Sunday, May 18, 2014

കടപ്പുറത്തടിഞ്ഞതും പഴയ ഒരോർമ്മയും

ഈയിടെയായി ഉറക്കം കണ്ണുകളെ തലോടാറില്ല. അതിനു ഞാൻ കണ്ട വഴി, പുലർച്ചെ ഒരു നാലുമണിയാകുമ്പോൾ ഏതെങ്കിലും ഒരു പുസ്തകം എടുത്തു കിടക്കും. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ടുപിടിച്ച സൂത്രമായിരുന്നുയിത്. അന്നൊക്കെ ഒരു രണ്ടു മിനിറ്റിൽ തന്നെ ഉറങ്ങും. എന്നാൽ പക്ഷെ, ഇപ്പോൾ നിദ്രയെ കൂട്ടിനുകിട്ടാൻ പിന്നെയും വേണം ഒരു മണിക്കൂറെങ്കിലും. 

അങ്ങനെ മാടിവിളിച്ച ഉറക്കത്തെ കണ്ണുകൾക്കുള്ളിലാക്കി, പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുമ്പോഴായിരുന്നു, ഇന്ന് രാവിലെ ഒരു ഭൂമികുലുക്കം പോലെ തോന്നിയത്. പുതപ്പിനുള്ളിൽ നിന്ന് തല പുറത്തിട്ടപ്പോൾ അച്ഛൻ കലിതുള്ളി നിൽക്കുന്നു. അച്ഛൻ പിടിച്ചു കുലുക്കിയതായിരുന്നു.

" എത്ര നേരമായി തൊണ്ട കീറുന്നു, വേഗം എഴുന്നേൽക്ക്, കാഞ്ഞങ്ങാട് വരെ പോണം."

പെട്ടെന്നെഴുന്നേറ്റു, ഫ്രഷ്‌ ആയി. പത്തു മിനിട്ടിനുള്ളിൽ ഞാൻ താഴെയെത്തി. അപ്പോഴേക്കും അച്ഛൻ ഗേറ്റ് തുറന്നു വെച്ചിരുന്നു. നേരെ പോയി ശ്രീകൃഷന്റെ റോൾ സ്വീകരിച്ചു. വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അച്ഛൻ അകത്തു കയറി. അർജുനന്റെ അമ്പും വില്ലുമൊന്നും ഇല്ല. ഒരു കറുത്ത ബാഗും, വെള്ള മൊബൈലും.

" നമുക്ക് ബേക്കൽ കടപ്പുറം വഴി പോകാം, അവിടെ ഒരു കണ്ടെയ്നർ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് രാഘവൻ വിളിച്ചു പറഞ്ഞിരുന്നു. " രണ്ടു മിനിട്ടിന്റെ മൌനത്തിനു ശേഷം അച്ഛൻ പറഞ്ഞു.

" നിനക്ക് ആ ഷീബയെ ഓര്‍മ്മയില്ലേ, നാരയണേട്ടന്റെയും ലക്ഷ്മിയുടെയും മോള്."
ഞാന്‍ മൂളി, പക്ഷെ, എന്റെ മൂളല്‍ പാട്ടിന്റെ മുഴക്കങ്ങള്‍ക്കിടയില്‍ അച്ഛന്‍ കേട്ടില്ല.
" പണ്ടിതുപോലെ അവളും കൂട്ടുകാരും കടപ്പുറത്ത് എന്തോ വന്നടിഞ്ഞത്‌ കാണാൻ പോയപ്പോളാണ്.. "

"ങും.. ഓർമ്മയുണ്ട്".. ഞാൻ ഓർത്തെടുക്കാൻ തുടങ്ങി, അച്ഛൻ ഒരു ഫോണിൽ മുഴുകി.

