Sunday, May 18, 2014

ക്ലൌണ്‍ ഡോക്ടര്‍സ്

"എല്ലാവര്‍ക്കും ചിരിക്കാനും ചിരിപ്പിക്കാനും പറ്റും. പക്ഷെ, ചില സാഹചര്യങ്ങളില്‍ മറ്റുള്ളവരുടെ മുന്‍പില്‍ കോമാളിയായി മാറി അവരുടെ ദു:ഖങ്ങളും വേദനകളും അകറ്റണമെങ്കില്‍ ഉള്ളില്‍ സദാ ദൈവം പുഞ്ചിരിക്കണം".

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടറെ ഈയടുത്ത് ഒരു ട്രെയിന്‍ യാത്രയില്‍ വെച്ചു പരിചയപ്പെടാന്‍ ഇടയായപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. ഇയാളിലൂടെയാണ് ഞാന്‍ ക്ലൌണ്‍ ഡോക്ടര്‍സിനെ കുറിച്ചു അറിയാന്‍ ഇടയായത്. പ്രത്യേകിച്ചും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുമായി മല്ലിട്ടു, ജീവിതത്തിന്‍റെ അവസാന നാളുകള്‍ എണ്ണിക്കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആതുരസേവകര്‍ ആണ് ക്ലൌണ്‍ ഡോക്ടര്‍സ്. കൂടുതല്‍ അറിയാന്‍ വേണ്ടി ഞാന്‍ ഗൂഗിളിലേക്ക് ഇറങ്ങി. അമേരിക്കയിലും ആസ്ത്രേലിയയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലുമാണ് ഇതുപോലുള്ള ചികിത്സാരീതി പരിശീലിച്ചു വരുന്നത്.

"കീമോതെറാപ്പിയും ഓപ്പറേഷനുമൊക്കെ കഴിഞ്ഞതിനു ശേഷം ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കുഞ്ഞിന്‍റെ വിഷമം തല മൊട്ടയടിച്ചു എന്നതായിരുന്നു. അപ്പോഴേക്കും അവര്‍ തലയില്‍ നല്ല ഭംഗിയുള്ള ടാറ്റൂ വരച്ചു, അതോടെ അവന്‍റെ സങ്കടം മുഴുവന്‍ മാറി. അവന്‍ കരച്ചില്‍ നിര്‍ത്തി ചിരിയോട് ചിരി. പിന്നീട് അവിടെ വന്നവാരാരും അവന്‍റെ രോഗവിവരങ്ങളെ കുറിച്ചല്ല സംസാരിച്ചത്. എല്ലാവര്‍ക്കും പറയാനുണ്ടായത് എന്തു ഭംഗിയാ കുട്ടിയെ കാണാന്‍ എന്നതായിരുന്നു." ഒരു അമ്മയുടെ വാക്കുകള്‍.

ശാരീരികമായി തകര്‍ന്നിരിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ പലപ്പോഴും മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ക്കോ അവരുടെ കൂടെയുള്ളവര്‍ക്കോ സാധിക്കാറില്ല. അവിടെയാണ് ക്ലൌണ്‍ ഡോക്ടര്‍സ് അവരുടെ "ഫണ്‍ ട്രീറ്റ്മെന്‍റ്" ഉപയോഗിച്ച് അന്തരീക്ഷം മാറ്റി മറിക്കുന്നത്. സര്‍ക്കസിലെ കോമാളികളെ പോലെ വേഷം കെട്ടി ഇവര്‍ വന്നാല്‍ പിന്നെ കുട്ടികള്‍ വേദന മറന്നു അവരോടൊപ്പം കളിച്ചുകൊണ്ടിരിക്കും.

പല വെബ്സൈറ്റുകളിലൂടെ കയറിയിറങ്ങി, കോമാളി ഡോക്ടര്‍മാരെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി, രംഗബോധമില്ലാത്ത കൊമാളിയാണ് മരണം ശരി തന്നെ, പക്ഷെ ഇതുപോലുള്ള കോമാളികളായ ദൈവങ്ങള്‍ ആശുപത്രിയില്‍ ഉള്ളതുകൊണ്ട് തന്നെയാണ് ചില ആശുപത്രികള്‍ ഇന്നും ദേവാലയങ്ങളായി നിലനില്‍ക്കുന്നതെന്ന്.

No comments:

Post a Comment