Sunday, May 18, 2014

വൈദ്യരപ്പൂപ്പന്‍

സൈക്കിളില്‍ നിന്നു വീണു കൈയ്യൊടിഞ്ഞതിനെ കുറിച്ച് ഞാന്‍ മുന്‍പെഴുതിയിരുന്നു. അതൊരു ഒന്നൊന്നര ഒടിയലായിരുന്നു. കൈയും കുത്തി വീണ വീഴ്ച്ചയുടെ ആഘാതത്തില്‍ എല്ല് രണ്ടുംപോട്ടി മേളിലോട്ട് കയറി. എന്ന് വെച്ചാ കൈയ്യിന്‍റെ നീളം കുറഞ്ഞു. എല്ല് പുറത്തു വരാത്തത് ഭാഗ്യം. വേഗം തന്നെ ആസ്പത്രിയില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്തത് പ്ലാസ്റ്ററിട്ടു. ഒരു ആറു ദിവസം ആയപ്പോഴേക്കും നല്ല വേദന. വീണ്ടും പോയി എക്സറേ എടുത്തു.

എക്സറേ കണ്ടതും സ്റ്റാഫ്‌ നേഴ്സ് ആയിരുന്ന അമ്മ അലറി കരയാന്‍ തുടങ്ങി. കൈയ്യിന്‍റെ രണ്ടെല്ലുകള്‍ (I I) ഇങ്ങനെ ചേര്‍ക്കേണ്ടതിനു പകരം (X) ഇങ്ങനെ ചേര്‍ത്തിരിക്കുന്നു. അച്ഛനും കൂടെയുള്ളവരും അമ്മയെ ഓര്‍ത്ത് ഡോക്ടറെ തല്ലിയില്ല എന്നേയുള്ളൂ.

അപ്പോഴാണ്‌ അച്ഛന്‍റെ സുഹൃത്തായ പിള്ള സാര്‍ പറഞ്ഞത്, കാനത്തൂരില്‍ ഒരു വൈദ്യരുണ്ടെന്ന്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. നേരെ വിട്ടു. ഒരു മണിക്കൂര്‍ കൊണ്ട് വൈദ്യരുടെ വീട്ടിലെത്തി. കവുങ്ങും, തെങ്ങും, നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ തറവാട്. ഒരു എഴുപതു വയസ്സ് കാണും. അച്ഛന്‍ വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചു. എണ്ണയും കുഴമ്പും പച്ചിലകളും മണക്കുന്ന പുല്‍പ്പായയില്‍ എന്നെ ഇരുത്തി. ചെറിയൊരു അറക്കവാള്‍ കൊണ്ട് എന്‍റെ പ്ലാസ്റ്റര്‍ മുറിച്ചുമാറ്റി. എന്‍റെ കൈ പയ്യെ ഞെക്കി നോക്കി.

"ഓ, ഇത് സാരൂല്ല, അങ്ങോട്ടും ഇങ്ങോട്ടും ആയിട്ടുണ്ട്... ഒന്ന് പൊട്ടിച്ച് നേരെയാക്കിയാല്‍ മതി." വളരെ കൂളായിട്ട് അങ്ങേര് പറഞ്ഞു.

"അയ്യോ.. അപ്പൊ നല്ല വേദനയിണ്ടാവൂല്ലേ" അമ്മ അറിയാതെ ചോദിച്ചു പോയി. അതും കൂടി കേട്ടതേ ഞാന്‍ അവിടുന്ന് എഴുന്നേറ്റോടി. പിറകേ അങ്ങേരുടെ മോനും മൂന്നു ശിങ്കടികളും. ഒടിഞ്ഞ കൈയ്യുടെ വേദന ഒരു വശത്ത്, പ്രാണന്‍ പോകുമെന്ന വേദന മറുവശത്ത്. എന്നാലും അവരെന്നെ പൊക്കിയെടുത്ത് പഴയ സ്ഥാനത്ത് തന്നെ കൊണ്ട് വന്നിരുത്തി.

"മോന്‍ എത്രേലാ പഠിക്കുന്നേ" ഒരു ഗ്ലാസ് പാല്‍ നീട്ടികൊണ്ട് വൈദ്യരപ്പൂപ്പന്‍ ചോദിച്ചു.
"ആറില്" പക്ഷെ പാല്‍ ഞാന്‍ വാങ്ങിയില്ല.
അങ്ങേര് എണ്ണയും കുഴമ്പും ഉപയോഗിച്ച് കൈ തടവാന്‍ തുടങ്ങി. ഒടിഞ്ഞ ഭാഗം എത്തുമ്പോ ഞാന്‍ കൈ പിടിച്ചു വലിക്കും.

