Sunday, May 18, 2014

മടക്കയാത്ര

"അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം,
അന്നു... നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം ... 
മ്ഹ്ഹ് നെഞ്ചിലാകെ അനുരാഗ നനാനാ നാ നാ .."

എഫ് എമ്മിലെ പാട്ടിനൊപ്പം പാടാന്‍ അല്ലേലും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഇയര്‍ ഫോണിലൂടെ ചെവിയില്‍ അത് മുഴങ്ങുമ്പോള്‍ ചുറ്റുമുള്ള ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല, അല്ല കേള്‍ക്കാറില്ല. മുന്നില്‍ ആരെങ്കിലും വന്നാല്‍ മാത്രമേ അറിയുകയുമുള്ളൂ. അതുകൊണ്ടു തന്നെ കുറച്ചു നേരമായി പുറകില്‍ വന്ന് ബഹളം വെയ്ക്കുന്ന വാസുവേട്ടനെ ഞാന്‍ അറിഞ്ഞതേയില്ല.

"എന്‍റെ സാറേ .. രാവിലെ തന്നെ നിങ്ങളിങ്ങനെ ലോകം മറന്ന് വാതിലും മലക്കെ തൊറന്നു വെച്ച് അട്ടം നോക്കി ഇരുന്നാലോ .. ഈ വിലപിടിപ്പുള്ള സാധനങ്ങളൊക്കെ ആരെങ്കിലും അടിച്ചോണ്ടു പോവും .."

"ന്‍റെ വാസ്വേട്ടാ .. നിങ്ങള് ഇവിടെ ഉള്ളപ്പോ ഏതെങ്കിലും കള്ളന്‍ ഇവിടെ കയറ്വോ .."

"അത് ശര്യാ .. എന്നേക്കാളും വല്ല്യ കള്ളന്‍ ഈ നാട്ടിലില്ലല്ലോ .. കൊട്ടാരത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൊതല് കട്ടോനല്ലേ ഞാന്‍" കൊണ്ടുവന്ന ചായ മേശപ്പുറത്ത് വെച്ചുകൊണ്ട് വാസുവേട്ടന്‍ പറഞ്ഞു.

"ഞാനിപ്പോ ചെക്കനെ വിടാം... പൊറോട്ടയോ വെള്ളാപ്പോ എന്തേലും വേണേങ്കി ഓനോട്‌ പറഞ്ഞോളീ .. ഈ മേശേമ്മേ മുഴുവന്‍ പൊടിയാ .. ഇങ്ങക്ക് അപ്പ്രത്തെ ജനല് തൊറന്നാ പോരെ.." വാസുവേട്ടന്‍ മുറുമുറുത്തു.

അല്ലേലും വാസുവേട്ടന്‍ അങ്ങിന്യാ, എല്ലാരും പുള്ളിക്ക് സ്വന്തക്കാരാണ്. ഈ ഞാന്‍ തന്നെ ഇവിടെ ഇപ്പൊ താമസം തുടങ്ങിയിട്ട് രണ്ടാഴ്ച്ച ആകുന്നതേയുള്ളൂ, പക്ഷെ ആദ്യദിവസം തന്നെ എന്നെ കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. മുറി എടുത്ത് അര മണിക്കൂറിനുള്ളില്‍ പുള്ളി ഒരു ഗ്ലാസ്‌ ചായയും കൊണ്ട് റൂമില്‍ വന്നു.

"രാജീവന്‍ എന്നാണല്ലേ പേര് ... തായെ രെജിസ്ടരില്‍ അങ്ങനെ എഴുതിയത് കണ്ടു .. അതാ ചോദിച്ചേ.."
"അതെ .. രാജീവ് നാരായണന്‍.. ഡല്‍ഹിയില്‍ നിന്നാ ... " ഞാന്‍ കൊണ്ട് വന്ന രണ്ടു പുസ്തകങ്ങള്‍ ബാഗില്‍ നിന്നും എടുത്തു മേശപ്പുറത്തു വെച്ചു കൊണ്ട് പറഞ്ഞു.

