Sunday, May 18, 2014

നമുക്കു ചുറ്റും

മണിയേട്ടന്‍റെ ചായക്കടയിൽ ചൂടു ചായയും കുടിച്ചു തിമിര്‍ത്തു പെയ്യുന്ന മഴ നോക്കിയിരിക്കുമ്പോഴാണ് അങ്ങ് ദൂരെനിന്ന് ഒരു സ്ത്രീ, തോളിലൊരു വലിയ ഭാണ്ഡക്കെട്ടും കയ്യിലൊരു കുഞ്ഞിനേയും കൊണ്ട് ഓടിക്കിതച്ചു വരുന്നത് കണ്ടത്. കൈയ്യിൽ കുടയില്ലാത്തത് കൊണ്ട് കുഞ്ഞിന്‍റെ തല സാരിത്തലപ്പു കൊണ്ടു മൂടിയിരുന്നു. 

"അണ്ണേയ്.. ഒരു സൂട് ടീ കൊടുങ്കോ.." കുഞ്ഞിനേയും ഒക്കത്ത് വെച്ച് ചായക്കടയുടെ ഒറ്റപ്പടി കയറുന്നതിനിടയിൽ അവർ വിളിച്ചുകൂവി..

"കുഞ്ഞിന്‍റെ തല തുവർത്തിക്കൊട്, നല്ല പനിയുള്ള കാലമാ.." മണിയേട്ടന്‍ സ്വല്‍പ്പം ഗൗരവത്തില്‍ തന്നെയായിരുന്നു.

"ഓ... അത് പർവായില്ലൈ സാർ .. അങ്കേ നാഗർകോവിൽല്ല് ഇതുക്കും ഡബിൾ ഇറുക്ക്"..

"കഴിക്കാൻ വല്ലതും വേണോ".. കുഞ്ഞിനു അവര്‍ ചോദിക്കാതെ തന്നെ എക്സ്ട്രാ വെള്ളമൊന്നും ചേർക്കാത്ത ഒരു ഗ്ലാസ്‌ പാലും മണിയേട്ടൻ കരുതിയിരുന്നു "...

"അണ്ണേയ്, ഒറ് ടീ മട്ടും പോതും.. ഇത് വേണാ"
മണിയേട്ടൻ കേൾക്കാത്ത മട്ടിൽ അകത്തു പോയി...

പോകാനിറങ്ങുമ്പോൾ ഞാൻ ആ മോനെ അടുത്തു വിളിച്ചു, അവന്‍റെ കൈയ്യിൽ ഒരു മിഠായി വെച്ചു കൊടുത്തു. അവനത് മനസ്സില്ലാമനസ്സോടെ വാങ്ങി. അതിന്‍റെ കാശും കൊടുത്തു ഇറങ്ങാൻ തിരിക്കുമ്പോൾ ജീന്‍സില്‍ ആരോ വലിക്കുന്നതു പോലെ തോന്നി. അവൻ ആ മിഠായി എനിക്ക് തിരികെ തന്നു, എന്നിട്ട്,

"മാമാ, അന്ത മിഠായി വേണം, ഇത് വേണാ.."

അപ്പോഴേക്കും ഇതൊക്കെ കണ്ടുകൊണ്ട് നല്ല ഡബിള്‍ സ്ട്രോങ്ങ്‌ ചായ കുടിച്ചു കൊണ്ടിരുന്ന കടയിലെ സ്ഥിരം കസ്റ്റമറിന് സദാചാരം ഉദിച്ചു.

