Sunday, May 18, 2014

മൃത്യുഞ്ജയം

ഇതിപ്പോള്‍ പതിനേഴാമത്തെ ആളാണ്‌ ചേട്ടനോട് അതേ ചോദ്യം ചോദിക്കുന്നത്, "എന്താ സംഭവിച്ചത്.. ഇന്നലെ വൈകിട്ട് വരെ കവലയില്‍ കണ്ടതായിരുന്നല്ലോ.." 
എല്ലാവരോടും ചേട്ടന്‍ ഒരേ ഉത്തരം പറയും, "ആരാ കുത്തിയത് എന്നറിയില്ല, അവനു പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ല താനും.."

കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. കൂടെ വന്ന ഒരു അല്‍സേഷ്യന്‍ പട്ടി ഞാന്‍ കിടന്ന ഇടത്തെ ചോരപാടുകള്‍ മണക്കുന്നത് ഞാന്‍കണ്ടു. അത് രണ്ടുമൂന്നു പ്രാവശ്യം തലപൊക്കി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. വീണ്ടും ആ കറുത്ത കട്ട പിടിച്ച പാടിലേക്ക് മൂക്ക് നീട്ടി, ഇടയ്ക്കൊന്ന്‍ നാവു കൊണ്ട് രുചിച്ചു നോക്കി. നെഞ്ചത്ത് ജോസഫ് എന്നെഴുതിയ പോലീസുകാരനേയും വലിച്ചുക്കൊണ്ട് അത് വീടിന്‍റെ തെക്കേ ഭാഗത്തേക്ക് ഓടി. അവിടെ എന്തോ നിധി ഒളിച്ചിരിപ്പുണ്ട് എന്ന ഭാവത്തില്‍ പുറത്ത് ആചാരശോകം അനുഷ്ടിക്കുന്ന നാട്ടുകാര്‍ അവരുടെ പുറകെ ഓടി.

"എല്ലാരും ഒന്ന് മാറി നിന്നേ .. ആദ്യം പോലീസ് അന്വേഷിക്കട്ടെ, എന്നിട്ടാവാം നാട്ടുകാരുടെ സമിതി.." തുമ്പ് കിട്ടിയ പട്ടിയുടെ പുറകെ ഓടുന്ന നാട്ടുകാരെ തടഞ്ഞുകൊണ്ട്‌ നാട്ടിലെ പ്രമാണിയായ പൗലോസച്ചായന്‍റെ മകന്‍ സണ്ണി ഉത്തരവിട്ടു. ചേട്ടന്‍ സണ്ണിയെ അകലേന്നു തലയുയര്‍ത്തി നോക്കി. സണ്ണി കുഴപ്പമൊന്നുമില്ല എന്ന രീതിയില്‍ കണ്ണിറുക്കി തോളിളക്കി കാണിച്ചു. ചേട്ടന്‍ വീണ്ടും അകത്തേക്ക് വന്നു. നാട്ടുകാര്‍ ആചാരശോകത്തിലും മുഴുകി.

"ന്നാലും എന്‍റെ കറിയാച്ചോ, ആരാ നമ്മുടെ മോനോട് ഈ കൊടുംപാപം ചെയ്തേ .." എന്‍റെ അരികില്‍ ഇരിക്കുന്ന അപ്പച്ചനോട് ആയിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ രാഘവന്‍ നായരുടെ ചോദ്യം. അപ്പച്ചന്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി. അയാള്‍ എന്റെം അപ്പച്ചന്‍റെയും മുഖത്തേക്കും.

ഞാന്‍ അപ്പച്ചന്‍റെ മടിയില്‍ കിടക്കുന്ന അമ്മച്ചിയെ നോക്കി. അമ്മച്ചി കരഞ്ഞു കരഞ്ഞു ഇപ്പോള്‍ ശബ്ദം പോലും പുറത്തു വരാത്ത അവസ്ഥയിലാണ്. ഇടയ്ക്കിടയ്ക്ക് എന്‍റെ മോനേ .. എന്‍റെ മോനേ .. എന്ന് പറയുന്നത് കേള്‍ക്കാം. അമ്മച്ചിയോട് എനിക്ക് പറയണം എന്നുണ്ട്, "അമ്മച്ചി കരയണ്ട എനിക്ക് വേദനയൊന്നുമില്ല.." കാരണം, എന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന് ചോര കണ്ടാല്‍ തന്നെ ബോധംകെട്ടു വീഴുന്ന ആളാണ്‌ അമ്മച്ചി. പക്ഷെ, പറയാന്‍ പറ്റില്ലല്ലോ, എന്‍റെ കണ്ഠനാളത്തിലും കത്തി കയറ്റിയിറക്കി ഇരിക്കുവല്ലേ.

