Sunday, May 18, 2014

ഒടുവില്‍ നീ എത്തുമ്പോള്‍

"പറയൂ .. നിനക്ക് ഏത് പൂവാണ് ഏറ്റവും ഇഷ്ടം ... ???" എന്‍റെ മാറോട് ചേര്‍ന്നുകിടന്നു കൊണ്ട് അവള്‍ ചോദിച്ചു. 

"ഇപ്പൊ തന്നെ പറയണോ .. അതോ ആലോചിച്ചിട്ട് കുറച്ചു കഴിഞ്ഞ് പറഞ്ഞാല്‍ മതിയോ .. " എന്‍റെ ആ ഉത്തരം അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി. അവള്‍ക്ക് ചില കാര്യങ്ങള്‍ ഇഷ്ടമാകാതെ വരുമ്പോള്‍ അവള്‍ അറിയാതെ തന്നെ അവളുടെ ഇടത്തെ കണ്ണ് ചെറുതാകും. അവളെ കുറിച്ച് എനിക്ക് മാത്രം അറിയാവുന്നൊരു രഹസ്യം.

"അതെന്താ .. എന്നോട് എന്തെങ്കിലും പറയണമെങ്കില്‍ ആലോചിച്ച് പറയണോ ..." അല്ലേലും ചിണുങ്ങുമ്പോള്‍ അവള്‍ക്ക് ഭംഗി കൂടുതലാണ്.

"നീലക്കുറിഞ്ഞി ..." അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു.
"അതെന്താ നീലക്കുറിഞ്ഞി ... അതിനെന്താ ഇത്ര പ്രത്യേകത.. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല .."

"ഞാന്‍ കണ്ടിട്ടുണ്ട് .. നല്ല ഭംഗിയുള്ള നീലപ്പരവതാനി പോലെ പൂത്തു നിറഞ്ഞു നില്‍ക്കും" അവള്‍ കാണാത്ത ഒരു സംഭവം ഞാന്‍ കണ്ടു എന്ന് പറഞ്ഞാല്‍ അവള്‍ക്ക് എപ്പോഴും പരിഭവമാണ്.

"പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കലല്ലേ അത് പൂക്കൂ.. ഇനി എപ്പഴാ എനിക്കത് കാണാന്‍ പറ്റുവാ .. "
"അടുത്ത പ്രാവശ്യം നമുക്കൊരുമിച്ച് പോകാം .. ഞാന്‍ കൊണ്ട് പോകാം നിന്നെ അവിടെ ... നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയില്‍..."

"ഉം .. എന്നിട്ട് അവിടെ വെച്ച് നിനക്ക് ഞാന്‍ എന്‍റെ പ്രേമം തരും പ്രിയേ എന്നായിരിക്കും .." കൈ നീട്ടി കഴുത്തു ഉയര്‍ത്തിതെല്ലൊന്നു കളിയാക്കുന്നത് പോലെ അവള്‍ പറഞ്ഞു.

അല്ലേലും ഞാനൊന്ന് റൊമാന്റിക്ക് ആകാന്‍ ശ്രമിച്ചാല്‍ അവള്‍ അന്നേരം അതില്‍ സാഹിത്യം കൊണ്ടുവരും, പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരം. അങ്ങനെ അത് നീണ്ടുനീണ്ട് ലോകക്ലാസ്സിക്കുകളില്‍ വരെ എത്തി നില്‍ക്കും. പദ്മരാജനും ചുള്ളിക്കാടും മാധവിക്കുട്ടിയും, ഷെല്ലിക്കും മാര്‍ക്വേസിനും ആന്‍ ഫ്രാങ്കിനും, വഴി മാറും. അനര്‍ഘസുന്ദര നിമിഷങ്ങളുടെ വേലിയേറ്റങ്ങള്‍ ആയിരുന്നു അവ.

ഇന്നിതാ ഈ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ അകാല നര ബാധിച്ച മനസ്സും ശരീരവുമായി അവളെയും കാത്ത് ഇരിക്കുന്നു. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു കൂടിക്കാഴച്ച. ഇതിനിടയില്‍ എത്രയെത്ര ഇലപൊഴിഞ്ഞ ശിശിരങ്ങള്‍, എത്രയെത്ര പൂത്തുലഞ്ഞ ഗുല്‍മോഹര്‍ വീഥികള്‍, പക്ഷെ ഒരിക്കല്‍ പോലും നീലക്കുറിഞ്ഞികള്‍ പൂത്തത് കണ്ടില്ല, അല്ല, കാണാന്‍ പോയില്ല. ഇനി അത് കാണാന്‍ പോകുമ്പോള്‍ അവളും കൂടി ഉണ്ടാകുമെന്ന് വാക്ക് കൊടുത്തതല്ലേ. ആ വാക്ക് പാലിക്കാനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു.

