് പിടിച്ചാല്‍ പിന്നെ നമുക്ക് ചുറ്റുമുള്ളതൊന്നും കാണൂല്ല .. ഞാനും കണ്ടില്ല.. ഒരു ദിവസം കൊട്ടാരത്തിലെ പാചകക്കാരന്‍റെ കൂടെ ഞാനും അയിന്‍റെ അകത്തു കയറി .. അയാളും ഓസിക്ക് കൊറേ മോരുംവെള്ളം മോന്തീട്ട്ണ്ട് .. അത് ഞമ്മള്‍ മോതലാക്കി .. ഒരു പകല്‍ മുഴുവന്‍ അയാളുടെ കൂടെ കുശിനിയില്‍ കൂടി .. തക്കം കിട്ടിയ നേരത്ത് ഓള്ടെ കൈയില്‍ ആ കത്തും കൊടുത്തു .."

"ന്‍റെ വാസ്വേട്ടാ .. ഇങ്ങളെ സമ്മതിച്ചു .." ഞാന്‍ വാസുവേട്ടന്‍ സ്റ്റൈലില്‍ പറഞ്ഞു. "എന്നിട്ട് എന്തായിരുന്നു ആ കത്തില്‍.. ??"

"വെറും കുറച്ചു വരികള്‍ ..
'ഇഷ്ടമാണെന്ന് അറിയാം .. അതുകൊണ്ട് പറയുവാ ... രാജകുമാരീനെ പോലെ തന്നെ നോക്കാം... പോരുന്നോ എന്‍റെ കൂടെ, തൂണും അരമനയും ഇല്ല്ലാത്ത എന്‍റെ കൊട്ടാരത്തിലേക്ക്.. രണ്ടു ദിവസം കഴിയുമ്പോ ഞാന്‍ വരാം .. അപ്പോള്‍ മറുപടി പ്രതീക്ഷിക്കുന്നു'..."

"എന്നിട്ട് മറുപടി തന്നോ .."
"മറുപടി തന്നോന്നോ .. ഇറങ്ങി വരാം എന്ന് ഉറപ്പിച്ചു പറയൂം ചെയ്തു .. പിന്നെ ഒരു മാസം അതിനുള്ള പദ്ധതികള്‍ ആയിരുന്നു.. അങ്ങനെ ഒരു കുട്ടി പോലും അറിയാതെ ഒരു ദിവസം നട്ടുച്ചയ്ക്ക് ഞങ്ങള്‍ മാഹീലേക്ക് വണ്ടി കേറാന്‍ തീരുമാനിച്ചു, ഓള് ബാങ്ക് ടെസ്റ്റ്‌ എഴുതാന്‍ പോകുന്ന ദിവസം."

ഞാന്‍ വാസുവേട്ടനെ നോക്കി. കണ്ണുകള്‍ കലങ്ങുന്നത് പോലെ എനിക്ക് തോന്നി. അപ്പോഴാണ്‌ നേരത്തെ കൊണ്ടുവന്ന വെച്ച ചായ ചൂടാറി കാണുമല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്. വാസുവേട്ടനെ ജനാലയ്ക്കരികില്‍ നിര്‍ത്തി ഞാന്‍ അത് എടുക്കാന്‍ നടന്നു.

"പക്ഷെ .. അന്ന് .. " പുള്ളി അത് മുഴുമിച്ചില്ല. ഞാന്‍ വീണ്ടും പുള്ളിയുടെ അടുത്തു ചെന്നു നിന്നു. ചൂടാറിയ ചായയിലേക്ക് ഊതി.

"ഹാഹാഹാ .. ഇങ്ങള് ഐസ് ക്രീമും ഊതിയാ കയിക്ക്വാ .." കണ്‍പോളകള്‍ക്കുള്ളില്‍ ഉരുണ്ടു കൂടിയ കണ്ണീര്‍ തുടച്ചു കൊണ്ട് സ്വതസിദ്ധമായ ചിരിയില്‍ വിഷാദം ഒതുക്കി കൊണ്ട് പുള്ളി വീണ്ടും വിഷയം മാറ്റി.

"ഓ .. അത് ശീലിച്ച് പോയതാ എന്‍റെ വാസ്വേട്ടാ .. ഇങ്ങള് ബാക്കി പറ .. എന്നിട്ട് എന്തായി .. രാശകുമാരി വന്നോ .."

"ഉം .. വന്നു .. ബസ് വരുന്നതിനു കൃത്യം അഞ്ചു മിനിറ്റ് മുന്‍പ് തന്നെ അവള്‍ ദാ ആ കാണുന്ന ആലിന്‍റെ താഴെ വന്നു, അതായിരുന്നു ബസ് സ്റ്റോപ്പ്‌. അന്ന് ഇന്നത്തെ പോലെയൊന്നും അല്ല.. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ഒരു ബസ് വരും, രാവിലെ പത്തു മണിക്ക് വടക്കോട്ടും ഉച്ചക്ക് ഒന്നരയ്ക്ക് തിരിച്ചു ടൌണിലേക്കും. ഞങ്ങള്‍ ആ ബസ്സില്‍ കയറി."

"ആരും കണ്ടില്ലേ .." ഞാന്‍ ചോദിച്ചു.

ഇല്ല .. അന്ന് ഞാന്‍ പത്തു മണിക്ക് തന്നെ പീടിക പൂട്ടി .. പിന്നെ ഇത് കൈ കാട്ടിയാ മാത്രം നിര്‍ത്തുന്ന സ്റ്റോപ്പ്‌ ആയിരുന്നു.. അതോണ്ട് വേറെ ആരും ഇണ്ടായിരുന്നില്ല .. ഞങ്ങള്‍ പരിചയമില്ലാത്തവരെ പോലെ ബസില്‍ കയറി .."

"എന്നിട്ടോ .."

"പക്ഷെ .. ആ യാത്ര അധികം നീണ്ടില്ല.. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ജീപ്പ് വന്നു ബസ്സിനെ തടഞ്ഞുനിര്‍‍ത്തി. ഓള്ടെ അമ്മാവനും ചേട്ടനും ശിങ്കടികളും ആയിരുന്നു അതില്‍. ചേട്ടന്‍ ഓളേം ജീപ്പില്‍ കേറ്റി കൊണ്ടോയി. ഞമ്മളെ ഓര് പൊതിരെ തല്ലി. കൈയും കാലും ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ് ഞമ്മള് കണ്ണ് തുറക്കുന്നത്. ആരൊക്കെയോ കൂടി ആസ്പത്രിയില്‍ ആക്കിയിരുന്നു. അന്ന് പോയതാ ഈ മൂന്ന് പല്ല്." പല്ലിന്‍റെ ഇടയിലൂടെ നാവ് പുറത്തേക്കു നീട്ടി വാസുവേട്ടന്‍ കാണിച്ചു തന്നു.

എന്ത് പറയണം എന്നറിയാതെ ഞാന്‍ പുള്ളിയെ നോക്കി. ഈ കഥകളൊക്കെ നേരത്തെ അറിയാവുന്ന ഞാന്‍ പുള്ളിയെ വിഡ്ഢി ആക്കുകയല്ലേ എന്ന കുറ്റബോധം ഉള്ളില്‍ നിന്നും നുരഞ്ഞുയര്‍ന്നു. ഞാന്‍ പുള്ളിയുടെ തോളില്‍ കൂടി കൈയ്യിട്ടു ചേര്‍ത്തു പിടിച്ചു,

"അതിനു ശേഷം നിങ്ങള്‍ അവരെ കണ്ടില്ല .. അല്ലെ .."

"ഇല്ല .. ആസ്പത്രിയില്‍ നിന്ന് ഇറങ്ങാന്‍ ഒരു മാസം എടുത്തു, അപ്പോഴേക്കും അവരെല്ലാരും കൂടെ ഓളെ കെട്ടിച്ചു വിട്ടു, ഇംഗ്ലണ്ടിലുള്ള ഏതോ ഒരു ഡോക്ടര്‍ക്ക്.."

"പിന്നെ അവര്‍ ഇങ്ങോട്ട് നാട്ടിലേക്ക് വന്നിട്ടുമില്ല.. അല്ലെ..."

"ഇല്ല .. വന്നാല്‍ ഞാന്‍ അറിയുമായിരുന്നു .. പിന്നെ സമരവും പുരോഗമന വിപ്ലവങ്ങളും എല്ലാം വന്നപ്പോള്‍ അവരും സ്ഥലവും പാടവും പെറുക്കി വിറ്റ്‌ ടൌണിലേക്ക് താമസം മാറി. ഞമ്മള് ഈ ചായപ്പീടികയും ലോഡ്ജുമുറികളുമായി ഒതുങ്ങി കൂടി."

"അതെന്താ .. വാസ്വേട്ടനും കല്യാണമൊക്കെ കഴിച്ച് ഒരു കുടുംബമൊക്കെ ആയിട്ട് കഴിഞ്ഞു കൂടാമായിരുന്നില്ലേ.. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ അവര്‍ക്കും സന്തോഷമാകും ആയിരുന്നില്ലേ."

"അതാ ഇപ്പൊ ശേലായത് .. ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് പോലും ഓള്‍ക്ക് അറിയുന്നുണ്ടാവില്ല .. പിന്നല്ലേ കല്യാണോം കുടുംബോം ... ഞാനുള്ള ലോകത്ത് നിന്നും ഓളെ പറിച്ചോണ്ട് പോയില്ലേ .." സങ്കടമാണോ ദേഷ്യമാണോ ആ വാക്കുകളില്‍ ഉള്ളതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലായിരുന്നു. ചായയുടെ ഗ്ലാസ്‌ ഞാന്‍ മേശയില്‍ വെച്ചു. വാസുവേട്ടന്‍ അപ്പോഴും പുറത്തേക്കു തന്നെ നോക്കി നിക്കുകയായിരുന്നു.

"ഞാന്‍ ഈ കഥ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.. പക്ഷെ മോനോട് എന്തോ പറയണം എന്ന് തോന്നി.."
" ഹാഹാഹാ ... മോനോ .. ഇത്രയും നാള്‍ സാറേ എന്നല്ലേ വിളിച്ചിരുന്നത് .." ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
"എന്തോ .. എനിക്ക് അങ്ങനെ വിളിക്കാന്‍ തോന്നി .. ഇനി വിളിക്കുന്നില്ല .. ന്താ പോരെ .." മേശപ്പുറത്തു നിന്നും ചായയുടെ ഗ്ലാസ് എടുത്തു കൊണ്ട് പോകാനൊരുങ്ങി കൊണ്ട് വാസ്വേട്ടന്‍ പറഞ്ഞു.

