Sunday, May 18, 2014

കൃഷ്ണക്കണിയാന്‍

"കണിയാനെ ഒന്നു കാണാന്‍ പറ്റുവോ" ഉമ്മറത്തിരിക്കുന്ന ശിങ്കടിയോട് മകളുടെ കല്യാണ തീയതി ആലോചിക്കാന്‍ വന്ന നാരായണന്‍ നായര്‍ ചോദിച്ചു.

"ആരാന്നാ പറയേണ്ടത്" 

"കുറച്ചു ദൂരേന്നാ, പേര് പറഞ്ഞാല്‍ അറിയില്ല. കണ്ടു കാര്യം ബോധിപ്പിച്ചോളാം"

"ഹും.. ഇരിക്ക്യാ.. ഇപ്പോ വരും"
----------------------
" ന്താ.. ആരാ ... എന്താ കുറിക്കേണ്ടത്‌ .. " ഒരു കസവുമുണ്ടും, ഒരു കസവുനേര്യതും തോളത്തിട്ട് മുറുക്കി ചുമപ്പിച്ചു കൊണ്ട് കണിയാന്‍
ചോദിച്ചു.

" ഞാന്‍ നാരായണന്‍ നായര്‍, ഇത് എന്‍റെ അളിയന്‍, ഇത് മൂത്തമോന്‍..., ഞങ്ങള്‍ എന്‍റെ മോള് രാധികയുടെ കല്യാണത്തിന്റെ തീയതി ഒന്നു നിശ്ചയിക്കണം എന്ന വിശേഷവുമായിട്ടു വന്നതാ."

" ങ്ങാ .. നോക്കട്ടെ.. ജാതകം കൊണ്ടുവന്നിട്ടുണ്ടല്ലോ, ല്ലേ .. "

" ഉവ്വ്, പറ്റൂന്ച്ചാ, ഈ മാസം തന്നെ വേണം "

കവടി നിരത്തി, കുറച്ച് ഗണഗുണനങ്ങളൊക്കെ ചെയ്തതിനു ശേഷം കൃഷ്ണക്കണിയാന്‍, തെല്ലൊന്ന് ആലോചിച്ച ശേഷം പറഞ്ഞു.
" ഈ മാസം ഇരുപത്തിനാലാം തീയതി, പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലുള്ള മുഹൂര്‍ത്തം. അതങ്ങട് ഉറപ്പിക്കാം"

കേട്ടിരിക്കുന്നവര്‍ക്ക് സന്തോഷമായി. അപ്പോഴാണ്‌ ശിങ്കടി രാമന്‍ വന്നു കണിയാന്‍റെ ചെവിയില്‍ എന്തോ ഓതിയത്. രാമനെ കടുപ്പിച്ചു നോക്കിയതിനു ശേഷം കൃഷ്ണക്കണിയാന്‍ പെണ്ണിന്‍റെ അമ്മാവനോട് ചോദിച്ചു.

" പയ്യന്‍റെ നക്ഷത്രം പൂരുരുട്ടതിയല്ലേ.." ഉത്തരം കാത്തുനിക്കാതെ അയാള്‍ വീണ്ടും കവടി നിരത്തി, എന്നിട്ട് പറഞ്ഞു,

" ന്നാല്ലേ, അതിലും ശ്രേഷ്ടം, ഈ വരുന്ന ഇരുപത്തിയേഴാം തീയതിയാ, 10:47 നും 11:27 നും ഇടയിലുള്ള മുഹൂര്‍ത്തം അതികേമവും."

"ന്നാ.. അത് മതിയല്ലേ നാരായണാ, ഒരു മൂന്നു ദിവസം കൂടുതല്‍ ഉണ്ട്."
"അതെ, അത് നമുക്കങ്ങ് ഉറപ്പിക്കാം കണിയാനെ.." അളിയന്‍റെ വാക്ക് ഏറ്റു പിടിച്ചു നാരായണന്‍ നായര്‍ പറഞ്ഞു.
---------------------
ദക്ഷിണ വെച്ചു അതിഥികള്‍ ഇറങ്ങിയതിനു ശേഷം കൃഷ്ണക്കണിയാന്‍
നേരെ അടുക്കളയില്‍ ചെന്ന് കഞ്ഞിക്ക് ചമ്മന്തിയരച്ചു കൊണ്ടിരിക്കുന്ന രാമന്‍റെ മൊട്ടത്തലയില്‍ ഒരു കിഴുക്കു വെച്ചു കൊടുത്തു. എന്നിട്ട്, ചെവിക്കു പിടിച്ച് പൂച്ചയെ പൊക്കിയെടുക്കുന്ന ലാഘവത്തോടെ, അവനെ പൊക്കിയിട്ട് ഉഗ്രകോപത്തോടെ പറഞ്ഞു,

"എടൊ വിഡ്ഢി കുശ്മാണ്ഡം.... തന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട്, ഇതു പോലെ തീയതി കുറിക്കാന്‍ ആരേലും വന്നാ, അപ്പൊ തന്നെ ഒഴിവുള്ള തീയതികള്‍ ആ കുന്ത്രാണ്ടത്തിലോട്ട് എസ് എം എസ് അയക്കണം എന്ന്. വലപ്പോഴും ഒന്നു ഒത്തു കിട്ടുന്ന സദ്യയാ, അപ്പോഴാ രണ്ടു കല്യാണവും ഒരേ ദിവസം."

"ഒരിടത്തുന്ന് കഴിച്ചാ പിന്നെ മറ്റേടിത്ത് പോയി വെറുതെ മുഖം കാണിച്ച് ഇങ്ങു പോരേണ്ടി വരും. ഹും... അതെങ്ങനെയാ, ഈ പൊട്ടന് കഞ്ഞിയും ചമ്മന്തിയും പിന്നെ അടിച്ചുതളിക്കാരി ജാനുവിനോടുമല്ലേ പഥ്യം.... ഏഭ്യന്‍"

കണിയാന്‍ ആത്മഗതം പറഞ്ഞു കൊണ്ട് ഉമ്മറത്ത്‌ വന്നിരുന്നു.

No comments:

Post a Comment