ഇങ്ങള് എഴുത്തുകാരനാ ??... ദൂരെന്ന് വന്നതല്ലേ .. ദാ ചായ കുടിച്ചോളീ .. "

"അതെന്താ ചേട്ടാ .. ദൂരേന്നു വരുന്നവരൊക്കെ എഴുത്തുകാരാണോ ..." നീട്ടിയ ചായയുടെ മധുരം നാവു കൊണ്ട് രുചിച്ചു ഞാന്‍ ചോദിച്ചു.

"നിറം കണ്ടാല്‍ കടുപ്പം മനസ്സിലാകും, പക്ഷെ മധുരം രുചിച്ച് തന്നെ നോക്കണം.. ന്താ പോരേ .. അതോ ഇനിയും വേണോ, മധുരം." ഞാന്‍ നാവില്‍ അറിഞ്ഞ മധുരത്തിന്‍റെ നിര്‍വൃതി വാസുവേട്ടന്‍റെ മുഖത്ത് തെളിഞ്ഞു.

"ചേട്ടനെങ്ങനെ മനസ്സിലായി എനിക്ക് മധുരവും കടുപ്പവും കൂടുതല്‍ വേണം ന്ന് .."
"ഹാഹാഹാ .. ഉണ്ണിയെ കണ്ടാല്‍ അറിയില്ലേ ഊരിലെ പഞ്ഞം.."

വാസുവേട്ടന്‍റെ ചിരിക്ക് വല്ലാത്തൊരു പ്രത്യേകതയുണ്ട്, ഇത്രയും ശോഷിച്ച പൊക്കം കുറഞ്ഞ ഈ മനുഷ്യനില്‍ നിന്ന് എങ്ങനെ ഇത്രയും ശക്തമായ ചിരി പുറത്തു വരുന്നു എന്നത് ഒരു പ്രതിഭാസം പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

"ഈ ചേട്ടാ വിളി വേണ്ടാട്ടാ .. അതിലെന്തോ ഒരു ദൂരം ഇള്ളത് പോലെ .. എല്ലാരും വിളിക്കുന്ന പോലെ വാസ്വേട്ടാ ന്ന് വിളിച്ചാ മതി."

"ഓ .. ശരി വാസ്വേട്ടാ .." വാസുവേട്ടന്‍ വീണ്ടും ചിരിച്ചു,

വാസുവേട്ടനെ കണ്ടാല്‍ ആരും പറയില്ല കൊട്ടാരത്തിലെ രാജകുമാരിയെ തട്ടി കൊണ്ടു പോയ വിപ്ലവനായകനാണ് ഈ കുറിയ മനുഷ്യന്‍ എന്ന്. മുന്നിലെ മൂന്നു പല്ലുകളുടെ വിടവിലൂടെ ഇടയ്ക്കിടയ്ക്ക് നാവ് പാമ്പിനെ പോലെ എത്തി നോക്കും. നെറ്റിയിലും കവിളിലുമായി ഞാവല്‍പ്പഴം ഞെട്ടറ്റു വീഴാന്‍ പോകുന്നത് പോലെ നാല് വലിയ കറുത്ത മാംസപിണ്ഡങ്ങള്‍. ആ കണ്ണുകളില്‍ ഒരു പത്ത് സെക്കന്‍ഡില്‍ കൂടുതല്‍ നോക്കാന്‍ പറ്റില്ല, നമ്മളെ ചൂഴ്ന്നെടുക്കും എന്ന പോലെ ചുവന്നതാണത്. എങ്കിലും ആ ചിരി, അത്രയും നിഷ്കളങ്കവും ശക്തവുമായ ചിരി വളരെ ചുരുക്കം പേര്‍ക്കേ ഉണ്ടാകൂ, അതിലൊന്ന് വാസുവേട്ടന്‍ ആണ്.