"ഹോ .. അപ്പോഴേക്കും പരിഭാവിച്ചോ ?? .. ഞാന്‍ വെറുതെ പറഞ്ഞതല്ലേ .. ആ വിളിയിലും നിങ്ങള്‍ നേരത്തെ പറഞ്ഞ ഒരു മനസ്സിന്‍റെ ഐക്യം ഉണ്ട്..."

ഞാന്‍ വാസുവേട്ടനെ കെട്ടിപ്പിടിച്ചു, വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ഒരു ഭാരം ഇറക്കി വെച്ച നിര്‍വൃതി ആ ഹൃദയത്തിന്‍റെ താളത്തില്‍ ഉണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ അങ്ങനെ തന്നെ നിന്നതിനു ശേഷം വാസ്വേട്ടന്‍ താഴേക്ക് പോയി.

വാസ്വേട്ടന്‍ അവിടെ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം, ഒരു രണ്ടു മണിക്കൂറിനു കഴിഞ്ഞ് ഞാന്‍ സാധനങ്ങള്‍ പാക്ക് ചെയ്തു താഴേക്ക് ഇറങ്ങി. ബില്ലെല്ലാം ക്ലിയര്‍ ചെയ്തതിനു ശേഷം, ആ തമിഴന്‍ പയ്യനൊരു നൂറു രൂപ ടിപ് കൊടുത്തു. കൂടെ ഒരു എഴുത്തും,

"വാസ്വേട്ടാ... ഞാന്‍ തേടി വന്നത് എന്‍റെ സുഹൃത്തിനെ അല്ല .. എന്‍റെ അമ്മയുടെ സുഹൃത്തിനെ ആണ്... വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോള്‍ ഒരു ബസ്സില്‍ വെച്ച് എന്നെന്നേക്കുമായി കൈവിട്ടുപോയ ആ പഴയ സുഹൃത്തിനെ, ചായക്കടക്കാരന്‍ വാസുദേവനെ..

അമ്മ ഇന്നില്ല. പത്തു വര്‍ഷം മുന്‍പ് മരിച്ചു. അമ്മയുടെ പഴയ ഡയറിയില്‍ നിന്ന് വായിച്ചറിഞ്ഞ ചായക്കടക്കാരനെ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചിരുന്നു. നേരിട്ട് പറയണം എന്നും കരുതിയിരുന്നു. പക്ഷെ, വാസ്വേട്ടനെ നേരിട്ടറിഞ്ഞപ്പോള്‍ ഞാന്‍ ആ ലക്ഷ്മിയുടെ മകനാണ് എന്ന് പറയാന്‍ കഴിഞ്ഞില്ല.

ഞാന്‍ വീണ്ടും വരുമെന്ന് എനിക്ക് വാക്ക് തരാന്‍ കഴിയില്ല, ഡോക്ടര്‍മാര്‍ കനിഞ്ഞാല്‍, ദൈവം കൂടെ ഉണ്ടെങ്കില്‍, ഒരു ആറു മാസം കഴിഞ്ഞു കാണാം. നമുക്ക് വീണ്ടും ഒരു മടക്കയാത്ര നടത്താം, പൊട്ടിപ്പൊളിഞ്ഞ ആ പഴയ കൊട്ടരത്തിലേക്കും, അതിന്‍റെ ജാലകവാതിലിലേക്കും.

സസ്നേഹം,
ലക്ഷ്മിയുടെ മകന്‍,
രാജീവ്‌ നാരായണന്‍

ഒടുവില്‍ നീ എത്തുമ്പോള്‍

"പറയൂ .. നിനക്ക് ഏത് പൂവാണ് ഏറ്റവും ഇഷ്ടം ... ???" എന്‍റെ മാറോട് ചേര്‍ന്നുകിടന്നു കൊണ്ട് അവള്‍ ചോദിച്ചു. 

"ഇപ്പൊ തന്നെ പറയണോ .. അതോ ആലോചിച്ചിട്ട് കുറച്ചു കഴിഞ്ഞ് പറഞ്ഞാല്‍ മതിയോ .. " എന്‍റെ ആ ഉത്തരം അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി. അവള്‍ക്ക് ചില കാര്യങ്ങള്‍ ഇഷ്ടമാകാതെ വരുമ്പോള്‍ അവള്‍ അറിയാതെ തന്നെ അവളുടെ ഇടത്തെ കണ്ണ് ചെറുതാകും. അവളെ കുറിച്ച് എനിക്ക് മാത്രം അറിയാവുന്നൊരു രഹസ്യം.

"അതെന്താ .. എന്നോട് എന്തെങ്കിലും പറയണമെങ്കില്‍ ആലോചിച്ച് പറയണോ ..." അല്ലേലും ചിണുങ്ങുമ്പോള്‍ അവള്‍ക്ക് ഭംഗി കൂടുതലാണ്.

"നീലക്കുറിഞ്ഞി ..." അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു.
"അതെന്താ നീലക്കുറിഞ്ഞി ... അതിനെന്താ ഇത്ര പ്രത്യേകത.. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല .."

"ഞാന്‍ കണ്ടിട്ടുണ്ട് .. നല്ല ഭംഗിയുള്ള നീലപ്പരവതാനി പോലെ പൂത്തു നിറഞ്ഞു നില്‍ക്കും" അവള്‍ കാണാത്ത ഒരു സംഭവം ഞാന്‍ കണ്ടു എന്ന് പറഞ്ഞാല്‍ അവള്‍ക്ക് എപ്പോഴും പരിഭവമാണ്.

"പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കലല്ലേ അത് പൂക്കൂ.. ഇനി എപ്പഴാ എനിക്കത് കാണാന്‍ പറ്റുവാ .. "
"അടുത്ത പ്രാവശ്യം നമുക്കൊരുമിച്ച് പോകാം .. ഞാന്‍ കൊണ്ട് പോകാം നിന്നെ അവിടെ ... നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയില്‍..."

"ഉം .. എന്നിട്ട് അവിടെ വെച്ച് നിനക്ക് ഞാന്‍ എന്‍റെ പ്രേമം തരും പ്രിയേ എന്നായിരിക്കും .." കൈ നീട്ടി കഴുത്തു ഉയര്‍ത്തിതെല്ലൊന്നു കളിയാക്കുന്നത് പോലെ അവള്‍ പറഞ്ഞു.

അല്ലേലും ഞാനൊന്ന് റൊമാന്റിക്ക് ആകാന്‍ ശ്രമിച്ചാല്‍ അവള്‍ അന്നേരം അതില്‍ സാഹിത്യം കൊണ്ടുവരും, പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരം. അങ്ങനെ അത് നീണ്ടുനീണ്ട് ലോകക്ലാസ്സിക്കുകളില്‍ വരെ എത്തി നില്‍ക്കും. പദ്മരാജനും ചുള്ളിക്കാടും മാധവിക്കുട്ടിയും, ഷെല്ലിക്കും മാര്‍ക്വേസിനും ആന്‍ ഫ്രാങ്കിനും, വഴി മാറും. അനര്‍ഘസുന്ദര നിമിഷങ്ങളുടെ വേലിയേറ്റങ്ങള്‍ ആയിരുന്നു അവ.

ഇന്നിതാ ഈ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ അകാല നര ബാധിച്ച മനസ്സും ശരീരവുമായി അവളെയും കാത്ത് ഇരിക്കുന്നു. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു കൂടിക്കാഴച്ച. ഇതിനിടയില്‍ എത്രയെത്ര ഇലപൊഴിഞ്ഞ ശിശിരങ്ങള്‍, എത്രയെത്ര പൂത്തുലഞ്ഞ ഗുല്‍മോഹര്‍ വീഥികള്‍, പക്ഷെ ഒരിക്കല്‍ പോലും നീലക്കുറിഞ്ഞികള്‍ പൂത്തത് കണ്ടില്ല, അല്ല, കാണാന്‍ പോയില്ല. ഇനി അത് കാണാന്‍ പോകുമ്പോള്‍ അവളും കൂടി ഉണ്ടാകുമെന്ന് വാക്ക് കൊടുത്തതല്ലേ. ആ വാക്ക് പാലിക്കാനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു.

പക്ഷെ അതിനു ശേഷം പിന്നീടൊരിക്കലും നീലക്കുറിഞ്ഞികളെ കുറിച്ച് അവള്‍ സംസാരിച്ചതെയില്ല. നിശാഗന്ധി ആയിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പം. ഞാനും അന്ന് അത് പറയണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു എന്ന് അവള്‍ പിന്നീട് പറഞ്ഞിരുന്നു.

"അതെന്താ.. നിനക്ക് നിശാഗന്ധി ഇഷ്ടമല്ലേ .. ?"
" ആണ് .. പക്ഷെ ഏറ്റവും ഇഷ്ടം ഏതാണെന്നല്ലേ നീ ചോദിച്ചത്... ?"
" ഉം .. ന്നാലും എന്താ നീലക്കുറിഞ്ഞികളോട് ഇത്രയ്ക്കും ഇഷ്ടം ??" പരിഭവം വരുമ്പോള്‍ നെഞ്ചോട് ചേര്‍ന്നേ അവള്‍ എന്തെങ്കിലും ചോദിക്കുകയുള്ളൂ. ഞാന്‍ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചു കൊണ്ട് മറുപടിയും കൊടുക്കും.

" നീലക്കുറിഞ്ഞികളെ ഇഷ്ടപ്പെടാന്‍ ഒരേയൊരു കാരണമേ ഉള്ളൂ ..."

അവള്‍ മുഖമുയര്‍ത്തി എന്താണത് എന്ന് ചോദിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷെ അവള്‍ അവിടെ നെഞ്ചോട് ചേര്‍ന്ന് തന്നെ കിടന്നു.

