Sunday, July 27, 2014

ഡേവിസ് മാഷ്‌

"എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പുസ്തകം കൈയില്‍ തന്നു കൊണ്ട് ഡേവിസ് മാഷ്‌ പറഞ്ഞു. 

ഒരിക്കല്‍ ഒരു ക്വിസ്സ് പ്രോഗ്രാമില്‍ വെച്ചു കണ്ടുമുട്ടിയതായിരുന്നു ഞാന്‍ ഡേവിസ് മാഷിനെ. കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ വീടിനടുത്ത് തന്നെ താമസം. പട്ടാളത്തില്‍ നിന്ന് വിരമിച്ചിതിനു ശേഷം നാട്ടിലെ വസ്തുവെല്ലാം വിറ്റ്‌ പെറുക്കി ഭാര്യയുമൊത്ത് ഞങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുകയിരുന്നു. ഭാര്യയുടെ ലിവര്‍ സംബന്ധമായ രോഗത്തിന് മംഗലാപുരത്തുള്ള കെ.എം.സി മെഡിക്കല്‍ കോളേജില്‍ നല്ല ചികിത്സ കിട്ടുമെന്നതായിരുന്നു അതിനു കാരണം.

എവിടെയെങ്കിലും ക്വിസ്സ് പ്രോഗ്രാം ഉണ്ടെങ്കില്‍ എന്നെയും കൂട്ടികൊണ്ടുപോകും. മക്കളില്ലാത്ത അദ്ധേഹത്തിന്‍റെ 'എടാ ചെക്കാ' എന്ന ആ വിളിയില്‍ ഒരു മകനോടുള്ള വാത്സല്യം മുഴുവനുണ്ടായിരുന്നു . റോട്ടറി ക്ലബോ ജേ സിയോ ആയിരിക്കും മിക്കപ്പോഴും സംഘാടകര്‍. നല്ലൊരു സാമൂഹ്യപ്രവര്‍ത്തകനായതു കൊണ്ട് ഇവരെയൊക്കെ മാഷിനു നന്നായിട്ട് അറിയാം.

ഓരോരുത്തരും ഏതു തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മാഷിന് ഏകദേശ ധാരണയുണ്ട്. അതുകൊണ്ടു തന്നെ അതിന്‍റെ തലേ ദിവസം ആ മേഖലകളിലെ എല്ലാ കാര്യങ്ങളും വിവരിച്ചു തരും. മിക്കപ്പോഴും ഒന്നാം സ്ഥാനം തന്നെയായിരിക്കും എനിക്ക്. എങ്കിലും വലിയ അനുമോദനങ്ങള്‍ ഒന്നും ഉണ്ടാകില്ല. തെറ്റിപ്പോയവയെ കുറിച്ചുള്ള ശകാരങ്ങള്‍ ആയിരിക്കും പിന്നീട് വീടെത്തുന്നത് വരെ.

ആരെയും അതിശയിപ്പിക്കുംവിധം ആകാശത്തിന് കീഴിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും പുള്ളിക്ക് നല്ല വിവരമുണ്ടായിരുന്നു. ഒരു സഞ്ചരിക്കുന്ന സര്‍വ-വിജ്ഞാനകോശമായിരുന്നു ഡേവിസ് മാഷ്‌ . യൂഗോസ്ലാവിയയെ കുറിച്ചും, കോഷ്യസ് ക്ലേ എന്ന ബോക്സര്‍ മുഹമ്മദ്‌ അലി ആയതിനെ കുറിച്ചും, ഗാട്ട് കരാറിനെ കുറിച്ചും ആദ്യം പറഞ്ഞുതന്നത് ഡേവിസ് മാഷ്‌ ആണ് . ലോകത്ത് ജീവിച്ച ഏറ്റവും നല്ല പൊളിറ്റീഷ്യന്‍ അര്‍ഥശാസ്ത്രം രചിച്ച ചാണക്യന്‍ ആണെന്ന് പുള്ളി പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഏകദേശം രണ്ടു വര്‍ഷത്തോളം ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ആറാം ക്ലാസ്സിലേക്ക് കടന്ന സമയം. അപ്പോഴാണ്‌ ആന്‍റിക്ക് അസുഖം കൂടിയത്. അവര്‍ മംഗലാപുരത്തു തന്നെ ആശുപത്രിക്ക് അടുത്ത് ഒരു ചെറിയ ലോഡ്ജില്‍ താമസം മാറി. സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്തത് കൊണ്ട് മാഷ്‌ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും നോക്കി കൊണ്ടിരുന്നത്. എങ്കിലും, ഇടയ്ക്ക് വീട്ടിലെ ഫോണില്‍ വിളിച്ച് ക്വിസ് കൊമ്പിറ്റെഷന്‍റെ കാര്യം ഓര്‍മിപ്പിക്കും. പക്ഷെ മാഷ്‌ ഇല്ലാത്തത് കൊണ്ട് എനിക്ക് പോകാന്‍ മടിയായിരുന്നു. അതുകൊണ്ട് ആ കാലയളവില്‍ നടന്ന ഒരു മത്സരത്തിനും ഞാന്‍ പങ്കെടുത്തില്ല.

എക്സ് മിലിട്ടറി ആയതുകൊണ്ട് ചികിത്സകള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്‍റിയുടെ അസുഖം നാളുകള്‍ ചെല്ലുംതോറും വഷളായികൊണ്ടിരുന്നു. അച്ഛനും അമ്മയും ഒരിക്കല്‍ അവരെ കാണാന്‍ ചെന്നിരുന്നു. തിരിച്ചു വന്നപ്പോള്‍ ഞാന്‍ അമ്മയോട് അവര്‍ക്ക് എങ്ങനെയുണ്ടെന്നു ചോദിച്ചു.

"രണ്ടു പേര്‍ക്കും അത്യാവശ്യം സീരിയസ് ആണ്.." അമ്മ പറഞ്ഞു.
"രണ്ടു പേര്‍ക്കും ..??" ഞാന്‍ അച്ഛനോട് ചോദിച്ചു.
"ങ്ങാ .. മാഷിനും എന്തോ കുഴപ്പമുണ്ട് .." അച്ഛന്‍ ഒന്നും വ്യക്തമായി പറയാതെ ഭക്ഷണം വിളമ്പി വെക്കാന്‍ പറഞ്ഞു. അമ്മയും എന്നോട് പറയാന്‍ മടിച്ചു.

വീണ്ടും ഒരു മൂന്നാഴ്ച്ചകള്‍ക്ക് ശേഷമാണ് അവര്‍ തിരിച്ചു വന്നത്. അപ്പോഴേക്കും അച്ഛനും അമ്മയും ആശങ്കപ്പെട്ട കാര്യങ്ങള്‍ എന്‍റെ കുഞ്ഞുമനസ്സില്‍ നിന്നും പോയിരുന്നു. എനിക്കുണ്ടായിരുന്ന ഒരേയൊരു പേടി ക്വിസ് മത്സങ്ങള്‍ക്ക് പോകാത്തതിന് മാഷ്‌ എന്നെ ശകാരിക്കുമല്ലോ എന്നായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വന്നതിനു ശേഷം മാഷും ആന്‍റിയും എന്നെ കാണരുത് എന്ന് വിചാരിച്ചിട്ട് ഞാന്‍ വേറെ വഴിയെ ആയിരുന്നു സ്കൂളില്‍ പോയിരുന്നത്.

ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മ പറഞ്ഞത്,
"ലിസ്സി പോയി .."
"എങ്ങോട്ട്..?? "
"അവര് ഇന്ന് ഉച്ചയ്ക്ക് മരിച്ചു മോനേ.. "

എന്തോ ആ സമയത്ത് അത് കേട്ടപ്പോള്‍ എനിക്ക് വിഷമത്തെക്കാള്‍ കൂടുതല്‍ കുറ്റബോധമായിരുന്നു മനസ്സില്‍, എനിക്ക് എത്രയോ തവണ ഇലയടയും, ശര്‍ക്കര ഇട്ട സേമിയ ഉപ്പുമാവും, പപ്പായ പായസവും ഉണ്ടാക്കി തന്ന അവരെ ഞാന്‍ അവരുടെ അവസാന നാളുകളില്‍ മന:പൂര്‍വ്വം ഒഴിവാക്കി എന്ന കുറ്റബോധം. ഞാന്‍ ആ വീട്ടിലേക്ക് ഓടി. ആരുമില്ലാത്ത ഡേവിസ് മാഷിനെ കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. മറ്റുള്ളവര്‍ക്ക് മരണം എത്ര വലിയ ആഘാതമായിരിക്കും എന്ന് മനസ്സിലാക്കാനുള്ള പക്വത അന്ന് എനിക്ക് ഉണ്ടായിരുനില്ല.

പക്ഷെ, അവിടെ എത്തിയപ്പോള്‍ സ്ഥിതി വിഭിന്നമായിരുന്നു. വീടിനു മുന്‍പില്‍ കുറച്ചു ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആന്‍റിയുടെ ശവശരീരം അകത്തു കിടത്തിയിരുക്കുന്നത് ഞാന്‍ പുറത്തു നിന്നു തന്നെ കണ്ടു. ആ കാലിലേക്ക് വീഴാന്‍ ഞാന്‍ ആഗ്രഹിച്ചു എങ്കിലും അത് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വാതിലിനോട് ചേര്‍ന്നുനിന്നു. ഉള്ളില്‍ ഹൃദയം വിങ്ങിപ്പൊട്ടി.

അപ്പോഴാണ്‌ അകത്തുള്ള മറ്റൊരു മുറിയില്‍ കുറെ ആണുങ്ങളുടെ സംഭാഷണം കേട്ടത്. പള്ളിയിലെ വികാരിയോടും അയല്‍പ്പക്കകാരോടും ആരൊക്കെയോ തര്‍ക്കിക്കുന്നതുപോലെ തോന്നി എനിക്ക്. പക്ഷെ ഡേവിസ് മാഷിന്‍റെ സ്വരം മാത്രം കേള്‍ക്കുന്നില്ല. എനിക്ക് ചെറുതായൊരു ഭയം തോന്നി, ഇനി സങ്കടം സഹിക്ക വയ്യാതെ, മാഷും ...

"ബോഡി ഞങ്ങള്‍ കൊണ്ടുപോകാം .. പക്ഷെ ഇയാളെ കൊണ്ടുപോകാന്‍ പറ്റില്ല .." ഇതും പറഞ്ഞുകൊണ്ട് ചുവന്ന ചെക്ക് ഷര്‍ട്ട്‌ ഇട്ട ഒരാള്‍ പുറത്തേക്കു വന്നു. പുറകെ പള്ളീലെ അച്ചനും വേറെ രണ്ടു പേരും. അവര്‍ അയാളോട് എന്തൊക്കെയോ സ്വകാര്യം പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി. അങ്ങനെ അവര്‍ ഒരു തീരുമാനത്തില്‍ എത്തി. ആന്‍റിയെ നാട്ടില്‍ കൊണ്ടുപോയി അടക്കും, പക്ഷെ ഡേവിസ് മാഷ്‌ ഇവിടെ തന്നെ ഉണ്ടാകും എന്ന്.

അങ്ങനെ മാഷ്‌ വീണ്ടും ഒറ്റയ്ക്കായി. ഇരുപത്തിയേഴാം വയസ്സ് വരെ ഒറ്റയ്ക്ക് ജീവിച്ച അനാഥനായ ഡേവിസ് അബ്രഹാം മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അനാഥനായി. ഡേവിസ് മാഷ്‌ ഒരു എതിരഭിപ്രായവും പറഞ്ഞില്ല. ആരും ചോദിച്ചുമില്ല. എങ്ങനെ ചോദിക്കും, ചോദിച്ചാല്‍ തന്നെ എന്തു പറയും, ഓര്‍മ്മശക്തി നഷ്ടപ്പെട്ട ആ മനുഷ്യന്‍, മരിച്ചു കിടക്കുന്ന ആ സ്ത്രീ, കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷം തന്‍റെ കൂടെ ജീവിച്ച ലിസ്സി ഡേവിസ് ആണെന്ന് പോലും തിരിച്ചറിയുന്നില്ല. നാട്ടുകാരെയോ കൂട്ടുകാരെയോ തിരിച്ചറിയുന്നില്ല.

സാധാരണയായി കോളറുള്ള ടി ഷര്‍ട്ടും കറുത്ത പാന്‍റും മാത്രം ഇടാറുള്ള ആ വ്യക്തി വെറുമൊരു വെള്ളമുണ്ട് മാത്രം ഉടുത്തുകൊണ്ട് വികാരിയുടെ കൂടെ മുറിയില്‍ നിന്നും പുറത്തു വന്നു. അല്‍ഷ്യമേര്‍സ് ബാധിച്ച ഒരു മനുഷ്യനാണ് എന്ന് മനസ്സിലാക്കാതെ ഞാന്‍ ഓടിച്ചെന്നു മാഷുടെ കാലില്‍ വട്ടം പിടിച്ചു. കെട്ടിവെച്ച കണ്ണുനീര്‍ അണപൊട്ടിയതുപോലെ ഒഴുക്കി. പക്ഷെ മാഷ് എന്നെ തള്ളിമാറ്റി പുറത്തേക്കു നടന്നു. അപ്പോഴാണ്‌ ഞാന്‍ അമ്മ പറഞ്ഞത് ഓര്‍ത്തത്, മാഷിനും സുഖമില്ല എന്ന്.

ഞങ്ങള്‍ എല്ലാവരും നോക്കി നില്‍ക്കെ മാഷ്‌ വരാന്തയിലെ കസാരയില്‍ ചെന്നിരുന്നു. ടീപോയില് വെച്ചിരുന്ന "Illustrated Weekly" എന്ന ഒരു പത്രത്തോളം നീളമുള്ള വീക്കിലി കൈയ്യില്‍ എടുത്തു. അത് തിരിച്ചും മറിച്ചും നോക്കി. "ഏയ്‌ .. കുഴപ്പമൊന്നുമില്ല .. എന്തൊക്കെയോ ഓര്‍മ്മയുണ്ട്.." ചുറ്റും കൂടി നില്‍ക്കുന്ന ആരോ ഒരാള്‍ പറഞ്ഞു. മാഷ്‌ അയാളെ നോക്കി. എന്നിട്ട് കസേരയില്‍ നിന്ന് ഒറ്റ ചാട്ടത്തോടെ മുറ്റത്തേക്ക് ഓടി. ആ ഓട്ടത്തില്‍ വെള്ളമുണ്ട് ഉരിഞ്ഞു വീണു. ഒരു നീല അണ്ടര്‍വെയര്‍ ഇട്ട അറുപതുകാരനെക്കാളും നാല് വയസ്സുള്ള കുട്ടിയെ പോലെയായിരുന്നു അദ്ദേഹം അപ്പോള്‍. പള്ളീലച്ചനും വേറെ രണ്ടുപേരും കൂടി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോയി.

കുറച്ചു കഴിഞ്ഞു ആന്‍റിയുടെ വീട്ടുകാര്‍ ഒരു ആംബുലന്‍സില്‍ മൃതദേഹം കയറ്റിക്കൊണ്ടുപോയി. അല്പം കഴിഞ്ഞു പള്ളീലച്ചന്‍ മാഷിനെയും കൂട്ടി ഒരു ഓട്ടോയില്‍ കയറി. ഇത്രയും ബുദ്ധിമാനായ മാഷ്‌ എന്താ കൊച്ചുകുട്ടികളെ പോലെ.. ??? ഈ ചോദ്യത്തിനുള്ള ഉത്തരം ആരോട് ചോദിക്കണം എന്നറിയാതെ ഞാന്‍ ആ ഓട്ടോ ദൂരേക്ക് പോകുന്നതും നോക്കി പകച്ചുനിന്നു.

മൈ നെയിം ഈസ്‌ ...

കാര്യമൊക്കെ ശരി തന്നെ, പപ്പേട്ടനെ ഇഷ്ടാണ്, പപ്പേട്ടന്‍റെ ലോലയാണ് പ്രിയപ്പെട്ട ചെറുകഥയും. അതുപോലെത്തന്നെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ദൃശ്യവൈഭവങ്ങള്‍ 
എത്ര തവണ കണ്ടു എന്ന് തന്നെ ഓര്‍മ്മയില്ലേ. അവസാനത്തെ സിനിമയായ ഞാന്‍ ഗന്ധര്‍വന്‍ കണ്ടതോടെ ആ പ്രതിഭ ഒരു അഭിനിവേശമായി മാറുകയും ചെയ്തു. പക്ഷെ എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും അവരുടെ എല്ലാ സ്നേഹവും ആവാഹിച്ചു തന്ന ഒരു സാധനം അഭിനിവേശത്തിന്‍റെ പേരില്‍ വലിച്ചു ദൂരെ കളയാന്‍ പറ്റുമോ.

മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍റെയും അമ്മയുടെയും ദാമ്പത്യജീവിതത്തിലേക്ക്, അമ്പലങ്ങളില്‍ ഉരുളിയൊന്നും കമഴ്ത്താതെ, പള്ളികളില്‍ നേര്‍ച്ചകള്‍ നേരാതെ, അധികമൊന്നും ആരെയും ബുദ്ധിമുട്ടിക്കാതെ, കരഞ്ഞു കൊണ്ട് ഭൂജതനായതാണ് ഞാന്‍, അവരെ ചിരിപ്പിച്ചുകൊണ്ടും.

സീമന്തപുത്രന് എന്ത് പേരിടണം എന്ന കാര്യത്തില്‍ മിശ്രവിവാതിരായ കെ.വി. ദാമോദരന്‍ - എം.സി. മേരി ദമ്പതികള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. നേരത്തെ തന്നെ അവര്‍ തീരുമാനിച്ചിരുന്നു, മാതൃക അല്ലെങ്കില്‍ ഐഡിയല്‍ എന്ന് അര്‍ത്ഥം വരുന്ന ആദര്‍ശ് എന്നായിരിക്കും മകന്‍റെ പേര് എന്ന്.

പേരിടല്‍ ചടങ്ങിന്‍റെ അന്ന്, അതുവരെ കണ്ണിലൂടെയും മൂക്കിലൂടെയും ആര്‍ത്തുലച്ചു കരഞ്ഞിരുന്ന ഞാന്‍, പേര് ചെവിയില്‍ പറഞ്ഞപ്പോള്‍ മന്ദസ്മിതം തൂകി കൈകാലിട്ടടിച്ചു എന്ന് അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. ആ പേര് എനിക്കും ഇഷ്ടായി എന്ന് അറിയിക്കാന്‍ എനിക്ക് വേറെ വഴിയൊന്നുമില്ലല്ലോ, അതുകൊണ്ട് എന്‍റെ ഐക്യദാര്‍ഢ്യം ഞാന്‍ അങ്ങനെ പ്രഖ്യാപിക്കുകയായിരുന്നു.

പക്ഷെ, സ്കൂളില്‍ ചേര്‍ത്തപ്പോഴാണ് ആദ്യത്തെ പണി കിട്ടിയത്. പേര് മാറിപോയി. മാറി എന്നുവെച്ചാല്‍ ശരിക്കുമങ്ങു മാറിയില്ല, ഒരു ചെറിയ അക്ഷരപിശക്. അച്ഛന്‍റെ പേര് ഒരു അക്ഷരത്തില്‍ ഒതുക്കി, ദാമോദരന്‍ എന്ന സര്‍ നെയിം എഴുതാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ അവിടെ വെറും D എന്നെഴുതി. അതും പോരാഞ്ഞിട്ട് അത് ഇട്ടതോ എന്‍റെ പേരിന്‍റെ മുന്‍പിലും, ഫാഷനാത്രേ ഫാഷന്‍.

ഈ ഫാഷനാണ് പുലിവാലായത്, സ്കൂള്‍ റജിസ്റ്ററില്‍ പേരെഴുതിയപ്പോള്‍ Dക്ക് ശേഷം കുത്തിടാന്‍ വിട്ടുപോയി, അങ്ങനെ 'ആദര്‍ശ്' എന്ന ഞാന്‍ 'ഡാദര്‍ശ്' ആയി. ആദ്യമൊക്കെ കൂട്ടുകാരായ ചിണുങ്ങാമണീസ് ഡാദര്‍ശ്.. ഡാദര്‍ശ് എന്ന് വിളിക്കുമ്പോള്‍ പ്രശ്നമൊന്നും തോന്നിയിരുന്നില്ല, ഡാ ആദര്‍ശേ .. ഡാ ആദര്‍ശേ എന്നു വിളിക്കുന്നത്‌ പോലെയേ തോന്നിയുള്ളൂ അത്. പക്ഷെ കലിപ്പുള്ള പെണ്‍കുട്ടികള്‍ വരെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ നിരാഹാരം തുടങ്ങി. ഗത്യന്തരമില്ലാതെ അച്ഛന്‍ സ്കൂളില്‍ വന്നു Dയെ പിടിച്ചു പുറകിലിട്ടു, ഞാന്‍ 'ആദര്‍ശ് ഡി'യായി പരിണമിച്ചു.

