Sunday, May 18, 2014

ഇരുവഴിഞ്ഞിപുഴയുടെ തീരത്ത്

ഇരുവഴിഞ്ഞിപുഴയ്ക്ക് ഇന്നും പറയാൻ പഴയൊരു പ്രണയ കഥയുണ്ട്. മുക്ക'ത്തെ കണ്ണിലുണ്ണിയായ മൊയ്തീന്‍റെ കഥ. അവനെ സ്നേഹിച്ച കാഞ്ചനയുടെ കഥ. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ വിരിഞ്ഞ ഒരു അനശ്വര പ്രണയത്തിന്‍റെ കഥ. 
--------------------
ഓർമ്മ വെച്ച നാൾ മുതൽ കാഞ്ചനയ്ക്ക് മൊയ്തീനെ അറിയാം, മൊയ്തീന് കാഞ്ചനയെയും. തന്‍റെ ബാല്യകാലസഖി എപ്പോൾ തന്‍റെ പ്രണയിനി ആയെന്നു മോയ്തീനിനു നിശ്ചയമില്ല, പക്ഷെ പ്രണയം മൊട്ടിട്ടത് ആദ്യം ആ ഹൃദയത്തിൽ തന്നെയാണ്. അത് അവളോട്‌ പറഞ്ഞത്, താൻ അവള്ക്ക് വായിക്കാൻ കൊടുത്ത കവിതാസമാഹാരത്തിലെ പ്രണയവാചകങ്ങൾ അടിവരയിട്ടു കൊടുത്തു കൊണ്ടായിരുന്നു. പിന്നീട്, കൈമാറിയ പുസ്തകങ്ങളിക്കിടയിലെ പ്രണയലേഖനങ്ങൾക്ക് അവളും മറുപടി നൽകി തുടങ്ങി.

കാഞ്ചനയുടെ അച്ഛൻ കൊറ്റങ്ങൽ അച്യുതനും, മൊയ്തീന്‍റെ വാപ്പ ഉള്ളാട്ടിൽ ഉണ്ണി മൊയ്തീൻ സാഹിബും നാട്ടിലെ വലിയ പ്രമാണികളാണ്, അത് പോലെ തന്നെ സുഹൃത്തുക്കളും. എന്നിരുന്നാലും, ഒരിക്കലും തങ്ങളുടെ വിവാഹത്തിന് അവർ സമ്മതിക്കില്ല എന്ന് രണ്ടു പേർക്കും അറിയാമായിരുന്നു.

പക്ഷെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ രണ്ടു പേരുടെയും വീട്ടിൽ കാര്യങ്ങൾ അറിയുകയും, രണ്ടു കുടുംബങ്ങൾ രണ്ടു ധ്രുവങ്ങളിൽ ആകുകയും ചെയ്തു. അതോടുകൂടി രണ്ടു പേർക്കും തമ്മിൽ കാണാൻ പറ്റാത്ത അവസ്ഥയായി. കാഞ്ചന വീട്ടുതടങ്കലിലും, മൊയ്തീന്‍റെ ഇടംവലം നിരീക്ഷകരും.

തമ്മിൽ കാണാൻ പറ്റില്ലെന്നുറപ്പായാതോടുകൂടെ രണ്ടു പേരും ഒരു കാര്യം തീരുമാനിച്ചു, ഇനി ഒരുമിച്ചു ജീവിക്കാൻ പറ്റുന്ന കാലം വരെ കത്തുകളിലൂടെ ബന്ധം തുടരാം. തന്‍റെ തറവാട്ടിലെ വിശ്വസ്തയായ ഒരു വേലക്കാരി മുഖേന കത്തുകൾ കൈമാറാൻ തുടങ്ങി. അത് മറ്റാരും വായിക്കാതിരിക്കാൻ അവർ ഒരു പുതിയ രീതി കണ്ടുപിടിച്ചു. അക്ഷരങ്ങൾ തിരിച്ചും മറിച്ചുമുള്ള പുതിയ വാക്കുകൾ. തങ്ങളുടേതായ പുതിയ ഭാഷ. തമ്മിൽ കാണാതെ, ഒരു വാക്ക് പോലും ഉരിയാടാതെ, അവർ പ്രണയ ലേഖനങ്ങൾ കൈമാറി.

