Sunday, May 18, 2014

പട്ടാളക്കാരന്‍ സുരേന്ദ്രന്‍

"എടാ, റൊട്ടി സുരാ, നീയെത്തിയോ ? ഇപ്പ്രാവശ്യം എത്രണ്ണം കൊണ്ട് വന്നു, പുതിയ കഥകളും ഉണ്ടാവുമല്ലേ, ഞാൻ വൈകിട്ട് വരുന്നുണ്ട്. നമുക്ക് കൂടാം."

സ്വന്തം ഗ്രാമത്തിലെ ഒരു പട്ടാളക്കാരൻ അവധിക്ക് വന്നു എന്നറിഞാൽ, നാട്ടുകാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കൊണ്ടുവരുന്ന കുപ്പികളുടെ എണ്ണവും, മറ്റേത് പൊട്ടിക്കാൻ പോകുന്ന ഗുണ്ടുകളും. 

സുരേന്ദ്രൻ നായർ, അതിർത്തിയിൽ നിന്ന് വരുന്ന വെടിയുണ്ടകൾക്ക് നേരെ വിരിമാറു വിരിച്ചു നിൽക്കാറില്ലെങ്കിലും, അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ള ഭക്ഷണം ഉണ്ടാക്കാനും ചൂടുവെള്ളം തിളപ്പിക്കനുമാണ് അയാൾ പട്ടാളത്തിൽ ചേർന്നത്. പണ്ടേ പൊക്കം കുറവായത് കൊണ്ടും, കണ്ണിനു ഷോർട്ട് സൈറ്റായത് കൊണ്ടും തനിക്ക് തോക്ക് പിടിക്കാൻ പറ്റില്ലയെന്ന് സെലെക്ഷന് പോയപ്പോൾ ഒരു ഉദ്യോഗസ്ഥൻ എഴുതികൊടുത്തു. പിന്നെ എങ്ങനെയോ അവിടുത്തെ അടുക്കളയിൽ കയറിപറ്റി.

നാട്ടുകാരോട് ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും, അടുത്ത കൂട്ടുകാർക്ക് അറിയാമായിരുന്നു. ആദ്യത്ത ലീവിന് വന്നപ്പോ തന്നെ പൊട്ടിയ കുപ്പികളുടെ കൂടെ ആ രഹസ്യവും പൊട്ടി. അങ്ങനെ അയാൾക്കാ പേരും വീണു - റൊട്ടി സുരൻ. കൂടുതലും ഉത്തരേന്ത്യക്കാരായത് കൊണ്ടും, ഗോതമ്പിന് അരിയേക്കാൾ ഗുണമുള്ളത് കൊണ്ടും, എല്ലാ ദിവസവും കുറഞ്ഞത് അഞ്ഞൂറ് റൊട്ടിയെങ്കിലും ഉണ്ടാക്കുമെന്ന് അറിയാതെ കൂട്ടുകാരോട് പറഞ്ഞു പോയതാ. അതവർ അങ്ങാടിപാട്ടാക്കി.

പക്ഷെ ആരെന്തു പറഞ്ഞാലും, സുരന് പട്ടാളത്തിൽ ചേർന്നപ്പോൾ ഉണ്ടായതിനെക്കാളും അഭിമാനമാനിപ്പോൾ. കാരണം, ഈയടുത്ത് അതിർത്തിയിൽ വെടിമുഴക്കങ്ങൾ ഉണ്ടായപ്പോൾ, അവരുടെ കൂടെ താനും തന്റെ രാജ്യത്തെ സംരക്ഷിക്കാൻ കൂടെനിന്നിരുന്നു. മണ്ണിലൂടെ നുഴയുമ്പോഴും, വെടിയുണ്ടകളിൽ നിന്ന് കുതറി മാറുമ്പോഴും, ഉണ്ടാകുന്ന ചതവുകൾക്ക് ചൂട് പിടിക്കാൻ വേണ്ടി കുറെയധികം വെള്ളം തിളപ്പിചിട്ടുണ്ട് താനും.

