Sunday, May 18, 2014

കാഹളം മുഴങ്ങണം, കാലത്തിനൊപ്പം

ഓരോ വിപ്ലവവും അതാത് കാലങ്ങളില്‍ പ്രസക്തമാണ്. കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌ ഓരോ പ്രസ്ഥാനങ്ങളും. ഈ ലോകത്ത് സംഭവിച്ച പല നല്ല മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഇത് പോലുള്ള വിപ്ലവങ്ങളും അതിനു നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളും അവരുടെ സമരനേതാക്കാന്മാരും ആയിരുന്നു. ചില മാറ്റങ്ങള്‍ അതാത് രാജ്യങ്ങളില്‍ ഒതുങ്ങി നിന്നപ്പോള്‍, ചിലത് ലോകജനതയ്ക്ക് തന്നെ പ്രചോദനമായി. എങ്കിലും ഇതെല്ലാം ഓരോ കാലഘട്ടങ്ങള്‍ക്ക് അനുസൃതമായിരുന്നു.

ഫറവോയുടെ അടിച്ചമര്‍ത്തലില്‍ നിന്നു ഒരു ജനതയെ ചെങ്കടല്‍ കടത്തി രക്ഷിച്ചതും ഒരു വിപ്ലവം തന്നെയാരിരുന്നു. വിപ്ലവനായകന്‍ മോശയും. ചരിത്രത്തില്‍ വലിയ തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഒരു ജനതയില്‍ വിപ്ലവബോധം വാര്‍ത്തെടുത്ത ആദ്യത്തെ സംഭവം ഇതാണ് എന്ന് തന്നെയാണ് വിശ്വാസം.

1917ല്‍ റഷ്യയില്‍ തുടക്കം കുറിച്ച ഫെബ്രുവരി വിപ്ലവവും അതിനു ശേഷം വന്ന ഒക്ടോബര്‍ വിപ്ലവവും ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവങ്ങളില്‍ ഒന്നായിരുന്നു. ആ കാലഘട്ടത്തിന്‍റെ ആവശ്യം ആയിരുന്നു അതിലൂടെ രൂപം കൊണ്ട സോവിയറ്റ്‌ യൂണിയന്‍ എന്ന രാജ്യവും.

രാജഭരണം തുടച്ചു നീക്കുക എന്നതിലുപരി ജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമായ നീതി ഉറപ്പാക്കി കൊടുക്കുക എന്നതായിരുന്നു പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഒടുക്കത്തില്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഉദ്ദേശ്യം. ഇതേ കാലഘട്ടത്തില്‍ ബ്രിട്ടിഷ് സാമ്രാജ്യത്തിന്‍റെ അരാജകത്വത്തിനെതിരെ പോര്‍വിളി മുഴക്കി കൊണ്ട് അമേരിക്കയിലും ഒരു വിപ്ലവം നടന്നു. ദി അമേരിക്കന്‍ റെവല്യൂഷന്‍. പല രാജ്യങ്ങളും ദ്വീപുകളും ഒരുമിച്ചു ചേര്‍ന്നു പടപൊരുതിയ ഈ വിപ്ലവത്തിന്‍റെ ബാക്കിപത്രമാണ് 1788ല്‍ രൂപീകരിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക.

പറയാനാണെങ്കില്‍ ഇനിയുമുണ്ട് ജനനന്മയ്ക്കായി രൂപം കൊണ്ട വിപ്ലവങ്ങളും പ്രസ്ഥാനങ്ങളും വീരനായകന്മാരും. സ്പാനിഷ് സിവില്‍ വാറും, ബൊളീവിയന്‍ സമരവും, യുവ തുര്‍ക്കി വിപ്ലവവും ക്യൂബയിലും ചൈനയിലും ഇറാനിലും ഹൈതിയിലും വെന്നിക്കൊടി പാറിച്ച ഒത്തിരി വിപ്ലവങ്ങളും അവര്‍ക്കു നേതൃത്വം കൊടുത്ത ചെഗുവേരയെയും മാവോയെയും കാസ്ട്രോയെയും പോലുള്ള ധീര നേതാക്കളും. എന്തിനു, ഈ അടുത്തു തന്നെ നടന്ന ഈജിപ്റ്റും ലിബിയയും ഇതിനു വലിയ ഉദാഹരണങ്ങളാണ്.

