Sunday, May 18, 2014

മുറ്റത്തെ മാവ്

( * തിരുമേനിയും ചെറുപുഴയും കണ്ണൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ പ്രദേശമാണ്.)
---------------------------------------------
ഇന്നലെയായിരുന്നു സണ്ണിയുടെ അമ്മച്ചിയുടെ ആണ്ട്. എല്ലാവരും പിരിഞ്ഞുപോയതിനു ശേഷം, വൈകിട്ട് അപ്പച്ചനോട് വീണ്ടും കാര്യം അവതരിപ്പിച്ചിരുന്നു. എത്ര നാള്‍ ഇങ്ങനെ ഈ ഓണംകേറാമൂലയില്‍ ഒറ്റയ്ക്ക് ജീവിക്കും. 

" ഈ മഴയും നനഞ്ഞോണ്ട് അപ്പച്ചനിത് എന്നാത്തിന്‍റെ കേടാ, വല്ല സൂക്കേടും പിടിച്ചാല്‍ ആരുണ്ട് നോക്കാന്‍. ഈയുള്ളതൊക്കെ വിറ്റുപെറുക്കിയാല്‍, അവിടെ ബാംഗ്ലൂരില്‍ ഓഫീസിനടുത്ത് തന്നെ നല്ലൊരു വില്ല വാങ്ങാം. "

വറീത് തൂമ്പ മാവിലോട്ട് ചാരി വെച്ചു. മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തു.
തലയിലെ തോര്‍ത്തൂരി തോളിലിട്ടു. "പടിഞ്ഞാത്ത് ഫാഷന്‍ ജ്വല്ലറി" എന്നെഴുതിയ വെള്ള കവര്‍ തലയില്‍ നിന്നൂരി, നാലായി മടക്കി അരയില്‍ തിരുകി. എന്നിട്ട് ഒലിച്ചുപോകുന്ന വെള്ളത്തില്‍ കാലുകഴുകി കൊണ്ട് തന്‍റെ ഒറ്റമോന്‍ സണ്ണിയെ ഒന്ന് തറപ്പിച്ചു നോക്കി.

" എടാ കുഞ്ഞോനേ... നീ ദാ ആ മാവ് കണ്ടോ.. നിന്നെക്കാളും പ്രായമുണ്ട് അതിന്. നാല്‍പ്പത് കൊല്ലം മുന്‍പ്, നിന്‍റെ അമ്മച്ചിയെ അവളുടെ തറവാട്ടില്‍ നിന്ന് വിളിച്ചിറക്കി, ഈ ചെറുപുഴയിലോട്ട് കുടിയേറാന്‍ വേണ്ടി വണ്ടി കയറുമ്പോള്‍, അന്നവളുടെ കൈയില്‍ പൊന്നും പണ്ടവുമൊന്നുമല്ല ഒണ്ടായിരുന്നത്. ഒന്നും എടുക്കണ്ടാന്നു ഞാന്‍ തന്നാ പറഞ്ഞത്. അന്നവള്‍ ഒരു വെള്ളത്തുണിയില്‍ ദാ ഇതിനെ പൊതിഞോണ്ടു വരുമ്പോള്‍ വെറും നാല് തളിരിലകള്‍മാത്രമുള്ള ഒരു മാങ്ങാണ്ടിയായിരുന്നു ഇത്."

വറീത് ഉമ്മറത്തു വെച്ച, ചൂടാറിയ കട്ടന്‍കാപ്പി ഒറ്റവലിക്ക് കുടിച്ചു.

