Sunday, May 18, 2014

ഞാന്‍ ഗഗനചാരി

പലരും എന്നോട് ഒരുപാടു പ്രാവശ്യം ചോദിച്ച ചോദ്യമാണ്, "എന്താണ് ഈ ഗഗനചാരി ???" "മണ്ണും ചാരി നിന്നവന്‍ എന്ന് കേട്ടിട്ടുണ്ട്, അതുപോലെ തന്നെ ചന്ദനം ചാരിയെന്നും കേട്ടിട്ടുണ്ട്, പക്ഷെ എന്താണ് ഈ ഗഗനചാരി ??" ഒരിക്കല്‍ ഒരാള്‍ ചോദിച്ചു, "ഈ ഗഗനചാരി പട്ടം നിനക്ക് കൊച്ചിരാജാവ് നേരിട്ടു വിളിച്ചു തന്നതാണോ " എന്ന്. വേറൊരാള്‍ ചോദിച്ചു ഈ "ആചാരി" നിന്‍റെ ആരായി വരും എന്ന്.

"ഞാന്‍ ഗന്ധര്‍വന്‍...
ചിത്രശലഭമാകാനും മേഘമാലകളാകാനും
പാവയാകാനും പറവയാകാനും
മാനാവാനും മനുഷ്യനാവാനും
നിന്‍റെ ചുണ്ടിന്‍റെ മുത്തമാവാനും
നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത
ഗഗനചാരി "

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി "ഞാന്‍ ഗന്ധര്‍വന്‍" കാണുന്നത്. പത്മരാജന്‍ എന്ന കലാകാരന്‍റെ അവസാനത്തെ ദൃശ്യചാരുത. അന്നു പക്ഷെ ഈ അനശ്വര കലാകാരന്‍ ആരാണെന്നൊന്നും അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍ ആണ് ഗന്ധര്‍വനായി അഭിനയിക്കുന്നത് എന്നതാണ്.
എന്തോ, അതിലെ ആ വരികള്‍ വല്ലാതെ ഹൃദയത്തില്‍ തങ്ങിനിന്നു. ഗഗനചാരി എന്ന പദവും.

ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ ദേവസദസ്സിലെ ഗായകരാണ് ഗന്ധര്‍വന്മാര്‍ എന്നു പറഞ്ഞു തന്നത് അടുത്ത വീട്ടിലെ അമ്മൂമ്മയായിരുന്നു. ഗന്ധര്‍വന്മാര്‍ പ്രണയിക്കാന്‍ പാടില്ലാത്രേ!!.
വലിയ പാപമാണ്!!! പക്ഷെ, എങ്കിലും അവര്‍ പ്രണയിക്കും, ആരും കാണാതെ, ദേവലോകത്തെ അപ്സരസ്സുകളെ. ഒടുവില്‍ പിടിക്കപെടും, ശപിക്കപ്പെടും.

ശാപഗ്രസ്തരായി അനേകായിരം വര്‍ഷങ്ങള്‍ ഭൂമിയില്‍ വിഹരിക്കും, ഗഗനത്തിലൂടെ ചരിക്കും. ഈ കാലയളവിലും അവര്‍ പ്രണയിക്കും. ഭൂമിയിലെ കന്യകമാരായ അപ്സരസ്സുകളെ. അവര്‍ അറിയാതെ അവരുടെ ഹൃദയത്തില്‍ ചേക്കേറും. പിന്നെ അവര്‍ക്കു തോന്നുമ്പോഴൊക്കെ അവര്‍ ആ സുന്ദരിമാരെ കാണാന്‍ ചെല്ലും.

ചിത്രശലഭമായും മാനായും പറവയായും മാത്രമല്ല, ചിലപ്പോള്‍ പ്രപഞ്ചത്തിലെ മറ്റു രൂപങ്ങള്‍ പ്രാപിച്ചും ഇവര്‍ തന്‍റെ പ്രണയിനികളെ കാത്തിരിക്കും. അവര്‍ നടന്നു പോകുമ്പോള്‍ ഇവര്‍ പാട്ടുകള്‍ പാടും, കവിതകള്‍ ചൊല്ലും. ഇത് ആ പ്രണയിനികള്‍ക്ക് മാത്രമേ കേള്‍ക്കാന്‍ പറ്റുകയുള്ളൂ.

ഇതാണ് ഗന്ധര്‍വ ശാസ്ത്രം, അല്ലെങ്കില്‍ ഗഗനചാരിയുടെ ഇതിവൃത്തം.

അപ്പോ, എല്ലാവരോടും കൂടിയാണിത്‌, ഞാന്‍ കുത്തിക്കുറിക്കുന്ന വരികള്‍ക്കവസാനം കാണാറുള്ള ഗഗനചാരിയുടെ അര്‍ത്ഥം ഗന്ധര്‍വന്‍ എന്നാണ്. കാരണം, പ്രണയാതുരനായി പ്രണയത്തെ മാത്രം പ്രണയിക്കുന്ന അനശ്വര കാമുകനാണ് ഗഗനചാരി. മുത്തിനുള്ളില്‍ ഒതുങ്ങി പ്രണയത്തിന്‍റെ നവലോകങ്ങള്‍ സൃഷ്ടിക്കുന്ന ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ ഹൃദയതാരകം.

ഞാന്‍ ഗഗനചാരി

No comments:

Post a Comment