Sunday, May 18, 2014

രാഘവ പൊതുവാൾ

" യൂ.. യൂ.. യൂ.. കം ഹിയർ, ഹൌ മെനി ടൈംസ് ഐ ഹാവ് ടോൾഡ്‌ യു നോട്ട് റ്റു ഡു ദിസ്‌ " 

എന്നിട്ട്, ഷെർട്ടിന്റെ വലതു കൈക്കകത്തു കൂടി കൈയിട്ടിട്ട് ഒരു ഞെരടൽ ഉണ്ട്. സാധാരണ ഞെരടൽ ഒന്നുമല്ല അത്. ഒരൊന്നൊന്നര സംഭവമാണത്. കുട്ടികൾ ആദ്യമായി നഖചിത്രങ്ങൾ എഴുതാൻ പഠിക്കുന്നത് പോലും അപ്പോഴാണ്‌ . അതിനുശേഷം, ഒരു രണ്ടു മിനിറ്റ് നേരത്തേക്ക് ആകെയൊരു മൂകതയായിരിക്കും. പിന്നെ സർ ക്ലാസ്സ്‌ തുടങ്ങും. ഒരു അഞ്ചു മിനിട്ട് കഴിയുമ്പോൾ ബെഞ്ചിനടുത്തു വരും. പുറത്ത് തലോടും. എന്നിട്ട് പറയും,

" ഡോണ്‍ട്, റിപ്പീറ്റ് ഇറ്റ്‌, ഓക്കേ " എന്നിട്ട് തലയിൽ ഒന്നു കൂടി തലോടി ക്ലാസ്സ്‌ തുടരും.

രാഘവ പൊതുവാൾ
********************

ഇന്നും ഭയഭക്തിയോടു കൂടി മാത്രം ഞാൻ ഒർക്കുന്നൊരു പേര്. ഒരു മികച്ച അധ്യാപകൻ എങ്ങനെയായിരിക്കനമെന്നു ചോദിച്ചാൽ, അത് പൊതുവാൾ സർനെ പോലെയായിരിക്കണം. ഒരു അധ്യാപകൻ തന്റെ വിദ്യാർഥികൾക്ക് എപ്പോഴുമൊരു മാതൃകയായിരിക്കണമെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തി. ഉചിതമായത് മാത്രമേ പറയുകയുള്ളൂ, പ്രവർത്തിക്കുകയുമുള്ളൂ. അത് പഠിപ്പിക്കുന്ന വിഷയമായാലും ശരി, പകർന്നു തരുന്ന ഗുണപാഠമായാലും ശരി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ആയിരുന്നു. പഠിപ്പിച്ചിരുന്ന വിഷയം കണക്ക്.

" നിങ്ങളെല്ലാവരും നാളെയുടെ വാഗ്ദാനങ്ങളാണ്. ഇന്ന് നിങ്ങൾ കാണുന്നത്, ചിലപ്പോൾ, നാളത്തെ സമൂഹത്തിൽ നിങ്ങൾക്ക് അന്യമാകാവുന്ന നന്മകളായിരിക്കും. അത് കൂടുതൽ ഉൾക്കൊണ്ട് പകരാൻ ശ്രമിക്കുക." ഒരു ദിവസം അസ്സെംബ്ലിയിൽ പറഞ്ഞ ഈ വാക്കുകൾ, ഇന്നും ഒരു വേദമന്ത്രം പോലെ, എന്റെ കാതുകളിൽ മുഴങ്ങുന്നു.

അപഹാസം, പരിഹാസം, പരദൂഷണം, നിന്ദ, പുച്ഛം, വേർതിരിവ് ഇതെല്ലം അദ്ധേഹത്തിന്റെ ആജന്മ ശത്രുക്കളായിരുന്നു .

" നമ്മുടെ സംസാരവും, പെരുമാറ്റവും, വസ്ത്രധാരണവും, എപ്പോഴും മറ്റുള്ളവർക്ക് നമ്മളോടുള്ള സ്നേഹവും, ബഹുമാനവും, വർദ്ധിക്കാനുള്ള അടയാളങ്ങൾ ആയിരിക്കണം."

അത് കൊണ്ട് തന്നെയായിരിക്കണം ഒരു ചുളിവു പോലും അദ്ധേഹത്തിന്റെ ഷെർട്ടിലൊ പാന്റിലൊ, മനസ്സിലോ ഞങ്ങൾക്ക് കണ്ടു പിടിക്കാൻ കഴിയാതിരുന്നത്.

ഒരിക്കൽ, സ്കൂൾ വിട്ട സമയം. ഒത്തിരി ഓട്ടോകളും കാറും ബൈക്കും കുട്ടികളെയും കൊണ്ട് മടങ്ങി പോകുന്നു. ബസ്‌ സ്റ്റോപ്പിൽ കുട്ടികളുടെ തിക്കും തിരക്കും. അപ്പോഴാണ്‌ അങ്ങ് ദൂരേന്ന് പൊതുവാൾ സർ സ്കൂട്ടറിൽ വരുന്നത് കണ്ടത്. സർ ബസ്‌ സ്റ്റോപ്പിൽ നിന്ന് കുറച്ചു മുൻപായി, നടുറോട്ടിൽ സ്കൂട്ടർ നിർത്തി. പുറകെ വന്ന വാഹനങ്ങൾ അലമുറയിട്ട് ഹോർണടിക്കാൻ തുടങ്ങി.