"ഹും.. ഇതൊക്കെ ഈ തള്ളമാര്‍ ഇതുങ്ങളെ പഠിപ്പിച്ചു വെച്ചേക്കുവാ .. അമ്പതു പൈസയുടെ മിഠായിയൊന്നും ഇപ്പൊ ഇറങ്ങൂല്ല ... കിറ്റ്‌കാറ്റും ഫൈവ് സ്റ്റാറും തന്നെ വേണം... നാളെ ഇത് കിട്ടാതാവുമ്പോ ഇവനൊക്കെ പിടിച്ചു പറിക്കാന്‍ ഇറങ്ങും .. "

"ഓ പിന്നെ.. ഈ നാലു വയസ്സുള്ള കുട്ടിയല്ലേ പിടിച്ചുപറിക്കാന്‍ ഇറങ്ങുന്നത്... സദാചാരം പറയാതെ മര്യാദയ്ക്ക് രണ്ടു മാസത്തെ പറ്റു തന്നു തീര്‍ക്കാന്‍ നോക്ക്." മണിയേട്ടന്‍ അവനെ ഒന്നു കൊട്ടി. അവന്‍ പിന്നെ ഒന്നും മിണ്ടിയില്ല.

അവൻ കാണിച്ച കിറ്റ്കാറ്റിന്‍റെ പെട്ടിയിൽ നിന്നും ഒരെണ്ണം എടുത്തു കൊടുത്തു. അപ്പോഴും ആ അമ്മ ചൂടുപാൽ ഊതിയാറ്റിക്കൊണ്ടിരുന്നു.
ചുറ്റും നടന്നതും അവരെ കുറിച്ചു പറഞ്ഞതും ഒന്നും അവര്‍ ഗൌനിക്കുന്നുണ്ടായിരുന്നില്ല. കേട്ടു തഴമ്പിച്ച പല്ലവികള്‍ പോലെ.

"ഇങ്കെ എന്നാ വേലൈ" മണിയേട്ടന്‍ അവരോടു ചോദിച്ചു.

"ഇപ്പൊ ഇങ്കെ ഇല്ലൈ .. മുന്നാടി ഇങ്കെ ഒരു വീട്ടില്‍ വേല പണ്ണീട്ടെന്‍... അതുക്ക് പക്കത്തില്‍ ഒരു ചര്‍ച്ച് ഇറുക്ക്..." കുടിച്ച ചായയുടെ ഗ്ലാസ്സിലേക്ക് പാല് നീട്ടി ഒഴിച്ചുകൊണ്ട് ആ സ്ത്രീ തുടര്‍ന്നു, "അങ്കേ നാഗര്‍കോവിലില്‍ ഒരു പള്ളിക്കുടത്തില്‍ എന്‍ പയ്യന്ക്ക് ഇടം കെടച്ചാച്ച് ... ഫാദര്‍ ഒരു ലെറ്റര്‍ തരേന്ന്‍ സൊന്നേന്‍... അത് കെടച്ചാ ഇംഗ്ലീഷ് മീഡിയത്തില്‍ സേര്‍ക്കലാം. അതുക്കാകെ താന്‍ ഇങ്ക വന്തേന്‍"

"നല്ല കാര്യം, പഠിച്ചു മിടുക്കനാവട്ടെ" ഇത്രയും പറഞ്ഞ് മണിയേട്ടന്‍ കുഞ്ഞിന്‍റെ തലയില്‍ മൂടാന്‍ ഒരു പ്ലാസ്റ്റിക് കവര്‍ കൊടുത്തു. പാലിന്‍റെ കാശ് പുള്ളി വേണ്ടായെന്നു പറഞ്ഞില്ല. ആത്മാഭിമാനം പണയം വെക്കുന്ന സ്ത്രീ അല്ലല്ലോ അവര്‍.

വീണ്ടും അവര്‍ കുഞ്ഞിനേയും ഒക്കത്തിരുത്തി കോരിച്ചൊരിയുന്ന മഴയിലേക്ക് ഇറങ്ങുമ്പോള്‍ ആ കിറ്റ്‌കാറ്റിന്‍റെ ചുവന്ന കവര്‍ അവിടെ തന്നെ വെള്ളത്തില്‍ തളം കെട്ടി നിന്നു. എന്‍റെ ഓര്‍മ്മകളില്‍ പണ്ട് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ എന്‍റെ കരച്ചില്‍ മാറ്റാന്‍ ഒരു വയസ്സായ അമ്മച്ചി നീട്ടിയ ഫൈവ് സ്റ്റാറിന്‍റെ മാധുര്യവും

No comments:

Post a Comment