പിന്നെടെപ്പോഴോ ആ Dയെ ഞാന്‍ വികസിപ്പിച്ചു, അച്ഛനെ പൂര്‍ണ്ണമായും കൂടെകൂട്ടി, പേര് ആദര്‍ശ് ദാമോദരന്‍ എന്ന് എല്ലായിടത്തും എഴുതാന്‍ തുടങ്ങി. അതിനും കാരണവുമുണ്ട്, ആദര്‍ശ് എന്നാല്‍ മാതൃക എന്നാണല്ലോ, അപ്പോള്‍ 'ആദര്‍ശ്' ദാമോദരന്‍ എന്നുവെച്ചാല്‍ 'മാതൃക' ദാമോദരന്‍. ആരും ചോദിക്കാതെ തന്നെ റോള്‍ മോഡല്‍ അച്ഛനാണ് എന്ന് പറയാന്‍ ഇതിലും നല്ലൊരു വഴി വേറെല്ലല്ലോ.

ഇപ്പോള്‍ ഇതൊക്കെ പറയാനുള്ള കാരണം എന്താണെന്നല്ലേ, രണ്ടു മാസം മുന്‍പാണ് ഈ പേരിന്‍റെ പേരില്‍ അടുത്ത പണി കിട്ടിയത്. നേരത്തെ പറഞ്ഞതുപോലെ പപ്പേട്ടനോടുള്ള അഭിനിവേശം ഞാന്‍ പേരിലേക്കും ആവാഹിച്ചു, ഗന്ധര്‍വന്‍റെ പര്യായമായ ഗഗനചാരിയെ തൂലികാനാമമാക്കി. പ്രണയകവിതകളിലൂടെ ചിത്രശലഭമായും, മേഘമാലകളായും, പാവയായും പറവയായും, അദൃശ്യമായി അവളുടെ ചുണ്ടിലെ മുത്തമായും :* അവതരിക്കാനുള്ള ഒരു വരമായിരുന്നു അത്.

അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് പ്രൊഫൈല്‍ നെയിം ആദര്‍ശ് ദാമോദരന്‍ എന്നും ഗഗനചാരി എന്നും മാറ്റി മാറ്റി കളിച്ചു. പക്ഷെ എന്‍റെ ഈ കളി അത്രയ്ക്ക് സുഖിക്കാതെ സുക്കര്‍ മുതലാളി നല്ലൊരു പണി തന്നു. രണ്ടു മാസത്തേക്ക് ഇനി പേര് മാറ്റാന്‍ പാടില്ല എന്നും പറഞ്ഞുകൊണ്ട് ഒരു ബ്ലോക്ക്. നമ്മള്‍ 'ശരി മുതലാളി' എന്ന ഫോട്ടോ കമന്‍റില്‍ ഹരിശ്രീ അശോകന്‍ നില്‍ക്കുന്നതുപോലെ നിന്നു. അല്ലാതെ എന്തു ചെയ്യാന്‍.

സത്യം പറഞ്ഞാല്‍ ഈ രണ്ടു മാസം രണ്ടു വര്‍ഷങ്ങള്‍ പോലെയാണ് കഴിഞ്ഞുപോയത്‌. എന്നും സെറ്റിംഗ്സില്‍ പോയി നോക്കും കാരാഗ്രഹ കാലാവധി കഴിഞ്ഞോ.. കഴിഞ്ഞോ എന്ന്. എവിടെ .. അരിശുംമൂട്ടില്‍ അപ്പുക്കുട്ടനെ പോലെ തിരിച്ചു വരും, മനസ്സില്‍ വീണ്ടും ഒരു ഫോട്ടോ കമന്റ്റ്, "ദേ .. തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിന്‍റെ മ്വോന്‍.." മുഖത്തൊരു സാഡ് സ്മൈലിയും :-(

പക്ഷെ ഇന്ന് .. ദാ ദിപ്പോ .. ഒരു രണ്ടു മണിക്കൂര്‍ മുന്‍പ് സെറ്റിംഗ്സില്‍ പോയി നോക്കിയപ്പോള്‍ പേരു മാറ്റാം എന്ന്. പിന്നെ ഒരു സെക്കണ്ട് പോലും വെയിറ്റ് ചെയ്തില്ല .. ശടപടെന്ന് പഴയ പേര് അവിടെ എഴുതിക്കൊണ്ട് അച്ഛനും അമ്മയും സ്നേഹത്തോടെ ഇട്ട സ്വന്തം പേര് പ്രൊഫൈലിന്‍റെ നെഞ്ചില്‍ കൊണ്ടുപോയി ചാര്‍ത്തി. കൂടെ ഒരു തീരുമാനവും എടുത്തു, ഇനി മേലാല്‍ ഈ പേരു മാറ്റി കളിക്ക് ഞാനില്ല ..
ഇത് സത്യം .. സത്യം .. സത്യം.

Tuesday, July 8, 2014

വീണ്ടെടുപ്പ്

പറന്നു പോകുന്ന നീലക്കുയിലിനെ ആരോ വിളിക്കുന്നതായി തോന്നി. അവന്‍ ആകാശത്ത് നിശ്ചലമായി ചിറകുകള്‍ വിരിച്ചു നിവര്‍ന്നുകിടന്നു. കാതുകള്‍ വീണ്ടും ആ ശബ്ദം വന്ന ദിശയിലേക്ക് കൂര്‍പ്പിച്ചു. 

"ശൂ . ശൂ .." ദേ പിന്നെയും ആരോ വിളിക്കുന്നു. അവന്‍ ചിറകുകള്‍ അനക്കാതെ ആ ശബ്ദം വന്ന ദിശയിലേക്ക് തിരിഞ്ഞു. ആരെയും കണ്ടില്ല.

"ആരാ .." അവന്‍ ചോദിച്ചു. 

"ഇത് ഞാനാണ് .. ഇളംകാറ്റ്" അരൂപിയില്‍ നിന്നൊരു ശബ്ദം അവന്‍റെ കാതിലെത്തി.

"ഇളം കാറ്റോ..??" ഈ ചോദ്യത്തിനുള്ള ഉത്തരം അവനു കിട്ടിയത് ഒരു കുളിര്‍ തലോടലിലൂടെയായിരുന്നു.

"ഞാനിപ്പോള്‍ നിന്‍റെ ചിറകിന്‍റെ ഉള്ളില്‍ കയറി.. എന്നെ ഒരിടം വരെ കൊണ്ടുപോകുമോ..??" തന്‍റെ ചിറകുകള്‍ക്ക് ചെറുതായി ഭാരം വര്‍ദ്ധിച്ചതായി അവനു തോന്നി.

"ഞാന്‍ നിന്നെ എന്തിനു കൊണ്ടുപോകണം.." അവന്‍ ചിറകുകളിലെക്ക് നോക്കി തുടര്‍ന്നു, "നിനക്ക് എവിടെ വേണമെങ്കിലും തനിയെ ഒഴുകിയത്താമല്ലോ.. ?"

"ശരിയാണ് .. പക്ഷെ ഇപ്പോള്‍ എനിക്ക് വെറുതെ എത്തിയാല്‍ പോര ... നിന്നിലൂടെ നീയായ്‌ ഒഴുകിയെത്തണം." ഇളംകാറ്റ് പറഞ്ഞു.

"ശരി .. എവിടെയാ പോകേണ്ടത്.. ??" അവന്‍ ചിറകുകള്‍ വീശാതെ പറക്കാന്‍ ഒരുങ്ങി.

"നിന്‍റെ സ്വരമാധുര്യം അലയടിക്കുന്ന മുളംകാടുകള്‍ ഇല്ലേ .. അവിടേക്ക്.." ഇളംകാറ്റ് ഇത് പറയുമ്പോള്‍ നീലക്കുയിലിന്‍റെ ചിറകുകളില്‍ ഒരു കുളിര് അനുഭവപ്പെട്ടു. അവന്‍ പറന്നുതുടങ്ങി.

"മനസ്സിലായില്ല.." അവന്‍ ഇളംകാറ്റിനെ ചിറകില്‍ ഒതുക്കിക്കൊണ്ട് ചോദിച്ചു.

"എനിക്ക് തനിച്ച് മുളംകാടുകളില്‍ എത്താന്‍ പറ്റുമെങ്കിലും, ഈയിടെയായി എനിക്കവരില്‍ സംഗീതം ഉണര്‍ത്താന്‍ കഴിയുന്നില്ല, നിന്നിലൂടെ ഞാന്‍ അവിടെ എത്തുമ്പോള്‍ എനിക്കതിനു കഴിയുമെന്ന് തീര്‍ച്ചയാണ്.. മുളംകാടുകളുടെ നഷ്ട്ടപെട്ട സംഗീതം തിരിച്ചു കൊണ്ടുവരാനുള്ള ഉണര്‍ത്തുപ്പാട്ട് നീ പാടിയാല്‍ മതി.. അപ്പോള്‍ ഞാന്‍ അവരുടെ ഇടയിലൂടെ ഒഴുകി, അവരെ തഴുകിത്തലോടി നവമൊരു സംഗീതം സൃഷ്ടിക്കും."

"ശരി .. നമുക്കു ശ്രമിക്കാം". അവര്‍ പറന്നൊഴുകി, മരവിച്ചുപോയ കാടുകളുടെ മനസ്സില്‍ നിന്നും മരിച്ചുപോയ കാനനഗീതങ്ങള്‍ വീണ്ടും ഉണര്‍ത്തുവാനായ്.

Monday, July 7, 2014

തുണ്ടു വാര്‍ത്ത

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. ഞാന്‍ അന്ന് ഹൌസ് ലീഡര്‍ ആയിരുന്നു. ഹൗസ് ലീഡറുടെ പ്രധാന ഉത്തരവാദിത്തം സ്കൂള്‍ അസ്സംബ്ലി ഭംഗിയായി നടത്തുക എന്നതാണ്. എന്നും രാവിലെ കൃത്യം 9:00 മണിക്ക് അസ്സംബ്ലി തുടങ്ങും. ഓരോ ആഴ്ച്ച ഓരോ ഹൗസിനുള്ളതാണ്‌, അതുകൊണ്ടുതന്നെ എല്ലാ നാലാഴ്ച്ച കൂടുമ്പോളും എന്‍റെ ഹൗസിന്‍റെ ഊഴം എത്തും.
അഞ്ഞൂറോളം കുട്ടികള്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന സ്കൂള്‍ നടുമുറ്റത്ത് ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ നിരനിരയായി നില്‍ക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ നില്‍കുന്നത് കൊണ്ട് മൊത്തം ഇരുപത്തിനാല് നിരകള്‍ ഉണ്ടാകും. ഈ നിരകളുടെ ഒത്ത നടുവില്‍ കുട്ടികളെ പ്രതിനിധീകരിച്ച് ഏറ്റവും മുന്‍പിലാണ് ഹൌസ്‌ ലീഡറുടെ സ്ഥാനം.
അതിനു മുന്‍പിലാണ് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ അസ്സംബ്ലി സ്റ്റേജ്. ഗ്രൗണ്ടില്‍ നിന്നും ഏകദേശം നാലടി ഉയരത്തിലുള്ള ഈ സ്റ്റേജില്‍ സ്കൂള്‍ ലീഡറും, പ്രിന്‍സിപ്പലും, അന്നന്നുള്ള പരിപാടികള്‍ അവതരിപ്പിക്കുവാനുള്ള കുട്ടികളും ഉണ്ടാകും. പരിപാടികളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന അല്ലാതെ ഇന്നത്തെ ചിന്താവിഷയ'വും, പ്രധാന വാര്‍ത്തകളും' ഉണ്ടാകും. ഇതു രണ്ടും മിക്കവാറും ഹൗസ് ലീഡര്‍ തന്നെ തയ്യാറാക്കി കൊടുക്കുകയാണ് പതിവ്.
ഇനി സംഭവത്തിലേക്ക് വരാം.
അസ്സംബ്ലിയുടെ ആദ്യ ഐറ്റം ആയ പ്രാര്‍ഥനയും രണ്ടാമത്തെ ഐറ്റം ആയ ഇന്നത്തെ ചിന്താവിഷയവും ഭംഗിയോടെ നിര്‍വ്വഹിക്കപ്പെട്ടു. ഇനിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. പ്രധാന വാര്‍ത്തകള്‍ ഞാന്‍ തന്നെ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. പക്ഷെ, അത് വായിക്കാമെന്ന് ഏറ്റ പയ്യന്‍ അന്ന് അവധിയെടുത്തു. അസ്സംബ്ലി തുടങ്ങുന്നതിന്‍റെ അഞ്ചു മിനിറ്റ് മുന്‍പാണ് ഞാനിത് അറിയുന്നത്. വാര്‍ത്ത വായിച്ചില്ലെങ്കില്‍ അസ്സംബ്ലി പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ നിര്‍ത്തിപ്പൊരിക്കും എന്ന് ഉറപ്പാണ്. അനുഭവം ഗുരു.
ആ സമയമില്ലാ സമയത്ത് ഞാന്‍ പലരോടും പറഞ്ഞു നോക്കി, പക്ഷെ, പ്രാക്റ്റീസ് ചെയ്യാതെ സ്റ്റേജില്‍ കയറി വായിക്കാന്‍ ആരും തയ്യാറല്ല. സ്റ്റേജില്‍ കയറിയാല്‍ അറ്റന്‍ഷന്‍ പൊസിഷനില്‍ നിക്കണം എന്നായിരുന്നു നിയമം. അവസാനം കൈയും കാലും പിടിച്ചു ഒരുത്തനെ കൊണ്ട് സമ്മതിപ്പിച്ചു. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍. ഇടയ്ക്കിടയ്ക്ക് സ്റ്റേജില്‍ പാട്ടു പാടുന്ന ആളായതുകൊണ്ട് അവനു സ്റ്റേജ് ഫിയര്‍ ഇല്ലായിരുന്നു.
അങ്ങനെ നമ്മുടെ രക്ഷകന്‍ ഞാന്‍ കൊടുത്ത കടലാസ് എടുത്ത് വാര്‍ത്ത വായിക്കാനായി മുന്നോട്ട്. ഞാന്‍ അവനെ നോക്കി മന്ദസ്മിതം തൂകി, പ്രിന്‍സിപല്‍ കാണാതെ ഒരു  ഉം കൊടുത്തു. അവന്‍ ആ കടലാസ് തുറന്നു വായന തുടങ്ങി..
"ഹ്യൂമന്‍ റെസ്പ്പിരേറ്ററി സിസ്റ്റം കണ്‍സിസ്റ്റ് ഓഫ് ..." അവന്‍ ഇത്രയും വായിച്ചതും ഞാന്‍ "സ്റ്റോപ്" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു. ദൈവമേ .. ബയോളജി ക്ലാസ് ടെസ്റ്റിനു വേണ്ടി ഉണ്ടാക്കിയ തുണ്ട്. എന്‍റെ കാലുകള്‍ നിലത്തുറച്ചില്ല, ഒരു സൂപ്പര്‍മാനെ പോലെ ഞാന്‍ അവിടെ പറന്നെത്തി, എന്നിട്ട് പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും വേറൊരു കടലാസ് എടുത്തു കൊടുത്തിട്ട് ഒരു ദീര്‍ഘനിശ്വാസവും വിട്ടുകൊണ്ട് പൂര്‍വ്വസ്ഥലത്ത് പോയി നിന്നു.
അവന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി,
"ഹ്യൂമന്‍ ബ്രെയ്ന്‍ ഈസ്‌ ദി മോസ്റ്റ്‌ ..." ഇപ്രാവശ്യം ഞാന്‍ സ്റ്റോപ്പ്‌ എന്ന് മാത്രമല്ല പറഞ്ഞത്, "അയ്യോ .. ദൈവമേ .." എന്ന് വിളിച്ചു കൊണ്ട് ഞാന്‍ വീണ്ടും സ്റ്റേജില്‍ കയറി. നേരത്തെ ചിരിക്കാത്ത കുട്ടികള്‍ കൂട്ടത്തോടെ ചിരിക്കാന്‍ തുടങ്ങി, എന്‍റെ ക്ലാസ്മേറ്റ്സ് ആണെങ്കില്‍ പൊട്ടിപൊട്ടി ചിരിക്കാന്‍ തുടങ്ങി. പ്രിന്‍സിപ്പലിന്‍റെ കണ്ണുകള്‍ ചുവന്നു. അദ്ദേഹം സൈലന്‍സ് സൈലന്‍സ് എന്ന് അലറിവിളിച്ചു. പക്ഷെ അന്ന് ആദ്യമായിട്ട് ആരും അദ്ദേഹത്തെ വകവെച്ചില്ല, അവര്‍ കൂട്ടച്ചിരി തുടര്‍ന്നു.
ഇതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ സ്റ്റേജില്‍. പാന്‍റിന്‍റെ രണ്ടു പോക്കറ്റില്‍ നിന്നും എല്ലാ കടലാസുകളും പുറത്തെടുത്തു. മൊത്തം എട്ടെണ്ണം. പക്ഷെ അതിലൊന്നും പ്രധാന വാര്‍ത്തകള്‍ ഇല്ല.
"സേര്‍ച്ച്‌ യുവര്‍ ഷര്‍ട്ട്‌സ് പോക്കറ്റ്..." ഈ ശബ്ദം എവിടെ നിന്നാണ് എന്നറിയാന്‍ ഞാന്‍ തലയുയര്‍ത്തി നോക്കി. ദേ .. നമ്മടെ പ്രിന്‍സി.. പണ്ടേ അനുസരണാശീലം ഉള്ളതുകൊണ്ട് ഞാന്‍ ഷര്‍ട്ട്ന്‍റെ പോക്കറ്റ് തപ്പി. ദേ കെടക്കണു ഇത്ര നേരം തപ്പിനടന്ന 'യുറേക്ക'. പെട്ടെന്നുള്ള റിയാക്ഷനില്‍ ഞാന്‍ അത് പ്രിന്‍സിയെ കാണിച്ചു. അങ്ങേരെന്നെ രൂക്ഷമായി നോക്കി. ഞാന്‍ അത് വാര്‍ത്താ വായനക്കാരനു കൈമാറി പഴയ സ്ഥലത്തു തന്നെ പോയി നിന്നു.
വാര്‍ത്താവയനയും അന്നത്തെ സ്പെഷല്‍ ഐറ്റം ആയ ഗ്രൂപ്പ് സോംഗും കഴിഞ്ഞ് പ്രിന്‍സി മൈക്ക് കൈയ്യില്‍ എടുത്തു. ശിവമണി ഡ്രംസ് അടിക്കുന്നതില്‍ വേഗത്തില്‍ എന്‍റെ കാല്‍മുട്ടുകള്‍ ഇടിക്കാന്‍ തുടങ്ങി. അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ തൊണ്ട മുരടി. ആ മുരടല്‍ എപ്പോഴും എനിക്ക് മഴയത്തു കരയുന്ന തവളയെ ഓര്‍മ്മപ്പെടുത്തുമായിരുന്നെങ്കിലും അന്ന് എനിക്കത് ഒരു സിംഹത്തിന്‍റെ ഗര്‍ജ്ജനം പോലെയാണ് അനുഭവപ്പെട്ടത്.
"ഗുഡ് മോര്‍ണിംഗ് സ്റ്റുഡന്‍സ്.."
"ഗുഡ് മോര്‍ണിംഗ് സര്‍ .." ഞാനൊഴികെ എല്ലാവരും ഈണത്തില്‍ പറഞ്ഞു, എന്‍റെ ശബ്ദം എനിക്ക് മുന്‍പേ തന്നെ കാശിക്ക് പോയിരുന്നു.
"മിസ്റ്റര്‍ തങ്കപ്പന്‍ .. ഡു യു ഹാവ് എനി ടെസ്റ്റ്‌ ടുഡേ ഫോര്‍ ലെവന്‍ത്ത് ക്ലാസ് സ്റ്റുഡന്‍സ്" ... ബയോളജി പഠിപ്പിക്കുന്ന തങ്കപ്പന്‍ സാര്‍ പുറകില്‍ നിന്ന് കൈ പൊക്കി, ഉച്ചത്തില്‍ യെസ് സാര്‍ എന്ന് പറഞ്ഞു.
"ഓക്കേ .. താങ്ക്യൂ മിസ്റ്റര്‍ തങ്കപ്പന്‍ .." കുട്ടികളുടെ കൂട്ടച്ചിരിക്കിടയില്‍ അദ്ദേഹം പറഞ്ഞു. എല്ലാവരോടും സൈലന്‍സ് പറഞ്ഞു ഒതുക്കിയതിനു ശേഷം അദ്ദേഹം വീണ്ടും തുടര്‍ന്നു.
"ഓക്കേ .. ആദര്‍ശ് .. ഗിവ് മീ ദോസ് പേപ്പര്‍സ് .." ഞാന്‍ ആജ്ഞാനുവര്‍ത്തിയായ ശിഷ്യാനായി. ആ തുണ്ടുകള്‍ അദ്ദേഹം സഫാരി സ്യൂട്ടിന്‍റെ പോക്കറ്റില്‍ നിക്ഷേപിച്ചു കൊണ്ട് പറഞ്ഞു..
" ഹൌസ്‌ ലീഡര്‍ ... മീറ്റ്‌ മീ ഇന്‍ മൈ റൂം ആഫ്റ്റര്‍ ദി അസ്സംബ്ലി .. താങ്ക്യൂ സ്റ്റുഡന്‍സ്.." അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
"നാഷണല്‍ ആന്തം.." സ്കൂള്‍ ലീഡര്‍ ഉച്ചത്തില്‍ പറഞ്ഞു.
എല്ലാവരും ജന ഗണ മന പാടുമ്പോള്‍, അന്നാദ്യമായി ഞാന്‍ ആ ദേശീയ ഗാനം എഴുതിയ ആളെ മനസ്സില്‍ പ്രാകി, ഇത് വെറും അമ്പത്തിരണ്ടു സെക്കണ്ടില്‍ ഒതുക്കിയതിന്. ഒരു അഞ്ചു മിനിറ്റ് നീളമെങ്കിലും വേണമെന്ന് വല്ലാതെ ആശിച്ചുപോയി.

