Sunday, May 18, 2014

അടോസ് അഥവാ AtoZ

"എന്നാ മഴയാടാ ഇത്, ഒന്നു വെളീ പോയൊരു സിഗരറ്റ് വലിക്കാൻ കൂടി പറ്റണില്ല. നിന്‍റെ കയ്യീ കുടയുണ്ടോ? ഒണ്ടേ, നമുക്ക് പോയോരോ ചായ കുടിച്ചേച്ചും വരാം."

എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ ഈ സംഭവത്തെ പരിചയപ്പെടുന്നത്. പേര് അടോസ്. എല്ലാവരും വിളിച്ച് അങ്ങനെയായതാണ്. യഥാർത്ഥ പേര് എ റ്റു സെഡ് ( AtoZ ). എന്താ ഇങ്ങനെയൊരു പേര് എന്ന് ചോദിച്ചപ്പോ പുള്ളി പറഞ്ഞത്.

"ഓ, എന്നാ ചെയ്യാനാടാ ഉവ്വേ, അപ്പന്‍റെയൊരു പൂതി. എന്നെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കണമെന്നായിരുന്നു പുള്ളിക്കാഗ്രഹം. പക്ഷെ, അന്ന് കാലവർഷം ഇച്ചിരി കനത്തതായതോണ്ട് അക്കരേയ്ക്ക് വഞ്ചിയില്ല. അപ്പൊ പിന്നെ എന്നെ പള്ളിവക മലയാളം മീഡിയം സ്കൂളീ തന്നെയങ്ങ് ചേർക്കാൻ തീരുമാനിച്ചു. ചെന്നപ്പോ ചാക്കോ മാഷ്‌ ചോദിച്ചു, എന്നാ പേരാ ഇടേണ്ടതെന്നു. അപ്പൻ പറഞ്ഞു ഏതായാലും ഇംഗ്ലീഷ് മീടിയത്തീ ചേർക്കാൻ പറ്റിയില്ല, എന്നാ ഒരു നല്ല ഇംഗ്ലീഷ് പേര് തന്നെ ഇട്ടേക്കാം. അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വേണമെന്ന് അപ്പനു വാശി. അപ്പൊ, ചാക്കോ മാഷ്‌ ചുമ്മാ പറഞ്ഞതാ A to Z എന്ന്. അപ്പനത് ബോധിച്ചു. പിന്നെ മാഷന്മാരും പിള്ളേരും ചേർന്ന് അടോസ് എന്നാക്കി. എന്നായാലും കൊള്ളാം, ആരും മറക്കത്തില്ല. "

പക്ഷെ ഇങ്ങനെയൊരു മനുഷ്യനെ അത്ര പെട്ടന്നൊന്നും ആർക്കും മറക്കാൻ പറ്റില്ല. ഞാൻ പരിചയപെട്ടിട്ട് ഒരു മൂന്നു ദിവസമേ ആയുള്ളൂ, പക്ഷെ വല്ലാത്തൊരു അടുപ്പം തോന്നി. എനിക്കെന്നല്ല ആർക്കും അടുപ്പം തോന്നും. ഇങ്ങോട്ട് വന്നു സംസാരിക്കും, അതാരായാലും ശരി.

ആശുപത്രിയിലെ എല്ലാവരെയും അറിയാം. അറ്റന്റർമാരുടെ കൂടെ സ്ട്രെച്ചർ തള്ളാൻ കൂടും, ഏതെങ്കിലും റൂമിൽ രോഗിയുടെ കൂടെ ആളിലെങ്കിൽ ആരെങ്കിലും വരുന്നതു വരെ അവരുടെ കൂടെ ഇരിക്കും. സന്ദർശകർ ആരെങ്കിലും അവരെ കാണാൻ വന്നാൽ, പോയി ചായയും കടിയും വാങ്ങിവരും, അതും ഒരു സ്വന്തക്കാരനെ പോലെ അവരുടെ ബാഗിൽ നിന്ന് കാശുമെടുത്തു കൊണ്ടുതന്നെ.

പുറത്തിറങ്ങിയാൽ എല്ലാ ടാക്സിക്കാരെയും, ഒട്ടോക്കാരുടെയും വീട്ടുവിവരങ്ങൾ വരെ അറിയാം. ചായ ഒരു കടയിൽ നിന്നാണെങ്കിൽ സിഗരെറ്റ് മറ്റൊരു കടയിൽ നിന്ന്. പത്രത്തിന് വേറൊരു പെട്ടിക്കട. ആരെയും മുഷിപ്പിക്കരുതല്ലോ.