"ഞാനീ ലോഡ്ജും ഹോട്ടലും നടത്താന്‍ തുടങ്ങീട്ട് അയിമ്പത്തിരണ്ടു കൊല്ലായി... ശരിക്കും പറഞ്ഞാ ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍.." വാസുവേട്ടന്‍ കഥ പറയാന്‍ തുടങ്ങി. കഥ പറയുമ്പോള്‍ നമ്മള്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കാന്‍ പാടില്ല, അങ്ങിനെ ചെയ്‌താല്‍ പുള്ളി വിഷയം മാറ്റും, ഒരു മൂന്നാല് പ്രാവശ്യത്തെ അനുഭവം ഉള്ളതുകൊണ്ട് ഞാന്‍ ജനാലയിലൂടെ പുറത്തേക്കു തന്നെ നോക്കി നിന്നു.

"അന്നിതായിരുന്നു ഏറ്റവും വല്ല്യ ടൌണ്‍ .. കൊട്ടാരം അത്താണി എന്നായിരുന്നു അന്ന് പേര് ... കൊട്ടാരം എന്ന് പറഞ്ഞാ രാജകൊട്ടാരം ഒന്നുമല്ല ട്ടോ .. അത് ഓര്ടെ വീട്ടു പേരാ .. ഈ നാട്ടിലെ ഏറ്റവും വലിയ ജന്മികള്‍ .. അന്ന് ഈ കൊട്ടാരത്തിലേക്കുള്ള കാഴ്ച്ചവസ്തുക്കള്‍ ആള്‍ക്കാര്‍ തലയില്‍ വെച്ചു കൊണ്ടോവുമ്പോ... ദാ ആ കാണുന്ന റോഡിന്‍റെ, അന്ന് ഇത്രേം വല്ല്യ റോഡൊന്നും അല്ല ട്ടാ.. ഒരു രണ്ടാള്‍ക്ക് കൈ വീശി നടക്കാന്‍ പറ്റുന്ന ഒരു കുടുസ്സ് വഴി അത്രേയുള്ളൂ .. അതിന്‍റെ രണ്ടു വശത്തായി ഓരോ അത്താണികള്‍ ... ഇതായിരുന്നു കൊട്ടാരം എത്തുന്നതിനെക്കാളും മുന്‍പുള്ള ലാസ്റ്റ് സ്റ്റോപ്പ്‌."

"ഓ .. അപ്പൊ പണ്ടൊക്കെ ആള്‍ക്കാര്‍ തലച്ചുമടായി കൊണ്ടുപോകുന്ന സാധനങ്ങള്‍ ഇറക്കി വെക്കുന്ന സ്ഥലത്തെ ആണ് ഈ അത്താണി എന്ന് പറയുന്നത് അല്ലെ .. ഞാനും വിചാരിച്ചിട്ടുണ്ട് എന്താണീ അത്താണി എന്ന് .. കുറെ സ്ഥലങ്ങളുമുണ്ടല്ലോ ആ പേരില്‍ .." ഇപ്പോഴാണ് എനിക്ക് അത്താണി എന്ന സ്ഥലപ്പേരിന്‍റെ അര്‍ത്ഥം പിടിക്കിട്ടിയത്‌.

"വെറുതെ ഇറക്കി വെക്കുന്ന സ്ഥലമല്ല അത് .. ഏകദേശം ഒരാള്‍ പൊക്കത്തില്‍ രണ്ടു തൂണിന്മേല്‍ ഒരു സ്ലാബ്, അതാണ്‌ അത്താണി." വാസുവേട്ടന്‍ തുടര്‍ന്നു .. "അന്ന് ഈ അത്താണിയില്‍ റസ്റ്റ്‌ എടുക്കുന്നവര്‍ക്ക് നമ്മുടെ വക ഫ്രീയായിട്ട് ഒരു ചായയോ മോരുംവെള്ളവോ ഇണ്ടാവും .. ഓര്ക്കത് ഫ്രീയാണെങ്കിലും ഞമ്മള്‍ അത് മൊതലാക്കും.. " ഞാന്‍ വാസുവേട്ടന്‍റെ മുഖത്തേക്ക് നോക്കി, ഒരു കള്ളച്ചിരിയോടെ ഒറ്റക്കണ്ണിറുക്കി കൊണ്ട് പുള്ളി എന്നെയൊന്നു തോണ്ടി ..

