Sunday, May 18, 2014

എന്റെ ആദ്യ പ്രേമലേഖനം

ഈറൻ വിട്ടു മാറാത്ത നെറ്റിയിലെ ചന്ദനക്കുറി, കാറ്റിന്റെ കുസൃതിക്കൊപ്പം പാറിപറക്കുന്ന കേശഭാരം, ചിരിക്കുമ്പോൾ നാണം കുണുങ്ങുന്ന നുണക്കുഴികൾ, കവിത പോലും തോറ്റുപോകുന്ന അംഗലാവണ്യം. ഇതായിരുന്നു പൂർണ്ണിമ, എന്റെ ആദ്യപ്രണയം.

എല്ലാ ദിവസവും, അവൾ സ്കൂളിൽ പോകുമ്പോൾ, അവളുടെ മുന്നിലൂടെ ഞാൻ നടന്നു പോകും. കൂട്ടിനു കളിക്കൂട്ടുകാരനയാ സുമേഷിനേയും കൂട്ടും. അവളെ അങ്ങ് ദൂരെ നിന്ന് കാണുമ്പോൾ തന്നെ അവൻ എന്നെ തോണ്ടും. പിന്നെ എനിക്ക് കൈയ്യേതാ, കാലേതാനോന്നും അറിയില്ല. എല്ലാം ഒരു പോലെ വിറയ്ക്കാൻ തുടങ്ങും. അവളങ്ങനെ കടന്നു പോകും.
" നിനക്ക് പറയാൻ പേടിയാണെങ്കിൽ, ഒരു കത്ത് കൊടുക്ക്‌, എന്താ മറുപടിയെന്ന് നോക്കാല്ലോ" എന്റെ സങ്കടം കണ്ടു, ഒരു ദിവസം സുമേഷ് പറഞ്ഞു.

അങ്ങനെ അന്നു രാത്രി ഞാനിരുന്ന് എന്റെ ആദ്യത്തെ പ്രേമലേഖനം എഴുതി. സ്കെച് പെൻ കൊണ്ട് കുറെ പൂകളുടെയും ഹൃദയങ്ങളുടെയും ചിത്രങ്ങൾ വരച്ചു. കൂടെ മനസ്സിൽ ഒരായിരം നിറങ്ങളുള്ള സ്വപ്നങ്ങളും.

പിറ്റേന്ന് വീണ്ടും അവൾ വരുന്നത് കണ്ടപ്പോൾ സുമേഷ് പിന്നെയും തോണ്ടി. ഞാൻ പോക്കറ്റിൽ കൈയിട്ടു, പക്ഷെ കത്ത് പുറത്ത് വരുന്നില്ല, പഴയ അതെ പ്രശ്നം, കയ്യും കാലും വിറയ്ക്കുന്നു. അങ്ങനെ അവൾ വീണ്ടും കടന്നു പോയീ.

" നീ വിഷമിക്കണ്ട, നാളെ നമുക്കാ മനുവിനെയും കൂടെ കൂട്ടാം, അവനാകുമ്പോൾ അവള് വാങ്ങിക്കുകയും ചെയ്യും. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു പയ്യനല്ലേ." സുമേഷ് വീണ്ടും സമധിനിപ്പിച്ചു.

അങ്ങനെ പിറ്റേ ദിവസം മനുവിന്റെ കൈയ്യിൽ എന്റെ ഹൃദയത്തിൽ ചാലിച്ച പ്രേമലേഖനവും കൊടുത്തു ഞങ്ങൾ കുറച്ചു പുറകിലായി നടന്നു. അവൾ അത് വാങ്ങിച്ചു. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ ഒന്നു ചിരിച്ചു. അവൾ കടന്നു പോയതെ ഞാൻ സുമേഷിനെ കെട്ടി പിടിച്ചു.

" എന്റെ പ്രിയപ്പെട്ട നക്ഷത്രരാജകുമാരിക്ക്,
അനുരാഗിണി ഇതായെൻ
കരളിൽ വിരിഞ്ഞ പൂക്കൾ,
ഒരു രാഗമാലയായി,
ഇതു നിന്റെജീവനിൽ,
അണിയൂ, അണിയൂ
അഭിലാഷപൂർണ്ണിമേ ...
എന്ന്
എന്നേയ്ക്കും നിന്റെ സ്വന്തം,
..................
(പേര് വെക്കാത്തത് ഇത് നിന്റെ ബുള്ളെറ്റ് അമ്മാവന്മാർ പിടിച്ചാൽ, ഓടിച്ചു തല്ലും എന്നത്കൊണ്ടാണ്).
-----------------------------------------------------
അധികം കാത്തിരിക്കേണ്ടി വന്നില്ല, അന്നു വൈകിട്ട് തന്നെ, ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ മനു മറുപടി കത്തുമായി വന്നു. ഞാനും സുമേഷും അത് എടുത്തു കൊണ്ട് ഒരു മരത്തിനടുതെക്ക് ഓടി. വായിക്കുനതിനെക്കാൾ മുൻപ് അതിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

" പ്രിയപ്പെട്ട നക്ഷത്രരാജകുമാരന്,
നിന്നെ പോലെ ചിത്രം വരക്കനോന്നും എനിക്കറിയില്ല , പിന്നെ നിന്റെ പേരുള്ള സിനിമ പാട്ടുമില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രം, "എനിക്കും ഇഷ്ടമാണ്, ഒരു ആയിരം വട്ടം" ഇത് വായിച്ചതേ ഞാൻ സുമേഷിനെ കെട്ടിപിടിച്ചു. എന്നിട്ട് പിന്നെയും തുടർന്ന് വായിച്ചു

"കഴിഞ്ഞ രണ്ടു മാസമായി സ്കൂളിൽ പോകുന്ന വഴിക്ക്, എന്നോടിത് നേരിട്ട് പറയുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ, അമ്മാവന്മാരെ പേടിച്ചിട്ടയിരുന്നു അല്ലെ. അത് സാരമില്ല, സമയം ആകുമ്പോൾ എല്ലാം ഞാൻ അവരോടു പറയാം. ങ്ങാ, പിന്നെ ഇനി പേര് വെച്ചോളൂ കേട്ടോ..
എന്ന് സ്വന്തം ...."

" എന്ന് സ്വന്തം, .. എന്താ നിർത്തിയത്, ബാകി കൂടെ വായിക്കു,"
എന്റെ ചങ്കു കത്തി പടർന്നു. ബാക്കി വായിക്കാൻ പറ്റുന്നില്ല. അവൻ എന്റെ കൈയ്യിൽ നിന്ന് കത്ത് പിടിച്ചു വാങ്ങി ബാക്കി വായിച്ചു.

" എന്ന് സ്വന്തം, എന്നെന്നേയ്ക്കും സുമേഷിന്റെ പൂർണ്ണിമ."

എന്നിട്ട് അവൻ എന്റെ തോളിൽ തട്ടി പറഞ്ഞ്,
" പോട്ടെടാ, എല്ലാം വിധിയാണെന്ന് വിചാരിച്ചാൽ മതി"

No comments:

Post a Comment