Sunday, May 18, 2014

ജന്നത് ലഡു

ഉമ്മൂമ്മാ, ഈ കാക്ക എന്തിനാ പയ്യൂന്റെ മീത്തെ കേറി ഇരിക്ക്ന്നെ"

വൈകുന്നേരത്തെ പലഹാരത്തിനുള്ള അരി പൊടിച്ചു കൊണ്ടിരുന്ന അവന്റെ ഉമ്മൂമ്മയോടായിരുന്നു റഷീദിന്റെ ചോദ്യം. നോമ്പിന്റെ ആദ്യ ദിവസം സ്കൂൾ വിട്ടു വന്നാൽ ഞങ്ങൾ കുട്ടികൾ എല്ലാവരും നേരെ ഓടുന്നത് റഷീദിന്റെ വീട്ടിലേക്കാണ്. 

അവന്റെ ഉമ്മൂമ്മ ഉണ്ടാക്കുന്ന അരിയുണ്ടയ്ക്ക് വല്ലാത്ത ഒരു സ്വാദായിരുന്നു. വറുത്ത അരിപ്പൊടിയും ശർക്കരയും, ഈന്തപ്പഴവും, നേന്ദ്രപ്പഴവും, കുറച്ച് ഏലക്കയും, കുറച്ച് ഉണക്കമുന്തിരിയും, കുറച്ച് പൊടിച്ച അണ്ടിപരിപ്പും എല്ലാം ഇട്ടു നല്ല ചൂടോടെ കുഴച്ചുണ്ടാക്കുന്ന ഒരു മധുരം. ഇപ്പോഴും അതിന്റെ സ്വാദ് നാവിലുണ്ട്. ഉമ്മൂമ്മ ഇത് ഉണ്ടാക്കുമ്പോൾ ഞങ്ങളെല്ലാവരും ഉമ്മൂമ്മയുടെ ചുറ്റുമുണ്ടാകും. അത് ചൂടാക്കാൻ ചട്ടിയിൽ ഇടുന്നതിനു മുൻപ് ഞങ്ങൾക്കെല്ലാവർക്കും ഓരോ പിടി തരും.

"ഏത് കാക്ക" ഉമ്മൂമ്മ ചോദിച്ചു
"ദാ, ആ കറുത്ത പശുവിന്റെ മോളിലിരുക്കുന്നത്" ഞാൻ കാണിച്ചു കൊടുത്തു.
"ഓ അതാ, അത് അയിനു പൈക്കുന്നത് കൊണ്ട്" ഉമ്മൂമ്മ പറഞ്ഞു
"അപ്പോ, അത് പയ്യൂനെ തിന്നൂം" റഷീദിന്റെ വലിയ ചോദ്യം
"ഇല്ല മോനെ അത് അയിന്റെ മേത്ത്ള്ള ചെള്ളിനേം പുതൂനേം തിന്നൂം. പയ്യൂനെ കൊത്തൂല്ല."
"അല്ല ഉമ്മൂമ്മ, ഈ കാക്കക്കും പയ്യൂനൊന്നും നോമ്പില്ലേ" മഹേഷിന്റെ ചോദ്യം
" ഇല്ല മോനെ, അയിറ്റങ്ങൾ തെറ്റൊന്നും ചെയ്യ്ന്നില്ലല്ലോ"
"അപ്പൊ ഈ തെറ്റ് ചെയുന്നോരാ നോമ്പ് എടുക്കുനത്" മഹേഷിനു പിന്നേം സംശയം.
"അത് മാത്രല്ല മോനെ, അയിനു ബേറേം കൊറേ കാര്യങ്ങളുണ്ട്, ഉമ്മൂമ്മ പിന്നെ പറഞ്ഞ് തരാ, ഇപ്പൊ, ദാ പിടിച്ചോ ഇങ്ങളെ ജന്നത്ത് ലഡൂന്റെ പൊടി. എനി ബാങ്ക്ബിളി കയിഞ്ഞിറ്റ് ബന്നാ മതി. അത് ബരെ പോയീ കളിചോളീ "

ആ മധുരത്തിന് ഞങ്ങൾ ഇട്ട പേരായിരുന്നു ജന്നത് ലഡൂന്ന്. ഒരു തരി പോലും താഴെ ഇടാതെ ഞങ്ങൾ അത് അകത്താക്കി. വർഷത്തിൽ ഒരിക്കൽ മാത്രം കഴിക്കാൻ കിട്ടുന്ന ആ ജന്നത്ത് ലഡുവിന്റെ മധുരം പിന്നെ അടുത്ത കൊല്ലം നോമ്പിന്റെ ആദ്യത്തെ ദിവസം വരെ ഞങ്ങൾ സൂക്ഷിക്കും. കാരണം വിരലിൽ എണ്ണാൻ പറ്റുന്ന വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ റഷീദിന്റെ വീട്ടിൽ പലഹാരം ഉണ്ടാക്കുകയുള്ളൂ. അത്രയ്ക്കും ദാരിദ്ര്യമായിരുന്നു ആ കുടിലിൽ.

ഉമ്മൂമ്മയ്ക് ഏഴു മക്കളായിരുന്നു. നാല് പെണ്ണും മൂന്ന് ആണും. മൂത്ത രണ്ടു പെണ്മക്കളെ മൊഴി ചൊല്ലി, അവരിപ്പോൾ സ്വന്തം വീട്ടിൽ തന്നെയാണ്. അതിൽ മൂത്തയാളുടെ ഇളയ മകനാണ് റഷീദ്. അവനു വേറെയുണ്ട് മൂന്ന് സഹോദരങ്ങൾ. രണ്ടാമത്തെ മകള്ക്ക് മൂന്ന് കുട്ടികളാണ്. അവസാനത്തെ രണ്ടും ഇരട്ടകൾ. രണ്ടിനും ഒരൊന്നര വയസുണ്ടാകും അന്ന്. ബാകി രണ്ടു പെണ്മക്കളെ പാവപ്പെട്ട കുടുംബത്തിലാണ് കെട്ടിച്ചു വിട്ടത്. ഒരാള്ക്ക് ലോട്ടറി കച്ചോടം, മറ്റെയാൾ ബസിലെ കിളി.

