Sunday, May 18, 2014

ട്രിവാന്‍ഡ്രം ഹോട്ടല്‍

"ഹലോ.... ദേവികൃഷ്ണ അല്ലെ"
"അതെ... ആരാണ് " 
"ദേവീ, ഇത് ഞാനാണ്, നന്ദഗോപൻ ... ഓർമ്മയുണ്ടോ എന്നെ... ആ പഴയ നന്ദേട്ടനെ... "

അയാൾ പ്രതീക്ഷിച്ചതു പോലെതന്നെ, തന്‍റെ പേര് കേട്ടതും, ദേവി ഒന്നും മിണ്ടാതെയായി. പക്ഷെ അവളുടെ ഹൃദയത്തിന്‍റെ താളം അയാൾക്ക് കേൾക്കാമായിരുന്നു.

"കഴിഞ്ഞയാഴ്ച്ചയായിരുന്നു അല്ലെ, മകളുടെ കല്യാണം "

വീണ്ടും മൗനം മാത്രമായിരുന്നു ഉത്തരം.

"എല്ലാം നല്ല മംഗളമായി നടന്നു, അല്ലെ.. ഭർത്താവ് മരിച്ചതിനു ശേഷം, കൈക്കുഞ്ഞായ മകളെ, സ്വന്തം കാലിൽ നില്‍ക്കാൻ തക്കവണ്ണം വളർത്തി വലുതാക്കിയില്ലേ.... എല്ലാം ഞാനറിയുന്നുണ്ടായിരുന്നു."

" ഉം... നന്ദേട്ടന് സുഖമാണോ.." അവൾ പതറിയ സ്വരത്തിൽ ചോദിച്ചു.
അയാളതിനു മറുപടി പറയാതെ തുടർന്നു.

"ദേവിയുടെ വിവാഹത്തിനു മുൻപ് ഞാൻ എന്‍റെ ഇഷ്ടം പറഞ്ഞപ്പോൾ ദേവിയതൊരു കളിയായി കണ്ടു. പിന്നെ, അമ്പലത്തിൽ തൊഴാൻ പോയപ്പോൾ, എന്‍റെ ചേച്ചി വിവാഹത്തിനു സമ്മതമാണോയെന്നു ചോദിച്ചപ്പോൾ ദേവി പറഞ്ഞു, വൈകി പോയീ, നിശ്ചയം കഴിഞ്ഞുയെന്നും."

" നന്ദേട്ടാ, പക്ഷെ അന്നെനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. അത്രയും സ്നേഹമുള്ളിൽ കരുതിയിരുന്നെന്ന് സത്യത്തിൽ ഞാൻ അന്നാണറിഞത്. "

" ഭർത്താവ് മരിച്ചതിനു ശേഷം, വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് ദേവിയുടെ അച്ഛനെ അറിയച്ചപ്പോൾ, ദേവി നേരിട്ട് കാണണമെന്ന് പറഞ്ഞു. പഴയ ട്രിവാൻഡ്രം ഹോട്ടലിൽ വെച്ചു നമ്മൾ കണ്ടപ്പോൾ, ദേവി പറഞ്ഞു, ഇനി മകൾക്ക് വേണ്ടി ജീവിക്കണമെന്നും, അവളുടെ വിദ്യാഭ്യാസവും വിവാഹവുമാണ് ഇനി ദേവിയുടെ ജീവിതോദ്ധേശ്യമെന്നും."

"അതെ, അത് തന്നെയായിരുന്നു. ഇപ്പോഴെല്ലാം മംഗളമായി നടന്നു."

"അന്നു പക്ഷെ, ഞാനിനിയെന്തു ചെയ്യണമെന്നു ചോദിച്ചതിനു ദേവി പറഞ്ഞ മറുപടി ദേവിയോർക്കുന്നുണ്ടോ."

"ഇല്ല, പക്ഷെ മോളു വല്ലാതെ കരഞ്ഞപ്പോൾ നന്ദേട്ടൻ അവളെയുമെടുത്ത് പുറത്തുകൊണ്ടുപോയി ഉറക്കിയതോർമ്മയുണ്ട്."

" അന്ന് കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നു വാങ്ങി, ഇറങ്ങാൻ തിരിക്കുമ്പോൾ, ദേവി പറഞ്ഞു, മറ്റൊരു ജന്മത്തിൽ നമുക്കൊരുമിക്കാം, അതിനായി ദേവി കാത്തിരിക്കുമെന്നും."

"അതെ, ഞാനോർക്കുന്നു.."

" എന്നാൽ ഞാനിനി ദേവിയോട് തുറന്നു ചോദിക്കട്ടെ... ഇന്നിപ്പോള്‍ പഴയ ബന്ധനങ്ങളൊന്നുമില്ലല്ലോ, മകൾക്ക് വേണ്ടി മാത്രമല്ലേ ഇരുപത് വർഷം ജീവിച്ചത്. ഇനി ദേവിക്കുവേണ്ടി നമുക്കൊരുമിച്ചു ജീവിച്ചു കൂടെ. ഒരു പുതിയൊരു ജന്മം നമുക്ക് സ്വീകരിച്ചു കൂടെ. ദേവി വീണ്ടും ദേവികൃഷ്ണയായും, ഞാൻ ദേവിയുടെ നന്ദേട്ടനായും ഒരു പുനർജ്ജന്മം."

" അപ്പോൾ, നന്ദേട്ടൻ ഇതുവരെ.."

" ഇല്ല... വിവാഹം കഴിച്ചിട്ടില്ല, അതിനു സാധിച്ചില്ല, അതാണ്‌ സത്യം..... ദേവി ആലോചിച്ചൊരു തീരുമാനമെടുത്താൽ മതി. അടുത്ത ബുധനാഴ്ച്ച ഞാൻ നമുക്ക് രണ്ടു പേർക്കും വേണ്ടി ഊണിനൊരു ടേബിൾ ബുക്ക്‌ ചെയ്യാം.... പുതുക്കി പണിത ആ പഴയ ട്രിവാൻഡ്രം ഹോട്ടലിൽ തന്നെ. അപ്പോൾ പറഞ്ഞാൽ മതി, തീരുമാനം എന്തായാലും എനിക്ക് സ്വീകാര്യം."

ശുഭം, പര്യവസാനം :-) ♥

No comments:

Post a Comment