ഓർത്തെടുക്കേണ്ട ദൂരത്തായിരുന്നില്ല ഷീബേച്ചി എനിക്ക്. കുട്ടിക്കാലത്ത് ക്വാർട്ടെർസിൽ ആയിരുന്നു ഞങ്ങളുടെ താമസം. ചുറ്റും ഒരു പത്തിരുപതു കുടുംബങ്ങളുണ്ട്. സ്കൂളിൽ പഠിക്കുന്ന കുട്ടികളെല്ലാവരും കൂടി ഒരു പതിനഞ്ചു പേര്. അതിൽ ഏറ്റവും മൂത്തതായിരുന്നു ഷീബേച്ചി. അന്ന് പത്തിലായിരുന്നു അവർ. ഞങ്ങൾ നാലിലും അഞ്ചിലുമൊക്കെ. അച്ഛനുമമ്മയും ജോലി തിരക്കൊക്കെ കഴിഞ്ഞു വരുന്നത് വരെ ഞങ്ങളുടെ എല്ലാ കാര്യവും നോക്കുന്നത് അവരായിരുന്നു. അതുകൊണ്ട് തന്നെ ഒരു ചേച്ചിയേക്കാൾ ഉപരി ഒരമ്മയുടെ റോൾ ആയിരുന്നു അവർക്ക്.


ഭക്ഷണം കഴിച്ചില്ലെങ്കിൽ, ചോറുരുട്ടി അണ്ണാക്കിലേക്ക് തിരുമ്മി കേറ്റും, അത് സഹിക്കാൻ പറ്റാത്തത് കൊണ്ട് ഒരു മണി പോലും ബാക്കി വെക്കാതെ എല്ലാവരും കഴിക്കും. 

അതിനുശേഷം കളിക്കാൻ പോകുമ്പോൾ ഞങ്ങളുടെ കൂടെ ഒരു പുസ്തകവും എടുത്തുകൊണ്ടു അവിടെയെവിടെയെങ്കിലും വന്നിരിക്കും. ആരെങ്കിലും വഴക്ക് കൂടുന്നത് കണ്ടാൽ നേരെവന്നു പൊട്ടിക്കും. അടി കിട്ടുന്നത് അന്നേരം അടിയിൽ ജയിച്ചു നിക്കുന്ന ആൾക്കായിരിക്കും. അതിപ്പോ തെറ്റ് ആരുടെതാനെങ്കിലും ശരി. അത് കൊണ്ട് ഷീബേച്ചി വരുന്നത് കാണുമ്പോൾ തന്നെ അടി നിർത്തി മറ്റവന്റെ അടി വാങ്ങാൻ തുടങ്ങും.

എന്ത് തോന്ന്യാസം കാണിച്ചാലും ഷീബേച്ചി തല്ലുമെങ്കിലും, അച്ഛനോടോ അമ്മയോടോ പറയില്ലായിരുന്നു. മഹേഷിന്റെ തലയ്ക്ക് അപ്പു മൂർച്ചയുള്ള കല്ലെടുത്തെറിഞ്ഞപ്പോ അവനെ പൊതിരെ തല്ലി. പിന്നെ എല്ലാവരെയും വിളിച്ചു കൂട്ടി പറഞ്ഞു, 

" അതേയ്, ഇവൻ വീണു പൊട്ടിയതാണെന്ന് പറഞ്ഞാ മതി കേട്ടോ, ഇല്ലെങ്കിൽ നാളെമുതൽ നിങ്ങളെ കളിക്കാൻ വിടൂല്ല" 

അന്നത് കേട്ടപ്പോ ഞങ്ങളുടെ കളി മുടങ്ങാതിരിക്കാൻ വേണ്ടിയായിരിക്കും പറഞ്ഞതെന്ന് വിശ്വസിച്ചു. പക്ഷെ ഇപ്പൊ അറിയാം, പോലീസുകാരനായ അച്ഛന്റെ കയ്യിൽ നിന്ന് ബെൽറ്റ്‌ കൊണ്ടുള്ള അടി അവനു കിട്ടാതിരിക്കാൻ വേണ്ടിയായിരുന്നുയെന്ന്.

അന്നും ഇത് പോലെയൊരു മഴക്കാലമായിരുന്നു. ചുട്ടുപൊള്ളുന്ന പനി കാരണം ഞാൻ സ്കൂളിൽ പോയില്ല. അന്ന് ഉച്ചയായപ്പോഴേക്കും ഷീബേച്ചിയെത്തി. അമ്മ കഞ്ഞിയും ഗുളികകളും ഏൽപ്പിച്ചിട്ട് ജോലിക്ക് പോയി. എണ്ണയിടാതെ ഉണ്ടാക്കിയ തോരൻ എനിക്കിഷ്ടപ്പെട്ടില്ല. 