"എന്താന്ന് പറ .. ആ ഒരേയൊരു കാരണം .."
" നീ പറഞ്ഞത് തന്നെ .. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കലേ വിരിയൂ അത്.. അത് തന്നെ .."
" അല്ല .. അതല്ല .. വേറെ എന്തോ ഉണ്ട് .. എന്നോട് പറയാത്തതാ .." അല്ലേലും അവളില്‍ നിന്ന് എനിക്ക് ഒന്നും മറച്ചു വെക്കാന്‍ കഴിയില്ല, പ്രത്യേകിച്ചും നെഞ്ചില്‍ ചാരി കിടക്കുമ്പോള്‍, ഹൃദയത്തിന്‍റെ താളം അവള്‍ക്ക് വായിക്കാന്‍ കഴിയുമല്ലോ.

"പറയൂ ന്നേ .. എന്താ അതിനെ നിശാഗന്ധിയെക്കാക്കാളും ഇഷ്ടം.."
"ഉം .. പറയാം .. നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍ നമ്മള്‍ അതിനെ തേടി അവിടം വരെ പോകും.. അവിടെ എത്തുവോളം നമ്മള്‍ മനസ്സില്‍ അതിനെ കാണും, ഇളം നീലയാകാശത്തിനു കീഴെ കടും നീല പരവതാനി. നീല വര്‍ണ്ണം കൊണ്ട് തന്നെ നമ്മള്‍ ആയിരം മഴവില്ലുകള്‍ തീര്‍ക്കും. ആ യാത്രയുടെ അവസാനം നമ്മള്‍ അവിടെ എത്തുമ്പോള്‍ നമ്മള്‍ മനസ്സില്‍ വിരിയിച്ച നീല പരവതാനിയെ കാളും സുന്ദരമായി നീലാകാശത്തെ ചുംബിച്ചു കൊണ്ട് അത് അവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാം. അതാണ്‌ അതിന്‍റെ ഭംഗി, ആദ്യത്തെ കാഴ്ചയില്‍ തന്നെ നമ്മള്‍ ദൈവത്തോട് നന്ദി പറഞ്ഞു പോകും.."
"അതെന്തിന്..."
"ദൈവം നമുക്ക് കണ്ണുകള്‍ തന്നതിന് ..."

അന്നവള്‍ എന്‍റെ നെഞ്ചോട് ചേര്‍ന്നു കിടന്ന് നീലക്കുറിഞ്ഞികള്‍ പൂത്തത് എന്‍റെ കണ്ണുകളിലൂടെ കണ്ടു. കാണാത്ത കാഴ്ച്ചകള്‍ കണ്ടതിനെക്കാള്‍ സുന്ദരം എന്ന് അവള്‍ എന്‍റെ ഹൃദയത്തോട് മന്ത്രിച്ചു. ആ ഉറക്കത്തില്‍ നിന്ന് എനിക്കവളെ ഉണര്‍ത്താന്‍ തോന്നിയില്ല. അവള്‍ സ്വപ്നം കാണുകയായിരിക്കും, അങ്ങകലെ ആ കോടമഞ്ഞിന്‍ താഴ്വാരയില്‍ നീലാകാശം ചുംബിച്ചുണര്‍ത്തുന്ന നീലക്കുറിഞ്ഞികളെ.

ഒരു ട്രെയിന്‍ ഇപ്പോള്‍ വരുമെന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന അന്നൌണ്സ്‌മെന്റ് കേട്ടു. അതിലായിരിക്കും അവള്‍ വരുന്നത്. ഞാന്‍ വീണ്ടും ആ ഇ-മെയില്‍ തുറന്നു. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന ഒരേയൊരു കുറിമാനം.

"ഡാ .. ഞാന്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോടെ കല്ലേറ്റുങ്കരയില്‍ എത്തും .. നീ അവിടെ ഉണ്ടാകണം ... ഒരു മൂന്ന്‍ ദിവസത്തേക്ക് ഫ്രീയുമാകണം.. ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന കാലമല്ലേ .. നമുക്ക് പോവണ്ടേ അവിടെ ... നിന്‍റെ കണ്ണുകളിലൂടെ കണ്ട ആ നീലപ്പരവതാനിയെ കാണാന്‍ .. നീലാകാശം ചുംബിച്ചുണര്‍ത്തുന്ന നിനക്കേറ്റവും ഇഷ്ടപ്പെട്ട പൂക്കളെ കാണാന്‍...: അവിടെ വെച്ച് നീ എനിക്ക് നിന്‍റെ പ്രേമം തരുമായിരിക്കും അല്ലെ .. തരണം... ഇത്രയും വര്‍ഷത്തെ പരിഭവങ്ങള്‍ നമുക്ക് ആ താഴ്വാരത്തില്‍ അലിയിച്ചു കളയാം.."

ട്രെയിന്‍ വന്നു, അങ്ങ് ദൂരെ എനിക്ക് കാണാം, വെള്ള കുര്‍ത്തയും നീല ജീന്‍സും ഇട്ട് ഒരു ചുവന്ന ട്രോളി ബാഗും വലിച്ചു അതാ അവള്‍ ... ഞാന്‍ എന്‍റെ ഡ്രസ്സിലേക്ക് നോക്കി .. അവള്‍ അടുത്തെത്തുമ്പോള്‍ ആദ്യം പറയുന്നത് എന്തെന്ന് ഞാന്‍ ഊഹിച്ചു, അവള്‍ അടുത്തെത്തി...

"ശ്ശെടാ .. ഇതെങ്ങനെ .. ഇന്നും നമ്മള്‍ സെയിം കോമ്പിനേഷന്‍ ... നീ എന്നെ ദൂരെ നിന്ന് കണ്ടു ഡ്രസ്സ്‌ മാറ്റിയതല്ലേ .. സത്യം പറ.."

ഞാന്‍ അവളുടെ കൈ പിടിച്ചു. മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.. "നീ ഒട്ടും മാറിയിട്ടില്ല .. ഇരുപത് വര്‍ഷം ഇന്നലെ എന്നത് പോലെ തോന്നുന്നു ഇപ്പൊ .."

"ആണല്ലോ ... അപ്പൊ നമ്മള്‍ പോവുകയല്ലേ ... നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയിലേക്ക് ..."

"ഉം .. അതെ .."
" ന്നാലും .. സത്യം പറ നിനക്ക് നിശാഗന്ധിയെ അല്ലെ കൂടുതല്‍ ഇഷ്ടം .." ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.

"നോക്കണ്ട .. ഇടത്തെ കണ്ണ് ചെറുതായിട്ടൊന്നുമില്ല .." അവള്‍ എന്‍റെ വലതു കൈയ്യില്‍ മുഖം അമര്‍ത്തി, ഞങ്ങള്‍ കാറിലേക്ക് നടന്നു നീങ്ങി, നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള യാത്ര തുടങ്ങാനായി ... പരസ്പരം കൈമാറിയ വാക്ക് പാലിക്കാനായി ..

അലീനയ്ക്ക് ഒരു പ്രണയലേഖനം

കൂട്ടുകാരന്‍ ഹരി ഇന്നൊരു കഥ പറഞ്ഞു, അവന്‍റെ കഥ, ഒരു പ്രേമലേഖനത്തിന്‍റെ കഥ.

പ്രിയപ്പെട്ട അലീന,

നാളെ 19/02/1999, എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സുദിനം, നമ്മുടെ ഫെയര്‍വെല്‍ ഡേ. എത്ര പെട്ടന്നാണ് അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയത്, എട്ടാം ക്ലാസ്സില്‍ ചേര്‍ന്നത് ഇന്നലെയെന്നതുപോലെ തോന്നുന്നു. ഇനിയിപ്പോ തമ്മില്‍ കാണുമോ എന്നുപോലും അറിയില്ല.... അല്ലേ ...

എനിക്ക് അലീനയോട് വളരെ അത്യാവശ്യമായിട്ട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്, അതിനു വേണ്ടിയാണു ഈ കത്ത്. ഈ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ അലീനയ്ക്ക് ഒത്തിരി കത്തുകള്‍ കിട്ടിക്കാണും. അതൊക്കെ പ്രേമലേഖനങ്ങളും ആയിരിക്കും. പക്ഷെ, ഇതൊരു പ്രേമലേഖനം അല്ല എന്ന് ഞാന്‍ ആദ്യം തന്നെ പറയട്ടെ, അലീനയുടെ ഭാവിയെ കുറിച്ച് ആകാംക്ഷയുള്ള ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ അഭിപ്രായങ്ങള്‍ ആയി കണക്കാകിയാല്‍ മതി.

അലീനയുടെ വീട്ടുകാര്‍ പണക്കാരാണല്ലോ. അപ്പോള്‍ ചില കാര്യങ്ങളില്‍ അലീന വേണ്ടേ ശ്രദ്ധിക്കാന്‍. ആ ജോണിയുമായുള്ള കൂട്ടിനെ കുറിച്ചു തന്നെയാ പറഞ്ഞുവരുന്നത്. അവന്‍റെ അപ്പന്‍ പെട്ടിക്കട നടത്തുന്നയാളല്ലേ, അങ്ങനെയൊരു ബന്ധം അലീനയ്ക്ക് ചേരുമോ. അവന്‍ പഠിക്കാനോക്കെ മിടുക്കനായിരിക്കാം, എങ്കിലും അവന്‍റെ കുടുംബം, അത് വേണ്ട അലീന, അത് നമുക്ക് ശരിയാവില്ല.

പിന്നെ അലീന എപ്പോഴും ഇന്റര്‍വെല്ലില്‍ സംസാരിക്കുന്ന നെല്‍സണില്ലേ, അവന്‍ ആ രാഘവേട്ടന്‍റെ കടയില്‍ നിന്ന് സിഗററ്റ് വാങ്ങി വലിക്കാറുണ്ട്, കൂടെ ആ ബെന്നിയും ചാക്കോ മാഷുടെ മകന്‍ വിപിനും കാണും. ഇവരൊക്കെ അലീനയുടെ ഫ്രെണ്ട്സ് ആണെന്ന് അറിയാം, ചിലപ്പോ അലീന പറഞ്ഞാല്‍ ഇവന്മാര്‍ ഇതൊക്കെ നിര്‍ത്തുമായിരിക്കും, പക്ഷെ എത്ര കാലം, സ്കൂള്‍ വിട്ടു കോളേജില്‍ ചേര്‍ന്നാല്‍ ഇതിലും വലുത് ചെയ്യില്ലാ എന്ന് ആരു കണ്ടു.