ഒരു കുടയും ഒപ്പിച്ച് ഞങ്ങൾ ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോൾ ഞാൻ ചോദിച്ചു,
"ഇവിടെ എന്താ ജോലി"

"ഓ, ജോലിയോന്നുമല്ലെടാ, അപ്പനിവിടെ അഡ്മിറ്റാ, ഒരു മാസായി, ഒരു പനി വന്നതാ, പിന്നെ ശ്വാസം മുട്ടൽ, ചുമ, പണ്ടേ ആസ്മ ഒണ്ടാർന്നു, പിന്നെ കുറച്ച് പഞ്ചാരയുടെ സോക്കേടും, ഒന്നിനു പൊറകെ ഒന്നായിട്ടിങ്ങനെ. ഇടയ്ക്കൊന്നു വീട്ടീ പോയീ, പിന്നെ വീണ്ടും ഇങ്ങട് വന്നു, അവിടെ ഭയങ്കര തണുപ്പാ."

"ഓ, അത് ഞാനറിഞ്ഞില്ല." എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി.

"ഓ, അറിഞ്ഞിട്ടിപ്പോ എന്നാ ചെയ്യാനാ, നെന്‍റെ അനിയനിപ്പോ എങ്ങനുണ്ട്. ഇപ്പൊ പത്തു ദീസായില്ലേ, മുടിഞ്ഞ പനിയാ ഇത്. ഇനിയിപ്പോ മഴയും കൂടി തുടങ്ങിയാ എന്നാ ആയിരിക്കും അവസ്ഥ."

"രണ്ടു ദിവസത്തിൽ ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞത്".

"ആ വെളുത്ത കൊച്ചല്ലേ, ചെറിയ പെണ്ണാണേലും നല്ല വെവരോണ്ട്. എം ഡി കഴിഞ്ഞതാ. പക്ഷെ.. കല്യാണം കഴിഞ്ഞിട്ടില്ല. അതിന്‍റെ നല്ല വെഷമോണ്ട് അവള്ടെ അമ്മച്ചിക്ക്."

അടോസിന്‍റെ ചുണ്ടിൽനിന്ന് പുകച്ചുരുളുകൾ ഉയരുമ്പോഴും അവനു സംസാരിക്കാൻ ഉണ്ടായിരുന്നത് ഇന്നലെ പരിചയപെട്ട ഒരു പാട് ജീവിതങ്ങളെ കുറിച്ചാണ്. സാമ്പത്തിക പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്ന അപ്പുറത്തെ ബെഡിലെ തങ്കപ്പേട്ടനും, മക്കളെ കെട്ടിച്ചയക്കാൻ തത്രപ്പാട് പെടുന്നതിനിടയിൽ കാലൊടിഞ്ഞ ബഷീർക്കയും, ബൈക്ക് ആക്സിടെന്റിൽ നടുവൊടിഞ്ഞു കിടക്കുന്ന ലൈജുവും എല്ലാവരും ആ മനസ്സിലുണ്ട്.

"അപ്പനെ ഒന്നോ രണ്ടോ ദിവസത്തിൽ കൊണ്ടു പോകാന്നാ തോമസ്‌ ഡോക്ടർ പറഞ്ഞത്. ഇപ്പൊ തന്നെ പത്തു മുപ്പതിനായിരം ചെലവായി.... ആദ്യം നല്ല മുറീലായിരുന്നു. 414, നിങ്ങടെന്നു മൂന്നാമത്തേത്... പിന്നെ ഞെരുക്കം വന്നപ്പോ താഴത്തെ ബെഡിൽ ആക്കി.... സൗകര്യം കൊറവാ, പക്ഷെ ഒത്തിരി പേരൊണ്ട്. അതോണ്ട്... അപ്പന് ചിരിച്ചും പറഞ്ഞും ഇരിക്കാനൊരു വകയായി."

ഞാനോർത്തു, സാധാരണയായി ഒരു ആശുപത്രിയിൽ ചെന്നാൽ, ആരോടു മിണ്ടിയാലും അവർക്ക് സങ്കടങ്ങൾ മാത്രമേ പറയാനുണ്ടാവുകയുള്ളൂ. പക്ഷെ ഈ മനുഷ്യൻ, ഇതെന്താ ഇങ്ങനെ. എല്ലാവരെയും നെഞ്ചോടു മാത്രം ചേർക്കാൻ പഠിച്ച ഒരു ജന്മം. ദൈവത്തിന്‍റെ കൈയ്യൊപ്പ് ഹൃദയത്തിലും നാവിലും വാങ്ങിയ ഒരു അപൂർവ്വ ജന്മം.

ഞങ്ങൾ തിരിച്ച് റൂമിലെത്തി. അടോസ് പിന്നെയും ഒരു പാടു പേരുടെ കാര്യങ്ങൾ പറഞ്ഞു. അനുവാദമില്ലാതെ മുറിയിൽ കയറി ചെന്നതിനു ഒരമ്മച്ചി വഴക്കു പറഞ്ഞതും, പിന്നീടു അവരു തന്നെ വിളിച്ചു കൈതച്ചക്ക കൊടുത്തതും, സുഹ്ര കുഞ്ഞിനു പാലു കൊടുക്കുമ്പോൾ കുഞ്ഞിനെ വാങ്ങാൻ പോയതും, അതു കണ്ടെല്ലാവരും കളിയാക്കിയതും, ചമ്മിയതും, എല്ലാം. സമയം പോയത് അറിഞ്ഞേയില്ല . പിന്നീട് ബഷീർക്കയുടെ മുതലാളി കാണാൻ വരുന്നുണ്ട്. അതു കൊണ്ട് അവർക്ക് ചായ വാങ്ങി കൊടുക്കണം എന്നും പറഞ്ഞു പോയി.

