Sunday, May 18, 2014

ബിജു വി തമ്പി ഒരു സഖാവാണ്

ബിജു വി തമ്പി ഒരു സഖാവാണ്. യഥാര്‍ത്ഥ സഖാവ്. ഇത് ഞാന്‍ മനസ്സിലാക്കാന്‍ കുറച്ചു വൈകിപോയി എന്ന സങ്കടമാണ് ഇപ്പോള്‍.
സംഭവം പറയാം.

വര്‍ഗീസ്‌ അച്ചായന് എത്രയും പെട്ടെന്ന് ഏലപ്പാറയില്‍ എത്തണമായിരുന്നു. കട്ടപ്പന മുതല്‍ ഏലപ്പാറ വരെയുള്ള എല്ലാ ഊടുവഴിയുമറിയാമെന്ന് ബിജുവണ്ണന്‍. പിന്നെ അമാന്തിച്ചില്ല. ലക്ഷ്യസ്ഥാനം ലക്ഷ്യമാക്കി വണ്ടിവിട്ടു. 

ഒരു വളവെത്തി. 
"ലെഫ്റ്റ്.. ലെഫ്റ്റ്.. ലെഫ്റ്റ്". ബിജുവണ്ണന്‍ പറഞ്ഞു.
ഞാന്‍ വണ്ടി ഇടത്തോട്ട് തിരിക്കാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടു. അപ്പോഴാണ് ഇടിവെട്ട് ശബ്ദത്തില്‍ പുള്ളി അലറിയത്. " ഡാ .. ആ ലെഫ്റ്റലിലോട്ടല്ല ... ഈ ലെഫ്റ്റ് , ഈ ലെഫ്റ്റ്... " ഞാന്‍ നോക്കുമ്പോള്‍ കൈ വലത്തോട്ട് ചൂണ്ടിയിരിക്കുന്നു.

" ങ്ങേ... അത് ലെഫ്റ്റല്ലല്ലോ റൈറ്റല്ലേ ബിജുവേട്ടാ" എന്ന് ഞാന്‍ ചോദിച്ചത് മാത്രമേ എനിക്കോര്‍മ്മയുള്ളൂ, പിന്നെ തെറിവിളിയുടെ ഘോഷയാത്രയായിരുന്നു.

എന്നിട്ടൊരു ഉപസംഹാരവും.
" ഞങ്ങള്‍ സഖാക്കന്മാര്‍ക്ക് ഒരു ദിശാബോധം മാത്രമേയുള്ളൂ... അത് ഇടത്തോട്ടാണ്, ഞാന്‍ ലെഫ്റ്റ് എന്ന് മാത്രമേ പറയൂ.. വണ്ടി എങ്ങോട്ട് തിരിക്കണം എന്നറിയണമെങ്കില്‍ നീ കൈ ചൂണ്ടുന്നത് നോക്കി മനസ്സിലാക്കിയാല്‍ മതി.... കേട്ടോഡാ ..."

"സഖാവേ .. സഖാവാണ് സഖാവേ സഖാവ്"
ഈ ഡയലോഗ് എവിടുന്നാണ് എന്നറിയാന്‍ പിറകോട്ട് നോക്കിയപ്പോ, ദേ കിടക്കണ് നമ്മുടെ പോളണ്ടച്ചായന്‍ വയറുംപൊത്തി സീറ്റുകള്‍ക്കിടയില്‍ കിടന്നു ഉരുണ്ടുരുണ്ട്‌ ചിരിക്കുന്നു.

No comments:

Post a Comment