"ഞമ്മള് മെല്ലെ ഓരെ സോപ്പിട്ട് ഒരെക്കൂടെ കൊട്ടാരത്തില്‍ പോവൂല്ലേ .. ഞമ്മളെ ലക്ഷ്മീനെ കാണാന്‍ .. ഓര്ക്കും സന്തോഷം, ഒരു പയക്കൊലേന്‍റെ വെയിറ്റ് കൊറഞ്ഞു കിട്ടൂല്ലേ ഓര്ക്ക് ... ഞമ്മള് അതും തൂക്കി സൊറയും പറഞ്ഞ് കൊട്ടാരത്തിലേക്കുള്ള ആ വലിയ കല്ലിട്ട റോഡിലേക്ക് കേറും, അപ്പൊ അങ്ങ് ദൂരേന്ന് കാണാം, ഒരു ജനല്‍ പാതി തുറന്നിട്ട്‌ ഞമ്മളെ കാത്തിരിക്കുന്ന ലക്ഷ്മിക്കുട്ടി .. അന്തപുരത്തെ ഞമ്മളെ തമ്പുരാട്ടി കുട്ടി.."

"ആങ്ഹാ .. അപ്പൊ നിങ്ങള്‍ ടൈം ഫിക്സ് ചെയ്തിട്ടാണോ പോകുന്നത് .." ഞാന്‍ ആ കുടവയറില്‍ ഒന്ന് തോണ്ടി.

"അതിനു ഇന്ന സമയംനൊന്നും ഇല്ല .. ഞാന്‍ ചെല്ലുന്നത് ഓള്‍ക്ക് അറിയാന്‍ പറ്റും .. "
"അതെങ്ങനെ .. "
" അതല്ലേ .. ഈ മനസ്സിന്‍റെ ഐക്യം എന്ന് പറയുന്നത് .. വല്ല്യ എഴുത്തുകാരനാ പോലും .. എനിട്ടും ഈ വക കാര്യങ്ങളൊന്നും അറിയില്ല.."

"അതിനു നിങ്ങളോടാരാ വാസ്വേട്ടാ പറഞ്ഞത് ഞാനൊരു എഴുത്തുകാരനാണ്‌ എന്ന് .."
"അതിപ്പോ ആരെങ്കിലും പറയണോ .. ഈ ഫുള്‍ഗാന്‍ താടിയും തോളില്‍ തൂക്കുന്ന കമ്പ്യൂട്ടറും കണ്ടാ മനസ്സിലാക്കികൂടെ .."

എനിക്ക് ചിരി പൊട്ടി, ഞാന്‍ അയാളുടെ രണ്ടു തോളിലും കൈ അമര്‍ത്തി, "എന്‍റെ വാസ്വേട്ടാ .. ഞാന്‍ എഴുത്തുകാരനുമല്ല .. ചിത്രകാരനുമല്ല, ഞാനിവിടെ എന്‍റെ പഴയൊരു സുഹൃത്തിനെ തേടി വന്നതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ കുറിച്ചിട്ട മേല്‍വിലാസം അന്വേഷിച്ചു വന്നതാ.."

"അതെയോ .. എന്നിട്ട് കിട്ട്യോ ആളെ .. ഇല്ലെങ്കി പറ .. നമുക്ക് ഇപ്പൊ കണ്ടു പിടിക്കാം .." വാസുവേട്ടന്‍ കഥ പറച്ചിലില്‍ നിന്നും വഴുതിമാറി.