പിറ്റേ ദിവസം ഞാൻ ആശുപതിയിൽ എത്തിയപ്പോൾ ഏകദേശമൊരു പത്തു മണിയായിക്കാണും. ഒരു മണിക്കൂറായിട്ടും അടോസിനെ കാണാത്തത് കൊണ്ട് താഴേക്കിറങ്ങി. പോകുന്ന വഴിക്ക് ഒരു അറ്റന്ടരോട് ബെഡ് എവിടെയാ എന്ന് ചോദിച്ചു. പുള്ളിയെ അറിയാത്ത ആരും അവിടെ ഇല്ലല്ലോ.

"അവന്‍റെ അപ്പനെ മാറ്റിയല്ലോ. ഇന്നു രാവിലെയാ മരിച്ചത്. അവനാ മോർച്ചറിയുടെ അടുത്തിരിപ്പുണ്ട്" അയാളിതു പറഞ്ഞതും, ഞാൻ വെട്ടേറ്റതു പോലെയായി. എന്‍റെ ശ്വാസം നിന്നു. ചുറ്റും ഇരുട്ടു പടര്‍ന്നതു പോലെ. ഒന്നും വകവെയ്ക്കാതെ ഞാൻ മോർച്ചറി ലക്ഷ്യമാക്കി ഓടി.

അവിടെ എത്തിയപ്പോൾ ഞാൻ കണ്ടത്, മോർച്ചറിയുടെ വാതിൽപ്പടിയിൽ ഇരുന്നു തേങ്ങി കരയുന്ന അടോസിനെയാണ്. ചുറ്റും കുറെ പേർ. കൈയ്യൊടിഞ്ഞവരും, കാലൊടിഞ്ഞവരും, വീൽചെയറിൽ ഇരിക്കുന്നവരും എല്ലാവരും. പക്ഷെ ആർക്കും അവനെ സമാധാനപ്പെടുതാൻ കഴിയുന്നില്ല. ഞാൻ അടുത്തു ചെന്നവന്‍റെ തോളിൽ തൊട്ടു. അവൻ എന്നെ കെട്ടിപിടിച്ചു. ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു,

" അപ്പനെ ഞാൻ എങ്ങനെ ഇങ്ങനെ വീട്ടീ കൊണ്ടു പോകും. പെട്ടെന്നു സുഖാക്കി തന്നാൽ പള്ളിപ്പെരുന്നാൾ നടത്താമെന്ന് പോലും ഏറ്റതായിരുന്നു. വീട്ടീ പോയീ വെടിയിറച്ചി തിന്നണമെന്ന് ഇന്നലെ കൂടി പറഞ്ഞതേയുള്ളൂ. അപ്പോഴേക്കും പോയില്ലേ."അവനെ എങ്ങനെ സാന്ത്വനിപ്പിക്കണമെന്ന് എനിക്കും അറിയില്ലായിരുന്നു.

മോർച്ചറിയിൽ നിന്നു ആ പഴയ വരാന്തയിലൂടെ അപ്പനെ കൊണ്ടുപോകുമ്പോൾ അവിടെ തടിച്ചു കൂടിയത് ആ ആശുപത്രി മുഴുവനുമായിരുന്നു. അപ്പോൾ, ഞാനതുവരെ കാണാത്ത ഒരു ഉമ്മ വന്നു അവനെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു,
"മോനെ, നീ ദൈവത്തിന്‍റെ മുത്താണ്, അന്‍റെ ഉള്ളിലിള്ളത്, പടച്ചോൻ തന്ന ഖല്ബാണ്. അന്‍റെ ബാപ്പ പോയത് പടച്ചോന്ടടുതെക്കല്ലേ. ഈയ് സങ്കടപ്പെടുവോന്നും വേണ്ട, ഈ നിക്കുന്നോരെല്ലാം അന്‍റെ ബാപ്പയും ഉമ്മയുമാണ്."
________________________________________

അവനവിടുന്നു അപ്പനെയും കൂട്ടി ആംബുലൻസിൽ യാത്രയാകുമ്പോൾ, മനസ്സിൽ ഒരായിരം മെഴുകുതിരികൾ കത്തിയുരുകുകയായിരുന്നു. വീണ്ടും കാണാൻ, ഒന്നു സംസാരിക്കാൻ, ഒരു നമ്പർ പോലും തരാതെ, ആ സ്നേഹത്തിന്റെ നിറകുടം മറഞ്ഞകന്നു. ഒരായിരം നന്മകൾ, കാണിച്ചും, പഠിപ്പിച്ചും, തന്നു കൊണ്ട്.

No comments:

Post a Comment