Sunday, May 18, 2014

അപൂർവ്വം ചിലർ - ഡോളി

രാവിലെ എഴുനേറ്റ് മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് ഒരു ബർത്ത്ഡേ അലേർട്ട് കണ്ടത്. നീലാഞ്ജന ചക്രബർത്തി (യതാർത്ഥ പേരല്ല, പക്ഷെ, ഇതുപോലൊരു പേരാണ്). ഒരു മെസ്സേജ് ടൈപ്പ് ചെയ്യാനൊരുങ്ങി. അപ്പോഴാണ്‌ ഇൻബോക്സിൽ ഒരു മെസ്സേജ്.

" ടുഡേ ഈസ്‌ മൈ ബർത്ത്ഡേ, ഇഫ്‌ യു വാണ്ട്‌, യു കാൻ വിഷ് മി." ഒരു സ്മൈലിയും.

അത് എനിക്കിഷ്ടപ്പെട്ടു. ഞാൻ തിരിച്ചു വിളിച്ചു.
"ഹാപ്പി ബർത്ത്ഡേ ഡോളി" അങ്ങനെയാണ് എല്ലാവരും വിളിക്കുക എന്നാണ് അവൾ പറഞ്ഞത്. പക്ഷെ ഞാൻ ആദ്യമായിട്ടാണ് അങ്ങനെ വിളിച്ചത്.
" ഓ, താങ്ക്സ് എ ലോട്ട്, ഞാനിന്ന് ഒരിടം വരെ പോകുന്നുണ്ട്, കുറച്ച് ഫ്രെണ്ട്സും ഉണ്ട്. സാറും വരണം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ജ്യോതി നിവാസ് കോളേജിനടുത്തുള്ള കോഫി ഡേയിൽ മീറ്റ്‌ ചെയ്യാം."
" ഓ ട്രീറ്റ് ആണോ, ശരി ഞാൻ വരാം"
" അങ്ങനെ വേണമെങ്കിലും കരുതാം" എന്നും പറഞ്ഞ് അവൾ ഫോണ്‍ കട്ട്‌ ചെയ്തു.

ഈ പെണ്‍കുട്ടിയെ ഞാൻ പരിചയപ്പെടുന്നത്, ഒരു ട്രെയിനിംഗ് പ്രോഗ്രാമ്മിൽ വെച്ചാണ്. വളരെ ബോൾഡായൊരു കുട്ടി. ട്രെയിനിങ്ങിനിടയിൽ അനാഥകുട്ടികളെ കുറിച്ച് സംസാരിക്കാനിടയായി. അപ്പോൾ ഇവൾ ചോദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
" സർ, അനാഥാലയങ്ങളിൽ പോയിട്ടുണ്ടോ?? "
ഒരു കളിയാക്കൽ പോലെ തോന്നി എനിക്കത്.
"ഒന്നുരണ്ട് ഇടങ്ങളിൽ പോയിട്ടുണ്ട്" ഞാൻ മറുപടി നൽകി.
എല്ലാവരും കൈയ്യടിച്ചു. ഞാൻ അവൾക്കൊരു ചുട്ട മറുപടി കൊടുത്തു എന്ന രീതിയിൽ അവരെല്ലാവരും അവളെ നോക്കി. ഞാനും.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അവൾ എന്റെ അടുത്ത് വന്നത്. കൈയ്യിൽ ഐസ്ക്രീമിന്‍റെ രണ്ടു കപ്പ്‌.
" എനിക്കാണോ ഒന്ന്" ഞാൻ ചോദിച്ചു.

"ഏയ്‌ അല്ല, എനിക്ക് ഐസ്ക്രീം വല്ല്യ ഇഷ്ടമാണ്, അതുകൊണ്ട് രണ്ടെണ്ണം എടുത്തു."
അവൾ തിരിച്ചടിച്ചതാണോ എന്നെനിക്ക് തോന്നി. പിന്നീട് മനസ്സിലായി അല്ലായെന്ന്. എന്തും തുറന്നു പറയും. അതാണ്‌ ശീലം.