അന്വേഷിക്കാന്‍ പോയ പട്ടിയും ജോസഫും ഒരു തുമ്പും കിട്ടാതെ വീണ്ടും ആ ചോരക്കറയിലേക്ക് നോക്കി നിന്നു. വീണ്ടും മുറിയില്‍ നിശബ്ദത പരന്നു. അപ്പോള്‍ ആ പട്ടിയെ നോക്കി മുകളില്‍ നിന്നൊരു പല്ലി എന്തോ ഒരു ശബ്ദം ഉണ്ടാക്കി. എല്ലാവരും പട്ടിയെ വിട്ട് ആ പല്ലിയെ നോക്കി. അമ്മച്ചി മാത്രം അവിടെ നോക്കിയില്ല, അപ്പച്ചന്‍റെ മടിയില്‍ കിടന്നു കൊണ്ട് "എന്‍റെ മോനേ .. എന്‍റെ മോനേ" എന്ന് മാത്രം വിളിച്ചു.

എന്നെ കാണാന്‍ സ്ഥലം എം എല്‍ എ എത്തിയിട്ടുണ്ട് എന്ന് അപ്പച്ചന്‍റെ സെക്രട്ടറി കിഷോര്‍ വന്നറിയിച്ചു. അപ്പച്ചന്‍ അവിടുന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ അമ്മച്ചി അനങ്ങിയില്ല. എം എല്‍ എ യുടെ കൂടെ നക്ഷത്രങ്ങള്‍ കൂടുതല്‍ ഉള്ള രണ്ടു പോലീസ്സുകാര്‍ കൂടിയുണ്ടായിരുന്നു. അതിലൊരാള്‍ അപ്പച്ചന്‍റെ തോളത്ത് തൊട്ടു. അപ്പച്ചന്‍ തലയുയര്‍ത്തി നോക്കി. എം എല്‍ എ അപ്പച്ചന്‍റെ തോളില്‍ കൈ അമര്‍ത്തി.

"വേണ്ട .. എഴുന്നെല്‍ക്കണ്ട.." അപ്പച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു.
"എന്തേലും തുമ്പ് കിട്ടിയോ..??" എം എല്‍ എ കൂടെയുള്ള ഒരു പോലീസുകാരനോട്‌ ചോദിച്ചു.

"ഇല്ല .. അന്വേഷിക്കുന്നുണ്ട്.. ഉടനെ കിട്ടും സാര്‍ .. " അയാള്‍ വിനയത്തിന്‍റെ മൂര്‍ത്തീരൂപമായി പറഞ്ഞു.
"ഉം .. പെട്ടെന്ന്‍ വേണം .. കറിയാച്ചന്‍ നമുക്ക് വേണ്ടപ്പെട്ട ആളാണ്‌"

"അറിയാം സാര്‍ .. ആരാണേലും നമ്മുടെ സര്‍ക്കിള്‍ വിട്ടുപോകാന്‍ സാധ്യതയില്ല സാര്‍, ഇന്നലെ രാത്രി തന്നെ ഫോര്‍സിനെ എല്ലാ ഭാഗത്തേക്കും അയച്ചിട്ടുണ്ട്... ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടുപ്പിടിച്ചിരിക്കും സാര്‍ .."

"ഹാഹാഹാ .. ഉവ്വുവ്വേ .. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടുപ്പിടിക്കും എന്ന്.." എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല. എന്നെ കുത്തിയ ആള്‍ക്കാര്‍ വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ നാടുനീളെ ഫോര്‍സിനെ വിട്ടിക്കുന്നു എന്ന്. ഞാന്‍ സണ്ണിയെ നോക്കി, അവന്‍ വീണ്ടും ആള്‍ക്കാരെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്.