വിപ്ലവത്തിനു ഇനി മറ്റൊരു മുഖം കൂടിയുണ്ട്. ആയുധം എടുക്കാതെ നോണ്‍ വയലന്‍റ് മൂവ്മെന്‍റ്കള്‍. ഇതിന്‍റെ വിജയം ആണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര സമരവും, വര്‍ണ്ണ വിവേചനത്തിനെതിരെ നെല്‍സന്‍ മണ്ടേലയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയിലും, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‍റെ നേതൃത്വത്തില്‍ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ് മൂവ്മെന്‍റ്ും എല്ലാം.

പറഞ്ഞു വരുന്നത് ഇത്ര മാത്രമാണ്, ഓരോ സമരവും ഓരോ വിപ്ലവവും ഓരോ സമരനേതാക്കന്മാരും അവരുടെ സമര മുറകളും അതാത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഇന്നൊരു അമേരിക്കന്‍ വിപ്ലവത്തിനോ റഷ്യന്‍ വിപ്ലവത്തിനോ എന്തിനു ഗാന്ധിജിയുടെ നോണ്‍ വയലന്‍സ് ഡിസ്-ഒബീഡിയന്‍സ് മൂവ്മെന്‍റ്ിനോ പ്രസക്തിയില്ല. കാരണം, ഇന്നത്തെ ജനതയുടെ ആവശ്യം വേറെയാണ്.

രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓടുന്ന ന്യൂക്ലിയര്‍ കുടുംബത്തിനു ഒരിക്കലും പഴയ സമരമുറകള്‍ കൊണ്ട് ഒരു ഉപകാരവുമില്ല. അവര്‍ക്ക് ആവശ്യം അവരുടെ പൌരാവകാശം നേടികൊടുക്കുന്ന ജനനായകരെയാണ്. അഴിമതി വിമുക്ത ഭരണം കാഴ്ച്ച വെക്കുന്ന പൊളിറ്റിക്കല്‍ ലീഡേര്‍സിനെയാണ്. എന്തിനും ഏതിനും പഴയ വിപ്ലവഗാനങ്ങള്‍ മുഴക്കി, ഞങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് സ്ത്രീകള്‍ മാറു മരയ്ക്കില്ലായിരുന്നു എന്നും, ഞങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു എന്നും പറയുന്നതിന് അര്‍ത്ഥമില്ല.

പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിനു അനുസൃതമായി മാറണം, അല്ലെങ്കില്‍ അത് വെറും നാമമാത്ര പ്രസക്തമായി മാറും. കഴിഞ്ഞ പത്തു മുപ്പത് വര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ ഒരനക്കം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്‍റെ മൂക്കിന്‍ ചുവട്ടില്‍ നിന്നു കൊണ്ടാണ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും രാജ്യത്തെ നടുക്കിയ വിപ്ലവത്തിന് തിരിക്കൊളുത്തിയത്. അവിടെ വെറുതെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് കാര്യമില്ല. ജനതയുടെ ആവശ്യം മനസ്സിലാക്കണം എങ്കില്‍ കാലത്തിനൊത്തു മാറണം. നിങ്ങള്‍ മാറിയില്ലെങ്കില്‍ നാളെ വീണ്ടും ഒരു സന്ധ്യയോ ഝാന്‍സി റാണിയോ രാഷ്ട്രീയക്കാരുടെ അരാജകത്വത്തിനെതിരെ ശബ്ദം ഉയര്‍ത്തും. അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചൌസേപ്പോ അംബാനിയോ വന്നുമെന്നുമിരിക്കും. കാരണം എല്ലാവരും പൊറുതി മുട്ടിയിരിക്കുകയാണ്.

ഒരു കാഹളം അങ്ങ് ഡല്‍ഹിയിലും മറ്റു ഇടങ്ങളിലും മുഴങ്ങി കഴിഞ്ഞു. ഒന്നുകില്‍ അതിനോട് ചേര്‍ന്നു നില്‍ക്കുക, അല്ലെങ്കില്‍ കാലികമായ മാറ്റങ്ങള്‍ പ്രസ്ഥാനങ്ങളില്‍ കൊണ്ടു വരിക. കാരണം, ദാറ്റ്‌ ഈസ്‌ മാനെജ്മെന്‍റ്, ദാറ്റ്‌ ഈസ്‌ ഇന്റെലിജെന്‍സ്‌, ആന്‍ഡ്‌ ദാറ്റ്‌ ഈസ്‌ വാട്ട്‌ ദി നേഷന്‍ നീഡ്സ്

No comments:

Post a Comment