Sunday, July 6, 2014

ഒന്നും ഒന്നും ഒന്ന്

"ദ്ദ് ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും തോന്നുന്നതാ .. മക്കളെ ഇഷ്ടോല്ലാത്ത അച്ഛനമ്മമാര്‍ ഉണ്ടോ..??"
"ന്നിട്ടാ .. നിക്ക് ഇങ്ങന്യൊരു പേരിട്ടേ ..."
"ആട്ടെ.. ന്താ മോന്‍റെ പേര് .. ??"
അപ്പോഴാണ്‌ ചക്രപാണിക്ക് ഓര്‍മ്മവന്നത്, ഏകദേശം രണ്ടാഴ്ച്ച ആകാറായി താന്‍ ഈ അപ്പൂപ്പനോട് ചങ്ങാത്തം കൂടിയിട്ട്, പക്ഷെ ഇന്നേവരെ തന്‍റെ പേര് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും ഈ പാര്‍ക്കിലെ ബെഞ്ചിലിരുന്നു എന്തൊക്കെ പറഞ്ഞിട്ടുണ്ട്, എന്നിട്ടും പേര് മാത്രം പറഞ്ഞിട്ടില്ല. ശ്ശൊ.. കഷ്ടം .. അവനു സങ്കടം വന്നു.
"ചക്രപാണി.. അതാ ന്‍റെ പേര് .." അവന്‍ മുഖം കനപ്പിച്ചുകൊണ്ട് പറഞ്ഞു.
"അയ്യേ .. ന്തൂട്ട് പേരാ ഇത് .. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് ആരെങ്കിലും ഇങ്ങനെയൊരു പേരിട്വോ .." വൃദ്ധന്‍ കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു.
"അതോണ്ടന്ന്യാ ഞാനും പറഞ്ഞെ .. അച്ഛനും അമ്മയ്ക്കും എന്നെ തീരെ ഇഷ്ടോല്ലാ ന്ന്.. എല്ലാര്‍ക്കും അനുജത്തി പ്രിയേയാ ഇഷ്ടം .. ആറു കൊല്ലം മുന്‍പ് വന്ന എന്നെക്കാളും അവര്‍ക്കിഷ്ടം ഒരു വയസ്സുള്ള അവളെയാണ്.." ഗദ്ഗദം മുഴങ്ങുന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു.
"അനുജത്തിയുടെ പേര് പ്രിയ എന്നാണോ..?"
"അല്ല.. ശരിക്കും പേര് .. പ്രിയംവദ ന്നാ .. അതും അച്ഛന്‍ തന്നെ ഇട്ടതാ .. പക്ഷെ ന്നാലും പ്രിയാ ന്ന് വിളിക്കുമ്പോ പഴേത് ന്ന് തോന്നൂല്ല .. "
"ഹാഹാഹാ .."
"ചിരിക്ക്യാ .. നിക്കെത്ര സങ്കടംണ്ട് ന്നറിയോ .. അവളെ പ്രിയ എന്നെങ്കിലും വിളിക്കാം .. ന്നെ ചക്ര ന്ന് വിളിക്കാന്‍ പറ്റ്വോ.. പാണി ന്ന് വിളിക്കാന്‍ പറ്റ്വോ .. ഓരോരുത്തര് ചക്രപാണീ .. ചക്രപാണീ ന്ന് നീട്ടി വിളിക്കുമ്പോ തൊലി... ദാ ഇങ്ങനെയങ്ങ് ഉരിഞ്ഞു പോവും.." ചക്രപാണി വലതുകൈയ്യിലെ തൊലി താഴോട്ടു വലിച്ചു നീട്ടിക്കൊണ്ട് പറഞ്ഞു.
വൃദ്ധന്‍ അവനെ ഒന്നുകൂടി അടുത്തിരുത്തി, ആ ഉള്ളംകൈയ്യില്‍ മൃദുവായി തലോടി, "സാരമില്ല .. പോട്ടെ.."
"ന്നാ ശരി.. ഞാനും പോട്ടെ .. ഇല്ലെങ്കില്‍ വൈകി ചെന്നതിനു ഇന്നും അമ്മ വഴക്കു പറയും." ചക്രപാണി കൈ വിടുവിച്ചു ഓടാന്‍ ഒരുങ്ങി.
"നാളെ വരൂല്ലേ ..??" വൃദ്ധന്‍ സങ്കടത്തോടെ ചോദിച്ചു..
"നിക്കും എന്നും വരണംന്ന്ണ്ട് .. പക്ഷെ ആ വിനു... ഇന്നലേം അവന്‍ അമ്മയോട് ചെന്നു പറഞ്ഞു, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നുണ്ട് എന്ന്.."
"മോനത് കാര്യാക്കണ്ട .. അതവന്‍ അസൂയ കൊണ്ട് പറയുന്നതല്ലേ .."
"വിനുവിന് എന്തിനാ എന്നോട് അസൂയ.." ചക്രപാണി കൈ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു, അവനു പോകാന്‍ ധ്രിതി ആയെന്നു അയാള്‍ക്ക് മനസ്സിലായി.
"അത് .. മോന് മാത്രമല്ലെ അപ്പൂപ്പനെ കാണാന്‍ പറ്റൂ.. മറ്റാര്‍ക്കും കാണാന്‍ പറ്റില്ലല്ലോ .. അതോണ്ടാ .."
ചക്രപാണിക്ക് അത് വിശ്വസിക്കാന്‍ തോന്നിയില്ല.. പക്ഷെ വിനുവെങ്ങാനം ഇത് കണ്ടാല്‍ വീട്ടില്‍ പറഞ്ഞു കൊടുക്കും എന്നുള്ളതുകൊണ്ടും, അമ്മ വഴക്കു പറയും എന്നുള്ളതുകൊണ്ടും, അവന്‍ വീട്ടിലേക്ക് ഓടി. അപ്പോഴാണ്‌ അവന്‍ ഓര്‍ത്തത് .. 'ശ്ശൊ .. അപ്പൂപ്പന്‍റെ പേര് ചോദിച്ചില്ലല്ലോ..??'
അവന്‍ ഓടിക്കിതച്ചുക്കൊണ്ട് തിരിച്ചെത്തി. അപ്പൂപ്പന്‍ അവിടെ തന്നെ ഉണ്ടായിരുന്നു.
"ന്താ .. ന്താ .. അപ്പൂപ്പന്‍റെ പേര്.." അവന്‍ കിതച്ചുകൊണ്ട് ചോദിച്ചു.
വൃദ്ധന്‍ നിഷ്കളങ്കമായി അവനെ നോക്കി ചിരിച്ചു. അപ്പോള്‍ അവനു അയാളുടെ കണ്ണുകളില്‍ അവന്‍റെ പ്രതിബിംബം കാണാമായിരുന്നു. ആ വിളറിച്ച കണ്ണുകള്‍ പ്രകാശപൂര്‍ണ്ണമായി. അയാളുടെ മുഖത്തെ ചുളിവുകള്‍ നിവരുന്നതായി അവനു തോന്നി. തന്‍റെ മൂക്കിന്‍റെ ഇടതു വശത്തുള്ളതു പോലൊരു മറുക് അതാ അയാള്‍ക്കും.. അതും കൃത്യം അവിടെ തന്നെ. അവന്‍ വീണ്ടും അയാളോട് പേര് ചോദിച്ചു.
അയാള്‍ ചിരിച്ചുകൊണ്ട് തന്‍റെ പേര് പറഞ്ഞു,
"ചക്രപാണി.."
അവന്‍ സന്തോഷത്താല്‍ തുള്ളിച്ചാടിക്കൊണ്ട്, വീട്ടിലേക്ക് ഓടി.

Monday, June 30, 2014

എന്നും...

എല്ലാ ദിവസവും സീമ ബസ് ഒരു വളവു തിരിഞ്ഞു ആ വീടിന്‍റെ മുന്‍പിലൂടെ കടന്നുപോകും. അപ്പോള്‍ ഭരതന്‍ അതിനകത്തു നിന്ന് കൈ ഉയര്‍ത്തി കാണിക്കും. അതിനൊരു മറുപടിയെന്നോണം ആ വീടിന്‍റെ വരാന്തയില്‍ നിന്നും കൊണ്ട് വേറെയൊരാളും കൈ പൊക്കും. 

കഴിഞ്ഞ കുറെ നാളുകളായി ബസ്സിലെ മറ്റൊരു സ്ഥിരം യാത്രക്കാരനായ ശ്രീജിത്ത്‌ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും കാണുന്ന ചങ്ങാതിമാര്‍ ആണെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്കിടയ്ക്ക് ആകസ്മികമായി കാണുമ്പോള്‍ ഒരു പുഞ്ചിരിയോടെ ഇങ്ങനെ ചെയ്തെന്നു വരാം, പക്ഷെ ഇത്, താനിപ്പോള്‍ ഏകദേശം ആറുമാസമായി സീമ ബസ്സില്‍ യാത്ര ചെയ്യുന്നു, തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ ദിവസവും ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ തനിക്കിത് കാണാം.

"ഹാഹാഹാ .. അത് ഭരതേട്ടന്‍ ആണ്.." ബസ്സിലെ കണ്ടക്റ്റര്‍ മനോഹരന്‍ വര്‍ഷങ്ങളായി പലരും ചോദിക്കുന്ന ചോദ്യം വീണ്ടും കേട്ടപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ശ്രീജിത്ത്‌ ഒന്നും മനസ്സിലാകാതെ അയാളെ തുറിച്ചുനോക്കി. മനോഹരന്‍ തുടര്‍ന്നു..

"ഞാനും വിചാരിച്ചു... സാധാരണയായി നിങ്ങള്‍ ഭരതേട്ടന്‍റെ തൊട്ടു പിറകിലുള്ള സീറ്റിലല്ലേ ഇരിക്കാറ് .. ഇന്നെന്താ എന്‍റെ അടുത്ത് ഇരിക്കുന്നുന്നേ എന്ന് .." മനോഹരന്‍ ടിക്കറ്റ് മുറിച്ചു കൊണ്ട് പറഞ്ഞു.

"പത്തിരുപത്തിയഞ്ചു വര്‍ഷമായി നിങ്ങള്‍ ഈ ബസ്സിലെ കണക്കപ്പിള്ളയല്ലേ .. അപ്പൊ നിങ്ങള്‍ക്ക് ഇത് അറിയാം എന്ന് ഊഹിച്ചു.. " ശ്രീജിത്ത്‌ കണ്ണിറുക്കി. ടിക്കറ്റിന്‍റെ കാശ് കൊടുത്തു.

"ഹാഹാ .. പറയാം .. ടിക്കറ്റ് ഒന്നു കൊടുത്തു കഴിയട്ടെ.." ഇത്രയും പറഞ്ഞ്, സ്വതസിദ്ധമായ ശൈലിയില്‍ ടിക്കറ്റ്സ് ടിക്കറ്റ്സ് എന്ന് ഈണത്തില്‍ പാടിക്കൊണ്ട് മനോഹരന്‍ യാത്രക്കാരുടെ ഇടയിലേക്ക് നീങ്ങി. ശ്രീജിത്ത്‌ ഭരതേട്ടനെ നോക്കി. പ്രതീക്ഷിച്ചതുപോലെ അയാള്‍ ഉറക്കം തുടങ്ങിയിരുന്നു. ഇനി ഇയാള്‍ ഉണരണമെങ്കില്‍ ബസ്സ്‌ കൈതേരിക്കു മുന്‍പുള്ള വളവില്‍ എത്തണം.

"ഭരതേട്ടനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല, ജോണേട്ടനെ കുറിച്ചും." സീറ്റില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു.

"ജോണേട്ടനോ ... അങ്ങേരാണോ കൈ ഉയര്‍ത്തി കാണിക്കുന്ന മറ്റെയാള്‍.."

"അതെ.. അങ്ങേര് തന്നെ .. ആള് വലിയ പി ഡബ്ല്യൂ ഡി കോണ്ട്രാക്ടര്‍ ആണ് .. ഭരതേട്ടന്‍റെ കടയുടെ അടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ പണ്ട് ജീപ്പ് ഓടിച്ചു കൊണ്ടിരുന്ന ആളാണ്‌.. അങ്ങനെ രണ്ടു പേരും നല്ല ചങ്ങാതിമാരായി."

"എനിക്കും തോന്നി .. നല്ല ഫ്രെണ്ട്സ് ആയതു കൊണ്ടായിരിക്കും ഇവര്‍ എന്നും ഇങ്ങനെ കൈ ഉയര്‍ത്തി കാണിക്കുന്നത് എന്ന്.."

"ഏയ്‌ .. അങ്ങനെ പറയാന്‍ പറ്റില്ല .." മനോഹരന്‍ അത് പറഞ്ഞതേ ശ്രീജിത്ത്‌ വീണ്ടും സംശയാലുവായി.

"എന്ന് വെച്ചാല്‍ ... അപ്പൊ ഇവര്‍ തമ്മില്‍ ഇപ്പൊ ഫ്രെണ്ട്ഷിപ്പ് ഒന്നുമില്ലേ ..??"

"അതുണ്ടാകാം .. പക്ഷെ ഇപ്പോള്‍ ഇവര്‍ കൈ ഉയര്‍ത്തി കാണിക്കുന്നത് അറിഞ്ഞു കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല.. ചിലത് ശീലങ്ങളാണ് .. നമ്മള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നത് നമ്മളെ കൊണ്ട് നിര്‍ത്താന്‍ കഴിയുമോ ..?" മനോഹരന്‍ ഇത് പറഞ്ഞപ്പോള്‍ ശ്രീജിത്ത്‌ ഭരതേട്ടനെ സൂക്ഷിച്ചു നോക്കി. ശരിയാണ്, ബസ്സ്‌ സ്റ്റാന്റ് വിട്ടാല്‍ ഭരതേട്ടന്‍ ഉറക്കം തുടങ്ങും. പിന്നെ എഴുന്നേല്‍ക്കുന്നത് കൈതേരിക്ക് മുന്‍പുള്ള വളവിലാണ്. അതുമൊരു ശീലമാണ്.

"കണ്ടില്ലേ .." മനോഹരന്‍ തുടര്‍ന്നു, "കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി അയാള്‍ ആ സീറ്റില്‍ തന്നെയാണ് ഇരിക്കുന്നത്... ഏകദേശം പത്തിരുപത് വര്‍ഷമായി ജോണേട്ടന്‍ ആ വീട് പണിതിട്ടും, അന്നുമുതല്‍ ഇവര്‍ കൈ ഉയര്‍ത്തി കാണിക്കും. ആദ്യമൊക്കെ ഇവര്‍ പരസ്പരം നോക്കി ചിരിക്കുമായിരുന്നു, പിന്നെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതൊരു ശീലമായി.."

ബസ്സ്‌ നിര്‍ത്തിയപ്പോള്‍ ഒരാള്‍ ടിക്കറ്റിന്‍റെ ബാക്കി ചോദിച്ചു, മനോഹരന്‍ അത് കൊടുത്തതിനു ശേഷം തുടര്‍ന്നു,
"ഞാന്‍ ഇത് ശ്രദ്ധിച്ചത് ഒരു പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു.. ജോണേട്ടന്‍റെ കൂടെ ആ വരാന്തയില്‍ കുറെ പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.. ബസ്സ്‌ അവിടെ എത്തിയതും ജോണേട്ടന്‍ അഭിവാദ്യം ചെയ്തു, പക്ഷെ ഇങ്ങോട്ടൊന്നു നോക്കിയത് പോലും ഇല്ല.. എനിക്ക് അതിശയമായി .. ഞാന്‍ ഭരതേട്ടനെ നോക്കി.. അങ്ങേര് ഒരു ഭാവവ്യത്യാസവും ഇല്ലാതെ കൈ താഴ്ത്തി.." ഈ വാക്കുകളിലൂടെ ശ്രീജിത്ത്‌ മനുഷ്യമനസ്സുകളെ കുറിച്ച് പഠിക്കുകയായിരുന്നു.

"അതിലും രസകരം.. ചില ദിവസങ്ങളില്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടാകില്ല .. ചിലപ്പോ ഭരതേട്ടന്‍ കടയില്‍ പോയിട്ടുണ്ടാകില്ല, മറ്റുചിലപ്പോള്‍ ജോണേട്ടന്‍ വീട്ടിലില്ലാത്ത സമയം ആയിരുന്നിരിക്കാം .. പക്ഷെ എന്നാലും ഇവര്‍ ഇത് തുടരും.. അതാണ്‌ ചില ശീലങ്ങള്‍ .. അതിനു ബന്ധങ്ങള്‍ ആഴത്തില്‍ ഇറങ്ങണം എന്നില്ല .. സാന്നിധ്യം പോലും വേണമെന്നില്ല .. നാളെ ചിലപ്പോള്‍ ഇവരില്‍ ഒരാള്‍ മരിച്ചു പോയാലും, കുറച്ചു നാളത്തേക്ക് ഇത് തുടരും .." മനോഹരന്‍ ശ്രീജിത്തിനെ നോക്കി ..

"ങ്ങേ .. " ശ്രീജിത്ത്‌ മറ്റൊന്നും പറഞ്ഞില്ല. അപ്പോഴേക്കും ബസ്സ്‌ കൈതേരി എത്തി. ഭരതേട്ടന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നു. ഇനി അടുത്ത ഒരു മിനിറ്റിനുള്ളില്‍ ബസ്സ്‌ ആ വീടിനു മുന്‍പിലൂടെ നീങ്ങും, അപ്പോള്‍ ഇവര്‍ രണ്ടുപേരും പരസ്പരം കൈ ഉയര്‍ത്തി കാണിക്കും, ഉപബോധമനസ്സില്‍ നിന്നുമുള്ള ആജ്ഞ മസ്തിഷ്കം സ്വീകരിക്കും, കൈ അത് താനേ അനുവര്‍ത്തിക്കും. എന്തൊരു വിരോധാഭാസം, നമ്മള്‍ വേണമെന്നു വിചാരിച്ചിട്ടു തന്നെ പല ബന്ധങ്ങളും നിലനിര്‍ത്താന്‍ പറ്റുന്നില്ല .. അപ്പോള്‍ ഇവിടെ ഇതാ... വര്‍ഷങ്ങള്‍ ആയി ഇവര്‍ ഇത് തുടര്‍ന്നുപോരുന്നു...