അപ്പോൾ നോക്കുമ്പോഴാണ് ശ്രദ്ധിച്ചത്, ഒരു സ്ത്രീ കുറെ നേരമായി റോഡ്‌ ക്രോസ് ചെയ്യാൻ ശ്രമിക്കുകയാണ്, പക്ഷെ വാഹനങ്ങളുടെ തിരക്ക് കാരണം അതിനു കഴിയുന്നില്ലായിരുന്നു. കൈയ്യിൽ ഒരു പൊടികുഞ്ഞും, ഇടതും വലതുമായി വേറെ രണ്ടു കുട്ടികളും. പിന്നെ അരിയും സാമഗ്രികളും അടങ്ങുന്ന ഒരു സഞ്ചിയും. സർ മുന്നിൽ നിന്ന് വരുന്ന മറ്റു വാഹനങ്ങളെ കൈ കാണിച്ചു നിർത്തി, എന്നിട്ട്, അവരോടു ക്രോസ് ചെയ്യാൻ പറഞ്ഞു. അവർ നന്ദിപൂർവ്വം ഒരു പുഞ്ചിരി പകരം നൽകി മക്കളെയും കൂട്ടി റോഡ്‌ മുറിച്ചു കടന്നു.

ജീവിതത്തിൽ വഴിമുട്ടി നിൽകുന്ന, അപരിചിതരെ പോലും സഹായിക്കാൻ, നമ്മൾ തന്നെ മുൻകൈ എടുക്കണം എന്ന് തന്റെ പ്രവൃത്തി കൊണ്ട് പഠിപ്പിച്ചു തന്ന ഒരു വലിയ മനസ്സിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.

സർനെ പോലെ തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു സർന്റെ സഹധർമ്മിണിയും. ചില ദിവസങ്ങളിൽ ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾ ഗ്രൗണ്ടിൽ പോയി ഒരു മണിക്കൂർ ക്രിക്കറ്റ്‌ കളിക്കും. കൂടെ സർന്റെ ഇളയമകൻ വിജേഷും ഉണ്ടാകും. എന്നേക്കാളും ഒരു വർഷം ജൂനിയർ ആയിരുന്നു അവൻ. ഗ്രൌണ്ടിനോട് ചേർന്നാണ് സ്റ്റാഫ്‌ ക്വാട്ടെർസ്, കളി കഴിഞ്ഞാൽ ഞങ്ങളെല്ലാവരും നേരെ ഓടുന്നത് പൊതുവാൾ സർന്റെ വീട്ടിലേക്കാണ്.

അപ്പോഴേക്കും ആന്റി, ഒരു മൂന്നു വലിയ കുപ്പികളിൽ ഐസ്-വാട്ടറുമായി വരാന്തയിൽ ഇരിക്കുന്നുണ്ടാവും. ഞങ്ങളത് ആർത്തിയോടെ കുടിക്കും. സർ അകത്തുണ്ടെങ്കിൽ ഞങ്ങൾ അധികം ബഹളമൊന്നും വെക്കില്ല. പക്ഷെ, ഇല്ലെങ്കിൽ കളിയുടെ എല്ലാ വിശേഷങ്ങളും പറഞ്ഞിട്ടേ അവിടുന്ന് ഇറങ്ങുകയുള്ളൂ. ആ സമയത്ത് അവർ വിജേഷിന്റെ മാത്രം അമ്മയായിരുന്നില്ല, ഞങ്ങൾക്കെല്ലാവർക്കും അവരുടെ സ്നേഹം പങ്കിട്ടു തരുമായിരുന്നു.

ഫെയർവെൽഡേയുടെ അന്ന് സർ പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു.

"കോളേജിൽ ചേരുമ്പോൾ നിങ്ങൾ സ്കൂളിന്റെ പേരിൽ അറിയപ്പെടും. ജോലിക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ മേൽവിലാസം ആ കോളേജും അവിടുന്ന് കരസ്ഥമാക്കിയ ഡിഗ്രിയുമായിരിക്കും. പിന്നീടുള്ള ഓരോ പടവുകളും തൊട്ടു മുൻപത്തെ ചവിട്ടുപടികളുടെ പേരിലായിരിക്കും. പക്ഷെ, നിങ്ങൾ ഒന്നു മറക്കരുത്, നിങ്ങളുടെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അഭിമാനം നിങ്ങളുടെ കൈയ്യിലാണ്. സമൂഹത്തിലെ നന്മ-തിന്മകളെ വിവേചിച്ചറിഞ്ഞ് മുന്നേറുക, വിജയം നിങ്ങളോട് കൂടെ തന്നെ ഉണ്ടാകും."

നമുക്കെല്ലാവർക്കും ജീവിതത്തിൽ നന്മയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു തന്ന ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകാം. പലപ്പോഴും അവരെ നമ്മൾ ഓർക്കുന്നത് എല്ലാ വർഷവും വരുന്ന അധ്യാപകദിനത്തിന്റെ ഓർമ്മ പുതുക്കലിലായിരിക്കും.
അന്ന് ചിലപ്പോൾ നമ്മൾ അവരോടു ഫോണിൽ സംസാരിക്കുകയും ചെയ്യുമായിരിക്കും. പക്ഷെ, ജീവിതത്തിന്റെ വഴിത്താരയിൽ അവർ പകർന്നു തന്ന ഗുണപാഠങ്ങൾ പ്രാവർത്തികമാക്കിയാൽ അത് തന്നെയായിരിക്കും നമ്മൾ അവർക്കു സമർപ്പിക്കുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. അവർ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന്, മനസ്സിന്റെ അകകണ്ണു കൊണ്ട്, ഇത് കണ്ടു നമ്മളെ അനുഗ്രഹിക്കുന്നുണ്ടാകും. അത് തന്നെയല്ലേ, നേട്ടങ്ങളുടെ പട്ടികയിൽ നമ്മുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും.

No comments:

Post a Comment