"എന്റെ പേര് നീലാഞ്ജന ചക്രബർത്തി. അടുപ്പമുള്ളവർ ഡോളിയെന്നു വിളിക്കും. ഞാൻ ആ ചോദ്യം ചോദിച്ചത് സാറിനെ കളിയാക്കാൻ വേണ്ടിയല്ല. ഞാനും ഒരു അനാഥയാണ്. ഞാൻ വളർന്നതും ഒരു അനാഥമന്ദിരത്തിലാണ്. "
"ഓ, ഞാനറിഞ്ഞിരുന്നില്ല, റിയലി സോറി"

കേട്ടുതഴമ്പിച്ച ഈ ക്ഷമാപണത്തെ വകവെയ്ക്കാതെ അവൾ തുടർന്നു.
"കൽകട്ടയ്ക്കടുത്തുള്ള മുർഷീദബാദിലാണ് എന്നെ പ്രസിവിച്ചത് എന്ന് പറഞ്ഞത്. പക്ഷെ വളർന്നത് കൽകട്ടയിലെ ഒരു അനാഥാലയാതിലാണ്. എനിക്ക് മൂന്ന് വയസ്സാകും വരെ എന്‍റെ അമ്മ എന്നെ കാണാൻ വരുമായിരുന്നു. പിന്നെ ഒരു വിവരുമില്ല. അവിടെ ഒരു കുഴപ്പവുമില്ലായിരുന്നു, നല്ല ആഹാരം, നല്ല ഉടുപ്പുകൾ, കോണ്‍വെന്റില്‍ തന്നെയാണ് പഠിച്ചതും. എഞ്ചിനീയറിംഗ് നു കിട്ടിയപ്പോൾ അതിനും പഠിപ്പിച്ചു. ഇപ്പൊ ഞാൻ ഇവിടെ ഒരു മൾടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു."

കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി, നല്ല നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടി.

" പക്ഷെ സർ, ഈ പറയുന്നത് പോലെയല്ല ഞങ്ങളുടെ അവസ്ഥ. എത്ര സ്നേഹം കൊണ്ട് പൊതിഞ്ഞു മൂടിയാലും, അച്ഛന്‍റെയും അമ്മയുടെയും കൂടെ അവരെ കെട്ടിപിടിച്ച് കിടന്നുറങ്ങുന്നത് പോലെയാകുമോ. എത്ര നല്ല ഭക്ഷണം കഴിച്ചാലും, അമ്മയുടെ മുലപ്പാലിന്‍റെ രുചി കിട്ടുമോ. എത്ര പുത്തനുടുപ്പിട്ടാലും ചെളി പുരണ്ടു വന്നു കയറുമ്പോൾ അമ്മ ശകാരിക്കുന്നത് പോലെയാകുമോ. ഇല്ല, ഇതൊന്നും അറിയാതെയാണ് ഞങ്ങൾ വളരുന്നത്."

എന്ത് മറുപടി നൽകണം എന്നറിയാതെ ഞാൻ അങ്ങനെ തന്നെ നിന്നു. അപ്പോഴേക്കും വേറെ കുറെ പേരും ഞങ്ങളുടെ സംഭാഷണം കേൾക്കാൻ ചുറ്റും കൂടിയിരുന്നു. അവരും സ്തബ്ധരായി, ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.

" സാമൂഹ്യബോധം ഉള്ളിൽ തറയ്ക്കുമ്പോൾ, ഞങ്ങളെ കാണാനും കുറച്ചു പേർ വരും. ചിലർ ചില കുട്ടികളോട് കൂടുതൽ അടുപ്പം കാണിക്കും. എന്നോടും കാണിച്ചിരുന്നു. ഞങ്ങളെ കൊണ്ട് അച്ഛാ അമ്മ എന്ന് വിളിപ്പിക്കും. വല്ലാത്ത സന്തോഷം തോന്നും. പിന്നീട് അവരുടെ വരവിനായ് കാത്തിരിക്കും. പക്ഷെ ഒന്നുരണ്ടു വരവിനുള്ളിൽ അവരുടെ സാമൂഹ്യബോധം നഷ്ടപ്പെടുമെന്നത് ഞങ്ങളുടെ കുഞ്ഞു മനസ്സുകൾക്ക് അറിയിലയിരുന്നു."