നീണ്ട പത്തു വർഷം. ഇതിനിടയിൽ അവൾക്ക് വരുന്ന ആലോചനകൾ അവളാൽ കഴിയുന്നത് അവളും മറ്റുള്ളത് മൊയ്തീനും മുടക്കി കൊണ്ടിരുന്നു.

ഈ കാലയളവിൽ മൊയ്തീൻ മുക്കത്തെ അറിയപ്പെടുന്ന ഒരു കലാകായികപ്രേമിയായ സാമൂഹിക പ്രവർത്തകനായി വളർന്നു. സ്വന്തം നാട്ടുക്കാര്‍ക്കു വേണ്ടി അവൻ നല്ലൊരു ക്ലബും വായനശാലയും തുടങ്ങി. പക്ഷെ, അന്യമതസ്ഥയായ പെണ്‍കുട്ടിയുമായുള്ള പ്രണയം അവനെ കുടുംബത്തിൽ നിന്ന് തിരസ്കൃതനാക്കി. സ്വന്തം പിതാവ് തന്നെ അവനെതിരെ വധഭീഷണി മുഴക്കി. മകനോടുള്ള വെറുപ്പും വിദ്വേഷവും അണപൊട്ടിയൊഴുകി. ഒരു ദിവസം കവലയിൽ ചെന്ന് അരയിലുള്ള കത്തിയൂരി ആ അച്ഛന്‍ മകനെ ആഞ്ഞാഞ്ഞ് കുത്തി.

"എന്‍റെ മകനെ ഞാൻ തന്നെ കുത്തികൊന്നു. അവൻ നാടിനു തന്നെ ദോഷമാണ്. എന്നെ അറസ്റ്റ് ചെയ്തോളൂ " മൊയ്തീൻ സാഹിബ് പോലീസ് സ്റ്റേഷനിൽ സ്വയം സറണ്ടർ ചെയ്തു. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു. കാഞ്ചനയെ വീട്ടുകാർ ഒരു മുറിയിൽ പൂട്ടിയിട്ടു. ആത്മഹത്യ ചെയ്താലോ എന്ന് ഭയന്ന് കൂടെയോരാളെയും നിർത്തി. അപ്പോഴും കാഞ്ചന പറഞ്ഞു " ഇല്ല, എന്റെ മൊയ്തീൻന് ഒരാപത്തും വരില്ല. ഞങ്ങൾ ഒരുമിച്ചു ജീവിക്കും."

പിറ്റേ ദിവസം വാർത്ത വന്നു. കാഞ്ചനയുടെ പ്രാർത്ഥന ദൈവം കേട്ടു. മൊയ്തീൻ അപകടനില തരണം ചെയ്തു. മരണത്തെ കീഴടക്കിയ പുതിയ ശക്തി ആ രണ്ടു ഹൃദയങ്ങൾക്കും കൂടുതൽ കരുത്ത് നൽകി. എന്തിനെയും സഹിക്കാനും നേരിടാനുമുള്ള കരുത്ത്. ആഴ്ചകൾക്കകം അയാൾ നാട്ടുകാരുടെ കാര്യങ്ങളിൽ സജീവമായി. പൂർവ്വാധികം ശക്തിയോടെ. ആ കാലയളവിൽ അയാൾ അവിടെ ഒരു ഫുട്ബാൾ ടൂർണമെന്റ് നടത്തി. കോഴിക്കോട് അന്നേ വരെ കാണാത്ത വലിയ ടൂർണമെന്റ്. പലയിനം പരിപാടികളിൽ സിനിമ താരങ്ങളെ പങ്കെടുപ്പിച്ചു. രണ്ടു സിനിമകൾ നിർമ്മിച്ചു. വായനശാലയുടെ പ്രവർത്തനം ചടുലമാക്കി. യുവാക്കളെ സാഹിത്യ സംവാദങ്ങളിൽ പങ്കെടുപ്പിച്ചു.

