Sunday, May 18, 2014

ഒരു പെണ്ണിന്‍റെ കഥ - സുനിത കൃഷ്ണന്‍

"എട്ടു പേർ ചേർന്നാണ് എന്നെ ബലാത്സംഗം ചെയ്തത്, അതും പതിനഞ്ചാം വയസ്സിൽ. അവരങ്ങനെ ചെയ്യുമ്പോൾ എനിക്ക് പേടിയും ഭയവുമല്ല തോന്നിയത്, പകരം പകയും വിദ്വേഷവുമാണ്. അതിനു ശേഷമുള്ള എത്രയോ വർഷങ്ങള്‍ ഞാൻ ഒറ്റപ്പെട്ടു ജീവിച്ചു. പിന്നീട് എനിക്ക് തോന്നി ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. അങ്ങനെ ഞാൻ സമൂഹത്തിൽ ഇറങ്ങി. പക്ഷെ അവർ എന്നെ സ്വീകരിച്ചത് ഒരു "ഇര" എന്ന രീതിയിലാണ്." 
പ്രശസ്ത സാമൂഹ്യ പ്രവർത്തക, ഡോ. സുനിത കൃഷ്ണൻ, തന്റെ ജീവിതത്തിന്‍റെ ഒരു ഏട് ഒരു സദസ്സിന്റെ മുൻപിൽ അവതരിപ്പിക്കുമ്പോൾ പറഞ്ഞതാണിത്.

"ഇന്ന് ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും മൂന്നും നാലും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികൾ ലൈംഗീക അടിമത്വത്തിനു വേണ്ടിയുള്ള വില്‍പ്പനച്ചരക്കുകളാണ്. പലരും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നു. പക്ഷെ അവർ ചെന്നുപെടുന്നത് അവയവ കച്ചവടത്തിന്‍റെയും, ബാലവേലയുടെയും, ഭിക്ഷാടന സമൂഹത്തിന്‍റെയും, കുതിരക്കച്ചവടത്തിന്‍റെയും വലിയൊരു ശൃംഖലയിലാണ്. ലൈംഗീക പീഡനം അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം."

" എന്‍റെ ഏറ്റവും വലിയ പ്രതിസന്ധി സമൂഹമാണ്. നിങ്ങളും ഞാനും അടങ്ങുന്ന ഈ പരിഷ്കൃത സമൂഹം. എന്‍റെ വെല്ലുവിളി ഇവരെ സ്വീകരിക്കാനുള്ള നിങ്ങളുടെ മാനസിക തടസ്സമാണ്. ഇതുപോലുള്ള ഒരു ശീതീകരിച്ച ഹാളിൽ മനുഷ്യ ശരീരത്തിന്‍റെ കച്ചവടത്തെ കുറിച്ച് വാതോരാതെ സംസാരിക്കാനും കൈയടിക്കാനും നല്ല അന്തസ്സാണ്. അനാഥാലയങ്ങളിൽ പോയി അവരെ കാണാനും ഒരിറ്റു കണ്ണീർ പൊഴിക്കാനും എല്ലാവരും തയ്യാറാണ്. ഇവരെ കുറിച്ച് ഡോക്യുമെൻട്രികളും സിനിമകളും ഇറക്കാനും, അതിന്‍റെ പേരിൽ പുരസ്കാരങ്ങൾ വാങ്ങികൂട്ടാനും നിങ്ങള്‍ക്ക് മനസ്സുണ്ട്."

"പക്ഷെ, ഇതിൽ ആരെങ്കിലും ഒരാളെ നിങ്ങള്‍ക്ക് സ്വീകരിക്കാൻ പറ്റുമോ. ഇവരെ നിങ്ങളുടെ വീടുകളിലോ, ബിസിനെസ്സ് സ്ഥാപനങ്ങളിലോ, സ്കൂളുകളിലോ, നാലാളറിഞ്ഞുകൊണ്ട് ഒരു ജോലിക്ക് വെക്കാൻ പറ്റുമോ. ഈ ലൈംഗീക പീഡനത്തിനു 'ഇര'യായ കുട്ടികളെ, നിങ്ങളുടെ കുട്ടികളുടെ കൂടെ ക്ലാസ്സിൽ ഇരുത്താൻ നിങ്ങൾ അനുവദിക്കുമോ ??? ഇല്ല..... അതാണ്‌, അത് തന്നെയാണ് ഞാൻ നേരിടുന്ന വെല്ലുവിളി."

" ഇവർ സമൂഹത്തിൽ ഇറങ്ങിയാൽ, പല പുരുഷന്മാരും ഇവരെ നോക്കുന്നത് തൃഷ്ണയുള്ള കണ്ണുകളോടെയാണ്. ഒരു പതിനാലു വയസുള്ള പെണ്‍കുട്ടി തന്‍റെ അനുഭവം ഒരു അറുപതുകാരനായ സാമൂഹ്യ പ്രവര്‍ത്തകനോട് പറഞ്ഞപ്പോൾ അയാളുടെ മനസ്സ് ആ ബലാത്സംഗത്തിന്‍റെ മനോവർണ്ണനങ്ങളിൽ ആയിരുന്നു. "

തന്‍റെ കാര്യക്ഷമമായ പദ്ധതിയിലൂടെ സുനിതയ്ക്ക് മൂവായിരത്തില്‍ പരം പെണ്‍കുട്ടികളെയും സ്ത്രീകളെയും ജീവിതത്തിന്‍റെ വഴിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറെ പേരെയും "വിറ്റത്" അവരുടെ അച്ഛനോ, സഹോദരനോ, അമ്മാവനോ അല്ലെങ്കിൽ ഭർത്താവോ ആണ്. അതിക്രൂരമായ ലൈംഗീക പീഡനത്തിനു ഇരയായ ഇവർ ഇന്ന് പേറുന്ന ഭാരം എയിഡ്സ്, ഗൊണോറിയ, സിഫില്ലിസ്, പോലുള്ള രോഗങ്ങളുടെ മാത്രമല്ല, ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ട ഒരു ജീവിതത്തിന്‍റെയും കൂടിയാണ്.

ഇതു വായിച്ചു കഴിഞ്ഞാൽ എല്ലാവർക്കും പറയാൻ പറ്റും, " കേമം, സുനിത നിങ്ങൾ ചെയ്യുന്നത് മഹത്തരമായ ഒരു കാര്യമാണ്, ഹാറ്റ്സ് ഓഫ്‌ റ്റു യു" എന്നൊക്കെ.

പക്ഷെ, ചോദ്യം ഇതാണ്, നമ്മിൽ എത്ര പേര്‍ക്ക് ഒരു സുനിത ആകാൻ കഴിയും. ഇത് പോലുള്ള ഒരാളെയെങ്കിലും പുനരധിവസിപ്പിക്കാൻ പറ്റും. അവർക്കാവശ്യം കൊടുക്കുന്ന കൈകളെയല്ല, പകരം നീളുന്ന കരങ്ങലെയാണ്. ഇറ്റുന്ന കണ്ണുനീരല്ല പകരം, സാന്ത്വനിപ്പിക്കുന്ന തലോടലുകളെയാണ്. സഹതപിക്കുന്ന സമൂഹത്തിനെയല്ല, പകരം സ്നേഹിക്കുന്ന ഹൃദയങ്ങളെയാണ്‌ !!!!

No comments:

Post a Comment