ആണ്മക്കളിൽ രണ്ടു പേരെ ജീവിച്ചിരിപ്പുള്ളൂ. മൂത്തയാൾ ഗൾഫിൽ ബോയിലർ പൊട്ടിതെറിച് മരിച്ചു. മയ്യത്ത് അവിടെ തന്നെ അടക്കി. ഒരാള് അന്ന് സൌദിയിലാണ്. ഇളയമകൻ പണ്ടേ നാട് വിട്ടു പോയീ. ഉപ്പൂപ്പാക് ആസ്ത്മയായത് കൊണ്ട് പണിക്കൊന്നും പോകാൻ പറ്റില്ല. മോൻ അയച്ചു കൊടുക്കുന്ന പണവും പിന്നെ മൂന്ന് സ്ത്രീകള് ബീഡി തെറുത്തുന്ടാക്കുന്ന കാശും കൊണ്ടാണ് പതിനൊന്നു വയറു കഴിഞ്ഞു പോയിരുന്നത്.

ഞങ്ങൾ ദോശയുടെയും ഇടലിയുടെയും പുട്ടും കടലയുടെയും കഥ പറയുമ്പോൾ റഷീദിന്റെ നാവിൽ ചോറിന്റെയും തൈരിന്റെയും രുചിയായിരുന്നു. നോമ്പു ദിനങ്ങളിൽ പോലും പലഹാരം ഉണ്ടാക്കുനുള്ള ത്രാണി ആ കുടുംബതിനില്ലയിരുന്നു. വല്ലപ്പോഴും പെണ്മക്കൾ വരുമ്പോൾ കൊണ്ട് വരുന്ന ബെകറി സാധനങ്ങൾ ആയിരുന്നു അവിടുത്തെ സ്പെഷ്യൽ.

ആരുടെ കൈയ്യിൽ നിന്നും സഹായം സ്വീകരിക്കുന്നത് ഉമ്മൂമ്മയ്ക്കിഷ്ടമല്ലായിരുന്നു. അത് കൊണ്ട് തന്നെ അയല്പക്കകാർക്ക് അവരുടെ അവസ്ഥ കണ്ട് സങ്കടപെടാനെ കഴിഞ്ഞിരുന്നുള്ളൂ. എന്നാലും, നോമ്പിന്റെ നാളുകളിൽ ഞങ്ങളുടെ വീടുകളിൽ മധുര പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത് ആ വീട്ടിലേക്കും കൂടിയായിരുന്നു.

ചില ദിവസങ്ങളിൽ ഉമ്മൂമ്മ വീട്ടിൽ വരും. നാല് പൊടികുട്ടികളെയും കൂട്ടി. അവര് ദൂരെ നിന്ന് വരുമ്പോഴേ അച്ഛന് കാര്യം മനസ്സിലാകും.
അച്ഛൻ അകത്തു പോയി ആ കാസ്സെറ്റ്‌ എടുക്കും. എന്നിട്ട് നല്ല വോള്യത്തിൽ ആ പാട്ടിടും.

" ആയിരം കാതം അകലെയാണെങ്കിലും,
മായാതെ മക്ക മനസ്സിൽ നില്പ്പൂ.. "

അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്‌ ചായയും കുറച്ച് ബിസ്ക്കറ്റും ചിപ്സും കൊണ്ട് വരാന്തയിലെത്തും. അത് കാണുമ്പോൾ തന്നെ ഉമ്മൂമ്മ പറയും.
"ഇതോണ്ടാ ഞമ്മക്ക് ബരാൻ മടി. ബന്നാ അന്നെരോ അന്റെ സൽകാരം തൊടങ്ങും. ന്നാലും, ഞമ്മക്ക് ഈ പാട്ട് കേക്കാണ്ടിരിക്കാൻ കയ്യൂല്ല. ഇത് പാടിയത് ഈസുദാസല്ലേ, ഓനെ പടച്ചോൻ കാക്കും. ഇത് കേട്ടാ ആട പോയ മാതിരിയാ"
__________________________________________

ഉമ്മൂമ്മ വിട്ടു പോയതിനു ശേഷം, ഇന്നിത് ഇരുപത്തിയൊന്നാമത്തെ പ്രാവശ്യമാണ് പുണ്യമാസം വരുന്നത്. ഇന്നും പക്ഷെ, ആ ജന്നത് ലഡുവിന്റെ മധുരം നാവിലുണ്ട്. സകല സങ്കടങ്ങൾക്കിടയിലും, എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ആ പുണ്യജന്മം, പതിനായിരം കാതങ്ങൾ അകലെയുള്ള നിത്യസ്നേഹത്തിന്റെ ജന്നത്തിൽ നിന്ന് ഒരു പിടി മധുരം എന്റെ നേർക്ക് നീട്ടുന്നുണ്ടാകും, തീർച്ച. അതിൽ നിന്നൊരു പങ്ക് ഞാൻ നിങ്ങള്ക്കും നേരുന്നു. കൂടെ, പുണ്യമാസ പിറവിയുടെ റമദാൻ ആശംസകളും

No comments:

Post a Comment