Sunday, May 18, 2014

മോനേട്ടനും ഭൂകമ്പവും

" എന്‍റെ ദൈവേ... ന്‍റെ മോനെന്തെങ്കിലും പറ്റീറ്റ്ണ്ടാവോ.. ഓനും ആടതന്നെയല്ലേ പണിക്ക് പോയിനത് " 

മോഹനേട്ടന്റെ അമ്മയുടെ നിലവിളിയും കരച്ചിലും കേട്ടത് കൊണ്ടാണ് അന്ന് അയല്‍പ്പക്കകാരെല്ലാവരും അവിടേക്ക് ഓടി ചെന്നത്. കൂടെ കുട്ടികളായ ഞങ്ങളും. 

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1993ല്‍ ഇന്ത്യയെ തന്നെ പിടിച്ചു കുലുക്കിയ ലാത്തൂര്‍ ഭൂകമ്പത്തിന്റെ പ്രഹരങ്ങള്‍ ഞങ്ങളുടെ നാട്ടിലും എത്തിയിരുന്നു. അതിരാവിലെയുള്ള റേഡിയോ വാര്‍ത്ത കേട്ടതിനുശേഷം അശോകന്‍ മാമനായിരുന്നു ഈ വിവരം മോനേട്ടന്റെ വീട്ടില്‍ അറിയിച്ചത്. മോനേട്ടന് അവിടെയൊരു കമ്പനിയിലാണ് ജോലി. ഓഫീസിലേക്ക് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ ഡെഡ് ആയിരുന്നു. അന്ന് മൊബൈലൊന്നും ഇല്ലാത്തത് കൊണ്ട് ആരെയും ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല.

ഞങ്ങളോടൊക്കെ നല്ല സ്നേഹമായിരുന്നു മോനേട്ടന്. ഇടയ്ക്കിടയ്ക്ക് കളിക്കാന്‍ കൂടും. പിന്നെ റിലീസ് ആകുന്ന എല്ലാ സിനിമകളുടെയും കഥകള്‍ ആദ്യം തന്നെ പറഞ്ഞു തരുമായിരുന്നു. ലാത്തൂരില്‍ പോയാല്‍ മലയാളം സിനിമ കാണാന്‍ പറ്റില്ല എന്ന വിഷമം മോനേട്ടന് ശരിക്കുമുണ്ടായിരുന്നു.

മൂന്നു ദിവസം ആ വീട്ടില്‍ കൂട്ടക്കരച്ചിലായിരുന്നു. ഞങ്ങളും കളിക്കാനൊന്നും പോയില്ല. ടീവിയില്‍ വാര്‍ത്ത വായിക്കുമ്പോള്‍ മോനേട്ടന്റെ അമ്മയും അനിയത്തിയും കണ്ണും നട്ടിരിക്കും. ആശുപത്രി കിടക്കകളില്‍ എങ്ങാനും മോനേട്ടനെ കാണിക്കുന്നുണ്ടോ എന്നറിയാന്‍., പക്ഷെ അതും ഉണ്ടായില്ല.

അവസാനം, മോനേട്ടന്റെ അച്ഛനും, അശോകന്‍ മാമനും ലാത്തൂരിലേക്ക് വണ്ടി കയറി. ഭൂകമ്പത്തിന്റെ അഞ്ചാം ദിവസമാണ് തീവണ്ടിയില്‍ കയറിയത്. റെയില്‍ പാളങ്ങളൊക്കെ തകര്‍ന്നത് കാരണം കുറെ ദൂരം റോഡ്‌ വഴിയും പോകണം. ഒരു മൂന്നു ദിവസത്തെ യാത്രയെങ്കിലും ഉണ്ടാകും.

അപ്പോഴാണ്‌ ഞങ്ങളുടെ സ്കൂളില്‍ നിന്നും പ്രധാനമന്ത്രിയുടെ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നു അസ്സെംബ്ലിയില്‍ പറഞ്ഞത്. വീട്ടില്‍ അച്ഛനോട് കാര്യം പറഞ്ഞു. എനിക്കും അനിയനും കൂടി ഇരുപത് രൂപ തന്നു. മോനേട്ടന് തിരിച്ചു വരാന്‍ ഇത് മതിയാകില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

അന്നേരാണ് അനിയന് ഒരു ബുദ്ധിയുദിച്ചത്. വെക്കേഷന്‍ ആകുമ്പോള്‍ സൈക്കിള്‍ വാങ്ങാന്‍ വേണ്ടി, ഒരു വര്‍ഷമായി കുടുക്കയില്‍ സ്വരൂപിച്ചുവെച്ചതും പൊട്ടിക്കാം. അച്ഛനും അമ്മയുമറിയാതെ അന്ന് രാത്രി ഞങ്ങളത് പൊട്ടിച്ചു. എഴുന്നൂറ്റി മുപ്പത്തിയഞ്ചു രൂപയുണ്ട്.