അപ്പോൾ തന്നെ ഷീബേച്ചി അടുക്കളയിൽ പോയി ഒരു പത്തു മിനിട്ട് കൊണ്ട് കനലിൽ ചുട്ടെടുത്ത ഉണക്കുസ്രാവും, ചുട്ട പപ്പടവും, കല്ലിലരച്ച ഉണക്കുചെമ്മീൻ ചമ്മന്തിയും കൊണ്ട് വന്നു. നല്ല രുചിയുണ്ടയിരുന്നെങ്കിലും അധികം കഴിക്കാൻ പറ്റുന്നില്ലായിരുന്നു. 
അത് കണ്ടപ്പോൾ ഷീബേച്ചി പറഞ്ഞു,

" ഇത് മുഴുവൻ കഴിച്ചാൽ പനി മാറിക്കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് ബീച്ചിൽ പോകാം, അവിടെ ഒരു വലിയ തിമിംഗലം വന്നടിഞ്ഞിട്ടുണ്ട്. നാളെ ഞങ്ങളെ സ്കൂളിൽ നിന്ന് കൊണ്ട് പോകും. മറ്റന്നാൾ നിന്റെ പനി മാറുമ്പോ ഞാൻ പറയാം അച്ഛനോട് കൊണ്ട് പോകാൻ "

തിമിംഗലം ഒരു വലിയ മീനാണെന്ന് അറിയാമായിരുന്നെങ്കിലും, രണ്ടു തോണിയെക്കാളും നീളമുണ്ടെന്നു ഷീബേച്ചി പറഞ്ഞു തന്നപ്പോളാണ് മനസ്സിലായത്. അതിന്റെ വാ തുറന്നാൽ ഞങ്ങടെ വീട്ടിലെ ഡൈനിങ്ങ്‌ ടേബിൾ വെയ്ക്കാൻ പറ്റുമെന്നും പറഞ്ഞു. 

മരുന്ന് കഴിച്ചു ഞാൻ ഉറങ്ങി പോയെങ്കിലും, ഷീബേച്ചി വൈകിട്ട് അമ്മ വരുന്നത് വരെ എന്റെ അടുത്ത് തന്നെയിരുന്നു. 

പിറ്റേന്ന് ജോലിക്ക് പോയ എല്ലാവരും നേരത്തെ തന്നെ തിരിച്ചെത്തി. എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കി ഞാനും ഷീബേചീടെ വീട്ടിലേക്കോടി. അപ്പോഴാണ്‌ അവരുടെ അമ്മ നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു ഓട്ടോയിൽ കയറുന്നത് കണ്ടത്. ഞാനും കരഞ്ഞു കൊണ്ട് ബേബിയമ്മൂമ്മയുടെ അടുത്തേക്കോടി. 

"സാരൂല്ല, കൊഴപ്പങ്ങളൊന്നും ഇണ്ടാവില്ല" എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. എന്നാലും അവരും കരയുന്നുണ്ടായിരുന്നു.

"ബോധം വന്നില്ല എന്നാ പറഞ്ഞത്" കൂടെയുള്ള സ്ത്രീകളിലാരോ ഇങ്ങനെ പറഞ്ഞു.

കടപ്പുറത്തടിഞ്ഞ തിമിംഗലം കാണാൻ വേണ്ടി കുട്ടികളെയും കൊണ്ട് പോയ ഓട്ടോ മറിഞ്ഞു. മുതിർന്നവർ ആരും അതിൽ ഇല്ലായിരുന്നു. ഷീബേച്ചി ആയിരുന്നു സീനിയർ. അത് കൊണ്ട് ഏറ്റവും സൈഡിൽ ഇരിക്കുകയായിരുന്നു. ഓട്ടോ മറിയുമ്പോൾ തന്നെ ഷീബേച്ചി താഴെ വീണു. പിന്നെ ഓട്ടോയും കുട്ടികളും എല്ലാം അവരുടെ മുകളിലേക്ക്. ആർക്കും ഒരു പോറലും പറ്റിയില്ല. ഷീബെച്ചിയെ ഒരു കല്ലിൽ പിടിച്ചിരുത്തി കുടിക്കാൻ വെള്ളം കൊടുത്തു. വെള്ളം കുടിച്ചതും കട്ട കട്ടയായി ചോര ശർധിക്കാൻ തുടങ്ങി. ബോധവും പോയി. ഇപ്പോൾ ഐ സീ യു വിലാണ്. 