വീണ്ടും അവൾ കുറെ കാര്യങ്ങൾ പറഞ്ഞു. ഞങ്ങൾ ഓരോരുത്തരുടെയും കാപട്യത്തിന്‍റെ മേലങ്കി വലിച്ചു കീറുന്നതു പോലെ. ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ ഞാൻ അധികം നീട്ടിയില്ല. കുറച്ചു നേരം അവളോട്‌ വന്നു സദസ്സിനോട് സംസാരിക്കാൻ പറഞ്ഞു. എല്ലാവരും അവളെ അഭിനന്ദിച്ചു. എന്‍റെ നമ്പർ ചോദിച്ചു, എന്നിട്ട് ഒരു മിസ്സ്കോൾ അടിച്ചിട്ട് സേവ് ചെയ്യണം എന്ന് പറഞ്ഞു.

ഞാൻ കോഫിഡേയിൽ എത്തിയത് പത്തു മിനിറ്റ് വൈകിയാണ്. അപ്പോഴേക്കും അവർ എത്തിയിരുന്നു.
"സർ, യു ഷുഡ് ബി പങ്ങ്ച്വൽ" അവൾ കളിയാക്കി പറഞ്ഞു.
"ഗിഫ്റ്റ് ഒന്നും വാങ്ങിച്ചില്ല... സോറി... പോകുന്ന വഴിക്ക് വാങ്ങാം" ഞാൻ ഒരു ക്ഷമാപണം നടത്തി.
"ഓ, അതൊന്നും സാരമില്ല, നമുക്ക് പോകാം... ലേറ്റായി"

അവളും അവളുടെ രണ്ടു ഫ്രെണ്ട്സും ഉണ്ടായിരുന്നു. അവരെ പരിചയപ്പെടുത്തി. കൂടെ ജോലി ചെയ്യുന്നവരാണ്. ഞങ്ങൾ ഒരു വെള്ള ഇൻഡിക ടാക്സിയിൽ കയറി. അവൾ ഡ്രൈവറോട് ആർ ടി നഗറിലേക്ക് വണ്ടി വിടാൻ പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു, " സസ്പ്പെന്സ് ആണ്".

ഞങ്ങൾ ചെന്നിറങ്ങിയത് ഒരു പഴയ ബിൽഡിംഗിന്‍റെ മുന്‍പിലാണ്. "മദേർസ് ഹോം", ഒരു വയസ്സായ സ്ത്രീയും അവരുടെ കുടുംബവുമാണ് ഇത് നടത്തുന്നത്. അവരെ കണ്ടതെ ഡോളി അവരെ കെട്ടിപിടിച്ചു. അവർ അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു. കുറെ പൊടികുട്ടികളും ഒരു പത്തിരുപത് മറ്റു കുട്ടികളും അവളെ വട്ടം കൂടി. അവൾ ഓരോരുത്തര്ക്കും ലഡു കൊടുത്തു. പുത്തനുടുപ്പുകൾ കാറിന്‍റെ ഡിക്കിയിൽ നിന്നെടുത്തു ഓരോരുത്തർക്കും തുറന്നു കൊടുത്തു.

അതിനു ശേഷം അവള്‍ അവിടം മുഴുവന്‍ ഞങ്ങളെ നടത്തി കാണിച്ചു. ഏകദേശം പത്തോളം തൊട്ടിലുകൾ. അതിലെല്ലാത്തിലും ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ.

അപ്പോഴേക്കും ഭക്ഷണം ഒരുങ്ങി. വിഭവ സമൃദ്ധമായ സദ്യ.

ഇറങ്ങാൻ നേരത്ത് അവൾ പറഞ്ഞു, "എനിക്ക് ഗിഫ്റ്റ് വാങ്ങാൻ വേണ്ടി കരുതിയ കാശില്ലേ... അതിങ്ങു താ... അത് ഇവർക്ക് ഉപകരിക്കട്ടെ, കുഞ്ഞുങ്ങളുടെ അനുഗ്രഹം അമ്മയുടെ അനുഗ്രഹം പോലെയാണ്. അത് കിട്ടാനുള്ള ചിലവായിട്ട് കൂട്ടിയാൽ മതി."

ആ അമ്മയുടെ കാലുതൊട്ടു വണങ്ങി അവിടുന്നിറങ്ങുമ്പോൾ, കുട്ടികളുടെ മുഖത്ത് പരിഭവമുണ്ടേങ്കിലും സങ്കടമില്ലയിരുന്നു. കാരണം അവർക്കറിയാം ഈ ചേച്ചി അടുത്തയാഴ്ച വീണ്ടും വരുമെന്ന്. ആ കുഞ്ഞു മനസ്സുകളെ പറഞ്ഞു പറ്റിക്കില്ലായെന്നും.

No comments:

Post a Comment