Sunday, May 18, 2014

നന്‍പന്‍ ഹരി

തലയ്ക്ക് പിടിച്ച പ്രേമം പൊട്ടിതകര്‍ന്നപ്പോള്‍ ജീവിതം വഴിമുട്ടിയത് പോലെ തോന്നി. മുന്നില്‍ ഒരേയൊരു വഴി. 

"ആത്മഹത്യ" 
____________

എന്തിനാണവള്‍ വിട്ടുപോയതെന്ന് അറിയില്ല. എല്ലാ സാഹചര്യവും അനുകൂലമായിരുന്നു. വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പൊക്കെ ഉണ്ടായിരുന്നെങ്കിലും, പിന്നെ അവളുടെ വാശിക്കു മുന്‍പില്‍ അവരും മുട്ടുകുത്തി. 

എങ്കിലും എന്തുകൊണ്ടാണവള്‍ മറിച്ചൊരു തീരുമാനമെടുത്തു മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയ്യാറായത്. ഏതായാലും ഞാന്‍ തീരുമാനിച്ചു, "അവളില്ലാതെയൊരു ജീവിതം വേണ്ട". അതുകൊണ്ട് ആത്മഹത്യ തന്നെ പ്രതിവിധി. സമയവും തീയതിയും നിശ്ചയിച്ചു. അവളുടെ താലികെട്ടു നടക്കുന്ന ശുഭമുഹൂര്‍ത്തം.

ആത്മഹത്യ ചെയ്യുന്നത് ട്രെയിനിനു മുന്‍പില്‍ ചാടിയാണെന്നു നേരത്തേ തീരുമാനിച്ചിരുന്നു. പക്ഷെ അതിനു മുന്‍പ് കെ എഫ് സി ചിക്കന്‍ കഴിക്കണം. അതും നേരത്തേ തീരുമാനിച്ചിരുന്നു.

ശുഭമുഹൂര്‍ത്തത്തിനു ഇനി വെറും രണ്ടു മണിക്കൂര്‍ മാത്രം. ഒരു ഓട്ടോറിക്ഷയില്‍ കയറി, കോറമംഗല ഫോറം മാളിലേക്ക് വിടാന്‍ ഡ്രൈവറോടു പറഞു. പതിനഞ്ചു മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്തി. കെ എഫ് സിയില്‍ കയറി ചിക്കന്‍ കഴിച്ചു. അവസാനത്തെ പെപ്സിയും കുടിച്ചു. ഇനി ലക്‌ഷ്യം മജെസ്റ്റിക്കിലെ റെയില്‍വേ ട്രാക്ക്. അങ്ങോട്ടു പോകാന്‍ ഓട്ടോക്കാരനോട് പറഞ്ഞു.

ഒരു അഞ്ചു മിനിറ്റായിക്കാണും. അപ്പോഴാണ്‌ മൊബൈലില്‍ ഒരു കോള്‍ വന്നത്. ഹരി ആണ് വിളിക്കുന്നത്.

"അളിയാ.. ഈ ഒന്നാം തീയതി ബാംഗ്ലൂരിലും മൊടക്കാണോ ... എല്ലാം അടച്ചിട്ടിരിക്ക്യാണല്ലോ" ഹരി കാര്യം അവതരിപ്പിച്ചു.
"അയ്യോ .. അതളിയാ .. ഇപ്പൊ ഇലക്ഷനല്ലേ .. അതോണ്ടാ"

"ശ്ശെടാ .. ന്നാലും ഇതൊരു കൊലച്ചതി ആയിപ്പോയി .. എന്തേലും വകുപ്പുണ്ടോ അളിയാ.. ഞങ്ങളിവിടെ ഷെയറിട്ട് ഇരിക്കുവാ"

"നീ ഇപ്പൊ എവിടെയാ.... നമുക്കൊപ്പിക്കാന്‍ നോക്കാം... നീ ടെന്‍ഷന്‍ അടിക്കാതെ "
ഹരിയില്‍ ഞാനപ്പോള്‍ കണ്ടത് ഹലോയിലെ മോഹന്‍ലാലിനെ ആയിരുന്നു. എങ്ങനെയെങ്കിലും അവന്‍റെ ആവശ്യം നിറവേറ്റി കൊടുക്കണം.

"അളിയാ ഞങ്ങള്‍ മത്തിക്കരയിലുണ്ട്... വല്ലതും നടക്ക്വോ .. " ഹരിക്ക് പിന്നേം ആധി.

"മത്തിക്കരയിലാണോ .. എന്നാ പേടിക്കണ്ട .. ചാക്കോ സാര്‍ നമ്മുടെ സ്വന്തം ആളല്ലേ .. പുള്ളീടെ കൈയ്യില്‍ എന്തായാലും സ്റ്റോക്ക്‌ ഉണ്ടാകും.. ഞാനിതാ അരമണിക്കൂറില്‍ അവിടെ എത്തും... ഡോണ്ട് വറി"

പിന്നെ കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, വണ്ടി നേരെ മത്തിക്കരയിലോട്ട്. ആത്മഹത്യ ചെയ്യാന്‍ ഇനിയും അവസരങ്ങളുണ്ട്. പക്ഷെ, ഒരു സുഹൃത്തിനെ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് പ്രധാനം.

ഹരി... നീ നന്‍പന്‍ ഡാ :-)

No comments:

Post a Comment