Sunday, May 18, 2014

മാതൃകം ഒരു മാതൃക

സമൂഹത്തിനു വേണ്ടി നന്മ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി പോലും ഈ ലോകത്തില്ല. കാരണം, കുട്ടിക്കാലത്ത് നമ്മില്‍ പാകിയ നന്മയുടെ വിത്തുകള്‍ ഇന്നും മരിച്ചിട്ടില്ല. പക്ഷെ, പലപ്പോഴും നമ്മുടെ ജീവിതസാഹചര്യങ്ങള്‍ നമ്മെ നമ്മുടെതായ ചെറിയ ലോകത്തേക്ക് വരിഞ്ഞുക്കെട്ടുന്നു. 

പ്രാരാബ്ധങ്ങളുടെയും ഭാണ്ഡക്കെട്ടുകളുടെയും ഇടയില്‍ നമുക്ക് ഒറ്റയ്ക്ക് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് അപ്രാപ്യമായ ഒരു മരീചികയായി മാറുന്നു. പക്ഷെ, ഒരു കൂട്ടായ്മയ്ക്ക് പലതും ചെയ്യാന്‍ കഴിയും. അതിനു വേണ്ടത് സമാന ചിന്താഗതിയും കൂട്ടായി പ്രവര്‍ത്തിക്കാനുള്ള മനസ്സുമാണ്.

അവിടെയാണ് മാതൃകം എന്ന കൂട്ടായ്മ വ്യത്യസ്തമാകുന്നത്. നന്മ കെട്ടടങ്ങാത്ത മനസ്സുകളുടെ നന്മ നിറഞ്ഞ കൂട്ടായ്മ.

ഭൂമിയുടെ പല കോണിലുള്ള സമാനമനസ്കരായ ഒരുകൂട്ടം മലയാളി അമ്മമാരുടെ വിപ്ലവാത്മകമായ ആശയമായിരുന്നു "അ .. അമ്മ .. അമ്മിഞ്ഞ.." എന്ന ഫെയ്സ്ബുക്ക് പേജ്. സൈബര്‍ ലോകത്തെ അനന്തമായ സാധ്യതകളെ ഉപയോഗിച്ച് ഫെയ്സ്ബുക്കിലൂടെ നടത്തിയ ഈ മുലപ്പാല്‍ വിപ്ലവം പെട്ടെന്നുതന്നെ പുറംലോകത്തും പടര്‍ന്നുപ്പിടിച്ചു. കുറഞ്ഞ കാലയളവില്‍ തന്നെ ഇത് പലര്‍ക്കും പ്രചോദനമാകുകയും, അതേ തുടര്‍ന്ന്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ അമ്മമാര്‍ക്ക് പ്രോത്സാഹനവുമായി രംഗത്തു വരികയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മേയ് എട്ടാം തീയതി അ .. അമ്മ .. അമ്മിഞ്ഞ .. പേജ് ലോഞ്ച് ചെയ്തു. ഉപരിപ്ലവമായ ആശയങ്ങള്‍ക്ക് ദൃഡത പകരാനായി അപ്പോഴേക്കും അനേകരുടെ സഹായഹസ്തങ്ങള്‍ മുന്നോട്ട് വന്നു. അങ്ങിനെ ജൂണ്‍ എട്ടാം തീയതി, കൃത്യം ഒരു മാസം തികയുന്ന ദിവസം, അങ്ങിനെ ആ കീ ബോര്‍ഡ്‌ വിപ്ലവം സമൂഹത്തിലേക്കും പടര്‍ന്നു. ആലപ്പുഴ, പാലക്കാട്, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളിലായി പത്തോളം സ്കൂളുകളില്‍ ആദ്യത്തെ പ്രോഗ്രാം നടത്തി. വിദ്യാര്‍ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സാമൂഹ്യ അവബോധന ക്ലാസ്സ്.

നൂറോളം പേര് പങ്കെടുത്ത ആദ്യത്തെ ക്ലാസ്സില്‍ നിന്നും മാതൃകം പെട്ടെന്ന് വളര്‍ന്നു. മൂവായിരത്തില്‍ പരം ആള്‍ക്കാര്‍ സംബന്ധിച്ച ക്ലാസുകള്‍ വരെ ചെറിയ കാലയളവിനുള്ളില്‍ മാതൃകത്തിനു സംഘടിപ്പിക്കാന്‍ കഴിഞ്ഞു. കാണികള്‍ വെറും കേള്‍വിക്കാരായി മാത്രം നില്‍ക്കാതെ മിക്ക ആള്‍ക്കാരും നല്ല രീതിയില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.

പക്ഷെ മാതൃകത്തിന്‍റെ സാമൂഹ്യബോധം ഇവിടെ തീര്‍ന്നില്ല. കൂടുതല്‍ പേര്‍ നിസ്വാര്‍ത്ഥ സേവനവുമായി മുന്നോട്ട് വന്നപ്പോള്‍ മാതൃകം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അതിലൊന്നായിരുന്നു കഴിഞ്ഞ ഓണത്തിനു പെരിന്തല്‍മണ്ണയിലെ ഫെയ്ത്ത് ഇന്ത്യ സ്കൂളില്‍ നടത്തിയ ഓണാഘോഷ പരിപാടി.