"അടിവാരത്ത് ബസ്സിറങ്ങി, കുന്നും മലയും താണ്ടി ഈ മണ്ണില്‍ കാലു കുത്തുമ്പോ, തിരുമേനി* ഏതാ ചെറുപുഴ* എതാന്നൊന്നും അറിയാന്‍ മേലായിരുന്നു. ആകെ അറിയാമായിരുന്നത്, കൈയ്യും മെയ്യും മറന്ന് ചോര നീരാക്കിയാല്‍ ഈ മണ്ണ് ചതിക്കില്ല എന്നായിരുന്നു. അന്ന് മുതല്‍ നിന്‍റെ അമ്മച്ചിയും ഞാനും ഒഴുക്കിയ വിയര്‍പ്പില്‍ നനഞ്ഞ മണ്ണാണിത്. ആ വിയര്‍പ്പിന്റെ ഉറവയാണ് ഇന്നും വറ്റാതെ ഈ കണ്ണെത്താ ദൂരത്തോളമുള്ള ഈ പറമ്പിനെ കുതിര്‍ക്കുന്നത്. അല്ലാതെ നീ കരുതുന്നത് പോലെ ഇന്നലെ പെയ്ത ഈ മഴയല്ല. "

തോര്‍ത്തുമുണ്ട് വീണ്ടും തലയില്‍ കെട്ടി മാര്‍ബിള്‍ കല്ലുകൊണ്ട് തീര്‍ത്ത കല്ലറ ചൂണ്ടി കാണിച്ചുകൊണ്ട് വറീത് പറഞ്ഞു.

" നിന്‍റെ അമ്മച്ചി, എന്‍റെ ത്രേസ്യാമ്മ... അവളെ എന്തിനാ അവിടെ കിടത്തിയിരിക്കുന്നതെന്ന്‍ അറിയാമോ.. അവിടെയായിരുന്നു ഞങ്ങള്‍ ആദ്യായിട്ട് കാട്ടോലയും തടികളും കൂട്ടിക്കെട്ടി ഒരു കൂര കെട്ടിയത്. അന്ന് അവിടെ കിടക്കുമ്പോള്‍ കാണാമായിരുന്നു ഇവന്‍ വളരുന്നത്. ഇവനില്‍ മുളച്ച ഓരോ ചില്ലകളും, അതില്‍ മൊട്ടിട്ട ഓരോ മാമ്പൂവും ഞങ്ങളുടെ നോവിന്‍റെയും കഷ്ടപ്പാടുകളുടെയും അംഗീകാരമായിരുന്നു. ഇവനീ മുറ്റത്ത് പടര്‍ന്നുപന്തലിച്ച് ഒരു കൂറ്റന്‍ മാവായി നില്‍ക്കുന്നത് കൊണ്ടാണ് കണ്ണെത്താ ദൂരത്തോളമുള്ള ഈ തോട്ടവും പറമ്പും ഉണ്ടായത്. എന്‍റെ മോനൊരു എഞ്ചിനീയര്‍ ആയതും അത് കൊണ്ട് തന്നെയാ."

മാങ്ങ സഞ്ചിക്കകത്ത് നിറച്ചു കൊണ്ടിരുന്ന സണ്ണി എന്ത് പറയണം എന്നറിയാതെ അപ്പനെ നോക്കി.

" അതോണ്ട് അപ്പച്ചനെ കുറിച്ച് വേവലാതി പെടാതെ എന്‍റെ മോന്‍ ചെല്ല്. വിശേഷങ്ങള്‍ എന്തേലും ഒണ്ടേല്‍ അപ്പച്ചന്‍ വിളിച്ചറിയിച്ചോളാം. ഇനിയിപ്പോ അപ്പച്ചന് നേരിട്ട് അറിയിക്കാന്‍ പറ്റാത്ത വല്ല വിശേഷവും ഒണ്ടായാല്‍ അയലോക്കക്കാരുണ്ടല്ലോ... അവരറിയിച്ചോളും, മോനേതായാലും ഇപ്പൊ ചെല്ല്... നേരം ഇരുട്ടുന്നതിന്‌ മുന്‍പ് ചുരം ഇറങ്ങാനുള്ളതല്ലേ .. "

വറീത് ബാക്കിയുള്ള സാധനങ്ങളും വണ്ടിയില്‍ കയറ്റി വെച്ചുകൊണ്ട് പറഞ്ഞു

No comments:

Post a Comment