"എന്താ ആലോചിക്കുന്നത്..??" മനോഹരന്‍ ഒരു യാത്രക്കാരനു കൂടി ടിക്കറ്റിന്‍റെ ബാക്കി കൊടുത്തതിനു ശേഷം ശ്രീജിത്തിനെ ഉപബോധത്തില്‍ നിന്നും തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

"ഏയ്‌ .. ഒന്നുമില്ല .. ഞാന്‍ ഓര്‍ക്കുകയായിരുന്നു.. എല്ലാ ദിവസവും രാവിലെ ബസ്സ്‌ ഇറങ്ങിയാല്‍ ആദ്യം പെട്ടിക്കടയിലെ മൊയ്തീനോട് ഞാന്‍ കൈ ഉയര്‍ത്തി കാണിക്കും.. ചില സമയങ്ങളില്‍ അയാള്‍ അവിടെ ഉണ്ടാകാറെയില്ല .. അതിനു ശേഷം വാച്ച്മാന്‍ ദിനെശിനോട് .. അയാള്‍ ഈ അടുത്ത ദിവസങ്ങളില്‍ ഏത് നിറമുള്ള ഷര്‍ട്ട്‌ ആണ് ഇട്ടത് എന്നു പോലും എനിക്ക് ഓര്‍മ്മയില്ല.. പിന്നെ ഓഫീസിലെ പ്യൂണ്‍ .. അയാളുടെ പേര് പോലും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല .. എങ്കിലും ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ എഴുന്നേല്‍ക്കും, ഞാന്‍ ഒരു ചിരി മടക്കി കൊടുക്കും.. പക്ഷെ അയാള്‍ അപ്പോള്‍ തിരിച്ചു ചിരിച്ചോ എന്ന് പോലും ഞാന്‍ ശ്രദ്ധിക്കാറില്ല .." ശ്രീജിത്ത്‌ ഉപബോധമനസ്സിന്‍റെ ശീലങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു.

അപ്പോഴേക്കും ബസ്സ്‌ ജോണേട്ടന്‍റെ വീടും കഴിഞ്ഞു കുറച്ചു ദൂരം കടന്നിരുന്നു. ഭരതേട്ടന്‍ കൈ ഉയര്‍ത്തി കാണിച്ചുവോ .. ജോണേട്ടന്‍ അവിടെ ഉണ്ടായിരുന്നോ .. ആ .. അറിയില്ല .. ശ്രദ്ധിച്ചില്ല ... ഇപ്പോള്‍ അയാള്‍ക്കും അതൊരു ശീലമായി മാറിയിരുന്നു. മനോഹരന്‍ ടിക്കറ്റ്സ് ടിക്കറ്റ്സ് എന്ന് ഈണത്തില്‍ പാടി, സീറ്റില്‍ നിന്നും എഴുന്നേറ്റ് വീണ്ടും യാത്രക്കാരുടെ ഇടയിലേക്ക് അപ്രത്യക്ഷനായി.

Sunday, June 29, 2014

ടെലിഫോണ്‍ അങ്കിള്‍

1986, എനിക്കന്ന് അഞ്ചു വയസ്സ്, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ് കഴിഞ്ഞാല്‍ നേരെ ഓടി ചെല്ലുന്നത് തൊട്ടപ്പുറത്തുള്ള അനിതാന്‍റിയുടെ വീട്ടിലേക്കായിരുന്നു. വരാന്തയില്‍ കയറി, പാതി അടച്ച വാതില്‍ തള്ളിത്തുറന്ന്, അകത്തുകയറാതെ കട്ടിളയില്‍ രണ്ടു കൈയും ഊന്നി, കഴുത്ത് മാത്രം അകത്തേക്ക് തള്ളി, കിതച്ചുകൊണ്ട് ഒരു ചോദ്യം, "ആന്‍റി ... ഇന്നേതാ .."
അവര്‍ അടുക്കളിയിലോ അല്ലെങ്കില്‍ വീടിന്‍റെ പുറകുവശത്ത് എവിടെയെങ്കിലും ആയിരിക്കും. ഉടനെ തന്നെ മറുപടി കിട്ടും. അന്ന് റിലീസ് ചെയ്ത ഏതെങ്കിലും ഒരു സിനിമയുടെ പേരായിരിക്കും അത്. എനിക്കത് കേട്ടാല്‍ മതി, പിന്നെ നേരെ വീട്ടിലേക്ക് ഓടും. അവിടെയുള്ളത് വലിച്ചുവാരി തിന്നും. എന്നിട്ട് വീണ്ടും അനിതാന്‍റിയുടെ വീട്ടിലേക്ക്. അപ്പോഴേക്കും അവര്‍ നാനയും വെള്ളിനക്ഷത്രവും ചിത്രഭൂമിയുമൊക്കെ എടുത്ത് എന്നെ കാത്തിരിക്കുന്നുണ്ടാകും.
പിന്നെ ആകെ സിനിമാമയമാണ്. അന്ന് കാണാന്‍ പോകുന്ന സിനിമയെ കുറിച്ചുള്ള വിവരണങ്ങള്‍. സിനിമ കാണുന്നതിനു മുന്‍പുതന്നെ അവര്‍ അതിലെ ചില തമാശകളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കും. പക്ഷെ അപ്പോഴും എനിക്കൊരു വിഷമം മാത്രമേ ഉണ്ടാകൂ, 'അച്ഛന്‍ വന്നു സമ്മതിച്ചാലല്ലേ പോകാന്‍ പറ്റൂ..'.
പക്ഷെ, മിക്ക ദിവസങ്ങളിലും അച്ഛന്‍ വൈകിയേ എത്തൂ. ആറേകാലിനു തുടങ്ങുന്ന ഷോയ്ക്ക് അപ്പോഴേക്കും അനിതാന്‍റിയും പുരുഷന്‍ മാമനും പോയിട്ടും ഉണ്ടാകും. ഇനി അഥവാ നേരത്തെ വന്നിട്ടുണ്ടെങ്കില്‍ തന്നെ എല്ലാ സിനിമയ്ക്കും പോകാനും സമ്മതിക്കില്ല. കെഞ്ചികേണപേക്ഷിച്ചാല്‍ മാസത്തില്‍ ഒന്ന്, അത്ര തന്നെ. എങ്കിലും വെള്ളിയാഴ്ച്ചകളിലെ ഈ കലാപരിപാടി ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. ഒന്‍പതു മണിക്ക് സിനിമ കഴിഞ്ഞു വന്നാല്‍ അവരെക്കൊണ്ട് മുഴുവന്‍ കഥയും പറയിപ്പിച്ചിട്ടേ ഞാന്‍ വീടിനു അകത്തേക്ക് വിട്ടിരുന്നുള്ളൂ.
അങ്ങനെയിരിക്കയെയാണ് ഒരിക്കല്‍ അവര്‍ പുതിയൊരു സിനിമയുടെ കാര്യം പറഞ്ഞത്. അതിലൊരു ചെറിയ പെണ്‍കുട്ടിയുണ്ട്, നല്ല പാട്ടുകളുണ്ട്, പിന്നെ മോഹന്‍ലാലും ഉണ്ട്. അന്നത്തെ ആ വിവരണം കേട്ടപ്പോള്‍ എന്‍റെ ആദ്യ പ്രാര്‍ത്ഥന അച്ഛന്‍ നേരത്തെ വരണേ എന്നായിരുന്നു, രണ്ടാമത്തേത് സിനിമയ്ക്ക് പോകാന്‍ സമ്മതിക്കണേ എന്നും. അമ്മയോട് റെക്കമെന്റ്റ് ചെയ്യാമെന്നും അനിതാന്‍റി ഏറ്റു, എന്നാലും അച്ഛന്‍ നേരത്തെ വരണ്ടേ.
അതോര്‍ത്ത് ഇങ്ങനെ വിഷമിച്ചു ഇരിക്കുമ്പോള്‍, ദാ അച്ഛന്‍ .. സമയം അഞ്ചര ആയതേ ഉള്ളൂ. അപ്പോഴേക്കും അച്ഛന്‍ എത്തിയിരിക്കുന്നു. അച്ഛന്‍ ഡ്രസ്സ്‌ മാറ്റി വരാന്തയില്‍ ഇരുന്നു. ഞാന്‍ ഒരു നോട്ട്ബുക്കും പെന്‍സിലും റബ്ബറും എടുത്ത് അച്ഛന്‍ കാണുന്ന ദൂരത്തിലും ഇരുന്നു.
പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും , പിന്നേം പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും, ഇത് തന്നെയായിരുന്നു എന്‍റെ പരിപാടി. അപ്പോഴാണ്‌ അമ്മ ചായയും കൊണ്ട് വരാന്തയിലേക്ക് വന്നത്. ഞാന്‍ അമ്മയെ 'ജീവന്‍ തിരിച്ചു തരൂ' എന്ന് കേഴുന്ന തടവുപുള്ളിയെ പോലെ നോക്കി. അമ്മ കണ്ണിറുക്കി കാണിച്ചു. ഞാന്‍ പുഞ്ചിരിച്ചു.
"ഇന്നെന്തേ നേരത്തെ .." അമ്മ അച്ഛനോട് ചോദിച്ചു, എന്നിട്ട് എന്നെ ഇടക്കണ്ണിട്ടുകൊണ്ട് നോക്കി. ഞാന്‍ രണ്ടു പേരെയും ശ്രദ്ധിക്കാതെ അതുതന്നെ തുടര്‍ന്നു കൊണ്ടിരുന്നു, പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും.
"നമുക്കിന്നൊരു സിനിമയ്ക്ക് പോകാം.." അച്ഛന്‍ അത് പറയേണ്ട താമസം, ഇരുന്നിടത്തുനിന്നു ഒരു സ്പ്രിംഗ് പോലെ ഞാന്‍ ചാടി എഴുന്നേറ്റുകൊണ്ട് വിളിച്ചുകൂവി.
"ഒന്നു മുതല്‍ പൂജ്യം വരെ.."
അങ്ങനെ അന്ന് അപ്പുറത്തെ വീട്ടിലെ മോഹനേട്ടന്‍റെ റിക്ഷയില്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും കൂടി ഒരുമിച്ച് ആ സിനിമ കാണാന്‍ പോയി, ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം, ഒന്നു മുതല്‍ പൂജ്യം വരെ. പോകുന്ന വഴിയില്‍ മുഴുവന്‍ അനിതാന്‍റി അതിനെ കുറിച്ച് വായിച്ചത് മുഴുവന്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു സപ്പോര്‍ട്ടിനു വേണ്ടി ഞാനും അത് പൊലിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ്‌ പുരുഷന്‍ മാമന്‍ ചോദിച്ചത്,
"അല്ല .. ദാമുവേട്ടാ .. ഇങ്ങള് അങ്ങനെ സിനിമയ്ക്കൊന്നും പോവലില്ലല്ലോ .. ഇതിപ്പോ എന്ത് പറ്റി.." അത് ശരിയായിരുന്നു, നല്ല സിനിമയാണ് എന്ന് ഒരു പത്തു പേര്‍ പറഞ്ഞാല്‍ മാത്രമേ അച്ഛന്‍ സിനിമയ്ക്ക് പോകുകയുള്ളൂ.
"ഏയ്‌ .. ആര് പറഞ്ഞു .. പണ്ടൊക്കെ ഞാന്‍ ഒന്നും വിടില്ലായിരുന്നു.. നിങ്ങളെ പോലെ തന്നെ റിലീസിന്‍റെ അന്ന് തന്നെ കാണുമായിരുന്നു.. ഇപ്പൊ പിന്നെ തിരക്കായില്ലേ .." അച്ഛന്‍ ഓര്‍മ്മകള്‍ ഒറ്റവരിയില്‍ പറഞ്ഞു തീര്‍ത്തു. അമ്മ ഉവ്വ ഉവ്വേ എന്ന രീതിയില്‍ ചുണ്ടുകള്‍ കോട്ടി.
"എന്നാലും .. ഇന്ന്... ആദ്യത്തെ ദിവസം തന്നെ വരാന്‍ കാരണം..???" പുരുഷന്‍ മാമന്‍റെ ഈ സംശയം എനിക്കും ഉണ്ടായിരുന്നു. മോഹനേട്ടന്‍റെയും, റിക്ഷയുടെ സ്റ്റിയറിംഗിന്‍റെയും ഇടയില്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട ഞാന്‍ അത് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
"എന്‍റെ സുഹൃത്ത് കൃഷ്ണന്‍ പറഞ്ഞിട്ടാണ് അറിയുന്നത്, ഇത് സംവിധാനം ചെയതത് മൈ ഡിയര്‍ കുട്ടിചാത്തന്‍റെ കഥ എഴുതിയ ആളാണ്‌ എന്ന്.. എന്നാ പിന്നെ ഇന്ന് തന്നെ പോയിക്കളയാം എന്ന് വിചാരിച്ചു.." കേരളാകൌമുദിയില്‍ ജേര്‍ണലിസ്റ്റായിരുന്ന കൃഷ്ണന്‍ മാമനെ കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്.
"ആരാ അത് ??" പുരുഷന്‍ മാമന്‍ സ്വതസിദ്ധമായ ശൈലിയില്‍ വായും പൊളിച്ചുകൊണ്ട് ചോദിച്ചു.
"രഘുനാഥ് പാലേരീ ന്ന്..." അച്ഛന്‍ അത് പറയുന്നതിനു മുന്‍പ് അനിതാന്‍റി പുരുഷന്‍ മാമനെ തോണ്ടിക്കൊണ്ട് പറഞ്ഞു.
"ഇതൊന്നും നമ്മക്കറീല്ല .. നമ്മക്ക് ആകെ അറീന്നത് മോഹന്‍ലാലും മമ്മൂട്ടിയും പിന്നെ ജയഭാരതിയും.." പുരുഷന്‍ മാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മറ്റുള്ളവരും ചിരിച്ചു, പക്ഷെ കുട്ടികളായ ഞാനും അനിയന്മാരും ചിരിച്ചില്ല, കാരണം ഞങ്ങള്‍ അന്ന് രതിനിര്‍വ്വേദം കണ്ടിരുന്നില്ല. ങ്ങാ .. അനിതാന്‍റിയും ചിരിച്ചില്ല. അവര്‍ പുരുഷന്‍ മാമനൊരു നുള്ളു വെച്ചുക്കൊടുത്തു.
അന്ന് ആ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ മുതിര്‍ന്ന നാലു പേരെയും ശ്രദ്ധിച്ചു. അമ്മയുടെയും അനിതാന്‍റിയുടെയും പുരുഷന്‍ മാമന്‍റെയും കണ്ണുകള്‍ കലങ്ങിയിട്ടുണ്ടായിരുന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഇളയ അനിയനെ എടുത്ത് നടക്കുന്ന അച്ഛനെ ഞാന്‍ ഒന്നൂടി സൂക്ഷിച്ചുനോക്കി. ഇല്ല .. അച്ഛന്‍ കരഞ്ഞിട്ടില്ല .. ഞാനും കരഞ്ഞിട്ടില്ല.. എന്തിനു കരയണം.. ദീപമോളുടെ അടുത്ത ജന്മദിനത്തിനു വീണ്ടും വരാം എന്ന് പറഞ്ഞിട്ടല്ലേ ടെലിഫോണ്‍ അങ്കിള്‍ പോലീസ് ജീപ്പില്‍ കയറി പോയത്.
അന്നും അതിനു ശേഷമുള്ള പല ദിവസങ്ങളിലും എന്‍റെ ചിന്ത, അടുത്ത വര്‍ഷം ഈ സിനിമ കാണുമ്പോള്‍ ടെലിഫോണ്‍ അങ്കിള്‍ അഞ്ചു മെഴുകുതിരികള്‍ കത്തിക്കാനുള്ള വലിയൊരു കേക്കുമായി വീണ്ടും വന്നിട്ടുണ്ടാകും എന്നായിരുന്നു.
അതിനു ശേഷവും അനിതാന്‍റി പല സിനിമകളെ കുറിച്ചും പറഞ്ഞു, ചിലത് ഞാനും കാണാന്‍ പോയി, പക്ഷെ ഇതുപോലൊരു ഫീല്‍ മറ്റൊരു ചിത്രത്തിനും ഉണ്ടായിരുന്നില്ല. എന്‍റെ ഓര്‍മ്മകളുടെ ആമാടപ്പെട്ടിയില്‍ ആദ്യമായി കയറിക്കൂടിയ ചിത്രം. ഇതിനു മുന്‍പ് കണ്ട മറ്റൊരു ചിത്രവും എനിക്ക് ഓര്‍മ്മയില്ല എന്നതാണ് സത്യം, അതുകൊണ്ട് തന്നെ ഇതാണ് ഞാന്‍ ആദ്യമായി കണ്ട സിനിമ എന്ന് ഞാന്‍ വിശ്വസിച്ചു.
പിന്നീടു ആറില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഇത് വീണ്ടും കാണുന്നത്. വീട്ടില്‍ വി സി ആര്‍ വാങ്ങിയ കൂട്ടത്തില്‍ ഒരു പത്തു കാസറ്റുകള്‍ കൂടി അച്ഛന്‍ വാങ്ങിയിരുന്നു. ഞാന്‍ ഓരോന്നായി എടുത്ത് നോക്കി, ഒന്നു മുതല്‍ പത്തു വരെ എല്ലാ കാസറ്റും തിരിച്ചും മറിച്ചും നോക്കി, പക്ഷെ, അത് മാത്രം ഇല്ലായിരുന്നു. അച്ഛനോട് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു, അത് വേണം എന്ന്, പക്ഷെ അത് മാത്രം വാങ്ങിച്ചില്ല.
അപ്പോഴാണ് അച്ഛന്‍, ഓഫീസ് ബാഗില്‍ നിന്നും കടലാസ്സില്‍ പൊതിഞ്ഞ ഒരു പെട്ടി എടുത്തത്. അതെന്തായിരുന്നുയെന്ന് പറയാതെ തന്നെ എനിക്കറിയാമായിരുന്നു, ഒന്നു മുതല്‍ പൂജ്യം വരെ. ഒരു കോപ്പി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കടക്കാരന്‍ വാടകയ്ക്ക് കൊടുത്തതായിരുന്നു അത്. അങ്ങനെ വീ സീ ആറിന്‍റെ ഉദ്ഘാടന ചിത്രമായി ഞങ്ങള്‍ വീണ്ടും അത് കണ്ടു.
പക്ഷെ, അന്നു ഞാന്‍ കരഞ്ഞു, ദീപമോളെയും അമ്മയെയും ഒറ്റയ്ക്കാക്കി ടെലിഫോണ്‍ അങ്കിളിനെ പിടിച്ചു കൊണ്ടുപോയ പോലീസുകാരോട് എനിക്ക് ദേഷ്യം തോന്നി.
ഓരോ കാലഘട്ടത്തിലും ഈ സിനിമ എനിക്ക് നവമൊരു അനുഭൂതിയായിരുന്നു പകര്‍ന്നിരുന്നത്. ആദ്യം തീയറ്ററില്‍ പോയി കണ്ടപ്പോള്‍ ദീപ മോളും പിയാനോയും അവളുടെ ചോദ്യങ്ങളുമായിരുന്നു മനസ്സില്‍, ആറാം ക്ലാസ്സില്‍ വീ സീ ആറില്‍ ഇട്ടു കണ്ടപ്പോള്‍ അമ്മയുടെയും ദീപമോളുടെയും ഒറ്റപ്പെടല്‍ ആയിരുന്നു എന്നെ അലട്ടിയിരുന്നത്. അതിനു ശേഷം ടീനേജില്‍ കണ്ടപ്പോള്‍ അതിലെ "രാരീ രാരീരം രാരോ" എന്ന ഗാനവും, അതു പാടി പ്രതീക്ഷയുടെ ഒരു എഴുതാപ്പുറം ബാക്കി വെച്ചു പോകുന്ന നായകനും നായികയുമായിരുന്നു മനസ്സില്‍.
പിന്നീട് നായകന്മാരെക്കാള്‍ ഉപരി സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് മനസ്സിലാക്കി തുടങ്ങിയ സമയമായപ്പോള്‍ ഇതില്‍ പതിഞ്ഞ സംവിധായകന്‍റെ കൈയ്യൊപ്പിനോടും അദ്ദേഹത്തിന്‍റെ അച്ചടക്കമുള്ള തിരക്കഥയോടും ഒരു പ്രത്യേക ആരാധന തോന്നി.
കഥ, തിരക്കഥ: രഘുനാഥ് പാലേരി, എന്ന് കണ്ടാല്‍ ആ സിനിമ കാണാന്‍ എനിക്ക് മറ്റൊരു കാരണവും വേണ്ടിയിരുന്നില്ല. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട്, പൊന്മുട്ടയിടുന്ന താറാവ്, പിന്‍ഗാമി എന്നിവ പോലുള്ള നര്‍മ്മ പ്രധാനമുള്ള, കാമ്പുള്ള ഇരുപത്തിയഞ്ചോളം കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ ഇതേ എഴുത്തുകാരന്‍ തന്നെയാണ് പിറവി, വാനപ്രസ്ഥം എന്നിവയുടെയും തിരക്കഥയും ഒരുക്കിയത് എന്നറിഞ്ഞപ്പോള്‍ ഇദ്ധെഹത്തോടുള്ള ആരാധന വര്‍ധിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കയാണ് മിനിഞ്ഞാന്ന് ഉച്ചയ്ക്ക് എഫ് ബിയില്‍ ഒരു മെസേജ് വന്നത്. ചാറ്റ് ബോക്സ് പൊങ്ങി വന്നതേ എന്‍റെ ഹൃദയമിടിപ്പ്‌ നിന്നു. സാക്ഷാല്‍ രഘുനാഥ് പാലേരി. "Please give me your number." "  " "njaan vilikkaam". ഞൊടിയിടയില്‍ മൂന്നു മെസേജുകള്‍.
മരവിച്ചു പോയ എന്‍റെ വിരലുകള്‍ ഞാന്‍ അറിയാതെ തന്നെ എന്‍റെ മൊബൈല്‍ നമ്പര്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊടുത്തു. അടുത്ത സെക്കണ്ടില്‍ തന്നെ മൊബൈല്‍ റിംഗ് ചെയ്തു. ഞാന്‍ ഫോണ്‍ എടുത്തു. ഹലോ എന്ന് പറയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും "ഹ"യ്ക്ക് ശേഷം "ലോ"
തൊണ്ടയില്‍ തന്നെ കുടുങ്ങി നിന്നു. അപ്പോള്‍ മറ്റേ തലയ്ക്കല്‍ നിന്നും,
"പാലേരിയാണ്.."
"സാര്‍ .. മനസ്സിലായി .." ശബ്ദം തപ്പിയെടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
"ആദര്‍ശ് ദാമോദരന്‍... അല്ലെ ... ആ പേരിന്‍റെ അര്‍ത്ഥം എന്താണ് എന്നറിയാമോ ??" ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
"ഉം .. അറിയാം സാര്‍ .. ആദര്‍ശ് എന്നാല്‍ ഐഡിയല്‍, മാതൃക, എന്നൊക്കെയല്ലേ .. പിന്നെ ദാമോദരന്‍ അച്ഛന്‍റെ പേരാണ്" ഞാന്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തി.
"അത് നല്ലതാണ്.. എപ്പോഴും അച്ഛനെ കൂടെ കൂട്ടുന്നത് എന്തിനും നല്ലതാണ്.." പിന്നെ ഒരു പൊട്ടിച്ചിരിയാണ് ഞാന്‍ കേട്ടത്. തീക്ഷണമായ കുടുംബകഥകള്‍ നര്‍മ്മത്തില്‍ ചാലിച്ചു അവതരിപ്പിക്കുന്ന എന്‍റെ ആരാധ്യനായ എഴുത്തുകാരന്‍, ഒറ്റവരിയില്‍ എന്നെ വിവരിച്ചു. ഞാനും കൂടെ ചിരിച്ചു,
അര മണിക്കൂര്‍ പോയത് അറിഞ്ഞതേയില്ല. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഒന്നു മുതല്‍ പൂജ്യം വരെയിലെ ദീപമോള്‍, ബേബി ഗീതു മോഹന്‍ദാസ്‌ എന്ന സെറ്റിലെ വികൃതിയായ കൊച്ചു പെണ്‍കുട്ടി ദേശീയ അവാര്‍ഡ്‌ നേടിയ പ്രതിഭയായി മാറിയതിനെ കുറിച്ചും, മഴവില്‍ക്കാവടിയിലെ പറവൂര്‍ ഭരതന്‍ ചേട്ടന്‍റെ വാസു എന്ന കഥാപാത്രത്തെ കുറിച്ചും, "എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല" എന്ന ജഗതിയുടെ പ്രശസ്ത ഡയലോഗ് ഉടലെടുത്ത സന്ദര്‍ഭത്തെ കുറിച്ചും, തിരക്കഥ എഴുതുമ്പോള്‍ എഴുത്തുകാരന്‍ ഓരോ കഥാപാത്രമായി മാറുന്നതിനെ കുറിച്ചും, എല്ലാം അദ്ദേഹം മടികൂടാതെ വിവരിച്ചു തന്നു.
കുറച്ചു നേരം എന്‍റെ എഴുത്തുകളെ കുറിച്ചും സംസാരിച്ചു, അതില്‍ ഞാന്‍ വിവരിച്ച ചില സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും പേരെടുത്ത് പറഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ മനസ്സ് ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിനിന്നു. അടുത്ത പ്രാവശ്യം കൊച്ചിയില്‍ ചെല്ലുമ്പോള്‍ വീട്ടിലേക്ക് ചെല്ലാനുള്ള ക്ഷണവും തന്നു ഫോണ്‍ വെച്ചപ്പോള്‍ ഒരു ലോകം കീഴടിക്കിയ സന്തോഷമായിരുന്നു ഉള്ളില്‍.
എന്‍റെ മനസ്സിലേക്ക് ദീപമോളും മമ്മിയും ടെലിഫോണ്‍ അങ്കിളും ഓടിയെത്തി. ഞാന്‍ വീണ്ടും മൊബൈല്‍ ഡയല്‍ പാഡ് സ്ക്രീനിലേക്ക് നോക്കി. ഞാന്‍ അതില്‍ കണ്ടു, ആദ്യത്തെ സംഖ്യ ഒന്നും ഏറ്റവു അവസാനമായി പൂജ്യവും.. അതെ ... ഒന്നു മുതല്‍ പൂജ്യം വരെ .. ഞാന്‍ കോള്‍ വന്ന നമ്പര്‍ എടുത്തു .. സേവ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയാമായിരുന്നു .. ഞാനത് ചെയ്തു ... "ടെലിഫോണ്‍ അങ്കിള്‍"

