Sunday, May 18, 2014

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

രാവിലെ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ടിക്കറ്റ്‌ എടുത്തു. കോഴിക്കോട്ടേക്ക്. ഒഴിവുള്ള ഒരു സീറ്റില്‍ ചെന്നിരുന്നു. ട്രെയിന്‍ വിട്ടിട്ടും അടുത്തുള്ള സീറ്റ്‌ ഒഴിഞ്ഞു തന്നെ കിടന്നു. ഒന്നു വിസ്തരിച്ച് ഇരുന്നപ്പോള്‍ ആണ് മറയുന്ന കാഴ്ച്ചകളുടെ അങ്ങു ദൂരേയ്ക്ക് അകലുന്നത് കണ്ടത്. കിട്ടിയ സീറ്റിന്‍റെ പ്രത്യേകത കൊണ്ടാകാം, വണ്ടി മുന്നോട്ടാണ് പോകുന്നതെങ്കിലും എന്‍റെ യാത്ര പിറകിലോട്ടാണ്.

നിമിഷാര്‍ദ്ധനേരം കൊണ്ട് മരങ്ങളും പുഴകളും, കെട്ടിടങ്ങളും പശുക്കളും, ആടുകളും കോഴികളും, കൊറ്റികളും, മനുഷ്യരും, വിദൂരതയില്‍ മറഞ്ഞു പോകുന്നു. കൈവീശി കാണിക്കുന്ന കുട്ടികളുടെ കൗതുകം കണ്ണിനും മനസിനും ഇമ്പം പകരുന്നുണ്ടെങ്കിലും, അതും ചക്രവാളത്തില്‍ മറയുന്ന സൂര്യനെ പോലെ അപ്രത്യക്ഷമാകുന്നു.

അപ്പോഴാണ്‌ നഷ്ട്ടപ്പെടുന്നത് പ്രതീക്ഷകളാണോ സ്വപ്നങ്ങളാണോ എന്നറിയാനുള്ള വ്യഗ്രത മനസ്സിനെ അലട്ടാന്‍ തുടങ്ങിയത്. എങ്കിലും, ജാലകക്കമ്പിയില്‍ ഊന്നി, കണ്ണും മൂക്കും അതിനിടയിലൂടെ പുറത്തിട്ട്, നഷ്ടക്കാഴ്ച്ചകളിലെക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴും കൈയ്യില്‍ അവശേഷിക്കുന്നത് കമ്പിയിലെ തുരുമ്പ് മാത്രം. ആ തുരുമ്പിന്‍റെ മണം മൂക്ക് വലിച്ചെടുക്കുന്നു. ആത്മാവിലേക്ക് ആവാഹിക്കുന്നു.

യാത്ര വീണ്ടും തുടരുന്നു, തുടര്‍ന്നേ മതിയാകൂ.
കാരണം, ജീവിതം ഒരു സര്‍വ്വകലാശാലയല്ലേ, പിന്നിട്ട വഴികളോ അതിലെ കലാലയങ്ങള്‍. അനുഭവങ്ങള്‍ നാം പഠിക്കുന്ന പാഠങ്ങളും, വീണ്ടുമൊരിക്കല്‍ കൂടി വായിക്കാന്‍ സാധ്യതയില്ലാത്ത ചോദ്യക്കടലാസുകളായി ചില ജീവിതങ്ങളും സാഹചര്യങ്ങളും. നോക്കി പകര്‍ത്തിയെഴുതാന്‍ കഴിയാത്ത മാനസികമായ ബലപരീക്ഷണങ്ങള്‍

No comments:

Post a Comment