എന്നെ പറ്റിക്കാന്‍ വേണ്ടി അച്ഛന്‍റെ പേരും അമ്മേടെ പേരും, അനിയന്മാരുടെ പേരും എന്ന് വേണ്ട എനിക്ക് പരിചയമില്ലാത്തവരുടെ പേരുകള്‍ വരെ ചോദിച്ചു തടവിക്കൊണ്ടിരുന്നു. എന്നാലും ഞാന്‍ വിട്ടു കൊടുത്തില്ല. ഒടിഞ്ഞ സ്ഥലം എത്തുമ്പോ ഞാന്‍ കൈ വലിക്കും. കൊക്കെത്ര കുളം കണ്ടതാ എന്ന മട്ടില്‍ അങ്ങേരും വിട്ടില്ല.

"മോന് കരിക്ക് വേണാ"
"ബാണ്ട" ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു.
"പാലും കരിക്കും ജ്യൂസടിച്ചത്"
"ബാണ്ടാ .."
"ജിലേബി"
"അതും ബാണ്ട"
"ദാ .. ആ കാണുന്ന ചാമ്പയ്ക്ക വേണോ, നല്ല മധുരൂണ്ട്"
"ചാമ്പയ്ക്കയ്ക്ക് മധുരൂല്ലാന്ന്‍ എനക്കറിയാ" ഞാന്‍ വിട്ടു കൊടുത്തില്ല. അങ്ങേരുടെ കണ്ണില്‍ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു.

അപ്പോഴാണ്‌ മുറ്റത്തൊരു ഓല വീണതും, എന്‍റെ ശ്രദ്ധ തെറ്റിയതും, അങ്ങേരുടെ കൈകള്‍ എന്‍റെ ഉള്ളംകൈയ്യില്‍ അമര്‍ന്നതും, "പഠക് പഠക്" എന്ന് രണ്ട് ശബ്ദം കേട്ടതും, കണ്ണിലൂടെയും ചെവിയിലൂടെയും പൊന്നീച്ച പറന്നതും, ഞാന്‍ കാറി നിലവിളിച്ചതും, അങ്ങേരുടെ നെഞ്ചുംകൂടം നോക്കി ഒരു ചവിട്ടു കൊടുത്തതും, എല്ലാം ഒരുമിച്ചായിരുന്നു.

എന്നിട്ട് അന്നറിയാവുന്ന എല്ലാ തെറികളും വിളിച്ചു. തെറി വിളിയും കൂടിയായപ്പോള്‍ അച്ഛന്‍ പിന്നെ വെറുതെ നിന്നില്ല. അത് വരെയുണ്ടായിരുന്ന സ്നേഹമെല്ലാം ഒലിച്ചുപോയി. പിന്നെ തലങ്ങും വിലങ്ങും അടിയോടടി. സങ്കടവും ദേഷ്യവും വേദനയും എല്ലാം കൂടിയായപ്പോള്‍ കരച്ചിലിനിടയില്‍ എന്‍റെ ബോധം പോയി. പിന്നീട് എപ്പോഴോ കണ്ണ് തുറന്നപ്പോള്‍, കൈയില്‍ പച്ചിലയും കുഴമ്പും തേച്ച് പാളയും സ്കേലും കൊണ്ട് നാടന്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. വേദനയും കുറവുണ്ട്.

രണ്ടു മാസത്തെ ഉഴിച്ചിലും തിരുമ്മലിനും ശേഷം, വൈദ്യരപ്പൂപ്പന്‍റെ കാലു തൊട്ട് അനുഗ്രഹം വാങ്ങി അന്നവിടുന്നിറങ്ങുമ്പോള്‍, അദ്ദേഹം പറഞ്ഞു,
"രണ്ടു ദിവസം കൂടി വൈകിയിരുന്നെങ്കില്‍ തളര്‍ന്നുപോകുമായിരുന്ന കൈയ്യാണിത്. അതുകൊണ്ട് ഇതും കൊണ്ട് എന്ത് ചെയ്യുമ്പോഴും അതോര്‍മ്മ വേണം. ദൈവം തിരിച്ചുതന്ന കൈ."
___________________________________________

സോറി വൈദ്യരപ്പൂപ്പാ, അന്ന് തൊഴിച്ചതിന്. നിങ്ങളാണ് എനിക്ക് കണ്‍കണ്ട ദൈവം. എന്‍റെ വലതു കൈ തിരിച്ചുതന്ന വലിയ ദൈവം ♥ ♥

No comments:

Post a Comment