ഒരു ഓണാഘോഷ പരിപാടിയില്‍ എന്തിരിക്കുന്നു, അല്ലെ. അതെ, ഒന്നുമില്ല. പക്ഷെ, ഇത് വ്യത്യസ്തമായിരുന്നു. ഓട്ടിസം ബാധിച്ച, ഭിന്ന ശേഷിയുള്ള കുട്ടികളുടെ സ്കൂള്‍ ആയിരുന്നു അത്. അവരോടൊപ്പം ആടിയും പാടിയും അവരിലലിഞ്ഞു ചേര്‍ന്ന് അവരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി അവര്‍ക്ക് വേറിട്ടൊരു അനുഭവം പകര്‍ന്നു കൊടുത്ത ഒരു മാതൃകയായി മാറുകയായിരുന്നു 'മാതൃകം'.

ഇതുകൂടാതെ, ഓണ്‍ലൈനില്‍ നടക്കുന്ന പലതരത്തിലുള്ള വഞ്ചനകള്‍ക്കെതിരെയും മാതൃകം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 'നെറ്റിസണ്‍ പോലീസ്' വീണ്ടും ശക്തമായ രീതിയില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്‍റെ തലപ്പത്തുള്ളവര്‍.

പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട് മാതൃകം ഈ കുറഞ്ഞ കാലയളവില്‍ ചെയ്തതിനെ കുറിച്ചു പറയാന്‍. അതുകൊണ്ട് വേണ്ട. എഴുതി നീളം കൂട്ടുന്നില്ല. 'മാതൃകം' ഇന്നൊരു നിയമപരമായ സന്നദ്ധസംഘടനയായി മാറിയിരിക്കുകയാണ്. റെജിസ്റ്റര്‍ഡ് ഓഫീസും നിയമാവലികളും ഉള്ള ഒരു പ്രോപര്‍ ലീഗല്‍ സൊസൈറ്റി.

ഇത്രയും കാര്യങ്ങള്‍ ഞാനിവിടെ എഴുതാന്‍ കാരണം, എഫ് ബിയില്‍ വന്നു വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എനിക്ക് പലരെയും പരിചയപ്പെടാന്‍ പറ്റി. അതില്‍ നേരിട്ടിടപിഴകിയവരില്‍ പലരും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ ആണെന്നും മനസ്സിലായി. അതുപോലെത്തന്നെ നന്മമരങ്ങളായ കുറച്ചു പേരെ എഴുത്തിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഈ കാലയളവിനുള്ളില്‍ എനിക്ക് സാധിച്ചു.

അതില്‍ എറണാകുളത്ത് ഹോട്ടല്‍ നടത്തുന്ന അമ്മച്ചിയേയും കൊച്ചിന്‍ മറൈന്‍ഡ്രൈവ്‌ വൃത്തിയാക്കുന്ന രാംദാസിനെയും നിങ്ങള്‍ സ്വീകരിക്കുക മാത്രമല്ല സഹായിക്കുകയും ചെയ്തു. അമ്മച്ചിയുടെ ഊണ് കഴിക്കാന്‍ നൂറില്‍ പരം ആള്‍ക്കാര്‍ ചെന്നുയെന്ന്‍ അവര്‍ പിന്നീട് പറഞ്ഞു. അതുപോലെത്തന്നെ രാംദാസിനെ തെരുവോരം മുരുകന്‍ പുനരധിവസിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ കീ ബോര്‍ഡില്‍ മാത്രം ഒതുങ്ങാതെ ഒരു പടി കൂടി മുന്നോട്ട് വന്നു ഞാന്‍ നിങ്ങളുടെ സഹായഹസ്തങ്ങള്‍ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ട് ഈ വര്‍ഷം സമൂഹത്തിനു വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്തുകൂടാ. മാതൃകത്തില്‍ അംഗം ആകാനുള്ള ഏക മാനദണ്ഡം നന്മ വറ്റാത്ത മനസ്സിനു ഉടമയാകുക എന്നതാണ്. സമയം ഒരു പരിമിതിയല്ല. ഇതിലുള്ള എല്ലാവരും അവരുടെതായ കാര്യങ്ങളില്‍ വ്യാപൃതരായവര്‍ തന്നെയാണ്. നമുക്ക് അവരുടെ പാത പിന്തുടരാം. കാരണം, ഞാന്‍ ആദ്യം പറഞ്ഞതുപോലെ,

"സമൂഹത്തിനു വേണ്ടി നന്മ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി പോലും ഈ ലോകത്തില്ല. കാരണം, കുട്ടിക്കാലത്ത് നമ്മില്‍ പാകിയ നന്മയുടെ വിത്തുകള്‍ ഇന്നും മരിച്ചിട്ടില്ല."

No comments:

Post a Comment