"അതിനു ഇനിയും സമയം ഉണ്ടല്ലോ .. വാസ്വേട്ടന്‍ തമ്പുരാട്ടികുട്ടിയെ പറ്റി പറയൂ .." ഞാന്‍ വാസുവേട്ടന്‍റെ കൈ പിടിച്ചു. പുള്ളി വീണ്ടും ജനാലയിലൂടെ വിദൂരതയിലേക്ക് എന്ന പോലെ നോക്കി. മുന്നിലുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ അയാളുടെ കണ്‍വെട്ടത്തു നിന്ന് മറഞ്ഞു പോയി, ഇപ്പോള്‍ ആ കണ്ണുകളില്‍ എനിക്ക് ആ കൊട്ടാര ജലകവാതിലിന്‍ മറവില്‍ നില്‍ക്കുന്ന ലക്ഷ്മികുട്ടിയെ കാണാന്‍ കഴിയുമായിരിക്കും, പക്ഷെ, ഞാന്‍ നോക്കിയില്ല, ഞാനും വിദൂരതയിലേക്ക് കണ്ണും നട്ടു നിന്നു.

"എന്നിട്ട് എന്താകാനാ .. ഒരു കൊല്ലത്തോളം ഞാന്‍ ഇങ്ങനെ ചുമ്മാടും തൂക്കി കൊണ്ട് ഇവരുടെ കൂടെ പോകും, ലക്ഷ്മി എന്നേം നോക്കി ഇരിക്കും.. അവസാനം ഞാന്‍ അവള്‍ക്കൊരു കത്ത് കൊടുത്തു.."

"കത്തോ .. അതെങ്ങനെ .."

"ഈ പ്രേമം അസ്ഥിക്ക് പിടിച്ചാല്‍ പിന്നെ നമുക്ക് ചുറ്റുമുള്ളതൊന്നും കാണൂല്ല .. ഞാനും കണ്ടില്ല.. ഒരു ദിവസം കൊട്ടാരത്തിലെ പാചകക്കാരന്‍റെ കൂടെ ഞാനും അയിന്‍റെ അകത്തു കയറി .. അയാളും ഓസിക്ക് കൊറേ മോരുംവെള്ളം മോന്തീട്ട്ണ്ട് .. അത് ഞമ്മള്‍ മോതലാക്കി .. ഒരു പകല്‍ മുഴുവന്‍ അയാളുടെ കൂടെ കുശിനിയില്‍ കൂടി .. തക്കം കിട്ടിയ നേരത്ത് ഓള്ടെ കൈയില്‍ ആ കത്തും കൊടുത്തു .."

"ന്‍റെ വാസ്വേട്ടാ .. ഇങ്ങളെ സമ്മതിച്ചു .." ഞാന്‍ വാസുവേട്ടന്‍ സ്റ്റൈലില്‍ പറഞ്ഞു. "എന്നിട്ട് എന്തായിരുന്നു ആ കത്തില്‍.. ??"

"വെറും കുറച്ചു വരികള്‍ ..
'ഇഷ്ടമാണെന്ന് അറിയാം .. അതുകൊണ്ട് പറയുവാ ... രാജകുമാരീനെ പോലെ തന്നെ നോക്കാം... പോരുന്നോ എന്‍റെ കൂടെ, തൂണും അരമനയും ഇല്ല്ലാത്ത എന്‍റെ കൊട്ടാരത്തിലേക്ക്.. രണ്ടു ദിവസം കഴിയുമ്പോ ഞാന്‍ വരാം .. അപ്പോള്‍ മറുപടി പ്രതീക്ഷിക്കുന്നു'..."

"എന്നിട്ട് മറുപടി തന്നോ .."
"മറുപടി തന്നോന്നോ .. ഇറങ്ങി വരാം എന്ന് ഉറപ്പിച്ചു പറയൂം ചെയ്തു .. പിന്നെ ഒരു മാസം അതിനുള്ള പദ്ധതികള്‍ ആയിരുന്നു.. അങ്ങനെ ഒരു കുട്ടി പോലും അറിയാതെ ഒരു ദിവസം നട്ടുച്ചയ്ക്ക് ഞങ്ങള്‍ മാഹീലേക്ക് വണ്ടി കേറാന്‍ തീരുമാനിച്ചു, ഓള് ബാങ്ക് ടെസ്റ്റ്‌ എഴുതാന്‍ പോകുന്ന ദിവസം."

