Sunday, May 18, 2014

ഇന്ദുലേഖ

വര്‍ഗീസ്‌ അച്ചായനുമൊത്തുള്ള യാത്രയുടെ നാലാം ദിവസം. 
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ആയിരുന്നു താമസം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത്, കുളി കഴിഞ്ഞ് ടര്‍ക്കി ടവ്വലും ഉടുത്തിരിക്കുന്ന അച്ചായനെ. മുഖത്ത് വിഷാദം തളംകെട്ടി നില്‍ക്കുന്നു. 
എനിക്ക് കാര്യം പിടി കിട്ടി. കഴിഞ്ഞ നാലു ദിവസമായി ഞാനും കാണുന്നുണ്ടല്ലോ അച്ചായന്‍റെ ഈ അവസ്ഥ.

"വല്ല്യ കാര്യാക്കണ്ട, എല്ലാം ശരിയാകും" അടച്ചു വെച്ച ലെമണ്‍ ടീ ഇളക്കി കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.

"ഹും, നിനക്കത് പറയാം, ഇതിപ്പോ എത്രയാന്നു വെച്ചിട്ടാ, ആദ്യത്തെ ദിവസം പത്ത്, അതിന്‍റെ പിറ്റേന്ന് പന്ത്രണ്ട്, ദാ ഇന്നലെ പതിനഞ്ച്." അച്ചായന്‍ ദയനീയമായി പറഞ്ഞു.

"മ്മ് ... അറിയാം .. ഇന്നോ" ഞാന്‍ തോളില്‍ തട്ടി ചോദിച്ചു.

"ഇന്ന് പതിനേഴ്‌... ദാ ഇത് കണ്ടാ... ഇങ്ങനെ പോയാല്‍ ഞാന്‍ എന്താ ചെയ്യാ... നീ തന്നെ പറ.." അച്ചായന്‍ കൈ തുറന്നു കാണിച്ചു.

"അച്ചായോ, നമുക്ക് സുധേട്ടനോട് വരുമ്പോ അത് വാങ്ങി കൊണ്ടുവരാന്‍ പറഞ്ഞാലോ." അച്ചായന് താല്‍പ്പര്യമില്ല എന്നറിഞ്ഞിട്ടും ഞാനത് പറഞ്ഞു.

"ങ്ങും ശരി, അങ്ങനെയെങ്കില്‍ അങ്ങനെ, വേറെ വഴിയൊന്നുമില്ലല്ലോ ... നീ തന്നെ വിളിച്ചു പറ, ഞാന്‍ പറഞ്ഞാല്‍ ശരിയാവില്ല." അച്ചായന് സുധേട്ടനോട് നേരിട്ടു പറയാനൊരു ചമ്മല്‍.

ഞാന്‍ സുധേട്ടനെ വിളിച്ചു. രണ്ടാമത്തെ റിങ്ങില്‍ തന്നെ ഫോണെടുത്തു.

"അതേയ് സുധേട്ടാ, വരുമ്പോള്‍ ഒരു സാധനം വാങ്ങി കൊണ്ടുവരണം.... അച്ചായന്‍ ആകെ ടെന്‍ഷനിലാ."

"ങ്ങേ .. എന്ത് പറ്റി ??" സുധേട്ടനും ടെന്‍ഷന്‍.

"അത്ര വല്ല്യ പ്രശ്നമൊന്നുമില്ല ... എന്നാലും വരുമ്പോ ഒരു ബോട്ടില്‍ ഇന്ദുലേഖ ഗോള്‍ഡ്‌ വാങ്ങിച്ചു കൊണ്ടുവരണം... അച്ചായന് ഭയങ്കര മുടികൊഴിച്ചല്‍. ഇത് വരെ ഒരു നാല്‍പ്പതെണ്ണം എങ്കിലും കൊഴിഞ്ഞു കാണും"

ഇത്രയും പറഞ്ഞതേ അച്ചായന്‍ പുറകില്‍ നിന്ന് സങ്കടത്തോടെ,
"ഹും .. നാല്‍പ്പതോ... കൃത്യം പറഞ്ഞാല്‍ ഇന്നേക്ക് അന്‍പത്തിയെഴ്‌."

ഇത് കേട്ടതേ, അത് വരെ സഹിച്ച് അടക്കിപിടിച്ചിരുന്ന ഞാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. സുധേട്ടനാനെങ്കില്‍ അങ്ങേ തലക്കല്‍ നിന്ന് ചിരിയോട് ചിരി. ഞാന്‍ ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ടു. അപ്പോ കേള്‍ക്കാം സുധേട്ടന്‍ അവിടുന്ന് ഭാര്യയോട് വിളിച്ചു പറയുന്നത്,
" ജയേ, നീയിത് കേട്ടോ, ഒടുക്കത്തെ തമാശ, ഞാനിന്ന് ചിരിച്ചു മരിക്കും..."

ബാക്കി കേള്‍ക്കാന്‍ നിക്കാതെ അച്ചായന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ടൊരു കൊല ഡയലോഗും "ഹും... തള്ളയ്ക്ക് പ്രസവവേദന .. മോള്‍ക്ക് വീണവായന.. വെച്ചിട്ടുണ്ട് ഞാന്‍ രണ്ടെണ്ണത്തിനും.

No comments:

Post a Comment