പക്ഷെ അതിനു ശേഷം പിന്നീടൊരിക്കലും നീലക്കുറിഞ്ഞികളെ കുറിച്ച് അവള്‍ സംസാരിച്ചതെയില്ല. നിശാഗന്ധി ആയിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പം. ഞാനും അന്ന് അത് പറയണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു എന്ന് അവള്‍ പിന്നീട് പറഞ്ഞിരുന്നു.

"അതെന്താ.. നിനക്ക് നിശാഗന്ധി ഇഷ്ടമല്ലേ .. ?"
" ആണ് .. പക്ഷെ ഏറ്റവും ഇഷ്ടം ഏതാണെന്നല്ലേ നീ ചോദിച്ചത്... ?"
" ഉം .. ന്നാലും എന്താ നീലക്കുറിഞ്ഞികളോട് ഇത്രയ്ക്കും ഇഷ്ടം ??" പരിഭവം വരുമ്പോള്‍ നെഞ്ചോട് ചേര്‍ന്നേ അവള്‍ എന്തെങ്കിലും ചോദിക്കുകയുള്ളൂ. ഞാന്‍ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചു കൊണ്ട് മറുപടിയും കൊടുക്കും.

" നീലക്കുറിഞ്ഞികളെ ഇഷ്ടപ്പെടാന്‍ ഒരേയൊരു കാരണമേ ഉള്ളൂ ..."

അവള്‍ മുഖമുയര്‍ത്തി എന്താണത് എന്ന് ചോദിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷെ അവള്‍ അവിടെ നെഞ്ചോട് ചേര്‍ന്ന് തന്നെ കിടന്നു.

"എന്താന്ന് പറ .. ആ ഒരേയൊരു കാരണം .."
" നീ പറഞ്ഞത് തന്നെ .. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കലേ വിരിയൂ അത്.. അത് തന്നെ .."
" അല്ല .. അതല്ല .. വേറെ എന്തോ ഉണ്ട് .. എന്നോട് പറയാത്തതാ .." അല്ലേലും അവളില്‍ നിന്ന് എനിക്ക് ഒന്നും മറച്ചു വെക്കാന്‍ കഴിയില്ല, പ്രത്യേകിച്ചും നെഞ്ചില്‍ ചാരി കിടക്കുമ്പോള്‍, ഹൃദയത്തിന്‍റെ താളം അവള്‍ക്ക് വായിക്കാന്‍ കഴിയുമല്ലോ.

"പറയൂ ന്നേ .. എന്താ അതിനെ നിശാഗന്ധിയെക്കാക്കാളും ഇഷ്ടം.."
"ഉം .. പറയാം .. നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍ നമ്മള്‍ അതിനെ തേടി അവിടം വരെ പോകും.. അവിടെ എത്തുവോളം നമ്മള്‍ മനസ്സില്‍ അതിനെ കാണും, ഇളം നീലയാകാശത്തിനു കീഴെ കടും നീല പരവതാനി. നീല വര്‍ണ്ണം കൊണ്ട് തന്നെ നമ്മള്‍ ആയിരം മഴവില്ലുകള്‍ തീര്‍ക്കും. ആ യാത്രയുടെ അവസാനം നമ്മള്‍ അവിടെ എത്തുമ്പോള്‍ നമ്മള്‍ മനസ്സില്‍ വിരിയിച്ച നീല പരവതാനിയെ കാളും സുന്ദരമായി നീലാകാശത്തെ ചുംബിച്ചു കൊണ്ട് അത് അവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാം. അതാണ്‌ അതിന്‍റെ ഭംഗി, ആദ്യത്തെ കാഴ്ചയില്‍ തന്നെ നമ്മള്‍ ദൈവത്തോട് നന്ദി പറഞ്ഞു പോകും.."
"അതെന്തിന്..."
"ദൈവം നമുക്ക് കണ്ണുകള്‍ തന്നതിന് ..."