ഞാന്‍ വാസുവേട്ടനെ നോക്കി. കണ്ണുകള്‍ കലങ്ങുന്നത് പോലെ എനിക്ക് തോന്നി. അപ്പോഴാണ്‌ നേരത്തെ കൊണ്ടുവന്ന വെച്ച ചായ ചൂടാറി കാണുമല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്. വാസുവേട്ടനെ ജനാലയ്ക്കരികില്‍ നിര്‍ത്തി ഞാന്‍ അത് എടുക്കാന്‍ നടന്നു.

"പക്ഷെ .. അന്ന് .. " പുള്ളി അത് മുഴുമിച്ചില്ല. ഞാന്‍ വീണ്ടും പുള്ളിയുടെ അടുത്തു ചെന്നു നിന്നു. ചൂടാറിയ ചായയിലേക്ക് ഊതി.

"ഹാഹാഹാ .. ഇങ്ങള് ഐസ് ക്രീമും ഊതിയാ കയിക്ക്വാ .." കണ്‍പോളകള്‍ക്കുള്ളില്‍ ഉരുണ്ടു കൂടിയ കണ്ണീര്‍ തുടച്ചു കൊണ്ട് സ്വതസിദ്ധമായ ചിരിയില്‍ വിഷാദം ഒതുക്കി കൊണ്ട് പുള്ളി വീണ്ടും വിഷയം മാറ്റി.

"ഓ .. അത് ശീലിച്ച് പോയതാ എന്‍റെ വാസ്വേട്ടാ .. ഇങ്ങള് ബാക്കി പറ .. എന്നിട്ട് എന്തായി .. രാശകുമാരി വന്നോ .."

"ഉം .. വന്നു .. ബസ് വരുന്നതിനു കൃത്യം അഞ്ചു മിനിറ്റ് മുന്‍പ് തന്നെ അവള്‍ ദാ ആ കാണുന്ന ആലിന്‍റെ താഴെ വന്നു, അതായിരുന്നു ബസ് സ്റ്റോപ്പ്‌. അന്ന് ഇന്നത്തെ പോലെയൊന്നും അല്ല.. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ഒരു ബസ് വരും, രാവിലെ പത്തു മണിക്ക് വടക്കോട്ടും ഉച്ചക്ക് ഒന്നരയ്ക്ക് തിരിച്ചു ടൌണിലേക്കും. ഞങ്ങള്‍ ആ ബസ്സില്‍ കയറി."

"ആരും കണ്ടില്ലേ .." ഞാന്‍ ചോദിച്ചു.

ഇല്ല .. അന്ന് ഞാന്‍ പത്തു മണിക്ക് തന്നെ പീടിക പൂട്ടി .. പിന്നെ ഇത് കൈ കാട്ടിയാ മാത്രം നിര്‍ത്തുന്ന സ്റ്റോപ്പ്‌ ആയിരുന്നു.. അതോണ്ട് വേറെ ആരും ഇണ്ടായിരുന്നില്ല .. ഞങ്ങള്‍ പരിചയമില്ലാത്തവരെ പോലെ ബസില്‍ കയറി .."

"എന്നിട്ടോ .."

"പക്ഷെ .. ആ യാത്ര അധികം നീണ്ടില്ല.. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ജീപ്പ് വന്നു ബസ്സിനെ തടഞ്ഞുനിര്‍‍ത്തി. ഓള്ടെ അമ്മാവനും ചേട്ടനും ശിങ്കടികളും ആയിരുന്നു അതില്‍. ചേട്ടന്‍ ഓളേം ജീപ്പില്‍ കേറ്റി കൊണ്ടോയി. ഞമ്മളെ ഓര് പൊതിരെ തല്ലി. കൈയും കാലും ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ് ഞമ്മള് കണ്ണ് തുറക്കുന്നത്. ആരൊക്കെയോ കൂടി ആസ്പത്രിയില്‍ ആക്കിയിരുന്നു. അന്ന് പോയതാ ഈ മൂന്ന് പല്ല്." പല്ലിന്‍റെ ഇടയിലൂടെ നാവ് പുറത്തേക്കു നീട്ടി വാസുവേട്ടന്‍ കാണിച്ചു തന്നു.