അലീനാ ... ഞാന്‍ ഈ പറയുന്നതൊന്നും എനിക്ക് ഇവര്‍ അലീനയോട് അടുത്തിടപിഴകുന്നതിനു ദേഷ്യം ഉള്ളതുകൊണ്ടോന്നുമല്ല ട്ടോ, അറിയുന്ന കാര്യം അവസാന ദിവസമെങ്കിലും അലീന അറിയണം എന്ന സദുദ്ദേശം കൊണ്ടു മാത്രമാണ്, പിന്നെ ആരറിഞ്ഞു നാളെ ഇവന്മാര്‍ ആരെങ്കിലുമാണ് അലീനയെ കെട്ടുന്നതെങ്കിലോ? ഞാന്‍ ഇതൊക്കെ അറിഞ്ഞിട്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് അലീന ചോദിക്കരുതല്ലോ, അതുകൊണ്ട് പറഞ്ഞതാ.

ഏതായാലും നമ്മള്‍ കല്യാണക്കാര്യം വരെ സംസാരിച്ച സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം, നമ്മുടെ ആ ജെറിയില്ലേ, അവന്‍ ഈയിടയ്ക്ക് അലീനയെ ഇഷ്ടമാണ് എന്ന് കുറച്ചു പെരോടൊക്കെ പറയുന്നത് കേട്ടു. ഞാന്‍ കേട്ടില്ല കേട്ടോ, എന്നിട്ട്, ജോസും ലിബിയുമായി എന്തൊക്കെയോ വഴക്കൊക്കെ ഉണ്ടായി, അവന്മാര്‍ക്കും അലീനയെ ഇഷ്ടമാണ് പോലും, അവസാനം അതിന്‍റെ പേരില്‍ നല്ല അടിയും പിടിയും. പണക്കാരാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം, ഇങ്ങനെ റോട്ടില്‍ കിടന്നു തല്ലു കൂടാവോ.. ങ്ങാ .. പോട്ടെ ..

അവന്മാരാരും കൊള്ളില്ല അലീന .. എല്ലാവര്‍ക്കും ഓരോരോ ചീത്ത സ്വഭാവങ്ങളാ, ഒന്നുകില്‍ സിഗററ്റ് വലി അല്ലെങ്കില്‍ തല്ലുംപിടിയും, ങ്ങാ .. പറയാന്‍ മറന്നു പോയി ആ ഷൈന്‍ ഇല്ലേ, അലീനയുടെ കൈയ്യില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് നോട്ട്ബുക്ക് വാങ്ങാറുള്ള കണ്ണട പയ്യന്‍, അവനെ കാസിനോ ബാറില്‍ വെച്ച് കണ്ടവരുണ്ട്. ബിയര്‍ കുടിക്കുന്നത് അത്ര മോശോമൊന്നുമല്ല, പക്ഷെ തുടക്കം അവിടുന്നാണല്ലോ.

എനിക്ക് അലീനയുടെ കാര്യം ഓര്‍ക്കുമ്പോള്‍ ശരിക്കും വിഷമം തോന്നും, ഇത്രയും സുന്ദരിയായ അലീന ഇനി ആരെ കല്യാണം കഴിക്കും. അവസാനം നല്ല പയ്യന്മാരെ കിട്ടാതെ കന്യസ്ത്രീയാകാന്‍ വല്ല മഠത്തിലെങ്ങാനും ചേരുമോ എന്നുവരെ എനിക്ക് പേടി തോന്നുന്നു. ഞാനേതായാലും ഒരു കാര്യം തീരുമാനിച്ചു, അലീനയ്ക്ക് വേണ്ടി, അലീനയുടെ സുരക്ഷയ്ക്ക് വേണ്ടി, നല്ല ഭാവിക്ക് വേണ്ടി, ഞാന്‍ ആ ത്യാഗം സഹിക്കാന്‍ തീരുമാനിച്ചു. ഞാന്‍ കൊച്ചിനെയങ്ങ് കെട്ടിയേക്കാം, അലീനയ്ക്ക് വേണ്ടി ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ ഇത്രയൊക്കെ ചെയ്തല്ലേ മതിയാകൂ.

അലീന മഠത്തിലും പോകേണ്ട, എവിടേം പോകേണ്ട, ഞാനുണ്ട് തുണയായ്. ഞാനൊരിക്കല്‍ കൂടി പറയുന്നു, ഇതൊരു പ്രേമലേഖനമായി കരുതരുത്, ഒരു അഭ്യുദയകാംക്ഷിയുടെ കരുതല്‍ ആയി മാത്രം കരുതിയാല്‍ മതി.

എന്ന് സ്വന്തം
ഹരിപ്രസാദ്

അബ്ബാസ് ഭായുടെ പിറന്നാളാ

അബ്ബാസ് ഭായുടെ പിറന്നാളാണ് എന്ന് സുക്കര്‍ബര്‍ഗിനു വരെ മനസ്സിലായിക്കാണും എന്നാണു തോന്നുന്നത്. കാരണം, അത്രത്തോളം ഉണ്ട് ആശംസപ്രവാഹം. ചിലപ്പോ അങ്ങേര് ഇതിനെക്കുറിച്ച് ഒരു കേസ് സ്റ്റഡി തന്നെ നടത്താന്‍ സാധ്യതയുണ്ട്. കട്ടിയേറിയ പദസമ്പത്തോ, ചടുലതയോടെയുള്ള വാക്ചാതുര്യമോ, അക്ഷരത്തെറ്റുകള്‍ വരുത്താത്ത കുറിപ്പുകളോ ഇതൊന്നുമില്ലാതെ എങ്ങനെ ഒരു സാധാരണക്കാരന് ആയിരങ്ങളുടെ പ്രീതി പിടിച്ചു പറ്റാന്‍ കഴിഞ്ഞു. ഇതായിരിക്കും കേസ് സ്റ്റഡിക്ക് ആധാരം.

അതിനുള്ള കാരണവും ഒരിക്കല്‍ അബ്ബാസ്‌ ഭായ് പറഞ്ഞിരുന്നതായ് ഞാന്‍ ഓര്‍ക്കുന്നു, "ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ ഒരിക്കലും എന്നെ പരിഗണിക്കരുത്, ഞാന്‍ വര്‍ത്താനം പറയാനാണ് എഫ് ബിയില്‍ വന്നത്, ഒറ്റയ്ക്കിരുന്ന് പറഞ്ഞു മടുത്തപ്പോള്‍, കേള്‍ക്കാന്‍ ആള്‍ക്കാര്‍ ഇല്ലാതായപ്പോള്‍ അത് കുത്തിക്കുറിക്കാന്‍ തുടങ്ങി, നിങ്ങള്‍ വായിക്കാന്‍ തുടങ്ങി, അങ്ങിനെ ഞാനും എഴുതി തുടങ്ങി."

പക്ഷെ ഞാനറിയുന്ന അബ്ബാസ് ഒരു എഴുത്തുകാരന്‍ മാത്രമല്ല, നല്ലൊരു മനുഷ്യസ്നേഹിയും കൂടിയാണ്, കുറെ പേര്‍ക്ക് അത് അറിയുകയും ചെയ്യാം. ഒരിക്കല്‍ എന്നെ വിളിച്ച് ഒരാളുടെ കാര്യം പറഞ്ഞു. കിടന്ന ഇടത്തുനിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത ഒരു വ്യക്തിയെ സഹായിക്കാന്‍ വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യണം. കുറച്ചു കാശ് സംഘടിപ്പിച്ച് കൊടുക്കാം എന്നതിലുപരി എങ്ങിനെ അയാള്‍ക്കൊരു സ്ഥിരമായ വരുമാന മാര്‍ഗം ഉണ്ടാക്കി കൊടുക്കാം എന്നായിരുന്നു സംഭാഷണത്തിന്‍റെ ഇതിവൃത്തം. പിന്നീട് അതിനൊരു തീരുമാനം ആകുന്നത് വരെ അതിനെക്കുറിച്ച് അല്ലാതെ മറ്റൊരു സംവാദവും ഞങ്ങളുടെ ഇടയില്‍ നടന്നില്ല.

ഏതെങ്കിലും ഒരു സന്നദ്ധസംഘടനയില്‍ ഒതുങ്ങി നില്‍ക്കാതെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒത്തിരി പേരെ ഉള്‍പ്പെടുത്തി കുറെയേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ്‌ അബ്ബാസ്‌ ഭായ്. ഇതില്‍ പങ്കാളികളായ ഏകദേശം നൂറോളം വ്യക്തികളെ എനിക്കറിയാം. ഇതുപോലെ സഫലീകരിച്ച അല്ലെങ്കില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു പത്തോളം സഹായ പ്രവര്‍ത്തികളും എനിക്കറിയാം.

അതുകൊണ്ടാണ് എനിക്ക് തോന്നുന്നത്, വെറും എഴുത്ത് കൊണ്ട് മാത്രമല്ല ഈ കുബ്ബൂസിന്‍റെ കാമുകന്‍ മനുഷ്യമനസ്സുകളില്‍ ഇടം നേടിയത്, മറിച്ച്, വേദനിക്കുന്നവരുടെ ഇടയില്‍, തിരസ്കരിക്കപ്പെട്ടവരുടെ ഇടയില്‍, ഒരു സാന്ത്വനത്തിന്‍റെ തിരിനാളമായി അവര്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ത്തെഴുന്നേറ്റു വന്ന ഒരാളായതു കൊണ്ടാണ് ഈ മനുഷ്യന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറിയത്.

ഒരു കാര്യം ഉറപ്പാണ്‌, കാഞ്ഞിരപ്പുഴയുടെ പേരിലെ കാഞ്ഞിരത്തിന്‍റെ കയ്പ്പ് മാറ്റാനാണ് മധുരമുള്ള ഒരു ജന്മം ആ തീരത്ത് പിറന്നു വീണത്, ഹാപ്പി ബര്‍ത്ത് ഡേ ബ്രോ ... വി ഓള്‍ ലവ് യു .. ♥

ഓര്‍വെല് - സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍

ഓര്‍വെല്ലിനെ ഓര്‍മ്മയില്ലേ .. എന്നോട് പഞ്ച പിടിക്കാന്‍ വന്നിട്ട് അവസാനം ഒടിഞ്ഞ കൈയ്യുമായി തിരിച്ചു പോയ ആ പാവം ചെക്കന്‍. അതെ .. രാവിലെ ഞാന്‍ ഇട്ട ഫോട്ടോയിലെ ആ പാവം പയ്യന്‍, അവന്‍ തന്നെ. അവനെ കുറിച്ചൊരു സംഭവം പറയാം. 

