Sunday, May 18, 2014

കണക്കുപുസ്തകം

രാത്രി ഏറെ വൈകിയിരിക്കുന്നു. 

എന്നിരുന്നാലും, അയാൾ ഇന്ന് വീണ്ടും എഴുതാനിരുന്നു. 

ആ പുസ്തകം തുറന്നു.

കറുത്ത പുറംചട്ട.

ചുവന്ന ലിപികൾ,

കണക്കുപുസ്തകം. അയാൾ വീണ്ടും വായിച്ചു. ചെറിയ അക്ഷരങ്ങളിൽ മറ്റെന്തോ കൂടിയെഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ, അതെ, ജീവിതത്തിന്റെ കണക്കുപുസ്തകം.

പിന്നിട്ട വഴികളോരോന്നും താളുകളിലുണ്ട്. വെളുത്ത പേജുകളിൽ കൂടുതലും ചുവന്ന മഷിയിലാണ് എഴുതിയത്. പിന്നെയുമുണ്ട് നിറങ്ങൾ. പച്ച, നീല, മഞ്ഞ, പക്ഷെ അതൊക്കെ വളരെ തുച്ഛമാണ്. കൂടുതലും ചുവപ്പ് തന്നെയാണ്. ഇത് താൻ തന്നെ എഴുതിയതാണോ. നഷ്ടങ്ങളുടെ പട്ടിക ചുവന്ന മഷി കൊണ്ടെഴുതണമെന്ന് എന്തിനാണ് അയാൾ തീരുമാനിച്ചത്.

പണ്ടെപ്പോഴോ, വർഷങ്ങൾക്ക് മുൻപ്, 'ലൈഫ് ഈസ്‌ ലോസ്റ്റ്‌' എന്നെഴുതിയത് ചുവന്ന പേന കൊണ്ടായിരുന്നു . അന്ന് പക്ഷെ, അത്, വേറെ പേന ഇല്ലാത്തത് കൊണ്ടായിരുന്നല്ലോ. ഇപ്പോൾ പക്ഷെ എല്ലാ നിറങ്ങളും കരുതി വെച്ചിരുന്നു. എവിടെ പോകുമ്പോഴും തന്റെ ബാഗിന്റെ പ്രത്യേക പോക്കറ്റിൽ എല്ലാ പേനകളും അത് കൊണ്ട് തന്നെയാണ് എടുത്തുവെച്ചതും. പക്ഷെ, എന്നിട്ടും പുസ്തകത്തിൽ ചുവന്ന ലിപികൾ തന്നെ നിറഞ്ഞു നുരയുന്നു.

ഇന്നേതായാലും നീല മഷി കൊണ്ട് തന്നെയെഴുതണം. താളുകൾ മറിക്കും തോറും അയാളത് തീരുമാനിച്ചുറപ്പിച്ചു കൊണ്ടിരുന്നു. കവിതകൾ പോലും ഇതിൽ എഴുതിയിരിക്കുന്നത് ചുവന്ന മാഷികൊണ്ടാണ്. അയാൾ ചിലത് വായിച്ചു, ആരുടെയൊക്കെയോ വികാരങ്ങൾ, പറന്നകന്ന വിചാരങ്ങൾ, നൂലു പൊട്ടിയ പട്ടങ്ങൾ, അർത്ഥമില്ലാത്ത കുറെ വരികൾ.

തന്റെ കണക്കുപുസ്തകത്തിൽ എത്രയെത്ര മുഖങ്ങൾ. എല്ലാവർക്കും അല്പായുസ്സ്. പെട്ടെന്നയാളുടെ ചിന്ത അവരുടെ കണക്കുപുസ്തകങ്ങളിലെക്ക് വഴുതിമാറി. ആ താളുകൾ തനിക്കൊന്നു മറിച്ചു നോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. അതിൽ തന്റെ മുഖം ഉണ്ടാകുമല്ലോ. അവരും നഷ്ടങ്ങളുടെ കണക്കു ചുവപ്പിൽ തന്നെയായിരിക്കുമോ എഴുതിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ താനും ചുവപ്പ് നിറത്തിൽ തന്നെയായിരിക്കുമോ.

'ഏയ്‌, അങ്ങനെ വരാൻ വഴിയില്ല. ഒരാളുടെ കണക്കുപുസ്തകത്തിൽ നഷ്ടമാണെങ്കിൽ, അത് മറ്റൊരാൾക്ക് ലാഭമായിരിക്കുമല്ലൊ.' അയാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു. 'ഹും, ബൂർഷ്വാ, ലാഭം കൊയ്യുന്നവൻ.'

എന്നാലും അയാൾക്കുറപ്പാണ് രണ്ടു പേരുടെ കണക്കുപുസ്തകത്തിൽ അയാളും ചുവപ്പ് നിറത്തിൽ തന്നെയാണ്. അതോർത്തപ്പോൾ ആ മുഖം വീണ്ടും ഇരുണ്ടു. ഹൃദയങ്ങൾ തമ്മിൽ വേർപിരിയുമ്പോൾ മറ്റൊരു നിറവും വരില്ലല്ലോ. അത് പോലെ തന്നെ, തന്റെ ജീവന്റെ അംശവും. അതെ, നി:സംശയം അയാളതുറപ്പിച്ചു. അതിൽ രണ്ടിലും തനിക്കും ചുവന്ന മുഖമാണ്.