എം എല്‍ എ കിഷോറിനെ അടുത്തു വിളിച്ചു ചെവിയില്‍ എന്തോ ചോദിച്ചു. കിഷോര്‍ ചേട്ടനെ ചൂണ്ടി കാണിച്ചു. ചോദ്യം എനിക്ക് മനസ്സിലായി. കിഷോര്‍ പോയി ചേട്ടനെ വിളിച്ചു കൊണ്ടുവന്നു. കൂടെ സണ്ണിയും ഉണ്ട്.

"ഒരു പത്തു മിനിറ്റിനുള്ളില്‍ ബാംഗ്ലൂരിലുള്ള ഇവന്‍റെ പെങ്ങളും അളിയനും എത്തും. അതിനു ശേഷമേ തീരുമാനിക്കുകയുള്ളൂ.." ചേട്ടനായിരുന്നു അത് പറഞ്ഞത്. സണ്ണി എന്‍റെ മുഖത്തേക്ക് നോക്കി.

"കറിയാച്ചന്‍റെ പെങ്ങളുടെ മകനാണല്ലേ .." എം എല്‍ എ ചേട്ടനോട് ചോദിച്ചു. പക്ഷെ സണ്ണിയായിരുന്നു അതിനു ഉത്തരം കൊടുത്തത്, "അതെ.. ഇവനാണ് ഇപ്പൊ തോട്ടങ്ങള്‍ ഒക്കെ നോക്കുന്നത്.." ഇത് പറയുമ്പോള്‍ സണ്ണിയുടെ കൈയ്യില്‍ അമര്‍ന്ന് ചേട്ടന്‍റെ വലത്തേ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

"ഹും .." ഞാന്‍ ഓര്‍ത്തു, "ഇന്നലെ എന്നെ കുത്തുമ്പോള്‍ ഒരു വിറയുമില്ലയിരുന്നല്ലോ ... ഇപ്പൊ എന്തിനാ .. ആരെങ്കിലും കണ്ടു പിടിക്കുമോ എന്ന് ആലോചിച്ചട്ടാണോ.. ആര് കണ്ടുപിടിക്കാന്‍... ആത്മാര്‍ത്ഥ കൂട്ടുകാരന്‍ സണ്ണിയില്ലേ കൂടെ .. അവന്‍ എല്ലാം ഒതുക്കൂല്ലേ .. പിന്നെ നിങ്ങള്‍ രണ്ടുപേരും കൂടെ ചെയ്ത ഈ കുറ്റത്തിന്‍റെ ഏക ദൃക്സാക്ഷിയായ മനുഷ്യന്‍ ഞാനല്ലേ .. എനിക്ക് ആരോടെങ്കിലും പറയാന്‍ പറ്റുമോ...??"

"ശരി .. എന്നാ ഞാന്‍ പള്ളീലോട്ടു വരാം.. ഒരു അര മണിക്കൂറിനുള്ളില്‍ ബോഡി എടുക്കുമായിരിക്കും അല്ലെ .." എം എല്‍ എ എല്ലാവരോടുമായി ചോദിച്ചു.

"ഇവിടുന്ന് പുറപ്പെടുമ്പോള്‍ അറിയിക്കാം സാര്‍.." കിഷോര്‍ ഭവ്യതയോടെ പറഞ്ഞു.

അപ്പച്ചന്‍റെ തോളില്‍ വീണ്ടും കൈ അമര്‍ത്തിയത്തിനു ശേഷം എം എല്‍ എ പുറത്തേക്കിറങ്ങി, ചേട്ടന്‍ എന്നെ നോക്കി, സണ്ണി ചേട്ടനെ വലിച്ചുകൊണ്ട് നടന്നു. ഒരു വെള്ളത്തുണി വന്നു എന്‍റെ മുഖം മറച്ചു, പക്ഷെ ഞാന്‍ അപ്പോഴും എല്ലാം കാണുന്നുണ്ടായിരുന്നു, ആ പല്ലിയും.

No comments:

Post a Comment