ആള്ടെ വീട് വയനാട്ടിലെ തലപ്പുഴയിലാണ്, മാനന്തവാടിക്കടുത്ത്. ലവന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. വെക്കേഷനില്‍ അല്ലറ ചില്ലറ ഹോബികളിലൂടെ കാശ് ഉണ്ടാക്കും , ഒരു വര്‍ഷത്തേക്കുള്ള പോക്കറ്റ് മണി സമ്പാദിക്കല്‍ ആണ് ഉദ്ദേശം.

ഒന്‍പതാം ക്ലാസിന്‍റെ വെക്കേഷന്‍, എന്തേലും പുതിയത് ചെയ്യണം എന്ന തീരുമാനത്തിലാണ് കക്ഷി. അപ്പോഴാണ്‌ ഐഡിയ ഉദിച്ചത്. എന്തുകൊണ്ട് പക്ഷികളെ വളര്‍ത്തിക്കൂടാ. എന്നിട്ട് അതിനെ മുട്ടയിടീച്ച് വിരിയിച്ച് വില്‍ക്കാം, കാശുകാരനാകാം. നമ്മുടെ മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം.

പക്ഷെ, കോഴിയും താറാവുമൊന്നും വേണ്ട, നല്ല അടിപൊളി വളര്‍ത്തു പക്ഷികള്‍ തന്നെ വേണം. അങ്ങിനെ ആള് പക്ഷിക്കടയില്‍ പോയി. കൈയ്യിലുള്ള അഞ്ഞൂറു രൂപയ്ക്ക് അവിടുന്ന് കുറച്ചു ലവ് ബേര്‍ഡ്സിനെയും വാങ്ങിച്ചു വീട്ടിലേക്ക് കൊണ്ടു വന്നു. കൂടെ കൊമ്പ്ലിമെന്റ്ററിയായി കിട്ടിയ രണ്ടു കുഞ്ഞു വെള്ളരിപ്രാവുകളും.

പക്ഷെ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു, ഒരാഴ്ച്ചക്കുള്ളില്‍ ലവ് ബേര്‍ഡ്സ് എല്ലാം വസൂരി പോലെ എന്തോ വന്നു ചത്തു. കൂട്ടില്‍ ബാക്കിയുള്ളത് ഇനി ആ വെള്ളരി പ്രാവുകള്‍ മാത്രം. കിംകര്‍ത്തവ്യ വിമൂഡനായി കക്ഷി പക്ഷികളെയും നോക്കി സ്വപ്‌നങ്ങള്‍ റിവൈന്‍ഡ്‌ അടിക്കാന്‍ തുടങ്ങി. ഹും, എന്തൊക്കെയായിരുന്നു, ചാക്കോ ചേട്ടന്‍റെ കടയില്‍ നിന്നും ഡെയിലി പൊറോട്ടയും ബീഫും, പെടിക്കടയില്‍ നിന്ന് സിപ്പപ്പും, ഒരു കൊല്ലം അര്‍മ്മാദിക്കാം എന്ന് വിചാരിച്ചതാ, എല്ലാം പോയി.

പക്ഷെ, അപ്പോഴാണ്‌ ഭാഗ്യദേവത സൈക്കിളും ചവിട്ടി വന്നത്. അവിടുത്തെ പഞ്ചായത്ത് മെമ്പറുടെ രൂപത്തില്‍.

"ഡാ .. നിന്‍റെ പ്രാവുകളെ വേണായിരുന്നു. ഒരെണ്ണത്തിനു നൂറു രൂപ വെച്ച് തരാം, മന്ത്രിയുടെ സമാധാന റാലിയില്‍ പറത്തി വിടാനാ"

"നൂറു രൂപയോ.. രണ്ടിനും കൂടെ അഞ്ഞൂറ് തരാമെങ്കില്‍ എടുത്തോ .. ഇല്ലേല്‍ പറ്റില്ല .. "
അവസാനം രണ്ടുപേരും കൂടെ പേശി പേശി സംഭവം മുന്നൂറില്‍ ഉറപ്പിച്ചു.

"ഹും .. മുന്നൂറെങ്കില്‍ മുന്നൂറ് .. എന്തേലും കിട്ടിയല്ലോ .. അത് മതി." ഓര്‍വെല്‍ ആത്മഗതം പറഞ്ഞു.

"എന്നാ .. നീ ഇതിനേം കൊണ്ട് നാളെ സ്കൂള്‍ ഗ്രൌണ്ടിലേക്ക് വാ .. കാശ് അവിടുന്ന് തരാം" ഇത്രേം പറഞ്ഞു കൊണ്ട് മെമ്പര്‍ സ്ഥലം കാലിയാക്കി.

കൃത്യ സമയത്ത് തന്നെ പരിപാടി തുടങ്ങി, ഓര്‍വെല്‍ പ്രാവുകളെ കൈ മാറി. കാശും വാങ്ങി വീട്ടില്‍ എത്തി. ലവ് ബേര്‍ഡ്സും ഇല്ല പ്രാവുകളും ഇല്ല, പൊറോട്ടയും ഇല്ല സിപ്പപ്പും ഇല്ല.

ഇങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോള്‍ അതാ, ......അതാ പറന്നു വരുന്നു രണ്ടു പ്രാവുകള്‍. നേരത്തെ പറത്തിവിട്ട അതെ പ്രാവുകള്‍, കൊമ്പ്ലിമെന്ടറിയായി കിട്ടിയ അതെ പ്രാവുകള്‍, മുന്നൂറു രൂപയ്ക്ക് വിറ്റ അതെ പ്രാവുകള്‍, സമാധാനത്തിന്‍റെ സന്ദേശവുമായി പറന്നുയര്‍ന്ന അതെ പ്രാവുകള്‍. അത് കുറച്ചു നേരം മുറ്റത്തു കൂടെ പറന്നു നടന്നു കൂട്ടില്‍ കയറി.

ഓര്‍വെല്ലിന് ഗുട്ടന്‍സ് പിടികിട്ടി. കൂട്ടിലടച്ച് വളര്‍ത്തിയ പ്രാവുകളെ എത്ര പറത്തിവിട്ടാലും അത് അവസാനം കൂടും തേടി വരും. അങ്ങനെ കക്ഷിക്ക് ഒരു പുതിയ ബിസിനസ് ഐഡിയ ഉദിച്ചു. ഒരു ബോര്‍ഡും വീടിന്‍റെ മുന്നില്‍ തൂക്കിയിട്ടു:

" സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ വില്‍ക്കപ്പെടും, ജോടിക്ക് ഇരുന്നൂറ് ഒണ്‍ലി, ഫ്രീ ഹോം ഡെലിവറി"

അങ്ങിനെ വെക്കേഷന്‍ കഴിയുമ്പോഴേക്കും കക്ഷി ഇതുങ്ങളെ ഒരു ഇരുപത് പ്രാവശ്യം പറത്തിവിട്ട് കാശുകാരനുമായി. 

ഫെമിനിസവും തെങ്ങും

ഞങ്ങളുടെ വീട്ടില് ആകെക്കൂടിയുള്ളത് മൂന്നു തെങ്ങുകളാണ്. അതിൽ ഒരെണ്ണത്തിനാണെങ്കിൽ മണ്ടയുമില്ല. അപ്പൊ കായ്ച്ചിരുന്നത് വെറും രണ്ടെണ്ണം. ഈ രണ്ട് തെങ്ങിൽ നിന്ന് ഏറിപ്പോയാൽ കിട്ടുന്നത് എണ്ണിച്ചുട്ടപ്പം പോലെ മാസത്തിൽ പത്തു തേങ്ങ. അതുകൊണ്ട് തന്നെ ഈ തെങ്ങുകൾ കൊണ്ട് വലിയ ഉപകാരമൊന്നുമില്ല. 

എങ്കിലും കല്പവൃക്ഷമല്ലേ, അതും സ്വന്തം പറമ്പിലെ, തേങ്ങയെ അവഗണിച്ചാൽ ഇനി തെങ്ങ് ശപിക്കുമോ എന്ന പേടി കാരണം എല്ലാ മാസവും തേങ്ങ ഇടും, ഞാനല്ല, നാരയണേട്ടൻ.

സംഗതി ഇതല്ല ... ഈ നാരയണേട്ടൻ കാരണം ഇപ്പൊ ആകെയൊരു സംശയം, അങ്ങേര് മാത്രമാണോ ഞങ്ങടെ നാട്ടിലെ ഒരേയൊരു ആണ്‍തരി, കാരണം പുളളി ഏകദേശം പത്തിരുപത്തിയഞ്ച് പറമ്പുകളിൽ തേങ്ങയിടാൻ ചെല്ലുമായിരുന്നു. മറ്റാണ്ങ്ങൾ ആരും ആ വീട്ടിലെ
സ്ത്രീകളെ പോലെത്തന്നെ തെങ്ങിൽ കയറാറില്ലല്ലോ. പിന്നെ വേറെ എന്ത് പോംവഴി, നാരയണേട്ടൻ തന്നെ ശരണം അയ്യപ്പൻ.

ഈ കണ്ഫ്യൂഷൻ മാറ്റാൻ ഇനി ഒറ്റ വഴിയെ ഉളളൂ, നേരെ നാട്ടിലേക്ക് വിടണം, എന്നിട്ട് വെറ്റിലയും അടയ്ക്കയും വെച്ചിട്ട് ആ മനു മഹേശ്വരന്റെ ശിഷ്യത്വം സ്വീകരിക്കണം, മറ്റ് തെങ്ങുടമസ്ഥരെ കൊണ്ടും ചെയ്യിപ്പിക്കണം, കാരണംആണത്തത്തിൻറെ ലക്ഷണം തെങ്ങുക്കയറ്റംആണല്ലോ.

