Sunday, May 18, 2014

മനസേ ആസ്വദിക്കൂ ആവോളം .... ആരവങ്ങളില്ലാതെ ..

അമ്മയുടെ ചേട്ടന്‍റെ മകളാണ് മോളിയാന്‍റി. അവരുടെ മൂത്തമകനാണ് മനു. ബന്ധം വെച്ച് നോക്കുമ്പോള്‍ അപ്പൊ ഞാന്‍ അവന്‍റെ അമ്മാവന്‍ ആയി വരും. പക്ഷെ ആറാം ക്ലാസ്സുകാരനെ എങ്ങിനെ ഒരു നാലാം ക്ലാസ്സുകാരന്‍ അമ്മാവന്‍ എന്ന് വിളിക്കും. അതുകൊണ്ട് ഞാന്‍ ചേട്ടനായി. 

എങ്കിലും മനു ഒരിക്കലും എന്നെ ചേട്ടാ എന്ന് വിളിച്ചിട്ടില്ല. വിളിക്കുകയുമില്ല. ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവനതിനു കഴിയില്ലായിരുന്നു. അവന്‍ ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തവന്‍ ആയിരുന്നു. പിന്നെങ്ങനെ വിളിക്കാന്‍.

മനു പഠിച്ചിരുന്നത് കാസര്‍ഗോഡ്‌ ചെര്‍ക്കളയിലെ മാര്‍ത്തോമാ മൂക-ബധിര വിദ്യാലയത്തില്‍ ആയിരുന്നു. കുട്ടികള്‍ അവിടെ താമസിച്ചു പഠിക്കണം. അതായിരുന്നു അവിടുത്തെ നിയമം. അതുകൊണ്ടുതന്നെ മോളിയാന്‍റിയും കുടുംബവും എല്ലാ ഞായറാഴ്ച്ചയും വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും വരും. ചിലപ്പോഴൊക്കെ ഞങ്ങളും കൂടെ പോകും അവനെ കാണാന്‍.

ബസ്സ്‌ ഇറങ്ങുമ്പോള്‍ തന്നെ കാണാം, നീണ്ടു കിടക്കുന്ന ഹോസ്റ്റല്‍ വരാന്ത. അതിനു മുന്‍പില്‍ ഒരു ഓട്ടമത്സരത്തിനു ഒരുങ്ങി നില്‍ക്കുന്നതു പോലെ നൂറോളം കുട്ടികള്‍. ദൂരെ അച്ഛനമ്മമാരെ കാണേണ്ട താമസം, അവര്‍ ഓടിയെത്തും. ചിലപ്പോഴൊക്കെ ഓട്ടത്തിനിടയില്‍ അവര്‍ മറിഞ്ഞുവീഴും. അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ കൈയ്യിലെ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു ഓടിച്ചെന്നു അവനെ വാരിപ്പുണരും. അപ്പോള്‍ ശരിക്കും വിഷമം തോന്നും. ആ കുട്ടി വീണത് കൊണ്ടല്ല, മറിച്ച്, വേദനകൊണ്ടു കരയുമ്പോള്‍ അമ്മയുടെ സ്നേഹം തുളുമ്പുന്ന സാന്ത്വന വാക്കുകളും ആ കുട്ടിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ എന്നു കാണുമ്പോള്‍ .

ഒരിക്കല്‍ മോളിയാന്‍റി അമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു. "എനിക്കവന്‍ ചിരിക്കുന്നത് പോലും കേള്‍ക്കണം എന്നില്ല, ഒരിക്കലെങ്കിലും അവന്‍ അമ്മേ.. എന്ന് വിളിക്കുന്നത് കേട്ടാല്‍ മാത്രം മതിയായിരുന്നു. അവന്‍റെ ശബ്ദം എങ്ങിനെയിരിക്കും എന്നറിയാന്‍ വേണ്ടി മാത്രം." മോളിയാന്‍റിയെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ അമ്മയും അവരെ കെട്ടിപ്പിടിച്ചു കരയും.