എന്ത് പറയണം എന്നറിയാതെ ഞാന്‍ പുള്ളിയെ നോക്കി. ഈ കഥകളൊക്കെ നേരത്തെ അറിയാവുന്ന ഞാന്‍ പുള്ളിയെ വിഡ്ഢി ആക്കുകയല്ലേ എന്ന കുറ്റബോധം ഉള്ളില്‍ നിന്നും നുരഞ്ഞുയര്‍ന്നു. ഞാന്‍ പുള്ളിയുടെ തോളില്‍ കൂടി കൈയ്യിട്ടു ചേര്‍ത്തു പിടിച്ചു,

"അതിനു ശേഷം നിങ്ങള്‍ അവരെ കണ്ടില്ല .. അല്ലെ .."

"ഇല്ല .. ആസ്പത്രിയില്‍ നിന്ന് ഇറങ്ങാന്‍ ഒരു മാസം എടുത്തു, അപ്പോഴേക്കും അവരെല്ലാരും കൂടെ ഓളെ കെട്ടിച്ചു വിട്ടു, ഇംഗ്ലണ്ടിലുള്ള ഏതോ ഒരു ഡോക്ടര്‍ക്ക്.."

"പിന്നെ അവര്‍ ഇങ്ങോട്ട് നാട്ടിലേക്ക് വന്നിട്ടുമില്ല.. അല്ലെ..."

"ഇല്ല .. വന്നാല്‍ ഞാന്‍ അറിയുമായിരുന്നു .. പിന്നെ സമരവും പുരോഗമന വിപ്ലവങ്ങളും എല്ലാം വന്നപ്പോള്‍ അവരും സ്ഥലവും പാടവും പെറുക്കി വിറ്റ്‌ ടൌണിലേക്ക് താമസം മാറി. ഞമ്മള് ഈ ചായപ്പീടികയും ലോഡ്ജുമുറികളുമായി ഒതുങ്ങി കൂടി."

"അതെന്താ .. വാസ്വേട്ടനും കല്യാണമൊക്കെ കഴിച്ച് ഒരു കുടുംബമൊക്കെ ആയിട്ട് കഴിഞ്ഞു കൂടാമായിരുന്നില്ലേ.. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ അവര്‍ക്കും സന്തോഷമാകും ആയിരുന്നില്ലേ."

"അതാ ഇപ്പൊ ശേലായത് .. ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് പോലും ഓള്‍ക്ക് അറിയുന്നുണ്ടാവില്ല .. പിന്നല്ലേ കല്യാണോം കുടുംബോം ... ഞാനുള്ള ലോകത്ത് നിന്നും ഓളെ പറിച്ചോണ്ട് പോയില്ലേ .." സങ്കടമാണോ ദേഷ്യമാണോ ആ വാക്കുകളില്‍ ഉള്ളതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലായിരുന്നു. ചായയുടെ ഗ്ലാസ്‌ ഞാന്‍ മേശയില്‍ വെച്ചു. വാസുവേട്ടന്‍ അപ്പോഴും പുറത്തേക്കു തന്നെ നോക്കി നിക്കുകയായിരുന്നു.

