Sunday, May 18, 2014

അന്ത്രുമ്മനും മാലാഖയും

വളരെ നാളത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, അങ്ങനെ അന്ത്രുമ്മാനു വിസ വന്നു. ദുബായിലെ ഒരു കമ്പനിയിൽ ഓഫീസ് അസ്സിസ്ടന്റിന്റെ ജോലി. താമസിക്കാൻ കമ്പനി വക റൂമും ഉണ്ട്. 

എയർപോർട്ടിൽ പോകുന്ന വഴിക്ക് പ്രവാസി റിട്ടേണ്‍ ആയ മമ്മദ്ക്ക മാറ്റി നിർത്തി പറഞ്ഞു,

" മോനേ, അന്ത്രു, അനക്ക് ഞാൻ എന്റെ മുപ്പത് കൊല്ലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കാര്യം പറഞ്ഞു തരാം. ആടെ എത്തുമ്പോ അന്നെ സഗായിക്കാൻ ഇണ്ടാവുവാ, അന്റെ ചങ്ങായിമാരെ കാളും കൂടുതൽ ആടപോയി പരിചയപ്പെടുന്നോരായിരിക്കും. ഒര്ക്ക് അന്റെ ദിർഹവും മാണ്ട, മജ്ബൂസും മാണ്ട, അന്റെ ഉമ്മയും ഉപ്പായും പെങ്ങളും മക്കളും എല്ലാം ഓര്ക്കും സൊന്തക്കാരായിരിക്കും. പക്കേങ്കിൽ പരിചയക്കാര്ക്ക് ചെലപ്പോ അസൂയെന്റെ കൊമ്പ് മൊളക്കും. അപ്പൊ ഓര് എന്താ കാട്ടികൂട്ടുവാന്ന് പടച്ചോന് പോലും തിരിയൂല്ലാ. അതോണ്ട്, സൂക്ഷിച്ചും കണ്ടും നിന്നോണം."

അങ്ങനെ അന്ത്രുമ്മാൻ ദുബായിൽ എത്തി. ആദ്യദിവസം മാനേജര്ക്ക് ജ്യൂസും കൊണ്ട് കാബിനിൽ പോയപ്പോൾ, ഇരിക്കുന്ന ആളെ കണ്ടിട്ട് അന്ത്രുമ്മാനു സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല. തന്റെ പഴയ ക്ലാസ്സ്‌മേറ്റ്‌..,

"എടാ സുരേഷ്കുമാർ.വി.കെ., നീയാ, സന്തോശായെടാ, ഹോ, നീ ദുബായിലാണെന്ന് കേട്ടീക്ക്ന്, പക്കേങ്കിൽ, എന്റെ കമ്പനീലയിര്ക്കൂന്നു സൊപ്നതിൽ കൂടെ നിരീചിറ്റ്ല്ല." മമ്മദ്ക്കയുടെ ഉപദേശം അന്ത്രു മറന്നു.

"നിന്റെ കമ്പനിയാ , എടൊ ഞാൻ ഇവിടുത്തെ മാനേജരും നീ ഇവിടുത്തെ പ്യൂണുമാണ്. അത് കൊണ്ട് അധികം ലോഹ്യം ഒന്നും വേണ്ട. പിന്നെ വേറൊരു കാര്യം, നമ്മൾ തമ്മിലുള്ള പഴയ ബന്ധം വേറെയാരും അറിയണ്ട. അതെനിക്ക് കുറച്ചിലാണ്."

ഇത് കേട്ടതേ, അന്ത്രുമ്മാനു സഹിക്കാൻ കഴിഞ്ഞില്ല, സങ്കടം കണ്ണുകളിലൂടെ അണപൊട്ടിയൊഴുകി. അത് കണ്ട് പടച്ചോനും സഹിക്കാൻ കഴിഞ്ഞില്ല. പടച്ചോൻ വേഗം തന്നെ ഒരു മാലാഘയെ ആ കാബിനിലേക്ക്‌ അയച്ചു. പെട്ടെന്നവിടെ വലിയൊരു പ്രകാശം പരന്നു.
മാലാഘ പ്രത്യക്ഷപെട്ടു.

" അന്ത്രുമ്മാനെ, നിന്റെ സങ്കടം അങ്ങ് സ്വർഗത്തിൽ കേട്ടു, നിനക്ക് ഞാൻ വരം തരാം. പറയൂ, എന്ത് വരം വേണം."

അന്ത്രുമ്മാൻ ആകെ അങ്കലാപ്പിലായി, ഇത്ര പെട്ടെന്ന് പറഞ്ഞാൽ എന്ത് വരാ ചോദിക്കുവാ. അപ്പോഴാണ്‌ ടാക്സി ഡ്രൈവർ മുസ്തു പറഞ്ഞ ബുർജ് ഖലീഫയെ കുറിച്ചോർത്തത്.

"എനക്ക് ആ ബുർജ് ഖലീഫെന്റെ ഏറ്റവും മോളിലത്തെ നെലയിൽ പോണം, എന്നിട്ട് ഈ ദുനിയാവ് മുയ്യോനും കാണണം."

" അത്രേ ഉള്ളൂ, ശരി വേറെ എന്തെങ്കിലും വേണോ, ഒരു വരം കൂടി ചോദിക്കാം"

അന്നേരമാണ് അന്ത്രുവിനു ഒരു പുത്തിയുദിചത്. മനുഷ്യത്തം എന്താണെന്ന് ഇവനെ ഒന്ന് പഠിപ്പിക്കണം. അന്ത്രു വളരെ വിനയത്തോടെ പറഞ്ഞു,

" ഈ ഇരിക്കുന്ന സുരേഷ്കുമാർ വി.കെ എന്റെ പഴയൊരു ചങ്ങാതിയാണ്. അതോണ്ട് അടുത്ത വരം ചോദിക്കാനുള്ള അവകാശം ഇവന് കൊടുക്കണം." മാലാഘയുടെ കണ്ണ് നിറഞ്ഞു.

"ശരി, അങ്ങനെയാവട്ടെ, നീ ബുർജ് ഖലീഫയിലെക്ക് പൊയ്ക്കോളൂ."

അന്ത്രു അപ്രത്യക്ഷനായി.

" തനിക്കു എന്ത് വരമാണ് വേണ്ടത്" മാലാഘ ചോദിച്ചു

"എനിക്ക്, ഇപ്പൊ, ഈ നിമിഷം, നല്ല മധുരമുള്ള മുന്തിരി ജ്യൂസ്, അന്ത്രുമ്മാന്റെ കൈയും കൊണ്ടുണ്ടാക്കി ഈ മേശപ്പുറത്ത് എത്തിച്ചു തന്നാൽ മാത്രം മതിയേ"

മാലാഘയ്ക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.

അപ്രത്യക്ഷനായ അന്ത്രുമ്മാൻ വീണ്ടും പ്രത്യക്ഷനായി. കൈയ്യിൽ ഒരു മുന്തിരി ജ്യൂസും.

അതും അവിടെ വെച്ച് പുറത്തിറങ്ങുമ്പോൾ, നെറ്റിയിൽ നിസ്കാരതഴമ്പുള്ള മമ്മദ്ക്കായുടെ പുഞ്ചിരിക്കുന്ന മുഖം അന്ത്രു ഓർത്തു. എന്നിട്ട്, ബിസ്മി ചൊല്ലി പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു

ആശയം കടപ്പാട്: സുഹൃത്ത് വിനീഷ് കുമാർ, റിയാദ്‌ന്റെ ഒരു പോസ്റ്റ്‌.

No comments:

Post a Comment