ആനുവല്‍ ഡേയ്ക്ക് മനുവിന് മാലാഖയുടെ വേഷമായിരുന്നു. മനു മാത്രമല്ല എല്ലാവരുടെയും വേഷം അങ്ങിനെതന്നെയായിരുന്നു. തൂവെള്ളയും ഇളം റോസും ഇളം നീലയും നിറങ്ങളുള്ള മാലാഖമാര്‍ സ്റ്റേജില്‍ നിറഞ്ഞാടി. ബാക്ക്ഗ്രൗണ്ടില്‍ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ "ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ... കമ്പിത്തിരി മത്താപ്പോ..." എന്ന ഗാനമായിരുന്നു. ആ ഗാനം ഒരിക്കല്‍ പോലും കേള്‍ക്കാത്ത കുട്ടികള്‍ ആണല്ലോ അങ്ങിനെ ചെയ്യുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അവരുടെ ആ പെര്‍ഫോര്‍മന്‍സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഈയടുത്ത് വീണ്ടും ഞാന്‍ ആ സ്കൂളില്‍ പോയി. മദര്‍ പ്രിന്‍സിപ്പലിനെ കണ്ട് മനുവിന്‍റെ എന്തോ ഒരു പേപ്പര്‍ വാങ്ങാന്‍ വേണ്ടിയായിരുന്നു അത്. പക്ഷെ, ചെറുപ്പത്തില്‍ അവിടെ പോയ അനുഭവം ആയിരുന്നില്ല ഇത്തവണ. ആ കവാടത്തില്‍ എത്തിയപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, സാധാരണഗതിയില്‍ ഒരു സ്കൂള്‍ മുറ്റത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങള്‍ ഒന്നും കേള്‍ക്കാനില്ല, കുട്ടികളുടെ കലപിലകളോ അധ്യാപകരുടെ "സയലന്‍സ് സയലന്‍സ്" എന്ന ശകാരങ്ങളോ ഒന്നുമില്ല. എങ്ങും വരിഞ്ഞുമുറുക്കി കെട്ടിയ മൂകത മാത്രം.

ഞാന്‍ മദര്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ എത്തി. അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാല്‍പ്പെരുമാറ്റങ്ങള്‍ കേട്ട് ഞാന്‍ വരാന്തയിലേക്ക് ചെന്നത്. നോക്കുമ്പോള്‍ മുറ്റം നിറയെ കുട്ടികള്‍. കുറെ പേര്‍ ഓടുന്നു, കുറെ പേര്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നു, വേറെ കുറച്ചു പേര്‍ കൈയും ചുണ്ടും ഉപയോഗിച്ച് തമാശകളും കാര്യങ്ങളും പറയുന്നു. ചിലര്‍ പൊട്ടിച്ചിരിക്കുന്നു, ചിലര്‍ പരിഭവിക്കുന്നു. ഒച്ചപ്പാടും ബഹളവും ഇല്ലാത്ത പഠിപ്പുരമുറ്റം.

"ക്ലാസ് കഴിഞ്ഞോ ... ബെല്‍ അടിക്കുന്നത് കേട്ടില്ലല്ലോ.. ???" അകത്തു കയറിയ ഉടനെ ഞാന്‍ മദറിനോടു ചോദിച്ചു.
മദര്‍ ഒരു ചെറുപുഞ്ചിരിയോടെ എന്നെ നോക്കി. "ബെല്ലോ... ആര്‍ക്കുവേണ്ടി .. ഇവിടെ ബെല്ലിന്‍റെ ആവശ്യമുണ്ടോ ആദര്‍ശ്..??"

അതെ .. ഇവിടെ അതിന്‍റെ ആവശ്യമുണ്ടോ, മനസ്സുകൊണ്ടല്ലേ ഇവര്‍ പരസ്പരം സംവേദിക്കുന്നത്, കാതടപ്പിക്കുന്ന മണിമുഴക്കങ്ങളും, അധ്യാപകരുടെ മൂര്‍ച്ചയേറിയ ശകാരങ്ങളും ഇവരുടെ നിശബ്ദതയുടെ സംഗീതത്തെ അലോസരപ്പെടുത്തില്ലേ, ഞാന്‍ ചിന്തിച്ചു.

എങ്കിലും, ലാസ്റ്റ് ബെല്‍ കേട്ട് ആര്‍ത്തുവിളിച്ചു കൊണ്ട് ആ സ്കൂള്‍മുറ്റം ഒരു ഉത്സവപ്പറമ്പാകുന്നത് കാണാന്‍ മനസ്സ് എന്തുകൊണ്ടോ വെമ്പുന്നുണ്ടായിരുന്നു. ഒരിക്കലെങ്കിലും, ഒരിക്കലെങ്കിലും അവര്‍ക്കാ മണിമുഴക്കം കേള്‍ക്കാന്‍ കഴിയണേയെന്ന് അറിയാത ആഗ്രഹിച്ചുപോയി. പക്ഷെ, അപ്പോഴും തളംകെട്ടിയിരുന്ന അസഹനീയമായ ആ നിശബ്ദത എന്നെ വേട്ടയാടികൊണ്ടിരുന്നു

No comments:

Post a Comment