പരിശോധന കഴിഞ്ഞു ഡോക്ടർമാർ വന്നു പറഞ്ഞു, ബോധം വന്നാലെ എന്തെങ്കിലും പറയാൻ പറ്റൂയെന്ന്. പല ഇന്റെർണൽ ഒർഗൻസിനും ബ്ലീഡിംഗ് ഉണ്ട്. അത് നിന്നലെ എന്തെങ്കിലും ചെയ്യാൻ പറ്റൂള്ളൂ. വേറെയെവിടെയെങ്കിലും കൊണ്ട് പോകുന്നതും റിസ്കാണ്. 

അന്ന് അമ്മ ഗവണ്മെന്റ് ഹൊസ്പിറ്റലിലെ സ്റ്റാഫ്‌ നേഴ്സ് ആയിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരുടെയും പ്രത്യേക ശ്രദ്ധ ഷീബേച്ചിക്ക് ഉണ്ടായിരുന്നു. രാവും പകലുമെന്നില്ലതെ എല്ലാവരും അവരെ ഒന്ന് ആ ചില്ല് വാതിലിലൂടെ എത്തി നോക്കി. അടുത്തുള്ള എല്ലാ അമ്പലങ്ങളിലും പള്ളികളിലും അവർക്ക് വേണ്ടി എല്ലാ വീട്ടുകാരും നേർച്ചകളും വഴിപാടും നേർന്നു.

ഞങ്ങൾ കുട്ടികളും പച്ച ഗൌണും ഗ്ലൗസും മാസ്കുമിട്ട് അവരുടെ അടുത്ത് പോയി നിക്കും. ബഹളം വെക്കാൻ പാടില്ലെങ്കിലും ഞങ്ങൾ കരയും. എന്നാല് അവർ എഴുന്നെക്കില്ല. പിടിച്ചുകുലുക്കിയാൽ പോലും.

ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് ഉത്തരമെന്ന പോലെ ഷീബെചിക്ക് ബോധം വന്നു. കണ്ണും കൈയും അനക്കുമെന്നല്ലതെ ഒന്നും സംസാരിക്കാൻ പറ്റില്ല. ഞങ്ങളെ കാണുമ്പോൾ വേദനയുള്ളിലോതുക്കി ചിരിക്കും, അത്ര മാത്രം.പിന്നെ, കുറചാഴ്ചകൾക്ക് ശേഷം അവരെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ട് വന്നു. 

പക്ഷെ, പിന്നീടൊരിക്കലും ഞങ്ങള്‍ക്ക് ആ ചുറുചുറുക്കും പ്രസരിപ്പുമുള്ള ഞങളുടെ ഷീബേച്ചിയെ തിരിച്ചു കിട്ടിയില്ല. ഒന്ന് ഓടാൻ പോലും കഴിയാത്ത ഒരു പാവം പെണ്‍കുട്ടിയായി മാറിയുന്നു അവർ. വല്ലപ്പോഴും ഞങ്ങൾ കളിക്കുന്നത് ദൂരെ ഇരുന്നു നോക്കി കാണും. അന്ന് ഞങ്ങൾ ആരും തമ്മിൽ അടി കൂടാറുമില്ല . അടികൂടിയാൽ ഷീബേച്ചി വടിയെടുത്തു ഓടി വരുമെന്നറിയാം. പക്ഷെ, അങ്ങനെ ഓടിയാൽ ഷീബേച്ചി പിന്നെയും ബോധം കെടുമെന്നും, വീണ്ടും ഓപ്പറേഷൻ വേണ്ടി 
വരുമെന്നും, അമ്മ ഞങ്ങളോട് പ്രത്യേകം പറഞ്ഞിരുന്നു. 

No comments:

Post a Comment