ഒരു പാതിരാത്രിയിൽ തന്നിൽ നിന്നും പറിഞ്ഞുപോയ ആ പിഞ്ചു മുഖം. ഇന്നിപ്പോൾ തന്റെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്തത്ര വിദൂരതയിൽ, കാലചക്രത്തിന്റെ ദൈർഘ്യം, അതങ്ങനെയാണ്. വിരഹത്തിന്റെ മടിത്തട്ടിലാണ് അയാൾ കണക്കുപുസ്തകത്തിൽ കവിതകൾ കുത്തിക്കുറിച്ചത്.

അയാൾ വീണ്ടും താളുകൾ മറിച്ചുകൊണ്ടിരുന്നു. ഇത്രത്തോളം കണക്കോ തന്റെ ജീവിതത്തിൽ. അലക്ഷ്യമായ യാത്രകൾ ഇല്ലായിരുന്നെങ്കിൽ ഇത്രയും ഉണ്ടാകില്ലായിരുന്നു. പെരുവഴിയമ്പലങ്ങളും സത്രങ്ങളും സ്വീകരണമുറികളാകില്ലായിരുന്നു . പൊതിച്ചോറുകൾ ദീനം വരുത്തില്ലായിരുന്നു. അതെ, ശെരിയാണ്, സ്വന്തം ഭവനത്തിലെ തീന്മേശയിലിരുന്നു ആഹാരം കഴിച്ച നാളുകൾ വളരെ വിരളം. എന്തിനോ വേണ്ടിയുള്ള ഓട്ടം. ലാഭം കൊയ്യാൻ. ഹും, ബൂർഷ്വാ.

താളുകൾ വീണ്ടും മറിയുന്നു. ഇടയ്ക്കൊരു പേജിൽ ചുവന്ന റോസാപൂക്കളുടെ പൂച്ചെണ്ട്. അവിടെ താൻ ഒന്നും എഴുതിയതായി കാണുന്നുമില്ല. മറന്നുപോയതല്ല, അയാൾ ഓർത്തു. അന്ന്, അത് മാത്രം മതിയെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. ചുവന്ന മഷി പടർന്ന, രക്തത്തിന്റെ ഗന്ധം വമിക്കുന്ന, കുറെ താളുകൾക്ക് ശേഷം, ഈ ചുവന്ന റോസാചെണ്ട് അയാൾക്ക് വല്ലാത്തൊരു സാന്ത്വനം പകർന്നിരുന്നു.
അയാൾ ആ പൂക്കളെ തലോടി. ഉണങ്ങിയതാണെങ്കിലും, എന്തോ ഒരു പ്രസരിപ്പ് അതിനിപ്പോഴുമുണ്ട്. പക്ഷെ ചോരയുടെ മണം അതിലേക്കും പടർന്നിരിക്കുന്നു. കണ്ണുകളടച്ച്‌, അയാളതിനെ ചുംബിച്ചു.

അപ്പോൾ, അങ്ങ് ദൂരെ കേൾക്കാം, കുതിരക്കുളമ്പടികളുടെ ശബ്ദം. ചാട്ടവാറടിയുടെ രോദനം. അത് തന്നെ ലക്ഷ്യമാക്കിയാണ് ചീറിപ്പഞ്ഞു വരുന്നത്. അയാൾ താളുകൾ വേഗത്തിൽ മറിച്ചു. കുളമ്പടികൾ ഇടിമുഴക്കങ്ങളായി അനുഭവപ്പെട്ടു. താളുകൾ കൂട്ടം കൂട്ടമായി മറിഞ്ഞു. അപ്പോഴേക്കും ആ കുളമ്പടികൾ തന്റെ വാതിൽക്കൽ എത്തി. കുതിരകൾ അലറുന്നു. അയാൾ അങ്ങോട്ട്‌ നോക്കിയില്ല. നീലമഷി നിറച്ച പേന അയാളുടെ കണക്കുപുസ്തകത്തിന്റെ പുതിയ താളുകൾ തിരഞ്ഞു. പക്ഷെ അത് എത്തിനിന്നത് കറുത്ത നിറമുള്ള പുറംചട്ടയിൽ.

അവസാനത്തെ താളിൽ, താൻ അവസാനമായി, തലേ നാൾ എഴുതിയ ആ വാക്യം അയാൾ വായിച്ചു. അപ്പോൾ, അവിടെ ആയിരം സൂര്യന്മാരുടെ പ്രകാശം പരന്നു. കുതിരകൾ വ്യാളികളെ പോലെ നാക്ക് നീട്ടി. സ്വർണ്ണ കിരീടമണിഞ്ഞ ഒരാൾ, അയാളുടെ കൈയ്യിൽ നിന്ന്, ആ കണക്കുപുസ്തകം വലിച്ചെടുത്തു. ഇനി അത് തനിക്ക് സ്വന്തമല്ല. അയാൾക്ക് ബോധ്യമായി. ജീവിതത്തിന്റെ കണക്കുപുസ്തകം തന്റെ കൈയ്യിൽ ഇല്ല. നഷ്ടങ്ങളുടെ പട്ടിക അങ്ങനെ ഇവിടെ തീരുന്നു. നഷ്ടപ്പെടാൻ ഇനി ഒന്നും ബാക്കിവെക്കാതെ. അവസാനത്തെ വാക്യം പോലെ,

'" മരണമല്ലോ ജീവിത സാഫല്യം "'

No comments:

Post a Comment