മാസങ്ങൾ വർഷങ്ങളായി. മോയ്തീന്‍നു നാല്‍പ്പത്തിനാല് വയസ്സ്, കാഞ്ചനയ്ക്ക് നാല്പ്പത്തിയൊന്നും.

1982 ലെ ഒരു പെരുമഴക്കാലം. കൃത്യമായി പറഞ്ഞാൽ ജൂലൈ 15. ഇരുവഴിഞ്ഞിപുഴ കരകവിഞ്ഞൊഴുകയായിരുന്നു. അന്ന് ഒരു ഉച്ചയായപ്പോഴേക്കും കടവിൽ നിറയെ ആൾക്കാർ. പുഴയിൽ തലകീഴെ മറിഞ്ഞൊരു വഞ്ചിയും. ഒരാൾ രണ്ടുപേരെയും കൊണ്ട് നീന്തി കരയിലേക്ക് വരുന്നു. " ഹോ, ഭാഗ്യം മൊയ്തീൻ ഉണ്ടായിരുന്നത് കൊണ്ട് രക്ഷയായി" ഏതോ ഒരു സ്ത്രീ സന്തോഷം പ്രകടിപ്പിച്ചു.

രണ്ടു പേർ കൂടി പുഴയിലേക്ക് എടുത്തു ചാടി. മറ്റുള്ളവർ ആള്‍ക്കാരെ കരയിലേക്ക് കയറ്റാൻ സഹായിച്ചു. എല്ലാവരെയും കരയ്ക്കടുപ്പിച്ചതിനു ശേഷം തിരിച്ചു കയറാൻ നോക്കുമ്പോൾ, അതാ ഒരാൾ വഞ്ചിയിൽ പിടിവിടാതെ. മൊയ്തീൻ വീണ്ടും എടുത്തു ചാടി. പക്ഷെ അയാളുടെ കൈകാലുകൾ കുഴഞ്ഞിരുന്നു. അടിയോഴുക്കിനെ തടയാനും ആകുന്നില്ല. എല്ലാവരും നോക്കി നില്‍ക്കെ, ഇതാ തങ്ങളുടെ പ്രിയ സ്നേഹിതൻ മുങ്ങി താഴുന്നു. ഒരിക്കലും ഉയര്‍ന്നു വരാൻ കഴിയാത്ത കയത്തിലേക്ക്. അങ്ങനെ ഇരുവഴിഞ്ഞിപുഴ അവനെയും കൊണ്ടുപോയീ.

കാഞ്ചന ഈ വിവരം അറിയുന്നത് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ്, മരവിച്ച ആ ശരീരം കരയിൽ അടിഞ്ഞപ്പോൾ!!

അത്മഹത്യക്ക് ശ്രമിച്ച് ബോധം തെളിയുമ്പോൾ അവര്‍ ഒരു ആശുപത്രി കിടക്കയിലാണ്. ഒരു ഭ്രാന്തിയെപ്പോലെ അവര്‍ അലറാൻ തുടങ്ങി. ഒന്നു സമാധാനിപ്പിക്കാൻ എല്ലാവരുമാവതു ശ്രമിച്ചു. പക്ഷെ മരണം മാത്രമേ അവളുടെ മുന്നിലുള്ളൂ എന്ന് അവൾ തീർപ്പെഴുതി. വേദന സംഹാരികളായി കൊടുത്ത ഉറക്കുഗുളികകൾ അവൾ കൂട്ടി വെച്ചു. പതിനഞ്ചാമത്തെ ദിവസം എല്ലാം ഒരുമിച്ചു കഴിക്കാം. അവൾ തീരുമാനിച്ചു കാരണം അവളുടെ മൊയ്തീൻ അവള്‍ക്കായ് കാത്തിരുപ്പുണ്ട്. മറ്റൊരു ലോകത്ത്. മരണമില്ലാതൊരു ലോകത്ത്.