"ഞാന്‍ ഈ കഥ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.. പക്ഷെ മോനോട് എന്തോ പറയണം എന്ന് തോന്നി.."
" ഹാഹാഹാ ... മോനോ .. ഇത്രയും നാള്‍ സാറേ എന്നല്ലേ വിളിച്ചിരുന്നത് .." ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
"എന്തോ .. എനിക്ക് അങ്ങനെ വിളിക്കാന്‍ തോന്നി .. ഇനി വിളിക്കുന്നില്ല .. ന്താ പോരെ .." മേശപ്പുറത്തു നിന്നും ചായയുടെ ഗ്ലാസ് എടുത്തു കൊണ്ട് പോകാനൊരുങ്ങി കൊണ്ട് വാസ്വേട്ടന്‍ പറഞ്ഞു.

"ഹോ .. അപ്പോഴേക്കും പരിഭാവിച്ചോ ?? .. ഞാന്‍ വെറുതെ പറഞ്ഞതല്ലേ .. ആ വിളിയിലും നിങ്ങള്‍ നേരത്തെ പറഞ്ഞ ഒരു മനസ്സിന്‍റെ ഐക്യം ഉണ്ട്..."

ഞാന്‍ വാസുവേട്ടനെ കെട്ടിപ്പിടിച്ചു, വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ഒരു ഭാരം ഇറക്കി വെച്ച നിര്‍വൃതി ആ ഹൃദയത്തിന്‍റെ താളത്തില്‍ ഉണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ അങ്ങനെ തന്നെ നിന്നതിനു ശേഷം വാസ്വേട്ടന്‍ താഴേക്ക് പോയി.

വാസ്വേട്ടന്‍ അവിടെ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം, ഒരു രണ്ടു മണിക്കൂറിനു കഴിഞ്ഞ് ഞാന്‍ സാധനങ്ങള്‍ പാക്ക് ചെയ്തു താഴേക്ക് ഇറങ്ങി. ബില്ലെല്ലാം ക്ലിയര്‍ ചെയ്തതിനു ശേഷം, ആ തമിഴന്‍ പയ്യനൊരു നൂറു രൂപ ടിപ് കൊടുത്തു. കൂടെ ഒരു എഴുത്തും,

"വാസ്വേട്ടാ... ഞാന്‍ തേടി വന്നത് എന്‍റെ സുഹൃത്തിനെ അല്ല .. എന്‍റെ അമ്മയുടെ സുഹൃത്തിനെ ആണ്... വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോള്‍ ഒരു ബസ്സില്‍ വെച്ച് എന്നെന്നേക്കുമായി കൈവിട്ടുപോയ ആ പഴയ സുഹൃത്തിനെ, ചായക്കടക്കാരന്‍ വാസുദേവനെ..

അമ്മ ഇന്നില്ല. പത്തു വര്‍ഷം മുന്‍പ് മരിച്ചു. അമ്മയുടെ പഴയ ഡയറിയില്‍ നിന്ന് വായിച്ചറിഞ്ഞ ചായക്കടക്കാരനെ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചിരുന്നു. നേരിട്ട് പറയണം എന്നും കരുതിയിരുന്നു. പക്ഷെ, വാസ്വേട്ടനെ നേരിട്ടറിഞ്ഞപ്പോള്‍ ഞാന്‍ ആ ലക്ഷ്മിയുടെ മകനാണ് എന്ന് പറയാന്‍ കഴിഞ്ഞില്ല.

ഞാന്‍ വീണ്ടും വരുമെന്ന് എനിക്ക് വാക്ക് തരാന്‍ കഴിയില്ല, ഡോക്ടര്‍മാര്‍ കനിഞ്ഞാല്‍, ദൈവം കൂടെ ഉണ്ടെങ്കില്‍, ഒരു ആറു മാസം കഴിഞ്ഞു കാണാം. നമുക്ക് വീണ്ടും ഒരു മടക്കയാത്ര നടത്താം, പൊട്ടിപ്പൊളിഞ്ഞ ആ പഴയ കൊട്ടരത്തിലേക്കും, അതിന്‍റെ ജാലകവാതിലിലേക്കും.

സസ്നേഹം,
ലക്ഷ്മിയുടെ മകന്‍,
രാജീവ്‌ നാരായണന്‍

No comments:

Post a Comment