Sunday, May 18, 2014

ഹാജിയാരുടെ ഹോട്ടല്‍

കുറച്ചു നാൾ മുൻപ് ഒരു ഹോട്ടലിൽ നടന്ന സംഭവം.

എന്‍റെ സൈഡിലുള്ള മേശയിലിരുക്കുന്ന ആൾ അത്യാവശ്യം നല്ല ഒരു ഭക്ഷണപ്രിയനാണെന്നു തോന്നി. പൊറോട്ടയും അപ്പവും നെയ്ച്ചോറും അയാളുടെ മുന്പിലുണ്ട്. അയിലകറി കൂടാതെ ബീഫ് റോസ്റ്റും ചിക്കന്‍റെ ഒരു കാപ്പിപൊടി നിറത്തിലുള്ള കറിയുമുണ്ട്. എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ. ഓർഡർ ചെയ്തിട്ട് ഏകദേശം 15 മിനിട്ടായി. ട്രെയിൻ എപ്പോ വേണമെങ്കിലും എത്തും. ഈ കാലമാടനാണെങ്കിൽ നാളത്തെ വയറിളക്കം ഇന്ന് തന്നെ പാർസൽ വാങ്ങിച്ചു പോകുമെന്ന് തോന്നി.

ഞാൻ വീണ്ടും വെയിറ്ററെ നോക്കി. അയാള്‍ അഞ്ചു മിനിറ്റെന്നു ആംഗ്യം കാണിച്ചു. അപ്പോൾ ദാണ്ടെടാ നാമുടെ നെയ്ബർ എണീക്കുന്നു. ഞാൻ നോക്കുമ്പോൾ അങ്ങേരുടെ പ്ലേറ്റിൽ എല്ലാം പകുതിയിൽ കൂടുതലും ബാക്കി.

അങ്ങേര് കൈയ്യും കഴുകി എത്തിയപ്പോഴേക്കും ബില്ലുമായി കാഷ്യർ തന്നെ അവിടെ നിക്കുന്നു.
"ഇതൊക്കെ പാർസൽ എടുക്കട്ടെ" കാഷ്യർ ചോദിച്ചു
"വേണ്ട, ബിൽ എത്രയാ"
"അപ്പൊ ഇതെന്തു ചെയ്യണം"
"അതങ്ങ് കളഞ്ഞേക്ക്, അതിലെന്തിരിക്കുന്നു ഇത്രേം ആലോചിക്കാൻ " ഒരു പുച്ഛം കലര്‍ന്ന ഭാവത്തോടെ നമ്മുടെ നെയ്ബര്‍ പറഞ്ഞു.

"എന്നാലും, ഇത് കുറച്ച് അഹങ്കാരമായി പോയില്ലേ" കാഷ്യര്‍ക്ക് കലി കയറി.
"ഇതൊക്കെ ചോദിക്കാൻ നീ ആരാ. നീ നിന്റെ ജോലി ചെയ്‌താൽ മതി"
"ഞാൻ നിന്‍റെയാരുമല്ല, പക്ഷെ ഇതെന്‍റെ ഹോട്ടൽ ആണ്, ഇവിടെ ഒരു സാധനവും കളയാനല്ല ഉണ്ടാക്കുന്നത്"

"എന്നാലിത് വല്ല തെണ്ടിപിള്ളേർക്കും കൊട്. അടയ്ക്കാനാവുമ്പോൾ എത്തുമല്ലോ"
എന്ന് പറഞ്ഞു തീര്‍ന്നില്ല ഠപ്പേ .. ഠപ്പേ ന്ന് ... രണ്ടെണ്ണം പൊട്ടുന്നതും കണ്ടു, അടുത്തിരിക്കുന്ന കസേര പോളിയുന്നതും കണ്ടു. ആ തടിയന്‍റെ വെയിറ്റ് താങ്ങിയില്ല.

"ആ പിള്ളേർക്ക് എന്ത് കൊടുക്കണമെന്ന് എനിക്കറിയാം. നിന്‍റെ എച്ചിലിട്ടു കൊടുക്കാൻ അവര് നായ്ക്കളല്ല... നീയാ കറിയിൽ മുക്കി തിന്നതല്ലെ.... സ്പൂണ്‍ ഇട്ടെടുത്തതായിരുന്നെകിൽ, പട്ടികൾക്കെങ്കിലും കൊടുക്കാമായിരുന്നു"

അപ്പോഴേക്കും എന്‍റെ പുട്ടും കടലയുമെത്തി. കടലകറിയിൽ സ്പൂണ്‍ ഉണ്ടായത് കൊണ്ട് വെള്ളത്തിന്‍റെ ഗ്ലാസ്‌ എടുത്തപ്പോൾ കൈ വിറച്ചില്ല.
________________________________

ഈ ഹാജിയാര്‍ 8 മണിവരെയേ ഹോട്ടൽ തുറക്കാറുള്ളൂ. അതിനു ശേഷം ബാക്കി വരുന്ന ഭക്ഷണം അനാഥാലയത്തിലേക്ക് അയച്ചു കൊടുക്കറാണ് പതിവത്രേ.

No comments:

Post a Comment