Thursday, June 26, 2014

പ്രപഞ്ചസത്യം

"എട്ടാം ക്ലാസ്സില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് മെച്ച്യൂരിറ്റി വരുന്നത്, അതുകൊണ്ടാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കളിക്കാന്‍ വിടാത്തത്‌".
സ്കൂള്‍ അറ്റന്‍ഡര്‍ രവിയേട്ടന്‍ ആയിരുന്നു ഇത് പറഞ്ഞത്. ഖോ-ഖോ ഇനി വേറെ വേറെ കളിച്ചാല്‍ മതി എന്ന് അര്‍ത്ഥം. വേനലവധി കഴിഞ്ഞ് വീണ്ടും സ്കൂളില്‍ ചെന്നപ്പോള്‍ കിട്ടിയ ആദ്യത്തെ തിരിച്ചറിവ്.
"അപ്പൊ ഇത്രേം കാലം ഈ സാധനം ഇല്ലായിരുന്നോ ഞങ്ങള്‍ക്ക്.. ?" ഉള്ളില്‍ ദേഷ്യം ഉണ്ടായിരുന്നെങ്കിലും പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.
"അത് നീ പോയി പീ ടീ സാറിനോടോ റാണി മിസ്സിനോടോ ചോയിക്ക്.." ഞങ്ങളുടെ ബയോളജി ടീച്ചര്‍ ആയിരുന്നു റാണി മിസ്സ്‌.
വീട്ടില്‍ ഞാന്‍ അടക്കം മൂന്ന്‍ ആണ്‍മക്കളുള്ള അണുകുടുംബത്തില്‍ ജീവിക്കുന്ന എനിക്ക് ഈ പറയുന്ന മെച്ച്യൂരിറ്റിയെ കുറിച്ച് വല്ല്യ ജ്ഞാനവും പരിജ്ഞാനവും ഒന്നുമില്ലായിരുന്നു.
"എന്താടാ ഈ മെച്ച്യൂരിറ്റി ... ???" അന്ന് വൈകിട്ട് സ്കൂള്‍ വിട്ടതിനു ശേഷം തിരിച്ചു വരുന്ന വഴിയില്‍ സുമേഷിനോട് ചോദിച്ചു. പിന്നെ മനസ്സിലായി, അവനോടു ചോദിണ്ടായിരുന്നു എന്ന്. കാരണം, എനിക്കറിയാത്ത സംഭവം അവനു എങ്ങനെ അറിയാനാണ്.
പക്ഷെ, കുറച്ചു കഴിഞ്ഞപ്പോഴേക്കും അവന്‍ അതിനുള്ള ഉത്തരവുമായി കളിക്കുന്ന സ്ഥലത്ത് എത്തി.
"ഡാ .. അത് മെച്ച്യൂരിറ്റി അല്ല .. അങ്ങേര് നിന്നെ പറ്റിച്ചതാ .." അവന്‍ ഉത്തരം കൈയ്യിലുണ്ട് എന്ന അഹംഭാവത്തോടെ പറഞ്ഞു..
"ങ്ങേ .. പറ്റിച്ചെന്നോ..??"
"അതേടാ .. അതിനെ മെച്ച്യൂരിറ്റി എന്നല്ല പറയുവാ .. പ്യൂബെര്‍ട്ടി എന്നാ.. ഈ പെണ്‍കുട്ടികള്‍ വയസ്സറിയിച്ചു എന്ന് പറയാറില്ലേ .. അത് തന്നെ സംഭവം.."
അങ്ങനെ അന്ന് എനിക്ക് രണ്ടു പുതിയ വാക്കുകള്‍ കിട്ടി, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തമ്മില്‍ വേര്‍ത്തിരിക്കുന്ന രണ്ടു ക്രൂരമായ വാക്കുകള്‍. മെച്ച്യൂരിറ്റി ആന്‍ഡ്‌ പ്യൂബെര്‍ട്ടി.
അവന്‍ അത് എനിക്ക് വ്യക്തമായി പറഞ്ഞു തന്നു. ഞാന്‍ എല്ലാം കേട്ട് അന്തം വിട്ടു നിന്നു. മാനസികമായ വളര്‍ച്ചയിലേക്കുള്ള കാല്‍വെയ്പ്പാണ് മെച്ച്യൂരിറ്റി എന്നും, ശാരീരികമായ വളര്‍ച്ചയിലേക്കുള്ള പെട്ടെന്നുള്ള എടുത്തുചാട്ടം ആണ് പ്യൂബെര്‍ട്ടി എന്നും.
'ശ്ശൊ.. അപ്പൊ ഇത്രേം കാലം നമ്മള്‍ വിചാരിച്ചതൊക്കെ പൊട്ടത്തരമായിരുന്നു അല്ലെ .. കൊതുക് കടിച്ചാലൊന്നും കുട്ടികള്‍ ഉണ്ടാവില്ല അല്ലെ.. അതിനു ഈ ഫസ്റ്റ് നൈറ്റ്‌ ഒക്കെ വേണം അല്ലെ .."
എന്‍റെ അത്രയും കാലത്തെ തെറ്റിദ്ധാരണ മാറികിട്ടി. ആദ്യരാത്രിയില്‍ ലൈറ്റ് അണയ്ക്കുമ്പോള്‍ കടിക്കുന്ന കൊതുകല്ല ഒരു പെണ്ണിനെ ഗര്‍ഭിണി ആക്കുന്നത് എന്ന പ്രപഞ്ചസത്യം എന്‍റെ മുന്നില്‍ നിവര്‍ന്നു നിന്നു.
അടുത്ത ദിവസം ഞാന്‍ ആദ്യമായി സ്കൂള്‍ ലൈബ്രറിയില്‍ സ്വന്തം ഇഷ്ടത്തോടെ കയറി. സാധാരണ ലൈബ്രറി പീരിയഡില്‍ പോലും അവിടെ കയറാതെ മുങ്ങി നടക്കല്‍ ആയിരുന്നു പതിവ്. പക്ഷെ അന്ന് ഞാന്‍ അവിടെയുള്ള "ഗേള്‍സ്‌ മാഗസിനും" ഹ്യൂമന്‍ അനാട്ടമി ബുക്കും പേജുകള്‍ തിരഞ്ഞുപിടിച്ച് വായിച്ചു. അങ്ങനെ ഞാന്‍ വീണ്ടും മറ്റൊരു പ്രപഞ്ചസത്യം കൂടി മനസ്സിലാക്കി, ആകുട്ടികള്‍ വയസ്സറിയിക്കാറില്ല, പെണ്‍കുട്ടികള്‍ക്ക് മാത്രമേ ആ ഭാഗ്യം ഉള്ളൂ. ആണായി ജനിച്ചതിനെയോര്‍ത്ത് വളരെയധിക്കം സങ്കടപ്പെട്ട ദിവസമായിരുന്നു അത്.
പക്ഷെ അന്നു മാത്രമേ ആ സങ്കടം നിലനിന്നുള്ളൂ. കാരണം, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഒരിക്കല്‍ വയസറിയിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ പെണ്‍കുട്ടികള്‍ എല്ലാ മാസവും അത് അറിയിച്ചു കൊണ്ടിരിക്കും എന്ന്. അത് അത്ര സുഖമുള്ള കാര്യമല്ല എന്നും, ഭയങ്കര വേദനയുണ്ടാകും എന്ന് കുറച്ചു മാസത്തെ നിരീക്ഷണങ്ങളില്‍ നിന്നും മനസിലാക്കി. അറിഞ്ഞപ്പോള്‍ ആണായി പിറന്നതിനു ഞാന്‍ മനസ്സുകൊണ്ട് അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം അത് സംഭവിച്ചത്. രാവിലെ എഴുന്നേറ്റ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ റൂമിലൂടെ നടന്നു. അച്ഛനോടും അമ്മയോടും പറയാനൊരു മടി. പിന്നെ ഒന്നും ആലോചിച്ചില്ല, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു എന്നു വരുത്തി നേരെ സ്കൂളിലേക്ക് ഓടി. ബെസ്റ്റ് ഫ്രെണ്ടിനോട് കാര്യം പറഞ്ഞു. അവനും ഒരു ഉത്തരമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ അവസാനത്തെ അത്താണിയായ പീ ടീ സാറിന്‍റെ അടുത്തേക്ക് വിട്ടു.
"ഊം .. എന്താ .. ??" അസ്സംബ്ലിക്ക് പോകാതിരിക്കാനുള്ള എന്തോ അടവും കൊണ്ട് വന്നിരിക്കുകയാണ് എന്ന ചിന്തയോടെ പുള്ളി രൂക്ഷമായി ചോദിച്ചു.
ഒന്നും പറയാനാകാതെ ഞങ്ങള്‍ രണ്ടു പേരും "നീ പറ .. നീ പറ" കളിച്ചു തുടങ്ങി. പീ ടീ സാറിനു ദേഷ്യം വന്നു.
"ആരെങ്കിലും ഒരാള്‍ പെട്ടെന്നു പറ .. ഇല്ലെങ്കില്‍ നേരെ അസംബ്ലിയിലേക്ക് ചെല്ല്.." പൊടുന്നന്നെയുള്ള സാറിന്‍റെ ഉച്ചത്തിലുള്ള ശകാരത്തില്‍ അവന്‍റെ വായില്‍ നിന്ന് അത് വീണു.
"മൂത്രത്തില്‍ പഴുപ്പ് ..." അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
"എന്ത് ..?" സാറിന്‍റെ രണ്ടു കണ്ണും പുറത്തേക്ക് തള്ളി വന്നു.
ഞാന്‍ വിശദമാക്കി. "സര്‍, ഞാന്‍ ഇന്നു രാവിലെ ബാത്രൂമില്‍ പോയപ്പോ.. മൂത്രം വരുന്നതിനു മുന്‍പ് ആദ്യം വന്നത് പഴുപ്പയിരുന്നു.. നല്ല കട്ടിയില്‍ .. അച്ഛനോടും അമ്മയോടും പറയാനൊരു പേടി .. അതാ സാറിന്‍റെ അടുത്ത് വന്നത്.." അത്യാവശ്യം മരുന്നും കെട്ടും പീ ടീ റൂമില്‍ എപ്പോഴും ഉണ്ടാകും. ആ ധൈര്യത്തിലാണ് സാറിനോട് എല്ലാം തുറന്നു പറഞ്ഞത്.
"വേദനയുണ്ടായിരുന്നോ.." ഒരു ചെറിയ സംശയദൃഷ്ടിയോടെ സാര്‍ ചോദിച്ചു.
"ഏയ്‌ ഇല്ല ... വേദനയൊന്നും ഇല്ലായിരുന്നു.." ഞാന്‍ പറഞ്ഞു.
"ഉം .. എന്നാ പ്രശ്നമൊന്നുമില്ല .. നേരെ അസ്സംബ്ലിയിലെക്ക് വിട്ടോ.." സാറിനു ദേഷ്യം വരുന്നതുപോലെ തോന്നി. ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നു.
"അല്ല സാര്‍ .. അപ്പൊ ഈ പഴുപ്പ് .. മരുന്ന് കെട്ടണ്ടേ .." എന്‍റെ ബെസ്റ്റ് ഫ്രെണ്ട് പേടിച്ചു പേടിച്ചു ചോദിച്ചു.
"മരുന്നല്ല .. ഇവനെയാ കെട്ടിയിടെണ്ടത്.. പഴുപ്പും കൊഴുപ്പും ഒന്നുമല്ല ഇത് .. സ്വപ്ന സ്ഖലനം ആണ്.. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് കിടന്നുറങ്ങിയിട്ട് ഇപ്പൊ ഓരോന്നും പറഞ്ഞു വന്നിരിക്കുന്നു.." സാര്‍ അടുത്തിരുന്ന വടിക്കു നേരെ കൈ നീട്ടിയതും ഞങ്ങള്‍ അസ്സംബ്ലിയിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു.
അന്നത്തെ എന്‍റെ ലൈബ്രറി പഠനം സ്വപ്നസ്ഖലനത്തെ കുറിച്ചായായിരുന്നു.... പഠനത്തിനു ശേഷം ഞാന്‍ വീണ്ടുമൊരു പ്രപഞ്ചസത്യം മനസ്സിലാക്കി, ആണ്‍കുട്ടികളും വയസ്സറിയിക്കും എന്ന നിഗൂഡ സത്യം. എങ്കിലും പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമാണിത്, കാരണം, ഇതിനു നിശ്ചിത ഡേറ്റൊന്നും ഇല്ല .. മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം

Wednesday, June 25, 2014

ഋതുഭേദം

"അടുത്ത മത്സരാര്‍ത്ഥി ... തേര്‍ഡ് ഇയര്‍ മലയാളം ലിറ്ററേച്ചറിലെ.... നീലിമ വിഷ്ണുപ്രസാദ്‌.." 

ഈ അനൗണ്‍സ്മെന്റ് വന്നതും അതുവരെ കൂവിവിളിച്ചു കൊണ്ടിരുന്ന സദസ്സ് നിശ്ശബ്ദമായി. അവിശ്വസനീയതയുടെ മൂകത ഓരോ നിശ്വാസത്തിലും അലയടിച്ചു. എല്ലാ കണ്ണുകളും പെണ്‍കുട്ടികളുടെ ഇരിപ്പിടമുള്ള വരികളുടെ നേരെ തിരിഞ്ഞു. പെണ്‍കുട്ടികളും അവര്‍ക്കിടയില്‍ നീലിമയെ തിരഞ്ഞു. 

"നീലിമയോ.." മൗനം വെടിഞ്ഞ സദസ്സില്‍ ഒരൊറ്റ ചോദ്യം മാത്രം അലയടിച്ചു. മുന്നിലിരിക്കുന്നവര്‍ എഴുന്നേറ്റ് പുറകിലേക്ക് നോക്കി. കണ്ണുകളില്‍ ആകാംക്ഷയായിരുന്നില്ല, അതിശയവും പരിഭ്രമവുമായിരുന്നു

"ഇല്ല .. നീലിമ വരില്ല, അവള്‍ക്ക് പാടാന്‍ കഴിയില്ല." ചിലര്‍ പരസ്പരം പറഞ്ഞു. എങ്കിലും എല്ലാ മിഴികളും, തിങ്ങിയ സദസ്സിനിടയില്‍ ആ നീലക്കണ്ണുകളുള്ള സുന്ദരിയെ തിരഞ്ഞു.

