Sunday, May 18, 2014

പ്രചോദനം ...

രണ്ടു വര്‍ഷം, അതെ രണ്ടു വര്‍ഷം. രണ്ടു യുഗങ്ങള്‍ പോലെയാണ് ഈ രണ്ടു വര്‍ഷം കടന്നുപോയതെന്ന് അവള്‍ക്ക് തോന്നി. രണ്ടു വര്‍ഷം മുന്‍പുള്ള ആ ദിവസം അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല. 

അച്ഛന്‍റെ ഫോണില്‍ നിന്നുള്ള നിരന്തരമായ മിസ്സ്‌ കോളുകള്‍ അവളുടെ കൈയ്യെത്തും ദൂരത്തായിരുന്നെങ്കിലും നാലു പേരുടെ ബലപരീക്ഷണം കഴിഞ്ഞ ആ ശരീരരത്തിനു അത് അപ്രാപ്യമായൊരു അകലത്തായിരുന്നു.
ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി, താന്‍ പോലും അറിയാതെ തന്നെ ആ വാനിലേക്ക് പിടിച്ചു വലിച്ചു കയറ്റിയ ആ നശിച്ച നിമിഷം. ഒന്ന് ഒച്ച വെയ്ക്കാന്‍ വാ തുറന്നപ്പോഴേക്കും ക്ലോറോഫോം ബോധം കെടുത്തിയിരുന്നു. ബോധം തിരിച്ചുവന്നപ്പോള്‍ ശരീരവും മനസ്സും പിച്ചി ചീന്തപ്പെട്ടിരുക്കുന്നു.

വിജനമായ ഒരു പ്രദേശത്തെ ആളൊഴിഞ്ഞ ആ കെട്ടിടത്തില്‍ അന്നു നശിച്ചത് തന്‍റെ ശരീരമായിരുന്നില്ല, ആത്മാവായിരുന്നു. മരുന്നുകള്‍ കൊണ്ട് ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിയെങ്കിലും ആത്മാവിനേറ്റ ക്ഷതം നീറി പുകഞ്ഞുകൊണ്ടിരുന്നു. തിരിച്ചറിയല്‍ പരേഡുകളും കോടതി വരാന്തകളും പത്രത്താളുകളിലെ വര്‍ണ്ണനകളും തന്‍റെ ആത്മാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നില്ലേ എന്നവള്‍ ഓര്‍ത്തു.

എന്നിട്ടെന്തു നേടി ???

കുറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടിയൊരു സംഭവം, അതെ അതു മാത്രമായി ചുരുങ്ങി മറ്റുള്ളവര്‍ക്ക്, തന്‍റെ ജീവിതം നശിപ്പിച്ച ആ രണ്ടു മണിക്കൂര്‍.

എങ്കിലും ഇപ്പോള്‍ വന്ന ആ ഫോണ്‍കോള്‍ അവളുടെ മുറിഞ്ഞ മനസ്സിനു ആദ്യമായി ലഭിക്കുന്ന വിശ്വാസം പകരുന്ന ലേപനമായിരുന്നു. നഷ്ട്ടപ്പെട്ടുപ്പോയ ആത്മവിശ്വാസം വീണ്ടും തലപൊക്കാന്‍ ഉതകുന്ന വാര്‍ത്ത. അച്ഛനായിരുന്നു വിളിച്ചത്.

"മോളേ ... ഗോവിന്ദചാമിയെ തൂക്കി കൊല്ലാന്‍ വിധി വന്നു..." അച്ഛന്‍റെ ഇടറുന്ന ശബ്ദം, എങ്കിലും ആത്മവിശ്വാസം കലര്‍ന്നിരുന്നു. "അച്ഛന്‍ നമ്മുടെ വക്കീലിനെ കണ്ടിരുന്നു, മോള് പേടിക്കണ്ട ... നമുക്കും ന്യായം കിട്ടും എന്നാണു അയാള്‍ പറഞ്ഞത് ... ഈ വിധി ഒരു പ്രചോദനമാണത്രെ.."

അവള്‍ ഫോണ്‍ കട്ട് ചെയ്തു. അവള്‍ക്ക് വീണ്ടുമൊരു പ്രതീക്ഷ. ജീവിക്കാനൊരു ആഗ്രഹം. മാസങ്ങളായി കണ്‍പോളകള്‍ കൊണ്ടു തീര്‍ത്ത തടയണ അണപൊട്ടിയൊഴുകി. അതെ... നിര്‍വീര്യമായ മനസ്സിനു നേരിയ ഒരു സാന്ത്വനം പകരുന്ന വാര്‍ത്ത തന്നെയായിയിരുന്നു അത്

No comments:

Post a Comment