ഇത്രയും കാശുമായി ക്ലാസ്സില്‍ കയറാന്‍ പേടിയായത് കൊണ്ട് ഞങ്ങള്‍ നേരെ പോയി ക്ലാസ്സ്‌ ടീച്ചറെ ഏല്‍പ്പിച്ചു. അവര്‍ ഞങ്ങളെയും കൂട്ടി പ്രിന്‍സിപ്പലിന്റെ റൂമില്‍ ചെന്നു. സ്വതവേ രൌദ്രഭാവമുള്ള ആളാണ്‌ പ്രിന്‍സി.

" ഇത് ഈ രണ്ടു ബ്രദേര്‍സിന്‍റെ വകയുള്ള സംഭാവനയാണ്. എഴുന്നൂറ് രൂപയില്‍ കൂടുതല്‍ ഉണ്ട്, പക്ഷെ പേരന്‍സിനോട് പറഞ്ഞിട്ടില്ല " ടീച്ചര്‍ ആഗമനോദ്ദേശം അറിയിച്ചു.

പ്രിന്‍സി കസേരയില്‍ നിന്നെഴുന്നേറ്റതും അനിയന്‍ കരയാന്‍ തുടങ്ങി. അവന്‍ ഏങ്ങിയേങ്ങി മോനേട്ടന്റെ കാര്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞു. ഇത് കേട്ടതേ രണ്ടു പേരും ചിരിക്കാന്‍ തുടങ്ങി. പ്രിന്‍സി അപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ചു. പിന്നെ ഫോണിലൂടെയും ചിരിയുടെ ബഹളമായിരുന്നു. കിംകര്‍ത്തവ്യവിമൂഡരായി ഞങ്ങള്‍ രണ്ടുപേരും മുഖത്തോടുമുഖം നോക്കി നിന്നു.

പക്ഷെ, അപ്പോഴും മോനേട്ടനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അന്വേഷിച്ചുപോയവര്‍ ഒരാഴ്ച്ച എല്ലാ ആശുപത്രികളിലും തിരഞ്ഞതിനു ശേഷം തിരിച്ചെത്തി. അന്ന് രാത്രി ആദ്യമായി മോനേട്ടന്റെ അച്ഛന്‍ കരയുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ സംഭാവനയുടെ കാര്യം പത്രങ്ങളിലും വന്നു. പക്ഷെ മോനേട്ടന് അത് ഉപകരിച്ചില്ലല്ലോ, എന്നാല്‍ അത് കൊണ്ട് സൈക്കിള്‍ വാങ്ങിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങളുടെ സങ്കടം.

അവര്‍ തിരിച്ചുവന്നതിന്‍റെ നാലാം നാള്‍ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍
വന്നു. ലാത്തൂറില്‍ നിന്നും കുറച്ചു ദൂരെയുള്ള ഒരു പട്ടണത്തിലെ ആശുപത്രിയില്‍ നിന്ന്. മോഹനകൃഷ്ണന്‍ എന്നൊരാള്‍ അവിടെയുണ്ടെന്നും, കുറച്ച് സീരിയസ് ആയിരുന്നുവെന്നും, പക്ഷെ ഇപ്പോള്‍ സംസാരിക്കാന്‍ പറ്റുന്നുണ്ടെന്നും പറഞ്ഞു.

വിവരമറിഞ്ഞതും, മോനേട്ടന്‍റെ അച്ഛനും മറ്റു രണ്ടുപേരും ഒരു വണ്ടി വിളിച്ചു അവിടേക്ക് പുറപ്പെട്ടു. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് കൈയും കാലും തലയും ബാന്‍ഡേജിലും പ്ലാസ്ടരിലും പൊതിഞ്ഞ മോനേട്ടനെയായിരുന്നു. എന്നാലും മരിച്ചുപോയൊരാള്‍ തിരിച്ചുവന്ന സന്തോഷമായിരുന്നു എല്ലാവര്‍ക്കും.

പ്രിന്‍സിപ്പല്‍ കൊടുത്തയച്ച പണം മോനേട്ടന് കിട്ടിയെന്ന വിവരം ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചു. അച്ഛനുമമ്മയും അങ്ങനെയാണ് ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്‌., ഒരു രണ്ടുവര്‍ഷ കാലത്തോളം. പിന്നെ അതിനുശേഷം മോനേട്ടന്‍ ദൂരെയെങ്ങും പോയില്ല. ഭേദമായതിനു ശേഷം പുതിയ സിനിമകളുടെ കഥയും പറഞ്ഞുതന്ന് ഞങ്ങളോടൊപ്പമങ്ങ് കൂടി

No comments:

Post a Comment