Sunday, May 18, 2014

സൈക്കിള്‍

 അച്ഛനോട് സൈക്കിള്‍ വേണമെന്ന് പറഞ്ഞപ്പോഴെല്ലാം ഓരോ കാരണം പറഞ്ഞ് ഒഴിവാക്കി. വാശി പിടിച്ചപ്പോള്‍ മുറ്റത്തെ ശീമാക്കൊന്നയുടെയും, ബെല്‍റ്റിന്റെയും ചൂടറിഞ്ഞു. അങ്ങനെയാണ് ഞാനും അനിയനും തീരുമാനിച്ചത് നമുക്ക് തന്നെ പൈസ കൂട്ടിവെച്ച് സൈക്കിള്‍ വാങ്ങാമെന്ന്. അങ്ങനെ കൂട്ടിവെച്ച പൈസയായിരുന്നു മോനേട്ടന് വേണ്ടി അയച്ചു കൊടുത്തത്. അത് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നല്ലോ. 

അന്ന് ഞങ്ങളുടെ വിചാരം ഈ ദുരിതാശ്വാസത്തിനു കൊടുക്കുന്ന പൈസ നമ്മള്‍ പറയുന്ന ആള്‍ക്ക് തന്നെ കിട്ടും എന്നായിരുന്നു. അങ്ങനെയാണ് അന്നൊരു ആവേശത്തിന്റെ പുറത്ത് അത് ചെയ്തത്. ഇനി സൈക്കിള്‍ വാങ്ങാന്‍ എന്ത് ചെയ്യും. ഞങ്ങളുടെ സങ്കടം കണ്ട് ഞങ്ങളുടെ ഉദ്ദേശശുദ്ധിയോട് സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടായിരുന്ന അയല്‍ക്കാര്‍ അച്ഛനെ നിര്‍ബന്ധിച്ചു. അങ്ങനെ അച്ഛന്‍ അതിനു സമ്മതിച്ചു.

പക്ഷെ വേനലവധി വരെ കാത്തുനിക്കണം. അതിനു മുന്‍പ് ഓടിക്കാനും പഠിക്കണം. അശോകന്‍ മാമന് സൈക്കിളുണ്ട്. കാര്യം പറഞ്ഞപ്പോള്‍, ഒരു സ്ഥിരോത്സാഹിയുടെ ആവേശത്തോടെ ആ ഉദ്യമം ഏറ്റെടുത്തു. അങ്ങനെ ഒരു രണ്ടാഴ്ചക്കുള്ളില്‍ ഞങ്ങള്‍ എക്സ്പെര്‍ട്ട് ആയി. പിന്നെ ഞാന്‍ എല്ലാ ദിവസവും രാവിലെ സൈക്കിളും എടുത്ത് പാലുവാങ്ങാന്‍ പോകലും തുടങ്ങി.

അങ്ങനെ ഏപ്രില്‍ ഒന്നാം തീയതി. അച്ഛന് ശമ്പളം കിട്ടുന്ന ദിവസം. പുതിയ സൈക്കിള്‍ വാഗ്ദാനം ചെയ്ത ദിവസം. ഞാന്‍ അതിരാവിലെ തന്നെ മാമന്‍റെ സൈക്കിളും എടുത്ത് പാല് വാങ്ങാനിറങ്ങി. വല്ലാത്തൊരു ആവേശമായിരുന്നു അന്ന്. പക്ഷെ, അമിതാവേശം ചക്രം ചവിട്ടും എന്ന് പറഞ്ഞത് പോലെ, നല്ല സ്പീഡില്‍ ഒരു ഇറക്കം ഇറങ്ങുമ്പോഴാണ് വളവില്‍ നിന്നൊരു റിക്ഷ വന്നതും എന്നെ ഇടിച്ചു തെറിപ്പിച്ചതും, അത് നിര്‍ത്താതെ പോയതും.

പയ്യേ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ വലത്തേ കൈ നിലത്ത് കുത്താന്‍ കഴിയുന്നില്ല. കൈ കുത്തിയുള്ള വീഴ്ചയുടെ ആഘാതത്തില്‍ എല്ല് പൊട്ടി. സാവധാനം എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. ഒടിഞ്ഞ കൈ പാന്റിന്റെ പോക്കറ്റിലിട്ട് അടുക്കളയില്‍ പാല് കൊണ്ടുപോയി വെച്ചു.
എന്നിട്ട് ഞാന്‍ ബെഡ്ഡില്‍ കയറി കിടന്നു.

" എന്താ നീ പതിവില്ലാതെ, പിന്നേം ഒരു ഉറക്കം"

"ചെറിയ പനിയുണ്ട്" ഞാന്‍ പുതപ്പിനകത്ത് കയറി

" ഒന്നൂല്ല, ഇവന്‍ നമ്മളെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നോക്കുവാ" അമ്മ അടുത്തുവന്ന് നെറ്റിയില്‍ തൊട്ടു കൊണ്ട് പറഞ്ഞു.

" അമ്മേ, നമുക്കാസ്പത്രിയില്‍ പോവാം, അച്ഛനോട് പറയണ്ട, ഞാന്‍ സൈക്കിളില്‍ നിന്ന് വീണു, കൈ ഓടിഞ്ഞൂന്നാ തോന്നുന്നത്. " അച്ഛന്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ പതിയെ പറഞ്ഞൂ. എന്നിട്ട് പുതപ്പു നീക്കി.

ചുമന്നുതടിച്ച് നീര് വെച്ച കൈ കണ്ടന്തും, അമ്മ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. "അയ്യോ.. ന്‍റെ മോന്‍റെ കൈ.. "

പിന്നെ എല്ലാം ഒരു ബഹളകോലാഹലമായിരുന്നു. അച്ഛനും അനിയനും ഓടിവന്നു. അടുത്ത വീട്ടുകാരും തടിച്ചുകൂടി. അനിയനാനെങ്കില്‍ കരച്ചിലോടുകരച്ചില്‍. അച്ഛനെന്നെ വാരിയെടുത്ത് മോനെട്ടനെറെ റിക്ഷയില്‍ ആസ്പത്രിയിലേക്ക് വിട്ടു.

അപ്പോഴും അനിയന്‍റെ കരച്ചില്‍ നിക്കുന്നില്ല. അശോകന്‍ മാമന്‍ അവനെ പിടിച്ചു മടിയിലിരുത്തി.

"സാരില്ല മോനെ, അത് വേഗം ശരിയാകും, കുട്ട്യോളെ എല്ല് വേഗം കൂടും. നീ കരയണ്ട"

" അതോണ്ടല്ല .. ഓന്‍റെ കൈയ്യൊടിഞ്ഞില്ലേ.... ഇനി അച്ഛന്‍ എന്തായാലും, ഒരിക്കലും സൈക്കിള്‍ വാങ്ങി തരൂല്ല.. ങ്ങീ .. ങ്ങീ .. "
-------------------------------------------
അതങ്ങനെ തന്നെ സംഭവിച്ചു. പിന്നീടൊരിക്കലും ഞങ്ങളുടെ സൈക്കിള്‍ സ്വപ്നം പൂവണിഞ്ഞില്ല

No comments:

Post a Comment