"ഇല്ല .. നീലിമ ഇന്ന് പാടും, ഇന്നു പാടിയില്ലെങ്കില്‍ പിന്നെയവള്‍ എന്നു പാടാനാണ്.." സൈനബ സ്റ്റെജിലെക്ക് കണ്ണും നട്ടുകൊണ്ട് ആത്മവിശ്വാസത്തോടെ പറഞ്ഞു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു നീലിമ ആദ്യമായി സ്റ്റേജില്‍ കയറിയത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ ഒരു നവംബര്‍ ദിനത്തിലായിരുന്നു അത്. മൈക്കില്‍ "നീലിമ രാജഗോപാല്‍, ഫസ്റ്റ് ഇയര്‍ മലയാളം" എന്ന് അന്നൌണ്‍സ് ചെയ്തപ്പോള്‍, നിറഞ്ഞു കവിഞ്ഞ സദസ്സ് അവളെ വരവേറ്റത് ആര്‍ജ്ജവമായി കൂവികൊണ്ടായിരുന്നു. അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ബാച്ച്മേറ്റ്സിനെയും സീനിയേര്‍സിനെയും മൈന്‍ഡ് ചെയ്യാത്തത്തിലുള്ള അമര്‍ഷമായിരുന്നു ആ കൂവലില്‍. പക്ഷെ, യാതൊരു കൂസലും കൂടാതെ അവള്‍ സ്റ്റേജിലേക്ക് ഓടിക്കയറി.

ഇളം റോസ് നിറത്തിലുള്ള ചൂരിദാറില്‍ അന്നവള്‍ സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരിയായിരുന്നു. പുഞ്ചിരിക്കുമ്പോള്‍ വിരിയുന്ന നുണക്കുഴികള്‍ക്കാണോ, അതോ തിളങ്ങുന്ന നീലക്കണ്ണുകള്‍ക്കായിരുന്നോ കൂടുതല്‍ ഭംഗി, ഒരു കടങ്കഥയായിരുന്നു അവള്‍.

എല്ലാവരും അവളെ തന്നെ നോക്കി. പക്ഷെ, ആ നീലമിഴികള്‍ അപ്പോള്‍ മറ്റാരെയോ തിരയുകയായിരുന്നു. സദസ്സില്‍ അയാള്‍ ഇല്ലെങ്കില്‍ അവള്‍ക്ക് പാടാന്‍ കഴിയില്ല എന്ന് അവള്‍ ഉറപ്പിച്ചു. അവള്‍ സൈനബയുടെ നേരെ നോക്കി, സൈനബ ഇടത്തേ കോണിലുള്ള വാതിലിനു നേരെ വിരല്‍ ചൂണ്ടി. അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു, നുണക്കുഴികള്‍ വിരിഞ്ഞു, സദസ്സ് വീണ്ടും ഇളകിമറിഞ്ഞു.

"ഒന്ന് പാടെന്‍റെ നീലിമേ .. ഞങ്ങളും കേള്‍ക്കട്ടെ ഗേള്‍സ്‌ ഹോസ്റ്റലിലെ ഈ വാനമ്പാടിയുടെ പാട്ട്.." മുന്നിലുള്ള ഏതോ ഒരു പയ്യന്‍ വിളിച്ചു കൂവി. അവള്‍ വീണ്ടും വിഷ്ണുവിനു നേരെ നോക്കി. അവന്‍ വാതിലിനോട് ചാരി നില്‍ക്കുന്നു. അവള്‍ കണ്ണുകള്‍ അടച്ചു, ഒരു ദീര്‍ഘനിശ്വാസം എടുത്തു, ഒരു ഹമ്മിംഗോടു കൂടെ പാടി തുടങ്ങി,

"നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നു,
ഒരു കൃഷ്ണതുളസി കതിരുമായി നിന്നെ ഞാന്‍
എന്നും പ്രതീക്ഷിച്ചു നിന്നു..

നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ...

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..."

സൈനബ അവളെ നോക്കി ആംഗ്യം കാണിച്ചു, 'അങ്ങോട്ട്‌ നോക്കാതെ മുന്നിലിരിക്കുന്ന ആള്‍ക്കാരെ നോക്കി പാടൂ' എന്നായിരുന്നു അവള്‍ ഉദ്ദേശിച്ചിരുന്നത്. എങ്കിലും, നീലിമയുടെ കണ്ണുകള്‍ വിഷ്ണുവില്‍ മാത്രം ഉടക്കിനിന്നു. ഉത്തരം കിട്ടാതെ കണ്ണെടുക്കില്ല എന്ന വാശി പോലെയായിരുന്നു അത്.

അവനും അവളെ കണ്ണിമ വെട്ടാതെ പതിയെ അവിടുന്ന് മാറി സ്റ്റേജിനു തൊട്ടുമുന്നിലുള്ള നിരയിലേക്ക് നടന്നു. പാട്ട് തുടര്‍ന്നു കൊണ്ടേയിരുന്നു, സദസ്സിലുള്ളവര്‍ ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടുപേരെയും നോക്കി അന്തംവിട്ടു നിന്നു.

"സഖാവ് ഇവിടെ ഇരുന്നോളൂ .." ഒരു കുട്ടിനേതാവ് സീറ്റ് ഒഴിഞ്ഞു കൊടുത്തു.

"നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ..."

നീലിമ ലാസ്യഭാവത്തോടെ അവനോടു ചോദിക്കുന്നത് പോലെ പുരികങ്ങള്‍ ഉയര്‍ത്തി ആ വരികള്‍ പാടി. ഇപ്പോള്‍ എല്ലാവരുടെയും നോട്ടം വിഷ്ണുവില്‍ ആയിരുന്നു. അവളെ പോലെ തന്നെ സദസ്സിലുള്ളവരും ഒരു ഉത്തരം പ്രതീക്ഷിച്ചു.

അവന്‍ അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി, അവള്‍ പുഞ്ചിരിച്ചു, നുണക്കുഴികള്‍ വിരിഞ്ഞു, നീലക്കണ്ണുകള്‍ വിടര്‍ന്നു, സദസ്സ് ഇളകി മറിഞ്ഞു, അവര്‍ ആര്‍ത്തുല്ലസിച്ചു കൈയ്യടിച്ചു. ഗാനം കഴിയുവോളം ആ കൈയ്യടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
-------------------------
-------------------------

"അടുത്ത കണ്‍ടസ്ട്ടന്റ്റ്.. പ്രവീണ തോമസ്‌, സെക്കണ്ട് ഇയ.." അശോകന്‍ സാര്‍ ഇതു പറഞ്ഞു തീര്‍ക്കും മുന്‍പുതന്നെ തൊട്ടുപിന്നിലായി ഒരു ശബ്ദം.. "സാര്‍ ... എനിക്ക് പാടണം.." മൈക്കിലൂടെ സദസ്സിലുള്ളവരും അത് കേട്ടു. സാര്‍ ഒന്നും മിണ്ടാതെ മൈക്ക് അവളുടെ കൈയ്യില്‍ കൊടുത്തു.

ഇന്നിതാ, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും, സമുദ്രം പോലെ നിശ്ചലമായ ഓടിറ്റോറിയത്തെ സാക്ഷിനിര്‍ത്തി, അവള്‍ ഒരിക്കല്‍ക്കൂടി ആ മൈക്ക് ഏറ്റുവാങ്ങി. പുറകിലായി ഇരുന്നവര്‍ മുന്നിലുള്ള ഒഴിഞ്ഞ സീറ്റുകളില്‍ ഇടംപിടിച്ചു. സൈനബയും മറ്റു പത്തോളം പെണ്‍കുട്ടികളും സ്റ്റേജിന്‍റെ മുന്നിലേക്ക് ഓടിയടുത്തു.

അവധികാലത്തിനു ശേഷം, കോളേജ് തുറന്നതില്‍ പിന്നെ ഇന്നേവരെ ആരോടും ഒരു വാക്കുപോലും ഉരിയാടാത്ത അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഇന്നിതാ വീണ്ടും പാടാന്‍ പോകുന്നു. അന്നവള്‍ പാടിയതു മുഴുവന്‍ വിഷ്ണുവിനെ നോക്കിയായിരുന്നു, സ്വയം ഒരു കൃഷ്ണതുളസി കതിരായി മാറി വിഷ്ണുവിനോടുള്ള ഇഷ്ടം പ്രകടമാക്കുകയായിരുന്നു അന്നവള്‍.

പക്ഷെ.. ഇന്നോ ?? വിഷ്ണുവില്ലാത്ത ഈ ലോകത്ത് അവള്‍ അവനുവേണ്ടി എന്താണ് സമര്‍പ്പിക്കുവാന്‍ പോകുന്നത് ?? എന്ത് നൈവേദ്യമാണ് അവന്‍റെ ആത്മാവിന്‍റെ കാല്‍ക്കല്‍ വെയ്ക്കാന്‍ പോകുന്നത് ??

കഴിഞ്ഞ വര്‍ഷത്തെ ആര്‍ട്സ് ഡേയുടെ അന്നായിരുന്നു വിഷ്ണു സകല വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സാക്ഷി നിര്‍ത്തിക്കൊണ്ട് ആ പ്രഖ്യാപനം നടത്തിയത്. താനും നീലിമയും വിവാഹിതരാകാന്‍ പോകുന്നു എന്ന്. ഒരു വര്‍ഷം മുഴുവന്‍ ആരെയും പേടിക്കാതെ, ഒരു ദുഷ്പ്പേരും കേള്‍പ്പിക്കാതെ, എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച, യൂണിയന്‍ ചെയര്‍മാന്‍ സഖാവ് വിഷ്ണുപ്രസാദും ആര്‍ട്സ് ക്ലബ് സെക്രട്ടറി നീലിമ രാജഗോപാലും ദമ്പതികള്‍ ആകാന്‍ പോകുന്നു. ആ വിളംബരം എല്ലാവരും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി, ആര്‍പ്പുവിളികള്‍ മുഴങ്ങി. പ്രണയജോഡികള്‍ക്ക് അഭിവാദ്യങ്ങള്‍ ഉയര്‍ന്നു.

നീലിമയുടെ അച്ഛന്‍ ഡോ.രാജഗോപാലിനും യാതൊരു എതിര്‍പ്പുമില്ലയിരുന്നു. അമ്മയില്ലാതെ വളര്‍ന്ന ഒറ്റമോള്‍ കയറിചെല്ലുന്ന തറവാടിനെ കുറിച്ചോര്‍ത്തു അഭിമാനിക്കാനെ വകയുണ്ടായിരുന്നുള്ളൂ, പോരാത്തതിന് മരുമകന്‍ ആകാന്‍ പോകുന്നവന്‍ ഡിഗ്രിക്ക് യൂനെവേര്‍സിറ്റി റാങ്ക് ഹോള്‍ഡറും.

സഖാവ് വിഷ്ണു ഇത് പ്രഖ്യാപിച്ചതും നിറഞ്ഞ സദസ്സില്‍ നിന്നും ഒരേ സ്വരത്തില്‍ ഒരു ആവശ്യം ഉയര്‍ന്നു. "നീലിമ പാടണം... നീലിമ പാടണം..." അതിനു മുന്‍പു നടന്ന ആര്‍ട്സ് ഡേയ്ക്ക് പാടിയതിനു ശേഷം പിന്നീടൊരിക്കലും അവള്‍ സദസ്സിനു വേണ്ടി പാടിയിരുന്നില്ല. നീലിമ വിഷ്ണുവിന്‍റെ ചാരത്തു ചേര്‍ന്നുനിന്നു.

അവള്‍ അവന്‍റെ കൈ പിടിച്ചു, "ഇന്നു വേണ്ട.. ഇന്നെനിക്ക് കഴിയില്ല.."

അങ്ങനെയാണ് അന്നവന്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയത്.

"കൂട്ടുകാരെ, അടുത്ത ആര്‍ട്സ് ദിനത്തില്‍ നീലിമ പാടും, നീലിമ രാജഗോപാല്‍ നീലിമ വിഷ്ണുപ്രസാദ് ആയതിനു ശേഷം ആദ്യമായി പാടുന്നത് നിങ്ങള്‍ക്കു മുന്‍പിലായിരിക്കും." അവന്‍ നീലിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു, "ആ ഗാനവും എനിക്ക് വേണ്ടി മാത്രമായിരിക്കില്ലേ .." അവളും അത് സമ്മതിച്ചു.

ഇന്നാണ് ആ ദിവസം. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നീലിമ വീണ്ടും പാടാന്‍ പോകുന്നു. ഇത്തവണയും അവള്‍ വിഷ്ണുവിനു വേണ്ടി തന്നെയാണ് പാടാന്‍ പോകുന്നത്. പക്ഷെ, ആരവങ്ങള്‍ക്ക് പകരം ശ്മശാന മൂകതയുടെ അലയൊലികള്‍ ആയിരുന്നു അവിടെ. എല്ലാവരും ഹൃദയം കൊണ്ട് വിഷ്ണുവിനെ സ്മരിച്ചു.

രണ്ടു മാസം മുന്‍പ് ഒരു ബൈക്ക് ആക്സിഡന്‍റില്‍ മരണപ്പെട്ട വിഷ്ണുവിന്‍റെ ആത്മാവ് ഓടിറ്റോറിയത്തിന്‍റെ ഇടതു ഭാഗത്തുള്ള വാതിലില്‍ ചാരി നില്‍ക്കുന്നുണ്ടെന്ന് അവള്‍ അറിഞ്ഞു. അവള്‍ അവിടേക്ക് നോക്കി, ആ വാതിലില്‍ കണ്ണുംനട്ട് പാടി തുടങ്ങി.

ഗാനത്തിന്‍റെ ഈരടികള്‍ സദസ്സിലിരിക്കുന്ന ഓരോരുത്തരുടെയും ആത്മാവിലേക്ക് തുളച്ചുകയറി. അവരുടെ നോട്ടവും അവളുടെ നീലമിഴികളെ പിന്തുടര്‍ന്ന് വാതിലില്‍ ഉടക്കി. ഗാനത്തോടൊപ്പം സദസ്സില്‍ നിന്നും ഗദ്ഗദങ്ങളും ഉയര്‍ന്നു. മുന്നിലുള്ള ഒഴിഞ്ഞ കസേരയില്‍ അവള്‍ ഇപ്പോള്‍ വിഷ്ണുവിനെ കാണുന്നുണ്ടായിരുന്നു. അവള്‍ ആ വരികള്‍ എങ്ങനെ പാടി മുഴുമിക്കും എന്ന് ഓര്‍ത്ത്‌ സൈനബയും കൂട്ടുകാരികളും നിറകണ്ണുകളോടെ അത് ശ്രദ്ധിച്ചു,

"അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും

ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം

നിന്നിലലിയുന്നതേ നിത്യസത്യം..."

അവളത് പാടി തീര്‍ത്തു. നിറഞ്ഞ സദസ്സിനു മുന്‍പേ, ഒരു വര്‍ഷം മുന്‍പ്, തന്‍റെ ഭര്‍ത്താവ് പ്രഖ്യാപിച്ചത് അവള്‍ പാലിച്ചു. അവള്‍ വിഷ്ണുവിനു വേണ്ടി പാടി. വിഷ്ണുവിനു വേണ്ടി മാത്രം. ആത്മാവിന്‍ ആഴങ്ങളില്‍ ഉരുകി, വീണുപൊലിയാന്‍ വേണ്ടി മാത്രം. അവനില്‍ അലിയുമ്പോഴാണ് സ്വര്‍ഗം എന്ന നിത്യസത്യം മനസ്സിലാക്കി അവള്‍ അവിടെ നിന്നിറങ്ങുമ്പോള്‍, കൈയ്യടിക്കനാവാതെ നിറഞ്ഞ സദസ്സ് എഴുന്നേറ്റുനിന്നു.

***** ഴ *****

ഇന്ന് പഴെയൊരു സുഹൃത്ത് കാണാന്‍ വന്നു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവനൊരു പൂതി, അടുത്തുള്ള പുഴക്കരയില്‍ പോയി ചൂണ്ടയിടാം എന്ന്. അത് കേട്ടതേ എനിക്ക് കലിവന്നു. ചൂണ്ട ഇടാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവന്‍ പറഞ്ഞ ശൈലിയാണ് പ്രശ്നം. 

"ബാ റാ .. ഞമ്മക്ക് പൊയേന്‍റെ ആട പൂവാ" അവന്‍ പുഴക്കടവില്‍ പോകാന്‍ വേണ്ടി ക്ഷണിച്ചതാണ്, തനി കാസര്‍ഗോഡന്‍ ഭാഷയില്‍ . ഇത് ഞാന്‍ സഹിച്ചു, പക്ഷെ അതിനു ശേഷം അവന്‍ പറഞ്ഞത്,
"നല്ല ജോറായിറ്റ് മയ പെയ്തില്ലേ, പൊയേന്‍റെ അറ്റത്ത് തന്നെ കൊറെ മുയുണ്ടാവും.." ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി.

"നീ എന്നെ പിന്നേം ബാസ പഠിപ്പിക്കാന്‍ നോക്ക്വാ .."

"അറിയാത്തത് പഠിപ്പിക്കുക തന്നെ വേണം" ഞാന്‍ തുടര്‍ന്നു, "ഈയടുത്ത് നമ്മുടെ ഭാഷയ്ക്ക് കിട്ടിയ അംഗീകാരം എന്താണ് എന്ന് നിനക്ക് അറിയുമോ"

"എന്ത്ന്ന്.. നോവല്‍ പ്രൈസ് കിട്ടിയാ" ഓന്‍ ചോയ്ച്ചു .. ഛെ .. അവന്‍ ചോദിച്ചു.

"നോവലല്ല, നോബല്‍ .. നോബല്‍ പ്രൈസ്.." ഞാന്‍ കലുഷിതമായി നോക്കിക്കൊണ്ട് പറഞ്ഞു.

"ഐവാ .. ആരിക്കാ കിട്ട്യത് .."
"അന്‍റെ ബാപ്പാക്ക് .. മുണ്ടാണ്ടിരിക്കെടോ .. അത് നോവല്‍ അല്ല നോബല്‍ ആണെന്നാണ് ഞാന്‍ പറഞ്ഞത് .. ഇങ്ങനെയും ഒരു വിവരദോഷി .." എന്‍റെ സകല കണ്ട്രോളും പോയി ...

"ഡാ പൊട്ടാ .. ഞാന്‍ ഈ എഴുതുന്നത് നീ മനസ്സില്‍ ഒന്ന് വായിച്ചേ.." ഞാന്‍ ലാപ്ടോപ്പില്‍ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" എന്ന് എഴുതി.

"ബായിച്ച്" ..

"എന്താ.. വായിച്ചത് ഒന്ന് പറഞ്ഞേ.."

"മയ്യയ്പൊയേടെ തീരങ്ങളില്‍.." അവന്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

"ഫ .. തെണ്ടി .. നിന്നെ ഡ്രില്ല് മാഷാണോ മലയാളം പഠിപ്പിച്ചേ.." ഞാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റത് കണ്ടതേ അവന്‍ മുന്നിലുള്ള പ്ലാസ്റ്റിക് കസേരയില്‍ പിടിയുറപ്പിച്ചു. ഞാനൊന്ന് മുന്നോട്ട് നീങ്ങിയാല്‍ അതെന്‍റെ തലയിലേക്ക് ഏറിയും, അവനെ എനിക്ക് അറിയാമല്ലോ. ഞാന്‍ വീണ്ടും അവിടെ തന്നെ ചന്തിയുറപ്പിച്ചു.

"എടാ അത് മയ്യയ്പൊയ അല്ല .. മയ്യഴിപ്പുഴ .. ഒന്ന് പറഞ്ഞേ .. മയ്യഴീ പുഴ..." അവന്‍ എന്‍റെ ചുണ്ടനക്കം ശ്രദ്ധിച്ചു നോക്കി, എന്നിട്ട് പറഞ്ഞു,

"മ .. മ .. മ.. മയ്യളിപ്പൊയ.." അവന്‍ വീണ്ടും കസേരയില്‍ പിടിയുറപ്പിച്ചു.

അപ്പോഴാണ്‌ ഞാന്‍ അവനോട് ആ സംഭവങ്ങള്‍ പറഞ്ഞത്. ഇളയരാജയുടെ അനുഭവവും എ ആര്‍ റഹ്മാന്‍ന്‍റെ ഒരു ഗാനത്തിന്‍റെ വരികളും.

ഒരിക്കല്‍ ഇളയരാജയോട് പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, "താങ്കള്‍ ഇസൈജ്ഞാനി ആണല്ലോ, അത് കൊണ്ടൊരു സംശയം ചോദിക്കട്ടെ... എന്തുകൊണ്ടാണ് യേശുദാസ്‌, ചിത്ര, ഉണ്ണിമേനോന്‍ തുടങ്ങിയ മലയാളി ഗായകര്‍ ഇവിടെ ഇത്രയ്ക്കും ജനപ്രീതി പിടിച്ചുപറ്റാന്‍ കാരണം?? തമിഴ് ഗായകരെക്കാളും പ്രശസ്തരാണല്ലോ അവര്‍ ഇവിടെ.."

