Sunday, May 18, 2014

കൈയ്യൊപ്പ്

നാലഞ്ചു കൊല്ലം മുമ്പാണ്. ഏതോ ഒരു ബാങ്ക് ലോണിന്‍റെ കാര്യം ശരിയാകാന്‍ ഞാനും അച്ഛനും കൂടി രാവിലെ തന്നെ വീട്ടില്‍ നിന്നും പുറപ്പെട്ടു. മാനേജര്‍ അച്ഛന്‍റെ സുഹൃത്താണ്. പേപ്പര്‍ എല്ലാം റെഡിയാണ്. ചെന്ന ഉടനെ ഒപ്പിട്ടു കൊടുത്ത് ഞങ്ങള്‍ക്കവിടുന്ന്‍ ഇറങ്ങാം. 

പോകാതിരിക്കാന്‍ ഞാന്‍ കുറെ ഒഴിവു കിഴിവുകള്‍ പറഞ്ഞു നോക്കി. പക്ഷെ നോ രക്ഷ. പണി കിട്ടി എന്ന് ഉറപ്പിച്ചു. അങ്ങനെ ഞങ്ങള്‍ മാനേജരുടെ കാബിനില്‍ എത്തി.

"അച്ഛന്‍ ഒപ്പിട്ടോളൂ...ഞാന്‍ ഇപ്പൊ വരാം .. അക്കൌണ്ടില്‍ എത്ര പൈസയുണ്ടെന്നു നോക്കട്ടെ.." തടി തപ്പാനുള്ള അവസാനത്തെ അടവായിരുന്നു അത്. പക്ഷെ ബാങ്ക് മാനേജര്‍ അതും പൊളിച്ചു തന്നു.
അങ്ങേര് കമ്പ്യൂട്ടറില്‍ നോക്കി പറഞ്ഞു തരാമെന്ന്.

അപ്പോഴേക്കും പ്യൂണ്‍ ലോണിന്‍റെ പേപ്പറുമായി എത്തി. മാനേജര്‍ അത് ഞങ്ങളുടെ മുന്‍പില്‍ നിവര്‍ത്തി വെച്ചു. ഞാനതില്‍ ശ്രദ്ധിച്ചു നോക്കി.

1) കെ. വി. ദാമോദരന്‍ ... ഒപ്പ്: ____________
2) ആദര്‍ശ് ദാമോദരന്‍ ... ഒപ്പ്: ____________

എ സി റൂമില്‍ ഇരുന്നു ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. അച്ഛന്‍ ഒപ്പിട്ടു. ഇനി ഞാന്‍. വിറയാര്‍ന്ന കൈയ്യോടെ ഞാന്‍ പേനയെടുത്തു. അച്ഛനെ ഒന്നൂടി നോക്കി.

"നിനക്കെന്താടാ ഒപ്പിടാന്‍ ഇത്ര മടി. കൊറേ നേരായി ഞാന്‍ കാണുന്നു. ഇത് അടക്കാനുള്ള വകുപ്പൊക്കെ എനിക്കുണ്ട്... നീ അതോര്‍ത്ത് പേടിക്കണ്ട..." അച്ഛനു ദേഷ്യം വന്നു.

"അയ്യോ .. അതല്ല .. ഇതു വേണേല്‍ ഞാന്‍ തന്നെ മുഴുവനും അടച്ചോളാം... പക്ഷെ ഒപ്പ് ഞാന്‍ കുറച്ചു കഴിഞ്ഞു വന്നിട്ട് ഇട്ടോളാം.. "

"ഹാഹാഹാ .. അതെന്താ ഇപ്പൊ രാഹുകാലമാണോ" മാനേജര്‍ ചളികൊട്ട പോലത്തെ വായി തുറന്നു.

"അതെന്താ നിനക്ക് ഒപ്പിട്ടാല്‍ .. ഒപ്പിട്ടിട്ട് ഇവിടുന്നു പോയാല്‍ മതി... " അച്ഛനു വാശി കയറി.

ഇനി ഒന്നും ആലോചിക്കാനില്ല. ഞാന്‍ സര്‍വ്വദൈവങ്ങളേയും ഓര്‍ത്ത്‌ ആ വരയില്‍ ഒപ്പിട്ടു. പേപ്പര്‍ മടക്കി മാനേജര്‍ക്ക് കൊടുത്തു. "ഞങ്ങള്‍ ഇറങ്ങുന്നത് വരെ ഇയാളിത് തുറക്കല്ലേ ദൈവമേ" എന്ന് പ്രാര്‍ഥിച്ചു തീര്‍ന്നില്ല, കശ്മലന്‍ അത് തുറന്നു.

" ഹാഹാഹാഹാ .. " അയാള്‍ അട്ടഹസിക്കാന്‍ തുടങ്ങി. "ഇതെന്തോന്ന്‍ .. ഫോട്ടോകോപ്പിയാ ... രണ്ടു പേരുടെയും ഒപ്പ് ഒരുപോലെ ഉണ്ടല്ലോ ... ഒരു മാറ്റവുമില്ല... " അയാളത് അച്ഛന്‍റെ നേര്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

ഞാന്‍ ദയനീയമായി നിലത്തേക്ക് നോക്കി ഇരുന്നു. അച്ഛനെ നോക്കിയില്ല. കാരണം, അപ്പോള്‍ അച്ഛന്‍റെ മനസ്സിലൂടെ ഓടുന്ന ചിന്ത എനിക്ക് ഊഹിക്കാവുന്നതെ ഉള്ളൂ.

" ഹും ... വെറുതെയല്ല .. അഞ്ചാം ക്ലാസ്സിനു ശേഷം ഞാനിതുവരെ ഇവന്‍റെ പ്രോഗ്രസ്സ് കാര്‍ഡോ ഉത്തര കടലാസോ കണ്ടിട്ടില്ല .. അന്നേ തൊടങ്ങിയ പണിയാ അല്ലെ .. " 

No comments:

Post a Comment