ഇനി അഥവാ തെങ്ങുക്കയറ്റംപഠിക്കാൻ പറ്റിയില്ലെങ്കിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ടോക്കണ്‍ എടുക്കണം. ഇല്ലെങ്കിൽ ആണുങ്ങളുടെ സംരക്ഷകർ നമ്മളെ ബാക്കി വെക്ക്വോ

ഇരുവഴിഞ്ഞിപുഴയുടെ തീരത്ത്

ഇരുവഴിഞ്ഞിപുഴയ്ക്ക് ഇന്നും പറയാൻ പഴയൊരു പ്രണയ കഥയുണ്ട്. മുക്ക'ത്തെ കണ്ണിലുണ്ണിയായ മൊയ്തീന്‍റെ കഥ. അവനെ സ്നേഹിച്ച കാഞ്ചനയുടെ കഥ. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ വിരിഞ്ഞ ഒരു അനശ്വര പ്രണയത്തിന്‍റെ കഥ. 
--------------------
ഓർമ്മ വെച്ച നാൾ മുതൽ കാഞ്ചനയ്ക്ക് മൊയ്തീനെ അറിയാം, മൊയ്തീന് കാഞ്ചനയെയും. തന്‍റെ ബാല്യകാലസഖി എപ്പോൾ തന്‍റെ പ്രണയിനി ആയെന്നു മോയ്തീനിനു നിശ്ചയമില്ല, പക്ഷെ പ്രണയം മൊട്ടിട്ടത് ആദ്യം ആ ഹൃദയത്തിൽ തന്നെയാണ്. അത് അവളോട്‌ പറഞ്ഞത്, താൻ അവള്ക്ക് വായിക്കാൻ കൊടുത്ത കവിതാസമാഹാരത്തിലെ പ്രണയവാചകങ്ങൾ അടിവരയിട്ടു കൊടുത്തു കൊണ്ടായിരുന്നു. പിന്നീട്, കൈമാറിയ പുസ്തകങ്ങളിക്കിടയിലെ പ്രണയലേഖനങ്ങൾക്ക് അവളും മറുപടി നൽകി തുടങ്ങി.

കാഞ്ചനയുടെ അച്ഛൻ കൊറ്റങ്ങൽ അച്യുതനും, മൊയ്തീന്‍റെ വാപ്പ ഉള്ളാട്ടിൽ ഉണ്ണി മൊയ്തീൻ സാഹിബും നാട്ടിലെ വലിയ പ്രമാണികളാണ്, അത് പോലെ തന്നെ സുഹൃത്തുക്കളും. എന്നിരുന്നാലും, ഒരിക്കലും തങ്ങളുടെ വിവാഹത്തിന് അവർ സമ്മതിക്കില്ല എന്ന് രണ്ടു പേർക്കും അറിയാമായിരുന്നു.

പക്ഷെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ രണ്ടു പേരുടെയും വീട്ടിൽ കാര്യങ്ങൾ അറിയുകയും, രണ്ടു കുടുംബങ്ങൾ രണ്ടു ധ്രുവങ്ങളിൽ ആകുകയും ചെയ്തു. അതോടുകൂടി രണ്ടു പേർക്കും തമ്മിൽ കാണാൻ പറ്റാത്ത അവസ്ഥയായി. കാഞ്ചന വീട്ടുതടങ്കലിലും, മൊയ്തീന്‍റെ ഇടംവലം നിരീക്ഷകരും.

തമ്മിൽ കാണാൻ പറ്റില്ലെന്നുറപ്പായാതോടുകൂടെ രണ്ടു പേരും ഒരു കാര്യം തീരുമാനിച്ചു, ഇനി ഒരുമിച്ചു ജീവിക്കാൻ പറ്റുന്ന കാലം വരെ കത്തുകളിലൂടെ ബന്ധം തുടരാം. തന്‍റെ തറവാട്ടിലെ വിശ്വസ്തയായ ഒരു വേലക്കാരി മുഖേന കത്തുകൾ കൈമാറാൻ തുടങ്ങി. അത് മറ്റാരും വായിക്കാതിരിക്കാൻ അവർ ഒരു പുതിയ രീതി കണ്ടുപിടിച്ചു. അക്ഷരങ്ങൾ തിരിച്ചും മറിച്ചുമുള്ള പുതിയ വാക്കുകൾ. തങ്ങളുടേതായ പുതിയ ഭാഷ. തമ്മിൽ കാണാതെ, ഒരു വാക്ക് പോലും ഉരിയാടാതെ, അവർ പ്രണയ ലേഖനങ്ങൾ കൈമാറി.

നീണ്ട പത്തു വർഷം. ഇതിനിടയിൽ അവൾക്ക് വരുന്ന ആലോചനകൾ അവളാൽ കഴിയുന്നത് അവളും മറ്റുള്ളത് മൊയ്തീനും മുടക്കി കൊണ്ടിരുന്നു.

ഈ കാലയളവിൽ മൊയ്തീൻ മുക്കത്തെ അറിയപ്പെടുന്ന ഒരു കലാകായികപ്രേമിയായ സാമൂഹിക പ്രവർത്തകനായി വളർന്നു. സ്വന്തം നാട്ടുക്കാര്‍ക്കു വേണ്ടി അവൻ നല്ലൊരു ക്ലബും വായനശാലയും തുടങ്ങി. പക്ഷെ, അന്യമതസ്ഥയായ പെണ്‍കുട്ടിയുമായുള്ള പ്രണയം അവനെ കുടുംബത്തിൽ നിന്ന് തിരസ്കൃതനാക്കി. സ്വന്തം പിതാവ് തന്നെ അവനെതിരെ വധഭീഷണി മുഴക്കി. മകനോടുള്ള വെറുപ്പും വിദ്വേഷവും അണപൊട്ടിയൊഴുകി. ഒരു ദിവസം കവലയിൽ ചെന്ന് അരയിലുള്ള കത്തിയൂരി ആ അച്ഛന്‍ മകനെ ആഞ്ഞാഞ്ഞ് കുത്തി.

"എന്‍റെ മകനെ ഞാൻ തന്നെ കുത്തികൊന്നു. അവൻ നാടിനു തന്നെ ദോഷമാണ്. എന്നെ അറസ്റ്റ് ചെയ്തോളൂ " മൊയ്തീൻ സാഹിബ് പോലീസ് സ്റ്റേഷനിൽ സ്വയം സറണ്ടർ ചെയ്തു. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു. കാഞ്ചനയെ വീട്ടുകാർ ഒരു മുറിയിൽ പൂട്ടിയിട്ടു. ആത്മഹത്യ ചെയ്താലോ എന്ന് ഭയന്ന് കൂടെയോരാളെയും നിർത്തി. അപ്പോഴും കാഞ്ചന പറഞ്ഞു " ഇല്ല, എന്റെ മൊയ്തീൻന് ഒരാപത്തും വരില്ല. ഞങ്ങൾ ഒരുമിച്ചു ജീവിക്കും."

പിറ്റേ ദിവസം വാർത്ത വന്നു. കാഞ്ചനയുടെ പ്രാർത്ഥന ദൈവം കേട്ടു. മൊയ്തീൻ അപകടനില തരണം ചെയ്തു. മരണത്തെ കീഴടക്കിയ പുതിയ ശക്തി ആ രണ്ടു ഹൃദയങ്ങൾക്കും കൂടുതൽ കരുത്ത് നൽകി. എന്തിനെയും സഹിക്കാനും നേരിടാനുമുള്ള കരുത്ത്. ആഴ്ചകൾക്കകം അയാൾ നാട്ടുകാരുടെ കാര്യങ്ങളിൽ സജീവമായി. പൂർവ്വാധികം ശക്തിയോടെ. ആ കാലയളവിൽ അയാൾ അവിടെ ഒരു ഫുട്ബാൾ ടൂർണമെന്റ് നടത്തി. കോഴിക്കോട് അന്നേ വരെ കാണാത്ത വലിയ ടൂർണമെന്റ്. പലയിനം പരിപാടികളിൽ സിനിമ താരങ്ങളെ പങ്കെടുപ്പിച്ചു. രണ്ടു സിനിമകൾ നിർമ്മിച്ചു. വായനശാലയുടെ പ്രവർത്തനം ചടുലമാക്കി. യുവാക്കളെ സാഹിത്യ സംവാദങ്ങളിൽ പങ്കെടുപ്പിച്ചു.

മാസങ്ങൾ വർഷങ്ങളായി. മോയ്തീന്‍നു നാല്‍പ്പത്തിനാല് വയസ്സ്, കാഞ്ചനയ്ക്ക് നാല്പ്പത്തിയൊന്നും.

1982 ലെ ഒരു പെരുമഴക്കാലം. കൃത്യമായി പറഞ്ഞാൽ ജൂലൈ 15. ഇരുവഴിഞ്ഞിപുഴ കരകവിഞ്ഞൊഴുകയായിരുന്നു. അന്ന് ഒരു ഉച്ചയായപ്പോഴേക്കും കടവിൽ നിറയെ ആൾക്കാർ. പുഴയിൽ തലകീഴെ മറിഞ്ഞൊരു വഞ്ചിയും. ഒരാൾ രണ്ടുപേരെയും കൊണ്ട് നീന്തി കരയിലേക്ക് വരുന്നു. " ഹോ, ഭാഗ്യം മൊയ്തീൻ ഉണ്ടായിരുന്നത് കൊണ്ട് രക്ഷയായി" ഏതോ ഒരു സ്ത്രീ സന്തോഷം പ്രകടിപ്പിച്ചു.

രണ്ടു പേർ കൂടി പുഴയിലേക്ക് എടുത്തു ചാടി. മറ്റുള്ളവർ ആള്‍ക്കാരെ കരയിലേക്ക് കയറ്റാൻ സഹായിച്ചു. എല്ലാവരെയും കരയ്ക്കടുപ്പിച്ചതിനു ശേഷം തിരിച്ചു കയറാൻ നോക്കുമ്പോൾ, അതാ ഒരാൾ വഞ്ചിയിൽ പിടിവിടാതെ. മൊയ്തീൻ വീണ്ടും എടുത്തു ചാടി. പക്ഷെ അയാളുടെ കൈകാലുകൾ കുഴഞ്ഞിരുന്നു. അടിയോഴുക്കിനെ തടയാനും ആകുന്നില്ല. എല്ലാവരും നോക്കി നില്‍ക്കെ, ഇതാ തങ്ങളുടെ പ്രിയ സ്നേഹിതൻ മുങ്ങി താഴുന്നു. ഒരിക്കലും ഉയര്‍ന്നു വരാൻ കഴിയാത്ത കയത്തിലേക്ക്. അങ്ങനെ ഇരുവഴിഞ്ഞിപുഴ അവനെയും കൊണ്ടുപോയീ.

കാഞ്ചന ഈ വിവരം അറിയുന്നത് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ്, മരവിച്ച ആ ശരീരം കരയിൽ അടിഞ്ഞപ്പോൾ!!