ഇസൈജ്ഞാനി പുഞ്ചിരിച്ചു. ഇതുവരെ ആരും ചോദിക്കത്തൊരു ചോദ്യം.. അയാള്‍ ആ പത്രപ്രവര്‍ത്തകനെ അനുമോദിച്ചു കൊണ്ട് പറഞ്ഞു, "മലയാളികളുടെ 'അക്ഷരസ്ഫുടത' .. അത് തന്നെ കാരണം."

ഉത്തരം വ്യക്തമായില്ല എന്ന് മനസ്സിലാക്കിയ ഇളയരാജ വീണ്ടും തുടര്‍ന്നു, "നമ്മുടെ നാട് തമിഴ്‌നാടാണ്.. പക്ഷെ, തൊണ്ണൂറ്റൊന്‍പത് ശതമാനം തമിഴന്മാരും ഇന്നേവരെ അങ്ങനെ പറഞ്ഞു കാണില്ല, അവര്‍ "തമിള്‍നാട്" എന്നാണു പറയുക.. അവിടെയാണ് ഈ മലയാളി ഗായകര്‍ ഈ നാട്ടുകാരുടെ മനസ്സില്‍ കയറിക്കൂടിയത്.."

"എങ്ങനെ.." പത്രപ്രവര്‍ത്തകന്‍ വിജ്രുംഭിതനായി.

"ഴ എന്ന അക്ഷരത്തെ 'ള' എന്ന് വിളിചിരുന്നവര്‍ക്ക് 'ഴ' എന്ന് മറ്റുള്ളവര്‍ പറയുമ്പോഴുള്ള ഒരു ആരാധന.. കാരണം തമി'ഴ്' എന്തൊക്കെയായാലും തമിഴ് തന്നെയാണല്ലോ.. ഇവിടെയുള്ളവര്‍ പറയുന്നതുപോലെ തമി'ള'ല്ലല്ലോ".

ഞാന്‍ എന്‍റെ കളിക്കൂട്ടുകാരനെ നോക്കി. അവന്‍ വായും പൊളിച്ചിരുന്ന് എല്ലാം കേള്‍ക്കുന്നുണ്ട്.. സമയം പാഴാക്കാതെ ഞാന്‍ അടുത്ത തുരുപ്പ് ഇറക്കി.

"നീ 'പുതിയ മുഖം' എന്ന സിനിമയിലെ പാട്ട് കേട്ടിട്ടുണ്ടോ.."

"പിന്നെ .. ആ ചെക്കന്‍ മൈക്കിലൂടെ സ്റ്റേജില്‍ പാടുന്നതല്ലേ.." അവന്‍ ഉയര്‍ത്തെഴുന്നേറ്റു.

"അന്‍റെ ബാപ്പ .." ഞാന്‍ വീണ്ടും കണ്ട്രോള്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു. "അതല്ല മുത്തേ .. എ ആര്‍ റഹ്മാന്‍ന്‍റെ ഹിറ്റ്‌ സോംഗ്.. കേട്ടിട്ടില്ലേ നീ .."

"ഏത്.." ബ്ലിങ്കസ്യയായി അവന്‍ ചോദിച്ചു.

"കണ്ണുക്ക് മയ്യഴക്, കവിതയ്ക്ക് പൊയ്യഴക്,
കണ്ണത്തില്‍ കുഴിയഴക്, കാര്‍ക്കൂന്തല്‍ പെണ്ണഴക് ..." ഞാന്‍ പാടി കൊടുത്തുകൊണ്ട് യൂ റ്റ്യൂബില്‍ നിന്നും അത് പ്ലേ ചെയ്യാന്‍ തുടങ്ങി..

"ഐവാ .. അടിപൊളി പാട്ടല്ലേ.." അവന്‍റെ കണ്ണുകള്‍ തിളങ്ങി.

"ഇതില്‍ ഒരു വരിയുണ്ട്.. വൈരമുത്തു എഴുതിയ ഒരു സൂപ്പര്‍ വരി.." ഞാന്‍ പാട്ട് ഫോര്‍വേഡ് ചെയ്തു കൊണ്ട് പറഞ്ഞു.

"എതപ്പാ അത് .." അവന്‍ സ്ക്രോള്‍ ബാറില്‍ സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.. സ്ക്രോള്‍ ബാര്‍ 2:55 ല്‍ നിന്നു. ആ വരി ഇതായിരുന്നു.

"തമിഴുക്ക് 'ഴ' അഴക്‌"

ഞാന്‍ അധികാരത്തോടെ അവനെ നോക്കി, അപ്പോഴാണ് പുറത്തു ശക്തമായി മഴ പെയ്യാന്‍ തുടങ്ങിയത് ..

" ശ്ശൊ .. പിന്നേം മയ .. എനി പൊയേലും പോവാന്‍ പറ്റൂല്ല .. മുയൂനേം പുടിക്കാന്‍ കയ്യൂല്ല.."

അങ്ങനെ ഞാന്‍ എന്‍റെ ഉദ്യമം അവസാനിപ്പിച്ചുക്കൊണ്ട് അവനോടു പറഞ്ഞു,

"നായിന്‍റെ ബാല് എത്ര കൊല്ലം കൊയലില്‍ ഇട്ടാലും നേരെയാവൂല്ല .. നീ ഒറ്റക്ക് മയേല്‍ പൊയേ പോയിറ്റ് മുയൂനേം പിടിച്ചിറ്റ് ബാ.."

Sunday, June 22, 2014

ഒരു മാലാഖയുടെ കഥ

ജാന്‍സി ആത്മഹത്യ ചെയ്തിരിക്കുന്നു. വിവരമറിഞ്ഞ നാട്ടുകാരെല്ലാം 'തോട്ടക്കാരന്‍ വീട്ടിലേക്ക്' ഓടി. കോരിച്ചൊരിയുന്ന മഴയില്‍ കുടയെടുക്കാന്‍ വിട്ടുപോയവര്‍ 'മാലാഖ'യുടെ പറമ്പില്‍ നിന്ന് ചേമ്പിലയും വാഴിയിലയും പൊട്ടിച്ചെടുത്തു. മാലാഖയുടെ വീടിനു മുന്‍പിലും ആള്‍ക്കാര്‍ തിങ്ങിക്കൂടി. എല്ലാവരും തോട്ടക്കാരന്‍ വീട്ടില്‍നിന്നും ജാന്‍സിയുടെ ശവശരീരം കണ്ടു മടങ്ങി വന്നവര്‍.

"പുറത്തേക്കിറങ്ങി വാടാ നായേ.." ഒരാളല്ല, പലയാളുകള്‍ ഒരേ സമയം അടച്ചിട്ട വാതിലിനു നേരെ നോക്കി ആക്രോശിച്ചു. പക്ഷെ, ആരും വാതിലിനടുത്തേക്ക് പോകാനോ, പൂമുഖത്തേക്ക് കയറിചെല്ലാനോ ധൈര്യം കാണിച്ചില്ല. മാലാഖ ഇന്നേവരെ ആരെയും അപായപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്നവന്‍ അതിനു മുതിരും എന്ന് എല്ലാവരും ഭയപ്പെട്ടു.

"ആ തള്ളയെ പിടിച്ച് പുറത്തിറക്ക് ... എവിടെ ഒളിച്ചിരുപ്പുണ്ടേലും അവന്‍ താനേ ഇറങ്ങി വന്നോളും.." പിന്നില്‍ നിന്ന് ആരോ വിളിച്ചുകൂവി. പക്ഷെ ആര് കയറിച്ചെല്ലും. ആളുകള്‍ അക്രമാസക്തരായി. കല്ലെന്നു വേണ്ട കൈയ്യില്‍ കിട്ടിയതെല്ലാം വീടിനു നേരെ വലിച്ചെറിയാന്‍ തുടങ്ങി. ഒരു ഉരുളന്‍കല്ല് നേരെ ചെന്നു പതിച്ചത് ചുമരില്‍ തൂക്കിയിട്ട ആ ഫോട്ടോയില്‍ ആയിരുന്നു. അത് താഴെ താഴെ വീണു പൊട്ടിച്ചിതറി.

"ഹും.. അവന്‍റെയൊരു അവാര്‍ഡും കോപ്പും.." കലി സഹിക്കാനാവാതെ പ്രായം ചെന്ന ഒരാള്‍ ആ ഫോട്ടോയിലേക്ക്‌ വീണ്ടും ഒരു കല്ലെടുത്തെറിഞ്ഞു. പൊട്ടിയ ചില്ലുകള്‍ വീണ്ടും ശബ്ദം ഉണ്ടാക്കി, ഒന്നുരണ്ടു കഷ്ണങ്ങള്‍ ഉയര്‍ന്നുപൊങ്ങി നിലത്തേക്ക് തന്നെ വീണു.

ഗബ്രിയേലിനെ എല്ലാവര്‍ക്കും ജീവനായിരുന്നു, നാട്ടുകാരുടെ പൊന്നോമന ആയിരുന്നു എന്നുതന്നെ പറയാം. ഹൃദയം കൊണ്ടായിരുന്നു അവര്‍ അവനെ "മാലാഖ" എന്ന് വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാന്‍ അവര്‍ക്ക് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അവന്‍ വളരെ ശുദ്ധനായിരുന്നു. രണ്ടാമത്തേതായിരുന്നു യഥാര്‍ത്ഥത്തില്‍ അവനു ആ പേര് വീഴാന്‍ കാരണം. ജാന്‍സിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അവന്‍ ആണെങ്കിലും ആര്‍ക്കും ഈ രണ്ടാമത്തെ കാരണം മറക്കാന്‍ പറ്റില്ല. അത്രയ്ക്കും കടപ്പെട്ടിരിന്നു നാട്ടുകാര്‍ അവനോട്.

ആരും പ്രതീക്ഷിക്കാതെയാണ് അന്ന് ആ മഴ പെയ്തത്. അല്ലേലും മാര്‍ച്ച്‌ മാസത്തില്‍ സാധാരണയായി മഴ പെയ്യാറില്ലല്ലോ. പക്ഷെ അന്ന് ആ മഴ പെയ്തു. കൊല്ലപരീക്ഷയുടെ അവസാന ദിവസം. കടവ് കടന്നിട്ടാണ് കുട്ടികള്‍ അക്കരേയുള്ള സ്കൂളില്‍ പോയിവന്നിരുന്നത്. വഞ്ചിക്കാരന്‍ പത്രോസ് ചേട്ടന്‍ കുട്ടികളെയും മറ്റു യാത്രക്കാരെയും കൂട്ടി ഇക്കരേയ്ക്ക് വരുമ്പോഴാണ് ആകാശം ആകെ ഇരുണ്ടു ഘനീഭവിച്ചതും അപ്രതീക്ഷിതമായി മഴ ശരവര്‍ഷങ്ങളായി പെയ്യാന്‍ തുടങ്ങിയതും. ശക്തമായ കാറ്റില്‍ വഞ്ചി ആടിയുലയാന്‍ തുടങ്ങി.

പത്രോസ്ചേട്ടന്‍ എല്ലാവരോടും പേടിക്കാതെ മുറുക്കെ പിടിച്ചിരിക്കാന്‍ പറഞ്ഞു. മൊത്തം ഒന്‍പതു യാത്രക്കാരുമായി ആ വഞ്ചി ആടിയുലഞ്ഞു നീങ്ങി. എല്ലാവരും മുറുക്കെ തന്നെ പിടിച്ചിരുന്നു. വഞ്ചി ദിശ മാറിപോകുന്നത് കണ്ടപ്പോള്‍ മാലാഖയും ഒരു തുഴ എടുത്ത് പത്രോസ്ചേട്ടന്‍റെ സഹായത്തിനെത്തി. അങ്ങിനെ രണ്ടുപേരും കൂടെ ആഞ്ഞുതുഴഞ്ഞ് എങ്ങനെയോ മുക്കാല്‍ ദൂരം താണ്ടി.

പക്ഷെ അപ്പോഴാണ്‌ അങ്ങു ദൂരെനിന്നു ശക്തമായ കലക്കവെള്ളത്തില്‍ തെങ്ങും മാടും ഒലിച്ചു വരുന്നത് കണ്ടത്. പത്രോസ് ചേട്ടന്‍ വീണ്ടും പറഞ്ഞു, "ഒന്നു കൊണ്ടും പേടിക്കണ്ട... അത് ഇവിടെ എത്തുമ്പോഴേക്കും നമ്മള്‍ കര പിടിച്ചിരിക്കും... മുറുക്കെ പിടിച്ചിരുന്നോ.."

പരിഭ്രാന്തരായ എല്ലാവരും അത് ദൈവവാക്യം പോലെ വിശ്വസിച്ചു. അറുപത്തിരണ്ടുകാരിയായ മറിയചേടത്തി തന്‍റെ രണ്ടു പേരകുട്ടികള്‍, ജോണിയെയും മിനിമോളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് "നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി, കര്‍ത്താവ്‌ നിന്നോടു കൂടെ .." എന്ന് അലമുറയിട്ടു ജപിച്ചുകൊണ്ടിരുന്നു. വഞ്ചി കരയ്ക്കടുത്തു. ഓരോരുത്തരായി ഇറങ്ങി. ഇനി മറിയചേടത്തിയും പിള്ളേരും മാലാഖയും മാത്രമേ ഇറങ്ങാനുള്ളൂ.

പക്ഷെ, അപ്പോഴാണ്‌ അത് സംഭവിച്ചത്, ദിശ മാറി ഒഴുകിവന്ന ഒരു എരുമ വഞ്ചിയില്‍ വന്നിടിച്ചു. ഗബ്രിയേല്‍ ഒഴികെ എല്ലാവരും വെള്ളത്തിലേക്ക് വീണു. ചേടത്തിക്ക് എങ്ങനെയോ വഞ്ചിയില്‍ തന്നെ പിടുത്തം കിട്ടി, പക്ഷെ കുട്ടികളെ കാണാനില്ല. കരയില്‍ കയറിയ ചേടത്തി നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി, "മിനിമോളെ ... ജോണീ..". ചുറ്റും കൂടിയ നാട്ടുകാരും അലമുറയിടാന്‍ തുടങ്ങി.

അപ്പോഴാണ്‌ ആരോ പറഞ്ഞത്, "കൂടെയുണ്ടായിരുന്ന ഗബ്രിയേലിനെയും കാണുന്നില്ലല്ലോ..". വിളറി പിടിച്ച ജനസമൂഹം ഒഴുക്കിന്‍റെ ദിശയില്‍ കരയിലൂടെ ഓടി. മലവെള്ളപ്പാച്ചിലില്‍ പുഴ കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു. ഗബ്രിയേലിന്‍റെയും കുട്ടികളുടെയും ഒരു തുമ്പുപോലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും കുറച്ചു ദൂരം കൂടി ഓടി. അപ്പോള്‍ കണ്ട കാഴ്ച്ച അവര്‍ക്ക് വിശ്വസിക്കുവനായില്ല.

രണ്ടു പിള്ളേരെയും എരുമയെയും കൂട്ടി ഗബ്രിയേല്‍ ഒരു തടി കഷ്ണത്തില്‍ അള്ളിപ്പിടിച്ച് കരയിലേക്ക് നീന്തി അടുക്കുന്നു. കൂടിയിരിക്കുന്നവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. അവര്‍ ഒരു വലിയ കയര്‍ തെങ്ങില്‍ കെട്ടി ഗബ്രിയേലിനു നേരെ എറിഞ്ഞു. അവന്‍ അത് എത്തിപ്പിടിച്ചു തടികഷ്ണത്തില്‍ കെട്ടി. നാട്ടുകാര്‍ അത് പിടിച്ചുവലിച്ചു അവരെ കരയ്ക്കടുപ്പിച്ചു. മൂന്നു മനുഷ്യരെ മണ്ണില്‍ കിടത്തി, മിണ്ടാപ്രാണിയെ ഒരു തെങ്ങിലും കെട്ടിയിട്ടു.

ഗബ്രിയേല്‍ അവശാനിയുരുന്നെങ്കിലും ബോധം ഉണ്ടായിരുന്നു. പക്ഷെ കുട്ടികള്‍ക്ക് അനക്കമില്ല. എന്തു ചെയ്യണം എന്നറിയാതെ ആള്‍ക്കാര്‍ വീണ്ടും പരിഭ്രാന്തരായി. മറിയചേടത്തി വീണ്ടും നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി, കൂടെ മറ്റു സ്ത്രീകളും. ഗബ്രിയേല്‍ പയ്യെ എഴുന്നേറ്റു. കുട്ടികളുടെ കാലിനടുത്തു പോയി ഇരുന്നു. മിനിമോളുടെ ഉള്ളംകാലില്‍ സ്വന്തം കൈപ്പത്തി കൊണ്ട് ശക്തമായി ഉരച്ചു.

"ഇങ്ങനെ ചെയ്‌താല്‍ മതി... കുഴപ്പമൊന്നുമില്ല... കൊച്ചു കുട്ടികള്‍ ആയതു കൊണ്ട് പേടിച്ചു പോയതാ.. ചോര ഒന്ന് ചൂടായാല്‍ എല്ലാം ശരിയാകും.. പേടിക്കനോന്നുമില്ലാന്നേ..."
ഇത്രയും പറഞ്ഞു കൊണ്ട് ഗബ്രിയേല്‍ ആ എരുമയെയും കൂട്ടി വീട്ടിലേക്ക് നടന്നു.

പിറ്റേ ദിവസം രാവിലെ എട്ടു മണിയാകുമ്പോള്‍ തന്നെ നാട്ടിലെ പ്രമാണി തോട്ടക്കാരന്‍ പൌലോസ് അടക്കം കരക്കാര്‍ മുഴുവനും ഗബ്രിയെലിന്‍റെ വീട്ടിലെത്തി. ഗബ്രിയേല്‍ എരുമയ്ക്ക് പുല്ലിട്ടു കൊടുക്കുകയായിരുന്നു. മാറിയചേടത്തിക്കും മകന്‍ പൗലോസിനും ഗബ്രിയെലിന്‍റെ അമ്മച്ചി അന്നമ്മചേടത്തി കസേരയിട്ടു കൊടുത്തു. കുറച്ചു പേര്‍ ബെഞ്ചിലും മരം കൊണ്ടുള്ള 'ഇരുത്തി'യിലും ഇരുന്നു. ബാക്കിയുള്ളവര്‍ മുറ്റത്തു തന്നെ നിന്നു.

"അയ്യോ .. പാലൊന്നുമില്ലല്ലോ മറിയചേടത്തി .. കട്ടന്‍ എടുക്കട്ടെ.." അന്നമ്മചേടത്തി മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖത്തെ കരി മായ്ച്ചു കൊണ്ട് പറഞ്ഞു.

"അതൊന്നും വേണ്ട എന്‍റെ ചേടത്തീ .. ഞങ്ങളൊരു കാര്യം അറിയിക്കാനാണ് വന്നത്." എരുമയെ മാറ്റിക്കെട്ടി, ആള്‍ക്കാരുടെ ഇടയില്‍ ഒളിച്ചു നില്‍ക്കുന്ന, ഗബ്രിയേലിനെ കൈനീട്ടി അടുത്തുവിളിച്ചു കൊണ്ടു തോട്ടക്കാരന്‍ പൌലോസ് പറഞ്ഞു.

"എന്തു കാര്യം.." മറിയചേടത്തി പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു. നാട്ടുകാര്‍ ഇന്നലെ പള്ളീല്‍ സഭ കൂടി തന്‍റെ മകന് വേണ്ടി എന്തോ പാരിതോഷികം കൊടുക്കാന്‍ ഉറപ്പിച്ചത് അപ്പുറത്തെ കാര്‍ത്യായനി പറഞ്ഞിട്ട് അവര്‍ക്ക് ചെറിയൊരു ഊഹം ഉണ്ടായിരുന്നു.

"അതേയ് .. ഞങ്ങളൊക്കെ അങ്ങ് തീരുമാനിച്ചു .. പള്ളീം പിന്നെ പിള്ളാരുടെ ക്ലബും കൂടി ചേര്‍ന്ന് നിങ്ങടെ മോന് ഒരു സമ്മാനം കൊടുക്കണം എന്ന്.. നാളെ വൈകിട്ട് വായനശാലയുടെ മുന്നില്‍ വെച്ച്." തോട്ടക്കാരന്‍ വിളംബരം നടത്തി.

അന്നാമ്മ ചേടത്തിയുടെ കണ്ണു നിറഞ്ഞു. അവര്‍ ഗബ്രിയേലിനെ ചേര്‍ത്തു പിടിച്ചു. "അപ്പനില്ലാതെ വളര്‍ന്നവനാ .. പിന്നെ ഇവന്‍റെ അസുഖത്തെ കുറിച്ചും നിങ്ങള്‍ക്കറിയാമല്ലോ .. എന്നിട്ടും നിങ്ങളുടെ ഈ സ്നേഹം കാണും...." ബാക്കി പറയാന്‍ അവര്‍ക്കായില്ല, മനസ്സ് വിതുമ്പി കണ്ണുകളിലൂടെ ഒഴുകിയൊലിച്ചു.