പക്ഷെ, ഇത്തവണ സുരൻ നാട്ടിൽ വന്നത് വേറൊരു കാരണം കൊണ്ടായിരുന്നു. സുഖമില്ലാത്ത അമ്മയെ ആശുപതിയിൽ നിന്നും വീട്ടിലേക്ക് മാറ്റി. വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കാനും പറഞ്ഞിരുന്നു. എന്നാലും, പട്ടാളക്കാരൻ നാട്ടിൽവന്നാൽ നാട്ടുകാർക്ക് ഇപ്പോഴും ആ പഴയ ചോദ്യം തന്നെയാണ് ചോദിക്കനുള്ളതും.

രണ്ടു ദിവസങ്ങൾക്ക് ശേഷം അമ്മ മരിച്ചു. മൂത്തമാകനായത് കൊണ്ട് മുതിർന്നവരൊക്കെ വന്ന് ആചാരങ്ങളെ കുറിച്ച് പഠിപ്പിച്ചു കൊടുത്തു. വേണ്ട കർമങ്ങളൊക്കെ ചെയ്തു. ഇനി അടിയന്തിരമാണ്. അതിനു ഇനിയുമുണ്ട് ദിവസങ്ങൾ. എല്ലാവരും കൂടിയിരിക്കുമ്പോൾ, തറവാട്ടിലെ കാർന്നോരായ അമ്മാവനോട് പെട്ടെന്ന് തിരിച്ചു പോകേണ്ട കാര്യം അറിയിച്ചു.

" നിനക്കവിടെ പോയി ടാങ്കർ ഓടിക്കാനോന്നുമല്ലല്ലോ, അരിവെച്ചു കൊടുക്കാനല്ലേ, അത് പതിനാറിന് ശേഷമാണെങ്കിലും പ്രശ്നമൊന്നുമില്ല. നീ ഇതെല്ലാം കഴിഞ്ഞിട്ട് പോയാൽ മതി." ഇത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.

തെല്ലു പരിഭവമില്ലാതെ, സുരൻ അവരെ എല്ലാവരെയും നോക്കി, എന്നിട്ട് ഓരോരുത്തരോടു എന്നപോലെ പറഞ്ഞു,

" ശരിയാ, എനിക്കവിടെ അരിവെപ്പു തന്നെയാ പണി. പക്ഷെ എന്നും രാവിലെ 'അരേ, സുരൻ ഭായ് ശാം കോ ഗരംപാനി റെഡി കർക്കെ രഖ്നാ" യെന്നും "ആജ് മുഝെ പാന്ച്ച് റോട്ടി ഔർ ചാഹിയെ" യെന്നും കേൾക്കുമ്പോൾ, ഞാനും അവരോടൊപ്പം യുദ്ധകളത്തിൽ തന്നെയാണെന്നാണ് എന്റെ വിശ്വാസം. പിന്നെ നിങ്ങളീ പറയുന്ന ആചാരങ്ങളൊക്കെ എന്തിനുല്ലതാണ്. നമ്മുടെ സംസ്കാരത്തിനെ നിലനിര്‍ത്താനുള്ളതല്ലേ അതെല്ലാം. "

"എന്‍റെ പേര് സുരേന്ദ്രൻ എന്നായത് കൊണ്ട് ഈ ആചാരം. അതിപ്പോ അബ്ദുൽ റഹമാനെന്നോ, ജോസെപ്പെന്നോ ആയിരുന്നെങ്കിൽ മറ്റൊരാചാരം. രാജ്യമില്ലാതെ എന്ത് സംസ്കാരം. സംസ്കാരമില്ലതെ എന്ത് ആചാരം?? അത് കൊണ്ട് എനിക്ക് പോയേ മതിയാകൂ." സുരേന്ദ്രന്‍ തറപ്പിച്ചു പറഞ്ഞു, "ഇനി നിങ്ങൾക്കിത് മനസ്സിലാകുന്നില്ലെങ്കിലും, എന്റെ രണ്ടമ്മമാർക്കും ഇത് മനസ്സിലാകും. എന്നെ പ്രസിവച്ച എന്റെ അമ്മയ്ക്കും, ആ അമ്മയ്ക്ക് യാതൊരു ഭയവും കൂടാതെ ഉറങ്ങാൻ ആറടി മണ്ണ് കൊടുത്ത എന്റെ വളർത്തമ്മയ്ക്കും."

പിന്നെയാരും, ഒന്നും പറയാൻ നിന്നില്ല.

No comments:

Post a Comment