പക്ഷെ വീണ്ടും കാത്തിരിപ്പിന്‍റെ നാളുകളായിരുന്നു അവര്‍ക്ക് വിധിച്ചിരുന്നത്. പിറ്റേ ദിവസം അവളെ കാണാൻ വന്നത്, മറ്റാരുമല്ല, തന്‍റെ മോയ്തീനിന്‍റെ ഉമ്മയായിരുന്നു.
" മോളെ, നീ ഞങ്ങളോടെല്ലാവരോടും ക്ഷമിക്കൂ, നിങ്ങളുടെ സ്നേഹം കാണാത്ത, മനസ്സിലാക്കാത്ത, ഞങ്ങളുടെ ശിക്ഷ നീ എന്തിനു ഏറ്റുവാങ്ങണം. ഇവളെ ഞാൻ കൊണ്ട് പോകുവാണ്. ഞങ്ങളുടെ മകളായിട്ടു, അല്ല എന്‍റെ മകന്‍റെ ഭാര്യയായിട്ട്‌, അല്ല ഇവളുടെ മൊയ്തീന്‍റെ വീടരായിട്ട്. അവൻ നിർത്തി വെച്ചയിടതിന്നു നീ ഇനി എല്ലാം നോക്കി നടത്തണം. നിന്‍റെ ഭർത്താവ് ആഗ്രഹിച്ചതെല്ലാം നീ പൂർത്തീകരിക്കണം "

കാഞ്ചനയ്ക്കത് നിരസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ എല്ലാവരും നോക്കി നില്‍ക്കെ അവൾ, ആ അമ്മയുടെ കൂടെ തന്‍റെ മൊയ്തീന്‍റെ വീട്ടിലേക്ക് പോയി.
_______________________________
ഇന്നും ഈ എഴുപത്തിമൂന്നാം വയസ്സിലും ആ സ്ത്രീ അവിടെ ജീവിക്കുന്നു. തന്‍റെ കാന്തന്‍റെ ഓർമ്മ നിലനില്‍ക്കുന്ന ബി.പി.മൊയ്തീൻ സേവ മന്ദിർ എന്ന ജീവകാരുണ്യ കേന്ദ്രത്തിന്‍റെ നെടുംതൂണായി. എന്‍റെ ഒരു പത്രപ്രവർത്തക സുഹൃത്തിനോടൊപ്പം എനിക്കും ഒരിക്കൽ ഈ ചിരപ്രേയസിയെ പരിചയപെടാനുള്ള ഭാഗ്യം ഉണ്ടായി. എങ്ങനെ ഇതിനു സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഒരു പ്ലാസ്റ്റിക്‌ കവര്‍ എടുത്തു കൊണ്ട് വന്നു തുറന്നു.
" ഇത് മൊയ്തീന്‍റെ കത്തുകളാണ്. തുറന്നു നോക്കികോളൂ, ( ഒരു ചെറു ചിരി ), പക്ഷെ നിങ്ങള്‍ക്ക് വായിക്കാൻ പറ്റില്ല, ഇത് ഞങ്ങളുടെ ലിപിയാ. ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയത്."
അപ്പോൾ, ആ കണ്ണുകളിൽ ഞാൻ കണ്ടത് സങ്കടം അല്ലായിരുന്നു. മറിച്ച്, ഒരു പ്രത്യാശയായിരുന്നു. ഒരിക്കലും പിരിക്കാൻ പറ്റാത്ത ലോകത്ത് ഒരുമിക്കാൻ പോകുന്നു, എന്ന പ്രത്യാശ

No comments:

Post a Comment