"എന്‍റെ പൊന്നുമക്കളേ രക്ഷിച്ചവനാ നിങ്ങളുടെ ഈ മകന്‍.. എന്ത് അസുഖം ഒണ്ടേലും തമ്പുരാന്‍ ശരിയാക്കും.." തോട്ടക്കാരനും കണ്ണുനീര്‍ അടക്കനായില്ല. അയാള്‍ ഗബ്രിയേലിനെ വാരിപ്പുണര്‍ന്നു. നാട്ടുകാരും പരസ്പരം കൈകോര്‍ത്ത് അവരുടെ സന്തോഷവും സങ്കടവും ഹൃദയത്തില്‍ നിന്നും ഒഴുക്കിവിട്ടു.

മറിയചേടത്തി അന്നാമ്മ ചേടത്തിയുടെ കൈ നെഞ്ചോട് ചേര്‍ത്തു വെച്ചു. അവരും വിതുമ്പുന്നുണ്ടായിരുന്നു, "എന്‍റെ കണ്ണിന്‍റെ മുന്‍പില്‍ നിന്നും ഒലിച്ചുപോയ എന്‍റെ കുട്ടികളെ ജീവന്‍ പണയം വെച്ചു രക്ഷിച്ചവനല്ലേ.. ഈ മാലാഖയെ ദൈവം കൈ വിടുമോ.." എന്നിട്ട് അവര്‍ മടിക്കുത്തില്‍ നിന്നൊരു കൊന്ത എടുത്ത് ഗബ്രിയേലിന്‍റെ കഴുത്തില്‍ ഇട്ടുകൊടുത്തു. വത്തിക്കാനില്‍ നിന്നും ആങ്ങള കൊടുത്തയച്ച കൊന്തയായിരുന്നു അത്.

"കര്‍ത്താവിനു ഏറ്റവും ഇഷ്ടപ്പെട്ട മാലാഖയുടെ പേര് എന്താണെന്നറിയാമോ" മറിയചേടത്തി ചോദിച്ചു. ഗബ്രിയേലിന്‍റെ മാതാവ് അന്നാമ്മ ചേടത്തി പുഞ്ചിരിച്ചു.
"ഗബ്രിയേല്‍ ... വേദപാഠ ക്ലാസ്സില്‍ പഠിച്ചിരുന്നു" ഗബ്രിയേല്‍ പറഞ്ഞു.

"അതെ മോനെ.. നിനക്ക് ആ പേരിടാന്‍ കര്‍ത്താവ്‌ തോന്നിപ്പിച്ചതാ ഇവരെ .. നീ മാലാഖയാണ് .. കര്‍ത്താവിന്‍റെ കൈയ്യൊപ്പ് ഹൃദയത്തില്‍ വാങ്ങിച്ച മാലാഖ .. എന്‍റെ പൊന്നുമക്കളേ ഞങ്ങള്‍ക്ക് തിരിച്ചു തന്ന ഗബ്രിയേല്‍ മാലാഖ".

"പിന്നെ .. ഈ പൌരസ്വീകരണം അല്ലാതെ മറ്റൊരു കാര്യം കൂടി ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.." ബെഞ്ചില്‍ ഇരിക്കുന്ന ഒരാള്‍ ആവേശത്തോടെ പറഞ്ഞു. "ഒന്ന് പറഞ്ഞു കൊടുക്കൂ എന്‍റെ പൌലോച്ചാ.."

"ങ്ങാ .. അതു പറയാന്‍ വിട്ടുപോയി.." തോട്ടക്കാരന്‍ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്തു കൊണ്ട് പറഞ്ഞു. "ഇത് ഞങ്ങള്‍ കളക്ടര്‍ക്ക് കൊടുക്കാന്‍ പോകുന്ന നിവേദനമാണ്. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് ഒരു ശുപാര്‍ശ."

"ഓ .. അതിപ്പോ കിട്ടിയില്ലേല്ലും സാരമില്ല .. നമ്മുടെ ഹീറോ ഈ "മാലാഖ" തന്നെയാണ്. മുറ്റത്തു നിന്ന ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു. എല്ലാവരും ആവേശത്തോടെ കൈയ്യടിച്ചു.

അങ്ങനെയാണ് പതിനഴാം വയസ്സു മുതല്‍ ഗബ്രിയേല്‍ നാട്ടുകാരുടെ മാലാഖയായി മാറിയത്. രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നു കിട്ടിയ ധീരതയ്ക്കുള്ള പുരസ്കാരവും അത് ഏറ്റുവാങ്ങുന്ന ഫോട്ടോയും പൂമുഖത്തെ ചുവരില്‍ തൂക്കിയിട്ടു. തോട്ടക്കരന്‍റെ വീട്ടില്‍ അവനു ഏതു സമയത്തു വേണമെങ്കിലും പോയി വരാമായിരുന്നു. അതു തന്നെയായിരുന്നു ജാന്‍സിയുടെ ആത്മഹത്യയുടെ കാരണവും.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഗബ്രിയേലിനു ആദ്യമായിട്ട് ആ രോഗലക്ഷണം കണ്ടു തുടങ്ങിയത്. അന്നൊരു ദിവസം സ്കൂള്‍ വിട്ടു വന്നതിനു ശേഷം മുറ്റത്തെ കുലച്ച വാഴകളും വാഴക്കന്നുകളും തെങ്ങില്‍ പടര്‍ന്നുപിടിച്ച കുരുമുളകും അവന്‍ ഏതോ ഒരു ബാധ കയറിയതുപോലെ വെട്ടി നികത്തി. അപ്പച്ചന്‍ മരിച്ചിട്ട് രണ്ടു മാസം ആയതേയുള്ളൂ. തടുക്കാന്‍ വന്ന അന്നാമ്മ ചേടത്തിയെ അവന്‍ കൈയ്യിലുള്ള അരിവാള്‍ വീശി ഭീതിപ്പെടുത്തി. പിന്നെ എപ്പോഴോ അവന്‍ തളര്‍ന്നുവീണു. അഭ്യുദയകാംക്ഷികളായ അയല്‍പ്പക്കക്കാര്‍ അവനെ ആശുപത്രിയില്‍ കൊണ്ടു പോയി. അന്നുമുതല്‍ തുടങ്ങിയ അന്നാമ്മ ചേടത്തിയുടെ കണ്ണീരിന്‍റെ കഥയ്ക്ക് ഒരു വിരാമം വന്നത് അവന്‍ മാലാഖയായി പ്രഖ്യാപിക്കപ്പെട്ട അന്നാണ്.

പക്ഷെ, ഇന്നിപ്പോള്‍ അവനെ തോളിലേറ്റി നടന്ന നാട്ടുക്കാര്‍ ഇന്നവന്‍റെ ജീവനുവേണ്ടി മുറവിളി കൂട്ടുന്നു. കാരണം, ജാന്‍സിയെ കൊലയ്ക്ക് കൊടുത്തത് ഗബ്രിയേലാണ്, നാട്ടുകാരുടെ മാലാഖ, അതും ജാന്‍സിയുടെ വല്യമ്മച്ചി മറിയചേടത്തി പേരിട്ടു വിളിച്ച മാലാഖ.

രണ്ടു മാസം മുന്‍പാണ് ജാന്‍സിയുടെ കല്യാണം ഉറപ്പിച്ചത്. തോട്ടക്കാരന്‍ പൌലോസിന്‍റെ മൂന്നു മക്കളില്‍ മൂത്തവള്‍. ഇടവക വികാരിയുടെ മൂത്ത പെങ്ങളുടെ ഒരേയൊരു മകന്‍ ആയിരുന്നു പയ്യന്‍. പക്ഷെ ആ കല്യാണം മുടങ്ങി. അതിനു കാരണക്കാരന്‍ നാട്ടുകാരുടെ മാലാഖയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വെറുതെ പറയുന്നതല്ല. അത് സത്യമാണ്.

തന്‍റെ സഹോദരങ്ങളെ രക്ഷിച്ച വീരനയകനോട് തോന്നുന്ന ആരാധന കൗമാരക്കാരിയായ ജാന്‍സിയുടെ ഉള്ളില്‍ ഒരു പ്രണയമായി വളര്‍ന്നിരുന്നു. ആരും അറിയാതെ അവള്‍ അത് സൂക്ഷിച്ചു. ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ് ഒരു കോരിച്ചൊരിയുന്ന മഴയില്‍ ഒരു വഴിയിടുക്കില്‍ വെച്ച് അവള്‍ അത് മാലാഖയോട് പറഞ്ഞത്. അവനത് തിരസ്ക്കരിക്കാന്‍ ആയില്ല. അന്നവര്‍ തമ്മില്‍ ആദ്യമായി കെട്ടിപ്പുണര്‍ന്നു, ചുംബിച്ചു, ആദ്യനുരാഗത്തിന്‍റെ നിര്‍വൃതിയറിഞ്ഞു.

"അവന്‍ മാലാഖയല്ല .. ചെകുത്താനാണ്‌ ചെകുത്താന്‍ .." കുര്‍ബാനയ്ക്ക് ശേഷം തോട്ടകാരന്‍ പൌലോസ് വികാരിയച്ചന്‍ പ്രത്യേകം വിളിച്ച സഭായോഗത്തില്‍ കോപം സഹിക്കവയ്യാതെ അലറി.

"നമുക്ക് ഏതായാലും ഈ നിശ്ചയിച്ച കല്യാണം അങ്ങ് നടത്താം.. പൌലോച്ചന്‍ ഒന്ന് അടങ്ങ്‌" നാട്ടിലെ മറ്റൊരു പ്രമാണിയായ ഗീവര്‍ഗീസ് പാലാക്കാടന്‍ പറഞ്ഞു. "അച്ചന് വല്ല വിരോധവും ഉണ്ടോ"

ഇല്ലായെന്ന രീതിയില്‍ വികാരിയച്ചന്‍ കുരിശു വരച്ചു.

"എന്നാ പിന്നെ അങ്ങനെ തന്നെ .. തീരുമാനിച്ചതുപോലെ അടുത്ത ഞായറാഴ്ച്ച മനസമ്മതം .. ഇരുപത്തിയേഴാം തീയതി വിവാഹവും.." പാലാക്കാടന്‍ ഉപസംഹരിച്ചു. എല്ലാവരും വീഞ്ഞും കുടിച്ചു പിരിഞ്ഞു.

പക്ഷെ, അവിടെ നിന്നു പിരിഞ്ഞതിനു ശേഷം പ്രമാണിമാര്‍ എല്ലാവരും ഒത്തുകൂടിയത് ടൌണിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ ആയിരുന്നു. തോട്ടക്കാരനും പാലാക്കാടനുമല്ലാതെ എട്ടു പേര്‍ വേറെയും ഉണ്ടായിരുന്നു.

"എന്നാലും... ഒരു ഭ്രാന്തനെ അല്ലാതെ വേറെയാരെയും കിട്ടിയില്ലേ തന്‍റെ മകള്‍ക്ക് പ്രേമിക്കാന്‍" ഒന്നും മിണ്ടാതിരിക്കുന്ന തോട്ടക്കാരനെ നോക്കി ആ ഹോട്ടലിന്‍റെയും ബാറിന്‍റെയും ഉടമ കൂടിയായ നാരായണന്‍ വക്കീല്‍ ചോദിച്ചു.

"മനസമ്മതത്തിനു മുന്‍പ് എനിക്കവന്‍റെ ശവടക്ക് കാണണം.." തോട്ടക്കാരന്‍ ബോധം വീണ്ടെടുത്തു കൊണ്ട് പറഞ്ഞു.

"കര്‍ത്താവിനു നിരക്കാത്തതൊന്നും പറയല്ലേ എന്‍റെ പൌലോസേ.. നമ്മുടെ കൈയ്യില്‍ ആണോ ഒരാളുടെ..." വികാരിയച്ചന്‍ പറഞ്ഞു മുഴുമിച്ചില്ല, അപ്പോഴേക്കും വക്കീല്‍ വീണ്ടും ഇടപെട്ടു.

"ഇതാ പറഞ്ഞേ.. ഇങ്ങേരെ ഇങ്ങോട്ട് വിളിക്കണ്ട എന്ന്... എന്തിനും ഏതിനും വേദവാക്യവും കൊണ്ടിറങ്ങിക്കോളും.. അച്ചന്‍ ഇത് എന്ത് അറിഞ്ഞിട്ടാ .. അവന്‍ ഇപ്പൊ നിങ്ങടെ കര്‍ത്താവിന്‍റെ മാലാഖയല്ല, ചെകുത്താന്‍റെ മാലാഖയാ .. ചെകുത്താന്‍റെ.."

"അത് ശരിയാണ് അച്ചാ.." പാലാക്കാടന്‍ ഇടപ്പെട്ടു, "കഴിഞ്ഞ മൂന്നു മാസമായി അവന്‍റെ കൂടെ എപ്പോഴും നിറയെ രോമം ഉള്ള ഒരു പൂച്ചയെ കണ്ടിട്ടില്ലേ.. നമ്മുടെ ഈ പോമറേനിയന്‍ പട്ടിയെപോലെ ഒരെണ്ണം..." പാലക്കാടന്‍ ഒഴിച്ചുവെച്ച വിസ്ക്കി ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തുക്കൊണ്ട് തുടര്‍ന്നു, "അവനതിനു ഇട്ടിരിക്കുന്ന പേരെന്താണെന്ന് അറിയുമോ" അച്ചന്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

"ലൂസിഫര്‍.." കൂട്ടത്തിലുള്ള ആരോ വിളിച്ചുകൂവി.

"അതെ.. ലൂസിഫര്‍.. ഇനിയിപ്പോ ലൂസിഫര്‍ എന്താണ് എന്ന് ഞാനായിട്ട് അച്ചന് പറഞ്ഞു തരണോ" പാലാക്കാടന്‍ ഇത് പറയുമ്പോള്‍ മറ്റുള്ളവര്‍ മുഖത്തോടു മുഖം നോക്കി. അച്ചനും തോട്ടക്കാരനും കീഴ്പ്പോട്ടു നോക്കി ഇരുന്നു.

"എന്താ .. എന്താ ഈ ലൂസിഫര്‍" നാരായണന്‍ വക്കീലാണത് ചോദിച്ചത്.

"അച്ചന്‍ തന്നെയങ്ങ് പറഞ്ഞു കൊടുത്തേക്ക്" പലാക്കാടന്‍ നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു.

"ലൂസിഫര്‍ .." അച്ചന്‍ മടിച്ചുകൊണ്ട് പറഞ്ഞു. "ലൂസിഫര്‍ എന്ന് വെച്ചാല്‍ ചെകുത്താന്‍റെ മാലാഖ .. കര്‍ത്താവിന്‍റെ ഗബ്രിയേല്‍ മാലഖയോളം ശക്തിയും കഴിവും ഉള്ളവന്‍"

"അപ്പൊ ആ 'പരമത്തെണ്ടി' എല്ലാം കല്‍പ്പിച്ചുക്കൂട്ടി കൊണ്ടുത്തന്നെയാണ്... അവനെല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്" അച്ചന്‍ ഉള്ളതുകൊണ്ട് വക്കീല്‍ നല്ല തെറി ഉപയോഗിച്ചില്ല.

"നാളെ സൂര്യനുദിക്കുമ്പോള്‍ അവന്‍ ഈ ലോകത്ത് ഉണ്ടാകില്ല.." തോട്ടക്കാരന്‍ പൌലോസ് അവസാനത്തെ പെഗ്ഗും അകത്താക്കി അവിടുന്ന് ഇറങ്ങി.

സഭ പിന്നെയും ഒരു അരമണിക്കൂര്‍ കൂടി തുടര്‍ന്നു. ഇടവകക്കാരെ വരുതിയില്‍ നിര്‍ത്താനുള്ള അടവ് പാലാക്കാടന്‍ വിവരിച്ചു. അതിനു വേണ്ടി എത്ര പണം വേണമെങ്കിലും ഇറക്കാം എന്ന് തോട്ടക്കാരന്‍ പൌലോസ് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. അടുത്ത രണ്ടു ദിവസം കൊണ്ട് അവര്‍ അത് ചെയ്യുകയും ചെയ്തു.

ഗബ്രിയേലിന്‍റെ കൈപ്പടയില്‍ ഒരു ഊമക്കത്ത് അവര്‍ വികാരിയച്ചന് അയച്ചു. ജാന്‍സിയും താനും തമ്മില്‍ മൂന്നു വര്‍ഷമായി തുടര്‍ന്നു പോന്നു വന്ന പ്രേമബന്ധത്തിന്‍റെയും ശാരീരിക ബന്ധത്തിന്‍റെയും വിവരണങ്ങള്‍ ആയിരുന്നു അതില്‍. അത് നാട്ടില്‍ പാട്ടായി. എല്ലാവരും മാലാഖയ്ക്ക് എതിരായി അണിചേര്‍ന്നു. വേദപാഠം പഠിപ്പിക്കുന്ന ജാന്‍സിയെ അപകീര്‍ത്തിപ്പെടുത്താനും കല്യാണം മുടക്കാനും വേണ്ടി മാലാഖ കള്ളക്കഥ മെനെഞ്ഞെടുത്തതാണ് എന്ന് പ്രമാണിമാര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചു.

പക്ഷെ ഈ നാട്ടുകാര്‍ക്കും പ്രമാണിമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു, ആ പ്രണയിനികള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചത്. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ഒരുമിച്ചു മരിക്കാം എന്നുള്ളത്, അതിനായി അവര്‍ കണ്ട മാര്‍ഗം ലൂസിഫര്‍ ആയിരുന്നു. അതിന്‍റെ പോക്കുംവരവും ആര്‍ക്കും തടയാന്‍ കഴിയില്ലല്ലോ. ലൂസിഫറിന്‍റെ കഴുത്തില്‍ ഗബ്രിയേല്‍ 'മാലാഖ' ഒരു കുപ്പി കെട്ടിയിട്ടു, കൂടെ ഒരു കുറിപ്പും,

"ഈ ഭ്രാന്തനോടൊപ്പം ജീവിക്കാന്‍ നിന്‍റെ വീട്ടുകാരും ഈ സമൂഹവും നമ്മളെ അനുവദിക്കില്ല, ഈ കുപ്പിയിലുളളതിന്‍റെ പകുതിയായിരിക്കും ഇന്നത്തെ എന്‍റെ അത്താഴം.. നീ കൂടെ വരും എന്ന് ഉറപ്പുള്ളതിനാല്‍ ഞാനിത് കുടിക്കാന്‍ പോകുന്നു.. കാണാം പ്രിയേ നമുക്ക് മറ്റൊരു ലോകത്ത്.. പ്രണയ നിര്‍വ്വചനങ്ങള്‍ സാത്വികമാകുന്ന അനന്തമണ്ഡലത്തില്‍... നീ വരുമെന്ന പ്രതീക്ഷയുമായി ഞാനിതാ പോകുന്നു.. നിനക്കു മുന്‍പേ പ്രണയവല്ലരികളാല്‍ ഒരു പര്‍ണ്ണകുടീരം തീര്‍ക്കാനായ്‌.."

അന്നാമ്മചേടത്തി വാതില്‍ തുറന്നു.

എല്ലാവരും നിശബ്ദരായി.

നിസ്സംഗഭാവത്തോടെ അവര്‍ ആ പൊട്ടിയ ചില്ലിന്‍റെ മുകളിലൂടെ നടന്നു. തൂണിനോട് ചാരി ഇരുത്തിയില്‍ അവര്‍ ഇരുന്നു. ജനസമൂഹത്തെ ഒന്നു നോക്കുക പോലും ചെയ്തില്ല.

"എവിടെടീ ആ പിശാചിന്‍റെ സന്തതി.." ആരോ ഒരാള്‍ ആക്രോശിച്ചു.

അവര്‍ ആ പാതിവിഷത്തിന്‍റെ ഒഴിഞ്ഞ കുപ്പി മടിക്കുത്തില്‍ നിന്നെടുത്ത് ഇരുത്തിയില്‍ വെച്ചു. രണ്ടു പേര്‍ അകത്തേക്ക് തള്ളിക്കയറി. അവര്‍ മറ്റുള്ളവരെ കൈകാട്ടി വിളിച്ചു. അകത്തു രണ്ടു ശവശരീരങ്ങള്‍; ഗബ്രിയേലും ലൂസിഫറും..... രണ്ടു മാലാഖമാര്‍.