അത്മഹത്യക്ക് ശ്രമിച്ച് ബോധം തെളിയുമ്പോൾ അവര്‍ ഒരു ആശുപത്രി കിടക്കയിലാണ്. ഒരു ഭ്രാന്തിയെപ്പോലെ അവര്‍ അലറാൻ തുടങ്ങി. ഒന്നു സമാധാനിപ്പിക്കാൻ എല്ലാവരുമാവതു ശ്രമിച്ചു. പക്ഷെ മരണം മാത്രമേ അവളുടെ മുന്നിലുള്ളൂ എന്ന് അവൾ തീർപ്പെഴുതി. വേദന സംഹാരികളായി കൊടുത്ത ഉറക്കുഗുളികകൾ അവൾ കൂട്ടി വെച്ചു. പതിനഞ്ചാമത്തെ ദിവസം എല്ലാം ഒരുമിച്ചു കഴിക്കാം. അവൾ തീരുമാനിച്ചു കാരണം അവളുടെ മൊയ്തീൻ അവള്‍ക്കായ് കാത്തിരുപ്പുണ്ട്. മറ്റൊരു ലോകത്ത്. മരണമില്ലാതൊരു ലോകത്ത്.

പക്ഷെ വീണ്ടും കാത്തിരിപ്പിന്‍റെ നാളുകളായിരുന്നു അവര്‍ക്ക് വിധിച്ചിരുന്നത്. പിറ്റേ ദിവസം അവളെ കാണാൻ വന്നത്, മറ്റാരുമല്ല, തന്‍റെ മോയ്തീനിന്‍റെ ഉമ്മയായിരുന്നു.
" മോളെ, നീ ഞങ്ങളോടെല്ലാവരോടും ക്ഷമിക്കൂ, നിങ്ങളുടെ സ്നേഹം കാണാത്ത, മനസ്സിലാക്കാത്ത, ഞങ്ങളുടെ ശിക്ഷ നീ എന്തിനു ഏറ്റുവാങ്ങണം. ഇവളെ ഞാൻ കൊണ്ട് പോകുവാണ്. ഞങ്ങളുടെ മകളായിട്ടു, അല്ല എന്‍റെ മകന്‍റെ ഭാര്യയായിട്ട്‌, അല്ല ഇവളുടെ മൊയ്തീന്‍റെ വീടരായിട്ട്. അവൻ നിർത്തി വെച്ചയിടതിന്നു നീ ഇനി എല്ലാം നോക്കി നടത്തണം. നിന്‍റെ ഭർത്താവ് ആഗ്രഹിച്ചതെല്ലാം നീ പൂർത്തീകരിക്കണം "

കാഞ്ചനയ്ക്കത് നിരസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ എല്ലാവരും നോക്കി നില്‍ക്കെ അവൾ, ആ അമ്മയുടെ കൂടെ തന്‍റെ മൊയ്തീന്‍റെ വീട്ടിലേക്ക് പോയി.
_______________________________
ഇന്നും ഈ എഴുപത്തിമൂന്നാം വയസ്സിലും ആ സ്ത്രീ അവിടെ ജീവിക്കുന്നു. തന്‍റെ കാന്തന്‍റെ ഓർമ്മ നിലനില്‍ക്കുന്ന ബി.പി.മൊയ്തീൻ സേവ മന്ദിർ എന്ന ജീവകാരുണ്യ കേന്ദ്രത്തിന്‍റെ നെടുംതൂണായി. എന്‍റെ ഒരു പത്രപ്രവർത്തക സുഹൃത്തിനോടൊപ്പം എനിക്കും ഒരിക്കൽ ഈ ചിരപ്രേയസിയെ പരിചയപെടാനുള്ള ഭാഗ്യം ഉണ്ടായി. എങ്ങനെ ഇതിനു സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഒരു പ്ലാസ്റ്റിക്‌ കവര്‍ എടുത്തു കൊണ്ട് വന്നു തുറന്നു.
" ഇത് മൊയ്തീന്‍റെ കത്തുകളാണ്. തുറന്നു നോക്കികോളൂ, ( ഒരു ചെറു ചിരി ), പക്ഷെ നിങ്ങള്‍ക്ക് വായിക്കാൻ പറ്റില്ല, ഇത് ഞങ്ങളുടെ ലിപിയാ. ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയത്."
അപ്പോൾ, ആ കണ്ണുകളിൽ ഞാൻ കണ്ടത് സങ്കടം അല്ലായിരുന്നു. മറിച്ച്, ഒരു പ്രത്യാശയായിരുന്നു. ഒരിക്കലും പിരിക്കാൻ പറ്റാത്ത ലോകത്ത് ഒരുമിക്കാൻ പോകുന്നു, എന്ന പ്രത്യാശ

റാഗിംഗ് - അവസാന ഭാഗം

"എല്ലാരും തീവണ്ടി ബോഗികള്‍ പോലെ തോളില്‍ കൈ വെച്ച് വരിവരിയായി നിന്നേ ... " വര്‍ക്കി എന്ന് വിളിക്കുന്ന ഷിനു വര്‍ഗീസ്‌ എന്ന സീനിയര്‍ ആജ്ഞാപിച്ചു. അപ്പോഴും കിട്ടിയ അടിയുടെ തരിപ്പ് ഇതുവരെ മാറിയില്ലായിരുന്നു.

ചുവന്ന അണ്ടര്‍വെയര്‍ ഇട്ട നവീനാണ് എഞ്ചിന്‍. തൊട്ടു പുറകിലായി കറുത്തതിട്ട പ്രവീണും നിഖിലും. അതിന്‍റെ പിറകില്‍ ഒരു ഘോഷയാത്ര തന്നെയായിരുന്നു. നീലയിട്ട അഞ്ചുപേര്‍. അലന്‍, തോമസ്‌, ആഷിക്, ഷിജു, പിന്നെ ഞാനും. മഞ്ഞയിട്ട വിപിനു ശേഷമായിരുന്നു അവസാന ബോഗിയായി പച്ചയിട്ട റോഷന്‍.

തീവണ്ടി ചൂളം വിളിച്ചു യാത്ര തുടങ്ങി. ഒന്നുരണ്ടു റൌണ്ട് റൂമിലൂടെ കറങ്ങിയത്തിനു ശേഷം സ്റ്റേഷന്‍ വിടാന്‍ പറഞ്ഞു, റോട്ടിലേക്ക്. എഞ്ചിന്‍ കരയാന്‍ തുടങ്ങി. അതു കണ്ട് സീന്‍ വഷളാക്കണ്ട എന്ന് കരുതി സീനിയേര്‍സ് പ്ലാന്‍ മാറ്റി.

"എന്നാ ഇവന്‍മാരെ കൊണ്ട് ബ്ലൂ ഫിലിം എടുക്കാം" ദീപക് ആയിരുന്നു അത് സജസ്റ്റ് ചെയ്തത്. മറ്റു സീനിയേര്‍സും ഓക്കേ പറഞ്ഞു. ഞങ്ങളെല്ലാവരും മുഖത്തോട് മുഖം നോക്കി. ചിലരുടെ മുഖത്ത് നാണം ചിലരുടെ മുഖത്ത് പേടി. നീല വസ്ത്രധാരികള്‍ അഭിനേതാക്കളായി തീരുമാനിക്കപ്പെട്ടു.

കെട്ടിപ്പിടിച്ചു ബെഡ്ഡിലേക്ക് മറിയേണ്ട രംഗം ആയിരുന്നു ഷൂട്ട്‌ ചെയ്യേണ്ടിയിരുന്നത്. ആഷിക്കും ഷിജുവുമായിരുന്നു ആദ്യ ജോഡികള്‍. ഷിജു ആണും ആഷിക്ക് പെണ്ണും. രണ്ടുപേരും നിലത്തു കിടന്നു. മാക്സിമം ഡിസ്ടന്‍സ് വെച്ചിട്ട് കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിച്ചു എന്ന് പറയാന്‍ പറ്റൂല്ല, തോളില്‍ കൈ വെച്ച് മുഖത്തോട് മുഖം നോക്കി വെറുതെയങ്ങ് കിടന്നു.

"ഇതെന്താടോ അടൂരിന്‍റെ ബ്ലൂ ഫിലിമോ" ഏതോ ഒരു സീനിയര്‍ കലി തുള്ളി. "നീയൊന്നും ഇതുവരെ ബ്ലൂഫിലിം കണ്ടിട്ടില്ലേ ..."

ഇല്ല എന്ന് ആഷിക്ക് ദയനീയ ഭാവത്തോടെ തലകൊണ്ട് ആംഗ്യം കാട്ടി.

"അതെന്താടോ .. "
"വീട്ടില്‍ ആരും കാണാന്‍ സമ്മതിക്കൂല്ല" .. പെട്ടെന്നുള്ള അവന്‍റെ ആ മറുപടിയില്‍ ഞങ്ങള്‍ക്കും ചിരി പൊട്ടി.

"എന്നാ പിന്നെ നിനക്ക് അച്ഛന്‍റെയും അമ്മേടെയും ബെഡ്റൂമിലേക്ക് ഒളിഞ്ഞു നോക്കിയാല്‍ പോരെ .." സീനിയര്‍ വര്‍ക്കി ഇതു പറഞ്ഞതും ആഷിക്ക് നിലത്തു നിന്ന് ചാടി എണീറ്റതും ഒരുമിച്ചായിരുന്നു. അടുത്ത നിമിഷം ഞങ്ങള്‍ കണ്ടത് മൂക്കില്‍ നിന്നും ചോര ഒഴുകുന്ന വര്‍ക്കിയെയാണ്.

ഇത്രയും നേരം ഞങ്ങള്‍ ഇതെല്ലാം ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്തു കൊണ്ടിരിക്കുവായിരുന്നു. പക്ഷെ ഇത് വളരെയധികം കൂടിപോയി. വീട്ടുകാരെ തെറിവിളിച്ചു കൊണ്ടുള്ള ഒരു റാഗിങ്ങും വേണ്ട ഒന്നും വേണ്ട. പിന്നെ വൈകിച്ചില്ല. റൂമിന്‍റെ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന ബാറ്റും വിക്കറ്റും ഹോക്കി സ്റ്റിക്കും ഞങ്ങള്‍ കൈക്കലാക്കി.

