Sunday, May 18, 2014

മഴവില്ല് വിരിയുമ്പോള്‍

അന്ന്, ആ മഴയത്ത്, ഞാന്‍ തനിച്ചായിരുന്നില്ല, കൂടെ അവളും ഉണ്ടായിരുന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷം വീണു കിട്ടിയ ആ അസുലഭാവസരം അവള്‍ കുടക്കീഴിലും ഞാന്‍ മഴ നനഞ്ഞും ആസ്വദിച്ചു. അവള്‍ വിളിച്ചിട്ടും, ഒരു കുടക്കീഴില്‍ തൊട്ടുരുമി നടക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും, എനിക്ക് മഴ നനയാനായിരുന്നു ഇഷ്ടം. ഒരു പതിനാറുകാരന്‍റെ മനസ്സിലേക്ക് ആഴത്തില്‍ പെയ്തിറങ്ങുകയായിരുന്നു ആ പ്രണയമഴ.

ഒരു മണിക്കൂറിലേറെ ഞങ്ങള്‍ ആ മഴയത്ത് നടന്നു. പരിചിതമായ വീഥികളില്‍ അപരിചിതരെ പോലെയും, അപരിചിതമായ പാതകളില്‍ ഇണപ്രാവുകളെ പോലെയും, ഞങ്ങള്‍ അനുരാഗത്തിന്‍ ആദ്യ തേന്മഴ നുകര്‍ന്നു. പറയാന്‍ കൊതിച്ചതും, കേള്‍ക്കാന്‍ കൊതിച്ചതും പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ക്കിടയില്‍ മൗനം വാചാലമായി.

അപ്പോള്‍ എനിക്കവളുടെ ഓരോ ശ്വാസവും മഴത്തുള്ളി കിലുക്കത്തെക്കാളും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. ഞാന്‍ മഴ നനയുന്നതില്‍ പരിഭവം നടിച്ച്, അവള്‍ മുഖം താഴ്ത്തി നടന്നപ്പോള്‍, പുതുമണ്ണിന് മാദക ഗന്ധമായിരുന്നു. ആ സൗരഭ്യം ഞാന്‍, രണ്ടു കൈകളും വിടര്‍ത്തി, വാരിയെടുത്ത്, മുഖത്തോട് ചേര്‍ത്തപ്പോള്‍ പാദസരങ്ങള്‍ കിലുക്കി അവള്‍ കുറച്ചു ദൂരെയ്ക്കോടി.

കൈകോര്‍ത്തു പിടിച്ച്, കുറച്ചു ദൂരം ഞങ്ങളങ്ങനെ നടന്നു. അപ്പോഴാണ്‌ പെട്ടെന്ന്, കാര്‍മേഘങ്ങളെ കീറി, വെയില്‍ വെളിച്ചം പരന്നത്. എങ്കിലും, മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഇതു കണ്ടവള്‍ പറഞ്ഞു,

"ഏതോ കാട്ടില്‍, കുറുക്കന്റെയും കുറുക്കച്ചിയുടെയും കല്യാണം നടക്കുന്നുണ്ടാവുമല്ലേ "

" അതറിയില്ല, പക്ഷെ ഏതോ ഒരു വഴിയില്‍, ഒരു കുറുക്കനും കുറുക്കച്ചിയും, എല്ലാം മറന്ന് പ്രേമിച്ചു നടക്കുന്നുണ്ട് " അപ്പോള്‍, ആ പാദസരക്കിലുക്കം ഞാന്‍ കേട്ടത് അവളുടെ ചിരിയിലായിരുന്നു.

ചിരിച്ചു ചിരിച്ചു അവളുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീര്‍ തടയാന്‍ കഴിയാതെ അവള്‍ എന്റെ കൈയിലേക്ക് മുഖമമര്‍ത്തി.
" എല്ലാം ശരിയാകുമായിരിക്കും, അല്ലെ " അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് ചോദിച്ചു.

" ഹും, അതെ, എല്ലാം ശരിയാകും." അവളുടെ കൈ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ പറഞ്ഞു.

" എന്താ ഉറപ്പ് "

" വെയിലും മഴയും ഒരുമിച്ചു വന്നാല്‍, കുറുക്കന്റെ കല്യാണം മാത്രമല്ല, മഴവില്ലും വിരിയും. അപ്പോള്‍ അങ്ങു ദൂരെ മഴവില്ല് കാണുമ്പോള്‍, ആദ്യം ചോദിക്കുന്ന ആളുടെ വരം ദൈവം നടത്തിത്തരും. നമുക്കത് വരുന്നതും നോക്കിയിരിക്കാം. ആരാദ്യം കണ്ടാലും അപ്പൊ തന്നെ വരം ചോദിക്കാം. "

അവളുടെ കണ്ണുകള്‍ വിടര്‍ന്നു, മുഖത്ത് മഴവില്ലിന്‍ ചാരുത തെളിഞ്ഞു. കുറച്ചു സമയം കൂടി ഒരുമിച്ചു നടന്നതിനു ശേഷം പിരിയാനുള്ള സമയമായി. ഇനിയെന്ന് കാണുമെന്നറിയാതെ വിട പറഞ്ഞകലുമ്പോള്‍ എന്‍റെ കണ്ണുകളും നിറഞോഴുകുന്നുണ്ടായിരുന്നു. പക്ഷെ മഴനീരില്‍ മിഴിനീരുകള്‍ ഒലിച്ചുപോയി.

അന്ന്, മഴ തോര്‍ന്നിട്ടും ഞങ്ങള്‍ ആകാശം നോക്കിയിരുന്നു. പക്ഷെ, പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യന്‍ മാഞ്ഞകന്നു എന്നല്ലാതെ, വരം നല്‍കാന്‍ മാരിവില്ല് പ്രത്യക്ഷപ്പെട്ടില്ല. എങ്കിലും, ആദ്യ പ്രണയമഴയുടെ കുളിര് ഇന്നും മനസ്സില്‍ ഒരായിരം മഴവില്ലുകള്‍ വിരിയിക്കുന്നു.

No comments:

Post a Comment