Sunday, May 18, 2014

ആന്‍റിക്ലൈമാക്സ്‌

ബിജു വി തമ്പി നല്ല സ്നേഹമുള്ള മനുഷ്യനാണ്.
സംഭവം പറയാം.

വര്‍ഗീസ് അച്ചായന്‍റെ വീടിനു തൊട്ടടുത്ത സ്ഥലമായത് കൊണ്ട് വാഗമണ്‍ ട്രിപ്പില്‍ നിന്നും അച്ചായന്‍ സ്കൂട്ടായി. 

ഞങ്ങള്‍ വാഗമണില്‍ എത്തി. സൂയിസൈഡ് പോയിന്‍റ് എന്ന സ്ഥലത്തേക്കുള്ള കവാടത്തിനു മുന്‍പില്‍ വണ്ടി നിര്‍ത്തി.

അപ്പോഴാണ്‌ കുറെ ഫ്രീക്കന്‍ പിള്ളേര്‍ സംഘം ഒരു എട്ടു പത്തു ബൈക്കുകളിലായി അവിടെ എത്തിയത്. എന്നാ പിന്നെ അവരോടൊപ്പം കുറച്ചു സമയം അടിച്ചുപൊളിക്കാം എന്ന് ബിജുവണ്ണന്‍.

" ഡേയ് ഫ്രീക്കന്‍സ് .. നിങ്ങളീ ഫെയ്സ്ബുക്കിലൊന്നും ഇല്ലേ" ബിജുവണ്ണന്‍ തുടക്കമിട്ടു.

" പിന്നില്ലാതെ.. ഞങ്ങടെ ഒരു ഗ്രൂപ്പ് തന്നെയുണ്ട്. കരുനാഗപ്പള്ളി ബോയ്സ് എന്നാ പേര്. ഭയങ്കര അടിച്ചുപ്പൊളി ഗ്രൂപ്പാ... അണ്ണന്മാരും ഒണ്ടോ എഫ് ബിയില്‍"

"അതെന്നാ ചോദ്യാ പിള്ളാരെ .. ഇങ്ങേരെ നിങ്ങള്‍ക്കറിയില്ലേ .. ഇതാണ് സഖാവ് ബിജുവണ്ണന്‍, സാക്ഷാല്‍ ബിജു വി തമ്പി. " രാകേഷ് ഇത് പറഞ്ഞു തീര്‍ന്നില്ല, ഫ്രീക്കന്മാര്‍ എല്ലാരും പുള്ളിയെ പൊതിഞ്ഞു. ഒരുമാതിരി റാണി തേനീച്ചയെ പൊതിയുന്ന മറ്റു തേനീച്ചകളെ പോലെ.

"അയ്യോ അണ്ണാ കണ്ടാല്‍ പറയില്ല കേട്ടാ, ഈ ടി ഷര്‍ട്ടും സ്പൈക് ചെയ്ത മുടിയും കണ്ടാല്‍ അണ്ണനാണ് ബിജു വി തമ്പി എന്ന് ആര്‍ക്കും മനസ്സിലാകില്ല." ഇതും കൂടി കേട്ടതോടെ അഞ്ചടി എട്ടിഞ്ചു കാരന്‍ ഏകദേശം ഇരുപതടി പൊക്കത്തില്‍ നിന്നെന്നപോലെ ഞങ്ങളെ നോക്കാന്‍ തുടങ്ങി.

ഞാന്‍ പയ്യെ ബിജുവണ്ണനെ തോണ്ടി. "അണ്ണാ .. നമ്മളെയും കൂടെയൊന്നു ഇന്ട്രോഡ്യൂസ് ചെയ്തു കൊടണ്ണാ". ജീവന്‍ പോയാല്‍ ചെയ്യൂല്ലാ എന്ന് ബിജുവണ്ണന്‍.

"ഡേയ് പിള്ളേരെ, നിങ്ങള്‍ക്കെന്നെ മനസ്സിലായില്ലേ" ഗത്യന്തരമില്ലാതെ ഞാന്‍ തന്നെ മുന്‍കൈയെടുത്തു. പുത്ഞ്ഞം കലര്‍ന്ന ഭാവത്തോടെ അവര്‍ എന്നെ നോക്കി.

"ആരാ അണ്ണാ ഇങ്ങേര്" പച്ച കണ്ണടയും മഞ്ഞ ടിഷര്‍ട്ടും ചുമന്ന ജീന്‍സും വയലറ്റ് ഷൂസും ഇട്ട ഒരു സുമുഖന്‍ ബിജുവണ്ണനോട്‌ ചോദിച്ചു.

സടകുടഞ്ഞെ സിംഹത്തെപ്പോലെ ബിജുവണ്ണന്‍ അവരെ തള്ളി മാറ്റി. എന്‍റെ അടുത്തുവന്നു എന്നെ ചേര്‍ത്തുപ്പിടിച്ചു.

" മക്കളെ, എവനെ നിങ്ങള്‍ക്ക് അറിയില്ലാന്നോ. ഛെ.. കഷ്ടം .. സിനിമയിലൊക്കെ ഉള്ളയാളാണ്. വലിയ ഡിമാണ്ടുള്ള പുള്ളിയാ." കള്ളത്തരമാണെങ്കിലും എനിക്കങ്ങു സുഖിച്ചു. ഞാന്‍ വിനയകുനിയനായി ബിജുവണ്ണനെ നോക്കി.

"നടനാണോ" ഒരു സംശയരോഗി മുട്ടോളമുള്ള ഷര്‍ട്ടില്‍ നിന്ന് തലപൊക്കി.

"ഹും ... നടനാണോന്നോ .. അങ്ങനെ ചുമ്മാ ഒരു നടനോന്നുമല്ല.. ആന്‍റിഹീറോയാ... ആന്‍റിഹീറോ .. " ബിജുവണ്ണന്‍ എന്നെ പൊക്കി.

"ഓ.. അപ്പൊ വില്ലനാണല്ലേ ???" രണ്ടുമൂന്നു പേര്‍ ഒരുമിച്ചു ചോദിച്ചു, കൂടെ കുറെ അതിശയോക്തിയുടെ ഗദ്ഗദങ്ങളും.

"ഛെ .. ആന്‍റിഹീറോ എന്ന് വെച്ചാല്‍ വില്ലന്‍ എന്നല്ല മക്കളേ .. ഹീറോ തന്നെ .. ആന്‍റി പ്ലസ്‌ ഹീറോ ... ആന്‍റിയുടെ ഹീറോ... ഷക്കീല ആന്‍റിയുടെ ഹീറോ .. യഥാര്‍ത്ഥ ആന്‍റിഹീറോ"

ഠപ്പേന്നുള്ള അടികിട്ടിയപോലെ എന്തുചെയ്യണം എന്നറിയാതെ ബ്ലിങ്കസ്യയായി നിക്കുന്ന എന്നെ, ബിജുവണ്ണന്‍ പിള്ളേരുടെ ഇടയിലേക്ക് തള്ളിയിട്ടു. അവന്മാര്‍ ആണെങ്കില്‍ അത് മുഴുവനും വിശ്വസിക്കുകയും ചെയ്തു. ഓരോരുത്തരായി വരിവരിയായി നിന്ന് ഫോട്ടോയും എടുത്തു.

ഓരോ ഫ്ലാഷ് അടിക്കുമ്പോഴും ബിജുവണ്ണന്‍ പുറകില്‍ നിന്ന് പറയും. "പ്ലിംഗ് .. പ്ലിംഗ് പ്ലിംഗ്" 

No comments:

Post a Comment