റൂമില്‍ നല്ല പൊരിഞ്ഞ തല്ല്. ഇടത്തോട്ട് ഓടുന്നവരെ വലത്ത് നിന്ന് പിടിച്ചും, വലത്തോട്ട് ഓടുന്നവരെ ഇടത്തുനിന്ന് പിടിച്ച് അടിയോടടി. അവസാനം നിക്കക്കള്ളി ഇല്ലാതെ അവര്‍ റൂമില്‍ നിന്നും പുറത്തേക്കോടി. ഞങ്ങളും വിട്ടില്ല. അണ്ടര്‍വെയര്‍ധാരികളായ ഞങ്ങളും പിറകെ വെച്ചുപ്പിടിച്ചു.

പിന്നത്തെ അടി റോട്ടില്‍ വെച്ചായിരുന്നു. പക്ഷെ അത് അധികം നേരം നീണ്ടുനിന്നില്ല. ഒരു മിനിറ്റിനുള്ളില്‍ തന്നെ റോന്തുചുറ്റുന്ന പോലീസ്സുകാരെത്തി. ഞങ്ങളെ പിടിച്ചുമാറ്റി, സീനിയെര്‍സിനെ പൊക്കിക്കൊണ്ടു പോയി.

ഈ സംഭവത്തിനു ശേഷം പിന്നീടൊരു മലയാളി റാഗിംഗ് രാമയ്യ കോളേജില്‍ നടന്നില്ല. ഞങ്ങള്‍ ആന്‍റിറാഗിംഗ് സ്ക്വാഡും തുടങ്ങി.

സ്മാള്‍ റെഡ് ഫ്ലവറിന്‍റെ ചെടി

മീരക്കുട്ടി അടുത്തുവന്നു ചിണുങ്ങിക്കൊണ്ടു ചോദിച്ചു, "അപ്പൂപ്പേ, ആ സ്മാള്‍ റെഡ് ഫ്ലവറിന്‍റെ സ്മെല്‍ എങ്ങിനെയാ".ചോദ്യം കേട്ടാല്‍ അറിയാം , താന്‍ ഇപ്പോള്‍ മതിലിന്‍റെ മുകളില്‍ കയറി ആ പൂവ് അവള്‍ക്ക് പറിച്ചുകൊടുക്കണം. അതും അവളുടെ അമ്മ കാണാതെ. അമ്മ കണ്ടാല്‍ നല്ല വഴക്കു കേള്‍ക്കേണ്ടിവരും. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അപ്പൂപ്പനെക്കൊണ്ട് മതിലുകയറ്റി എന്ന് പറഞ്ഞ് കണക്കിനു കിട്ടിയതാ അവള്‍ക്ക്.

"വയ്യാതിരിക്കുന്ന ആളാ... അതില്‍ നിന്നെങ്ങാനം ഉരുണ്ടുപ്പിടച്ചു വീണാല്‍ ആരുണ്ട് നോക്കാന്‍... കൊച്ചുമോളുടെ ഓരോ വാക്കും കേട്ട് അങ്ങ് ഇറങ്ങിത്തിരിച്ചോളും..."

അല്ലേലും ലക്ഷ്മിക്ക് പണ്ടേ പൂക്കളെ ഇഷ്ടമല്ല. അവളുടെ അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. രണ്ടുപേരുടെയും ഇഷ്ടക്കേടിന്‍റെ കാരണം ഒന്നുതന്നെ. തനിക്ക് ഈ പനിനീര്‍ച്ചെടിയോടുള്ള ഇഷ്ടം. തന്‍റെ ഒറ്റച്ചെടിയോടുള്ള ആ ഇഷ്ടം അവരെ പൂക്കളുടെ വര്‍ഗ്ഗത്തെ തന്നെ പൂര്‍ണ്ണമായി വെറുക്കാന്‍ കാരണമാക്കി. ആ വെറുപ്പാണ് ഇപ്പോള്‍ കൊച്ചുമകളിലും ഉണ്ടാക്കാന്‍ അവള്‍ ശ്രമിക്കുന്നത്.

നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളെ താലോലിച്ചു നടക്കുന്ന ആളാണത്രേ താന്‍. "അച്ഛനു വേറെ പണിയൊന്നും ഇല്ലേ .. പോകുന്നിടത്തൊക്കെ ഇതിന്‍റെ തണ്ടും പൊട്ടിച്ചോണ്ടു പോകാന്‍". അഞ്ചു വര്‍ഷം മുന്‍പ് ഈ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ അവള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു ഈ നഷ്ടപ്രണയത്തിനോടുള്ള അനിഷ്ടം.

പലപ്പോഴും താന്‍ ചിന്തിച്ചിട്ടുണ്ട്, പ്രണയം നഷ്ടപ്പെടുമോ, അല്ലെങ്കില്‍ അതില്‍ നേട്ടവും കോട്ടവുമുണ്ടോ. പ്രണയിച്ച ആളെ കല്യാണം കഴിക്കുക, ഒരുമിച്ചു ജീവിക്കുക, അതില്‍ കുട്ടികള്‍ ഉണ്ടാകുക, അവരുടെ കുട്ടികളെ കളിപ്പിക്കുക്ക, ഇതൊക്കെയാണോ പ്രണയസാക്ഷാത്കാരം.

എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കുറച്ചു നല്ല നിമിഷങ്ങള്‍ .മരിക്കാത്ത കുറേ ഓര്‍മ്മകള്‍ .അല്ലാതെ ഇതിനെ ഇങ്ങനെ വിജയം പരാജയം എന്നൊക്കെ പറയണോ. പ്രണയം യുദ്ധമൊന്നുമല്ലല്ലോ. എഴുതി ജയിക്കേണ്ട പരീക്ഷയും അല്ല. അതൊരു വികാരം അല്ലെ. സങ്കടവും സന്തോഷവും, വേദനയും ഉന്മാദവും, ഇതെല്ലാം കലര്‍ന്ന മനോഹര വികാരം. അതിലെന്ത് നഷ്ടം.

ഇതൊക്കെ താന്‍ എത്ര വട്ടം കമലയോടും ലക്ഷ്മിയോടും പറഞ്ഞതാ. പക്ഷെ അവരുണ്ടോ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. കമലയുടെ കാര്യം മനസ്സിലാക്കാം. ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള പോസസ്സീവ്നെസ്സ്. പക്ഷെ, ലക്ഷ്മിയുടെ കാര്യം അങ്ങിനെയാണോ. അവള്‍ക്ക് സലീമിനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ താന്‍ തന്നെയല്ലേ മുന്‍കൈ എടുത്ത് അത് നടത്തിക്കൊടുത്തത്. താന്‍ ഇല്ലായിരുന്നെങ്കില്‍ അവളുടെ ഭാഷയില്‍ പറയുന്ന പോലെ, അവരുടെ 'പ്രണയം സാക്ഷാത്കരിക്ക'പ്പെടുമായിരുന്നോ. അവള്‍ ചിലപ്പോള്‍ അന്ന് പറഞ്ഞതുപോലെ ആത്മഹത്യ ചെയ്യുമായിരുന്നില്ലേ.

എന്നിട്ടും അവള്‍ ഇപ്പോഴും തന്നെ കുറ്റപ്പെടുത്തുന്നു. നഷ്ടപ്രണയത്തിന്‍റെ അയവിറക്കല്‍ എന്ന് പറഞ്ഞുകൊണ്ട്. ശരി, തന്നെ കുറ്റപ്പെടുത്തിക്കൊള്ളട്ടെ, പക്ഷെ പൂക്കളെ വെറുക്കണോ. പൂ ചോദിക്കുന്ന മകളെ ശകാരിക്കണോ. നാളെ തന്‍റെ കൊച്ചുമകളും പൂക്കളെ വെറുത്തു തുടങ്ങുമോ. അങ്ങിനെയാണെങ്കില്‍ ഈ പനിനീര്‍ച്ചെടിയുടെ തലമുറയെ ആര് മുന്നോട്ട് കൊണ്ടുപോകും. അങ്ങിനെ സംഭവിച്ചാല്‍ അതായിരിക്കില്ലേ താന്‍ തന്‍റെ പനിനീര്‍പ്പൂക്കളുടെ കൂട്ടുകാരിയോട് ചെയ്യുന്ന വിശ്വാസവഞ്ചന.

ജാസ്മിന്റെ നിക്കാഹ് തീരുമാനിച്ചു എന്നറിഞ്ഞ ദിവസം അവള്‍ കൊണ്ടുവന്നതാണ് ഈ പനിനീരിന്‍റെ തണ്ട്. അവളുടെ കൈയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം.

"നന്ദേട്ടാ, നമുക്ക് നമ്മുടെ പ്രണയം തുടരാം, ഈ പനിനീര്‍ ചെടിയിലൂടെ, ഇതില്‍ വിരിയുന്ന ഓരോ പൂക്കളും നമ്മുടെ പ്രണയത്തിന്‍റെ സുഗന്ധം പരത്തും. ഇത് വാടാതെ സൂക്ഷിക്കാം നമുക്ക്. തലമുറകളോളം, ലോകാവസാനം വരെ. ഇതില്‍ വിരിയുന്ന പനിനീര്‍പ്പൂക്കള്‍ പറയട്ടെ, നന്ദനും ജാസ്മിനും ഇന്നും പ്രണയിക്കുന്നു എന്ന്. അങ്ങിനെ തലമുറകളിലേക്ക് നമുക്കിതു കൈമാറാം."

ജാസ്മിന്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ല. അവളുടെ തലമുറകള്‍ ഇത് കൈമാറുന്നുണ്ടോ എന്നും തീര്‍ച്ചയില്ല. പക്ഷെ, തനിക്കിത് തുടര്‍ന്നേ മതിയാകൂ, മീരയുടെ മനസ്സില്‍ പൂക്കളോടുള്ള സ്നേഹം നഷ്ടപ്പെടുത്താതെ സൂക്ഷിച്ചേ മതിയാകൂ, ഈ പനിനീര്‍ച്ചെടിയുടെ തലമുറയെ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ.

തല്‍കാലം ഇപ്പൊ അവള്‍ക്ക് ആ സ്മാള്‍ റെഡ് ഫ്ലവര്‍ പറിച്ചു കൊടുക്കാം, അതിന്‍റെ സ്മെല്‍ ചിലപ്പോ അവള്‍ക്കെങ്കിലും ഇഷ്ടമായാലോ, അങ്ങിനെ അപ്പൂപ്പയുടെ ആ കൂട്ടുകാരിയെയും