അന്നവള്‍ എന്‍റെ നെഞ്ചോട് ചേര്‍ന്നു കിടന്ന് നീലക്കുറിഞ്ഞികള്‍ പൂത്തത് എന്‍റെ കണ്ണുകളിലൂടെ കണ്ടു. കാണാത്ത കാഴ്ച്ചകള്‍ കണ്ടതിനെക്കാള്‍ സുന്ദരം എന്ന് അവള്‍ എന്‍റെ ഹൃദയത്തോട് മന്ത്രിച്ചു. ആ ഉറക്കത്തില്‍ നിന്ന് എനിക്കവളെ ഉണര്‍ത്താന്‍ തോന്നിയില്ല. അവള്‍ സ്വപ്നം കാണുകയായിരിക്കും, അങ്ങകലെ ആ കോടമഞ്ഞിന്‍ താഴ്വാരയില്‍ നീലാകാശം ചുംബിച്ചുണര്‍ത്തുന്ന നീലക്കുറിഞ്ഞികളെ.

ഒരു ട്രെയിന്‍ ഇപ്പോള്‍ വരുമെന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന അന്നൌണ്സ്‌മെന്റ് കേട്ടു. അതിലായിരിക്കും അവള്‍ വരുന്നത്. ഞാന്‍ വീണ്ടും ആ ഇ-മെയില്‍ തുറന്നു. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന ഒരേയൊരു കുറിമാനം.

"ഡാ .. ഞാന്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോടെ കല്ലേറ്റുങ്കരയില്‍ എത്തും .. നീ അവിടെ ഉണ്ടാകണം ... ഒരു മൂന്ന്‍ ദിവസത്തേക്ക് ഫ്രീയുമാകണം.. ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന കാലമല്ലേ .. നമുക്ക് പോവണ്ടേ അവിടെ ... നിന്‍റെ കണ്ണുകളിലൂടെ കണ്ട ആ നീലപ്പരവതാനിയെ കാണാന്‍ .. നീലാകാശം ചുംബിച്ചുണര്‍ത്തുന്ന നിനക്കേറ്റവും ഇഷ്ടപ്പെട്ട പൂക്കളെ കാണാന്‍...: അവിടെ വെച്ച് നീ എനിക്ക് നിന്‍റെ പ്രേമം തരുമായിരിക്കും അല്ലെ .. തരണം... ഇത്രയും വര്‍ഷത്തെ പരിഭവങ്ങള്‍ നമുക്ക് ആ താഴ്വാരത്തില്‍ അലിയിച്ചു കളയാം.."

ട്രെയിന്‍ വന്നു, അങ്ങ് ദൂരെ എനിക്ക് കാണാം, വെള്ള കുര്‍ത്തയും നീല ജീന്‍സും ഇട്ട് ഒരു ചുവന്ന ട്രോളി ബാഗും വലിച്ചു അതാ അവള്‍ ... ഞാന്‍ എന്‍റെ ഡ്രസ്സിലേക്ക് നോക്കി .. അവള്‍ അടുത്തെത്തുമ്പോള്‍ ആദ്യം പറയുന്നത് എന്തെന്ന് ഞാന്‍ ഊഹിച്ചു, അവള്‍ അടുത്തെത്തി...

"ശ്ശെടാ .. ഇതെങ്ങനെ .. ഇന്നും നമ്മള്‍ സെയിം കോമ്പിനേഷന്‍ ... നീ എന്നെ ദൂരെ നിന്ന് കണ്ടു ഡ്രസ്സ്‌ മാറ്റിയതല്ലേ .. സത്യം പറ.."

ഞാന്‍ അവളുടെ കൈ പിടിച്ചു. മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.. "നീ ഒട്ടും മാറിയിട്ടില്ല .. ഇരുപത് വര്‍ഷം ഇന്നലെ എന്നത് പോലെ തോന്നുന്നു ഇപ്പൊ .."

"ആണല്ലോ ... അപ്പൊ നമ്മള്‍ പോവുകയല്ലേ ... നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയിലേക്ക് ..."

"ഉം .. അതെ .."
" ന്നാലും .. സത്യം പറ നിനക്ക് നിശാഗന്ധിയെ അല്ലെ കൂടുതല്‍ ഇഷ്ടം .." ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.

"നോക്കണ്ട .. ഇടത്തെ കണ്ണ് ചെറുതായിട്ടൊന്നുമില്ല .." അവള്‍ എന്‍റെ വലതു കൈയ്യില്‍ മുഖം അമര്‍ത്തി, ഞങ്ങള്‍ കാറിലേക്ക് നടന്നു നീങ്ങി, നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള യാത്ര തുടങ്ങാനായി ... പരസ്പരം കൈമാറിയ വാക്ക് പാലിക്കാനായി ..

No comments:

Post a Comment