Sunday, May 18, 2014

സക്കറിയായുടെ ഗര്‍ഭിണികള്‍

ഡോക്ടര്‍ സക്കറിയ: " ഒരു സ്ത്രീ അവള്‍ ഗര്‍ഭിണിയാകുന്ന അന്നു മുതല്‍ അമ്മയാണ്, പക്ഷെ ആ കുഞ്ഞ് ജനിക്കുമ്പോള്‍ മാത്രമേ പുരുഷന്‍ അച്ഛനാകുന്നുള്ളൂ" 
__________________________________

സുഹൃത്ത് ഹരിയുടെ നിര്‍ബന്ധപ്രകാരമാണ് 'സക്കറിയായുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിന്‍റെ റിലീസ് ഷോ തന്നെ കാണാന്‍ പോയത്. 
വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഞാന്‍ കൂടെ പോയത്. 

പക്ഷെ, സിനിമ തുടങ്ങി ഒരു പത്തു മിനിട്ടിനുള്ളില്‍ തന്നെ സംഭവം കൊള്ളാമെന്ന് തോന്നി. ഛായാഗ്രാഹണവും, പശ്ചാതസംഗീതവും തുടക്കത്തില്‍ തന്നെ നല്ലൊരു പുതുമ നല്‍കി. അവതരണശൈലിയും.

കൊച്ചിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ സക്കറിയയും അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ ഗര്‍ഭിണികളായെത്തുന്ന നാല് സ്ത്രീകളുടെയും കഥയാണ് ഇതിന്‍റെ ഇതിവൃത്തം. സ്ത്രീകള്‍ എന്ന് തീര്‍ത്തു പറയാന്‍ വയ്യ, കാരണം സനൂഷയുടെ സൈറ എന്ന കഥാപാത്രത്തിന് പതിനെട്ട് വയസ്സ് തികഞ്ഞതെയുള്ളൂ.

ഉദ്വേഗം നിറഞ്ഞ രംഗങ്ങള്‍ ഒന്നുമില്ലെങ്കിലും, അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ വൈകാരികതയെ വളരെയധികം വ്യക്തതയോടെ വരച്ചു കാട്ടിയിരിക്കുന്നു.

ഒരു കുഞ്ഞിന്‍റെ അമ്മയാകണം എന്ന തീവ്രമായ ആഗ്രഹംമൂലം, കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് കൃത്രിമ ഗര്‍ഭധാരണത്തോടെ അമ്മയായ, ഗീതയുടെ കഥാപത്രവും വളരെ നന്നായിരുന്നു. അത് പോലെതന്നെ സനൂഷയുടെ പ്രസവരംഗവും വളരെ ഒറിജിനാലിറ്റിയോടു കൂടി അവതരിപ്പിച്ചു.

ഡോക്ടര്‍ സക്കറിയയായി ലാലും അദ്ദേഹത്തിന്‍റെ ഭാര്യയായി ആശ ശരത്തും നല്ല പ്രകടനം കാഴ്ചവെച്ചു. ഗര്‍ഭിണികളായ ഗീതയും സനൂഷയും സാന്ദ്രയും, പ്രത്യേക സാഹചര്യം മൂലം ഗര്‍ഭിണിയായി അഭിനയിക്കേണ്ടി വന്ന ആശുപത്രിയിലെ നേഴ്സായ റീമയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

പക്ഷെ, ചിത്രത്തിന്‍റെ ഹൈലൈറ്റ് അതിന്‍റെ ക്ലൈമാക്സ്‌ ആണ്. സനൂഷയുടെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കുപ്പെടുന്നത് പി. പദ്മരാജന്‍റെ ഒരു ചെറുകഥ അവതരിപ്പിച്ചു കൊണ്ടാണ്.

ഇന്നത്തെ സമൂഹത്തിന്‍റെ വികലമായ ലൈംഗീക അരാജകത്വത്തെ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ എഴുതികാണിച്ചു തന്ന പപ്പേട്ടനെ എത്ര ആദരിച്ചാലും മതിയാകില്ല. അദ്ദേഹം അന്നെഴുതിയ ആ കഥ ഇന്ന് എത്രത്തോളം കാലിക പ്രസക്തിയുള്ളതാണെന്ന്‍ ചിത്രം കണ്ടാലേ മനസ്സിലാകൂ.

ഹാറ്റ്സ് ഓഫ്‌ ടു യു, ശ്രീ പി. പദ്മരാജന്‍ __/\__
വെല്‍ ഡണ്‍ അനീഷ്‌ അന്‍വര്‍

No comments:

Post a Comment